കൊല്ലം: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാമിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാണ് ബല്‍റാമിനെതിരായ പരാതി. കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലം സ്വദേശി ജി കെ മധു എന്നയാള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോകസ്തംഭത്തിലുളള സിംഹങ്ങളുടെ ഭാവ വ്യത്യാസം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വി ടി ബല്‍റാമിന്റെ പോസ്റ്റ്. 'എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരുപൊടിക്ക് അടങ്ങിക്കൂടെ'-എന്നായിരുന്നു വി ടി ഫേസ്ബുക്കിലൂടെ ചോദിച്ചത്. ഹിന്ദു ദൈവങ്ങളായ ഹനുമാന്റെയും ശിവന്റെയും രൗദ്രഭാവത്തിലും ശാന്തഭാവത്തിലുമുളള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് കൊല്ലം സ്വദേശിയുടെ പരാതി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോക സ്തംഭത്തില്‍ ശക്തരെങ്കിലും ശാന്തരായിരിക്കുന്ന സിംഹങ്ങള്‍ക്ക് പകരം ആക്രമണാത്മക ഭാവമുള്ള സിംഹങ്ങളെയാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. മോദിയുടെ പുതിയ ഇന്ത്യയെ വ്യക്തമാക്കുന്നതാണ് സിംഹങ്ങളുടെ രൌദ്ര ഭാവം എന്നാണ് വിമര്‍ശനം.