കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കെ സുരേന്ദ്രനെ കൂടാതെ അഞ്ചുപ്രതികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രന് മറ്റൊരു സ്ഥാനാര്‍ഥി കെ സുന്ദരക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്കി എന്നതാണ് കേസ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന് നല്കിയ പരാതിയില്‍ ലോക്കല്‍ പോലീസാണ് സുരേന്ദ്രനെതിരെ ആദ്യം കേസ് എടുക്കുന്നത്. കേസ് പിന്നീട് കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ സുന്ദരയെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും രണ്ടരലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴ നല്‍കിയെന്നുമാണ് കെ സുരേന്ദ്രനെതിരായ കേസ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സുരേന്ദ്രനെതിരായ നടപടികള്‍ വൈകിക്കുന്നു എന്ന ആരോപണം ശക്തമായിരിക്കെ 16 മാസത്തിനുശേഷമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് കെ സുന്ദര ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് നിയമത്തിലെ വകുപ്പ് 171 ബി, ഇ എന്നിവയും എസ് സി/ എസ് ടി അട്രോസിട്ടി ആക്ടും ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ബിജെപി കാസര്‍ഗോഡ് മുന്‍ ജില്ലാ സെക്രട്ടറി അഡ്വ. കെ ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച ജില്ല നേതാവ് സുനില്‍ നായിക്, മണികണ്ഠ റെ, ലോകേഷ്, വൈ സുരേഷ് എന്നിവരാണ് മറ്റ് പ്രതികള്‍.