ആര്യാടന്‍ മുഹമ്മദ്‌ അന്തരിച്ചു

കോഴിക്കോട്: സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു  അന്ത്യം. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു. ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1952-ല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ ആര്യാടന്‍ അതുല്യമായ നേതൃശേഷി പ്രകടിപ്പിച്ച നേതാവാണ്‌. 1958-ല്‍ തന്നെ കെ പി സി സി അംഗമായി. വലിയൊരു കാലയളവില്‍ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. മികച്ച ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്ന ആര്യാടന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടേതുള്‍പ്പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1935 മേയ് 15ന് നിലമ്പൂരിലാണ് ആര്യാടന്റെ ജനനം. പിതാവ് ആര്യാടന്‍ ഉണ്ണീന്‍. മാതാവ് കദിയുമ്മ. നിലമ്പൂര്‍ ഗവണ്‍മെന്‍റ് ഹൈസ്കൂളിലായിരുന്നു പഠനം. അവിഭക്ത കോഴിക്കോട് ജില്ലയുടെ ഡി ഡി ഡി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ആര്യാടന്‍ മലപ്പുറം ജില്ലയുടെ രൂപീകരണത്തോടെ 1969 ലാണ് ഡി ഡി ഡി പ്രസിഡന്‍റായത്. 1965- ലും 67- ലും നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും ഏറനാട്ടിലെ പ്രമുഖ സിപിഎം നേതാവും ട്രേഡ് യൂണിയനിസ്റ്റുമായിരുന്ന കുഞ്ഞാലിയോട് പരാജയപ്പെട്ടു. എം എല്‍ എ ആയിരിക്കെ കുഞ്ഞാലി വെടിയേറ്റ്‌ കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതനായി ആര്യാടന്‍ രണ്ടുമാസത്തോളം ജയിലില്‍ കിടന്നിട്ടുണ്ട്. കേസില്‍ ഹൈക്കോടതി പിന്നീട് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

വടക്കന്‍ കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ കോണ്‍ഗ്രസ്സിന്റെ ഏറ്റവും ശക്തനായ നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്. കെ കരുണാകരന്‍, ഏ കെ ആന്‍റണി ഗ്രൂപ്പുകള്‍ ശക്തമായിരുന്ന കാലത്ത് ആന്‍റണിക്കൊപ്പം അടിയുറച്ചുനിന്നു. ലീഗിനെ യു ഡി എഫില്‍ എടുത്തതില്‍ വിയോജിപ്പുള്ള നേതാവായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലെ ലീഗ് അപ്രമാദിത്വത്തെയും നയങ്ങളെയും തുറന്നെതിര്‍ത്തു. ലീഗിനെതിരായി ആര്യാടന്‍ നടത്തിയ പൊതു പ്രസ്താവനകള്‍ പലപ്പോഴും ഇരുപാര്‍ട്ടികളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നുവെങ്കിലും ആരെയും കൂസാതെ തന്റെ നിലപാടുകളിലും അഭിപ്രായങ്ങളിലും ഉറച്ചുനിന്നു. 

അടിയന്തരാവസ്ഥയെ തുടര്‍ന്ന് ഏ കെ ആന്‍റണിക്കൊപ്പം കോണ്‍ഗ്രസ് വിട്ട ആര്യാടന്‍ സംഘടനാ കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയില്‍ 1980-ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. 82-ല്‍ ആന്റണി പിന്തുണ പിന്‍വലിച്ചതോടെ നായനാര്‍ മന്ത്രിസഭ നിലംപൊത്തി. ഇതോടെ ആര്യാടനും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയി. 1977-ല്‍ ആദ്യമായി കേരളാ നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആര്യാടന്‍ മുഹമ്മദ് പിന്നീട് ഏഴുവട്ടം നിലമ്പൂര്‍ നിയോജക മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 2001-ല്‍ അധികാരത്തില്‍ വന്ന ഏ കെ ആന്‍റണി മന്ത്രിസഭയില്‍ ടൂറിസം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്ത ആര്യാടന്‍ അതേ സഭാ കാലയളവില്‍ ആന്‍റണിയുടെ രാജിയെ തുടര്‍ന്ന് അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി.  പി.വി മറിയുമ്മയാണ് ഭാര്യ. തിരക്കഥാകൃത്തും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്ത്, അന്‍സാര്‍ ബീഗം, ഖദീജ, ഡോ. റിയാസ് അലി (അസ്ഥിരോഗ വിദഗ്ദന്‍. പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളജ്) എന്നിവര്‍ മക്കളാണ്.  ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ധന്‍, മസ്കറ്റ്). മുംതാസ് ബീഗം, ഡോ. ഉമര്‍ (ന്യൂറോളജിസ്റ്റ്, ബേബി മെമ്മോറിയല്‍ ആശുപത്രി, കോഴിക്കോട്), സിമി ജലാല്‍ എന്നിവര്‍ മരുമക്കളാണ്. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More