ചെന്നൈ: ഹിന്ദി ഭാഷയെ യാതൊരു എതിര്‍പ്പുമില്ലാതെ അംഗീകരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഹിന്ദി ഭാഷയ്ക്ക് അടിമപ്പെടാന്‍ ഒരുക്കമല്ലെന്നും തങ്ങളെ നിര്‍വചിക്കുന്നത് തങ്ങളുടെ ഭാഷയും പാരമ്പര്യവുമാണെന്നും എം കെ സ്റ്റാലിന് പറഞ്ഞു. തമിഴ് ഭാഷയെ അടിമയാക്കാന്‍ അനുവദിക്കില്ലെന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള ശ്രമമുണ്ടായാല്‍ തമിഴ്നാട് അതിനെ ചെറുക്കുമെന്നും സ്റ്റാലിന് പ്രസ്താവനയില്‍ പറഞ്ഞു.
'ഹിന്ദി ഭാഷയെ എല്ലാവരും എതിര്‍പ്പില്ലാതെ അംഗീകരിക്കണമെന്ന അമിത് ഷായുടെ ധിക്കാരപൂര്‍ണമായ നിലപാടിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. ഹിന്ദി സംസാരിക്കാത്തവരെ അടിച്ചമര്‍ത്താനുളള പ്രകടമായ ശ്രമമാണത്. ഹിന്ദിയുടെ ഒരു തരത്തിലുളള ആധിപത്യത്തെയും അടിച്ചേല്‍പ്പിക്കലിനെയും സ്വീകരിക്കാന്‍ തമിഴ്നാട് ഒരുക്കമല്ല. ഞങ്ങളുടെ ഭാഷയും പാരമ്പര്യവുമാണ് ഞങ്ങളെ നിര്‍വചിക്കുന്നത്'-എം കെ സ്റ്റാലിന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷകള്ക്കായുളള കമ്മിറ്റിയെ അഭിസംബോധന ചെയ്യവേയാണ് അമിത് ഷാ, ഹിന്ദിയെ എതിര്‍പ്പില്ലാതെ അംഗീകരിക്കണമെന്ന് പറഞ്ഞത്. ഹിന്ദി ഒരു പ്രാദേശിക ഭാഷയുമായും പോരിനില്ലെന്നും എല്ലാ ഇന്ത്യന്‍ ഭാഷകളും ശക്തിപ്പെടുമ്പോള്‍ രാജ്യം ശക്തിപ്പെടുമെന്നും ഷാ പറഞ്ഞു. പതുക്കെയാണെങ്കിലും ഹിന്ദി ഭാഷ അംഗീകരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സ്റ്റാലിന്റെ പ്രതികരണം.