കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നാളെ പുതുപ്പളളിയിലെത്തും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'രാഹുല്‍ ഗാന്ധി നാളെ ഉമ്മന്‍ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കും. അഗാധമായ ദുഖത്തോടെ നാളെ കോട്ടയം പുതുപ്പളളിയില്വെച്ച് നമ്മുടെ പ്രിയ നേതാവിനോട് വിടപറയും'-എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. നാളെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംസ്കാരച്ചടങ്ങുകള്‍ ആരംഭിക്കുക.
ഇന്നലെ ബംഗളുരുവില്‍വെച്ച് രാഹുലും സോണിയാ ഗാന്ധിയും ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചാണ് ഇരുവരും മടങ്ങിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഇന്ന് രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്തുനിന്നും ആരംഭിച്ച വിലാപയാത്ര കോട്ടയത്തേക്കുളള വഴിയിലാണ്. വൈകീട്ട് ഏഴുമണിയോടെ കോട്ടയത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചുമണിയോടെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിലാപയാത്ര ആരംഭിച്ചതുമുതല്‍ റോഡരികുകളില്‍ വന്‍ ജനക്കൂട്ടമാണ് ഉമ്മന്‍ചാണ്ടിയെ ഒരുനോക്ക് കാണാനായി കാത്തുനില്‍ക്കുന്നത്. എല്ലാവര്ക്കും അദ്ദേഹത്തെ അവസാനമായി കാണാന്‍ അവസരമുണ്ടാക്കി കൊടുക്കുന്നതിനായി വളരെ പതുക്കെയാണ് വിലാപയാത്ര പോകുന്നത്.