ഇടുക്കി: ചിന്നക്കനാലില്‍നിന്നും മയക്കുവെടി വെച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന് കുമളിക്ക് സമീപമെത്തിയതായി വനംവകുപ്പ്. ആകാശദൂരം പ്രകാരം കുമളി ടൗണില്‍നിന്നും ആറ് കിലോമീറ്റര്‍ അകലെവരെ എത്തി തിരികെ മേദകാനം ഭാഗത്തേക്ക് തന്നെ മടങ്ങിയെന്നാണ് വനംവകുപ്പ് പറയുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തിനുളളിലെ വനമേഖലയില്തന്നെയാണ് ആന ഇപ്പോഴുളളത്. ആന വീണ്ടും പ്രദേശത്തേക്ക് തിരികെ വരാനുളള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, അരിക്കൊമ്പന് വേണ്ടി വാട്ട്സാപ്പ് ഗ്രൂപ്പ് വഴി പണപ്പിരിവ് നടത്തിയെന്ന് ആരോപണമുണ്ട്. 'അരിക്കൊമ്പന് ഒരു ചാക്ക് അരി' എന്ന പേരില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി മൃഗസ്നേഹി ഗ്രൂപ്പ് അഡ്മിന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിലുയര്‍ന്ന ആരോപണം. ഗ്രൂപ്പ് അഡ്മിനായ സാറാ റോബിന്, സിറാജ് ലാല്‍ എന്നിവര്‍ക്കെതിരെ അഡ്വ. ശ്രീജിത് പെരുമന നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അരിക്കൊമ്പന് ചികിത്സാ സഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലും അരിക്കൊമ്പനെ തിരികെ ചിന്നക്കനാലില്‍ എത്തിക്കാന്‍ സുപ്രീംകോടതിയില്‍ കേസ് നടത്താനെന്ന പേരിലും പണപ്പിരിവ് നടന്നിട്ടുണ്ടെന്നാണ് ആരോപണം. എന്നാല്‍ അരിക്കൊമ്പന്റെ പേരില്‍ ഒരുരൂപ പോലും പിരിച്ചിട്ടില്ലെന്ന് കെയര്‍ ആന്‍ഡ് കണ്‍സേണ്‍ ഫോര്‍ അനിമല്‍സ് എന്ന വാട്ട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന് സാറാ റോബിന് പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രീജിത് പെരുമനയുടെ ശ്രമമെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.