ശ്രീനഗര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്ന് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല. റംബാന്‍ ജില്ലയിലെ ബനിഹാലില്‍ നിന്നാണ് ഒമര്‍ അബ്ദുല്ല പദയാത്രയുടെ ഭാഗമായത്. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രസിഡന്റ് നാസിര്‍ അസം വാനി, മുന്‍ മന്ത്രി സക്കീന എന്നിവരും ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ ശബ്ദം കേള്‍ക്കുന്നില്ലെന്നും കശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍പ്പെട്ട രാഹുല്‍ ഗാന്ധി കശ്മീരിലെത്തി, അദ്ദേഹത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു.
'ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയല്ല. മറിച്ച് രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തുകയാണ്. രാജ്യത്തെക്കുറിച്ച് ആശങ്കയുളളതിനാലാണ് ഞാന്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തത്. വ്യക്തിപരമായ കാരണങ്ങളല്ല രാഹുല്‍ ഗാന്ധിയെയും ഇത്തരമൊരു യാത്ര നടത്താന്‍ പ്രേരിപ്പിച്ചത്. രാജ്യത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുളള ആക്രമണങ്ങളിലും മനംമടുത്താണ് അദ്ദേഹം ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.'- ഒമര്‍ അബ്ദുളള പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി മുപ്പതിനാണ് സമാപിക്കുക. ജനുവരി മുപ്പതിന് രാഹുല്‍ ഗാന്ധി ശ്രീനഗറിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തും. അദ്ദേഹം ഷേര്‍ ഇ കശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മഹാറാലിയെ അഭിസംബോധന ചെയ്യുന്നതോടെയാണ് യാത്ര സമാപിക്കുക.