ഷില്ലോങ്: മേഘാലയയില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മേഘാലയയിലെ ജനങ്ങള്‍ക്കുമേല്‍ സിഎഎയും എന്‍ആര്‍സിയും അടിച്ചേല്‍പ്പിക്കാന്‍ പുറത്തുനിന്നുവരുന്നവരെ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും കോണ്‍റാഡ് സാങ്മ സര്‍ക്കാരും അഴിമതിക്കാരാണെന്നും അവര്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നും മമത പറഞ്ഞു. പശ്ചിമ മേഘാലയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു അവരുടെ പ്രതികരണം.
'എന്‍ആര്‍സിയും സിഎഎയും അഴിമതിയും വെടിയുണ്ടകളും... അവര്‍ നിങ്ങളെ അടിച്ചമര്‍ത്തി ഇവിടം ഭരിക്കാന്‍ ആഗ്രഹിക്കുന്നു. ഇതൊരിക്കലും അനുവദിക്കരുത്. പുറത്തുനിന്നു വരുന്നവര്‍ നിങ്ങള്‍ക്കുമേല്‍ സിഎഎയും എന്‍ആര്‍സിയും അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കരുത്. മേഘാലയയെ ഡല്‍ഹിയില്‍നിന്നോ ഗുവാഹത്തിയില്നിന്നോ ഭരിക്കാന്‍ നാം അനുവദിച്ചുകൂടാ. ബംഗാളില്‍നിന്ന് ഞങ്ങള്‍ നിങ്ങളെ നിയന്ത്രിക്കുകയുമില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നിങ്ങളുടെ സുഹൃത്താണ്. നിങ്ങള്‍ക്ക് ആവശ്യമുളള എന്തും തന്ന് ഞങ്ങള്‍ സഹായിക്കും'- മമതാ ബാനര്‍ജി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തൃണമൂല്‍ കോണ്‍ഗ്രസ് മേഘാലയയില്‍ മത്സരിക്കുന്നത് ബിജെപിയെ വിജയിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപിയെ ശക്തിപ്പെടുത്തി, അവരെ അധികാരത്തിലെത്തിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോഴും ഇതുതന്നെയാണ് അവര്‍ ചെയ്തതെന്നും രാഹുല്‍ പറഞ്ഞിരുന്നു.