തിരുവനന്തപുരം: കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങിനിടെ തനിക്ക് ജാതിവിവേചനം നേരിടേണ്ടിവന്നുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. നേരിടേണ്ടിവന്ന ജാതിവിവേചനത്തിന് അതേ വേദിയില്‍ തന്നെ മറുപടി നല്‍കിയെന്നും തനിക്ക് അയിത്തം കല്പ്പിക്കുന്നവര് താന്‍ നല്കുന്ന പണത്തിന് അയിത്തം കല്‍പ്പിക്കുന്നില്ലെന്നും കെ രാധാകൃഷ്ണന് പറഞ്ഞു. കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റി നടത്തിയ പരിപാടിക്കിടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് തനിക്കുണ്ടായ അനുഭവം മന്ത്രി തുറന്നുപറഞ്ഞത്.
'രണ്ടുമൂന്ന് മാസം മുന്‍പ് ഞാന്‍ ഒരു ക്ഷേത്രത്തില്‍ പരിപാടിക്ക് പോയി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു. അവിടുത്തെ മെയിന്‍ പൂജാരി ഒരു വിളക്കുമായി എനിക്കുനേരെ വന്നു. ഞാന്‍ കരുതി വിളക്ക് കത്തിക്കാനായി എനിക്ക് തരാനാണെന്ന്. പക്ഷെ വിളക്ക് എന്റെ കയ്യില്‍ തന്നില്ല. അദ്ദേഹം വിളക്ക് കത്തിച്ചു. ഞാന്‍ കരുതി ആചാരമായിരിക്കുമെന്ന്. അതില്‍ തൊട്ടുകളിക്കേണ്ടെന്ന് കരുതി ഞാന്‍ മാറി നിന്നു. അതിനുശേഷം പൂജാരി സഹപൂജാരിക്ക് ഈ വിളക്ക് കൊടുത്തു. അയാളും കത്തിച്ചു. അയാള്‍ കത്തിച്ചപ്പോഴും ഞാന്‍ കരുതി അതുകഴിഞ്ഞ് എനിക്ക് തരുമെന്ന്. പക്ഷെ തന്നില്ല. ആ വിളക്ക് നിലത്തുവെച്ചു. ഞാന്‍ അത് നിലത്തുനിന്ന് എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ കത്തിക്കണോ? വിളക്ക് എടുക്കണോ? പോയി പണി നോക്കാന്‍ പറഞ്ഞു. മാത്രമല്ല സ്റ്റേജില്‍ വെച്ചുതന്നെ അതിനുളള മറുപടിയും കൊടുത്തു. ഞാന്‍ തരുന്ന പണത്തിന് നിങ്ങള്‍ക്ക് അയിത്തമില്ല. എനിക്ക് അയിത്തമാണ്. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസക്ക് അവിടെ അയിത്തമില്ല. നമുക്ക് പക്ഷെ അയിത്തം കല്പ്പിക്കുകയാണ്. ആ പൂജാരിയെ വേദിയില്‍ ഇരുത്തിക്കൊണ്ടുതന്നെയാണ് ഞാനത് പറഞ്ഞത്'- കെ രാധാകൃഷ്ണന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കണ്ണൂര്‍ പയ്യന്നൂരിലെ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രത്തിലാണ് മന്ത്രിക്കെതിരെ ജാതിവിവേചനം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരി 26-ന് ക്ഷേത്രത്തിന്റെ നടപ്പന്തല്‍ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.