കൊച്ചി: മലയാള സിനിമയിലെ കഥ, തിരക്കഥാ എഴുത്തുകാരുടെ യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് കവിയും എഴുത്തുകാരനും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാടും നടനും സംവിധായകനുമായ ജോയ് മാത്യുവും തമ്മിലാണ് പ്രധാന മത്സരം. മലയാള സിനിമയിലെ സംവിധായകരുടെയും പിന്നണി, സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനയായ ഫെഫ്കക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയന്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നേരത്തെ നടന്നിരുന്നു. എഴുത്തുകാരനും തിരക്കഥാ കൃത്തുമായ ജിനു എബ്രഹാം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇന്ന് നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നൂറിലധികം എഴുത്തുകാരാണ് വോട്ടുരേഖപ്പെടുത്തുക. ചെറിയ പെരുന്നാള്‍ ദിനമായതുകൊണ്ട് പോളിംഗ് കുറയാന്‍ സാധ്യതയുണ്ട് എന്നാണു വിലയിരുത്തല്‍. പതിവിനു വിപരീതമായാണ് ഇത്തവണ തെരഞ്ഞടുപ്പ് നടക്കുന്നത്. സാധാരണ നാമനിര്‍ദ്ദേശം നടത്തുകയാണ് ചെയ്യാറുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പ്രമുഖ തിരക്കഥാകൃത്ത് എസ് എന്‍ സാമിയാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. ഇപ്പോള്‍ ഫെഫ്കയുടെ പ്രധാന ഭാരവാഹിയായ സംവിധായകന് ബി ഉണ്ണികൃഷ്ണനാണ് റൈറ്റേഴ്സ് യൂണിയന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി.