ഷില്ലോങ്: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മേഘാലയയിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോഴും തൃണമൂല്‍ കോണ്‍ഗ്രസ് ഇതുതന്നെയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഷില്ലോങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചരിത്രം നിങ്ങള്‍ക്കറിയാം. പശ്ചിമ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചും അവരുടെ പാരമ്പര്യത്തെക്കുറിച്ചും നിങ്ങള്‍ക്കറിയാം. അവര്‍ ഗോവയില്‍ തെരഞ്ഞെടുപ്പ് സമയത്ത് വലിയ തുകയാണ് ചെലവഴിച്ചത്. ബിജെപിയെ സഹായിക്കുകയായിരുന്നു ലക്ഷ്യം. അതുതന്നെയാണ് മേഘാലയയിലും അവര്‍ ചെയ്യുന്നത്. ഇവിടെ ബിജെപിയെ ശക്തിപ്പെടുത്തി, അവരെ അധികാരത്തിലെത്തിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.മേഘാലയയുടെ ഭാഷയും ചരിത്രവും സംസ്‌കാരവും തകര്‍ക്കാന്‍ ബിജെപിയെ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. 'ഗൗതം അദാനിയുമായുളള ബന്ധത്തെക്കുറിച്ച് ഞാന്‍ പ്രധാനമന്ത്രിയോട് ചോദിച്ചു. അദാനിയും മോദിയും ഒരുമിച്ച് വിമാനത്തില്‍ ഇരിക്കുന്ന ചിത്രവും ഞാന്‍ കാണിച്ചു. എന്നാല്‍ പാര്‍ലമെന്റില്‍ അദ്ദേഹം എന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ തയാറായില്ല' -രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.