'നിങ്ങൾ മിസ്റ്റിക്കാണോ? ഞാൻ ഒരു വെണ്ടക്കയുമല്ല'.. ബഷീർ മാജിക്കിന് പ്രണാമം - ഗഫൂർ അറയ്ക്കൽ

മലയാളത്തിലെ മറ്റ് എഴുത്തുകാരിൽ നിന്ന് എന്ത് വ്യത്യസ്തയാണ് വൈക്കം മുഹമ്മദ്‌ ബഷീറിനുള്ളത്? എത്ര ആഘോഷിച്ചിട്ടും ബഷീർ നമുക്ക് ഒരു മടുപ്പായി മാറാത്തത് എന്തുകൊണ്ടാണ്? 

ഉത്തരം വളരെ ലളിതമാണ്. പ്രൊഫ. എം എന്‍ വിജയൻ നിരൂപിച്ചതുപോലെ 'അനുഭവത്തിന്റെ ഒരു വൻകരയാണ് മലയാളികൾക്ക് ബഷീര്‍ സമ്മാനിച്ചത്. ഏറ്റവും പുതിയ (പല തരത്തിലുള്ള) വ്യാഖ്യാനങ്ങൾക്ക് ഇടം കിട്ടുന്ന വിധത്തിൽ വികസിച്ചുവരുന്നതാണ് ആ ലോകം. കുട്ടികൾ മുതൽ അക്കാദമിക്'പണ്ഡിതർക്ക് വരെ ആസ്വദിക്കാവുന്ന ഒരു കഥാപ്രപഞ്ചമാണ് ബഷീർ തുറന്നിട്ടത്. കഥകളും നോവലുകളും മറ്റ് ഫിക്ഷനുകളും വായിക്കുന്നതിന്റെ പ്രഥമലക്ഷ്യം അറിവല്ല. മറിച്ച് അനുഭവത്തിന്റെയും അനുഭൂതിയുടേയും മറ്റൊരു ലോകത്തേക്കുള്ള പ്രവേശനമാണത്. വായനക്കാരുടെ മനസ്സ്, അവര്‍ പോലുമറിയാതെ കഥാപാത്രങ്ങളുടെ സുഖദു:ഖങ്ങളിൽ ആഹ്ളാദിക്കുകയും നീറുകയും അനുഭവിക്കുന്ന വേദനകളില്‍ നിന്ന് അവരെ കരകയറ്റാന്‍ വെമ്പുകയും ചെയ്യും. ഒരര്‍ത്ഥത്തില്‍ നോവല്‍, കഥാവായന അന്യരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ പരിശീലിക്കലാണ്. അതിനാൽ മികച്ച ആസ്വാദകര്‍ മാനവികത ഉയർത്തിപ്പിടിക്കുന്ന മനുഷ്യരാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടാണ്  കലയില്ലാത്ത ലോകം മാനവികതയില്ലാത്ത ലോകമായി മാറും എന്ന് പറയുന്നത്. വായിച്ചു വളർന്നാൽ വിളയുമെന്ന് പറഞ്ഞത് എത്ര ശരി !

'ചോരപുരണ്ട ഏടുകളുടെ' അനുഭവലോകം ആവിഷ്ക്കരിച്ചതോ ലളിതമായ ഭാഷാശൈലി കൊണ്ടുവന്നതോ മാത്രമല്ല ബഷീറിനെ വ്യത്യസ്തനാക്കുന്നത്. മറിച്ച് എല്ലായ്പ്പോഴും മാനവികതയുടെ കൊടിക്കൂറ ഉയർത്തിപ്പിടിച്ചതാണ്. ബഷീർ കൃതികളിൽ വില്ലൻമാരില്ല. വേണമെങ്കിൽ വില്ലൻമാരാണ് നായകൻമാർ എന്ന് പറയാം. പരിസ്ഥിതിപ്രശ്നവും (ഭൂമിയുടെ അവകാശികൾ) സ്വവർഗ്ഗരതിയും (ശബ്ദങ്ങൾ) മാർക്കേസിന്റെ മെക്കണ്ടോ പോലുള്ള ഒരു സങ്കല്പരാജ്യവു ( കടുവാക്കുന്ന് ) മൊക്കെ ഈ കൃതികളിൽ കാണാം. ചാമ്പയ്ക്ക കൊതിച്ചുവരുന്ന പെൺകുട്ടികൾ ബഷീറിനെ അവഗണിക്കുമ്പോൾ കറമ്പിയായ, തൊഴിലാളിയുടെ മകളായ സുഹാസിനി മാത്രം എഴുത്തുകാരനായ ബഷീറിനെ തിരിച്ചറിയുകയും ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്യുന്നുണ്ട്. അതിനാൽ അവൾക്ക് മാത്രം ബഷീർ ഫ്രീയായി ചാമ്പയ്ക്ക കൊടുക്കുന്നു! ഇത്തരത്തിൽ അവഗണിക്കപ്പെട്ടവരോട് ഒരു പ്രത്യേക കരുതൽ ബഷീർ വെച്ചുപുലർത്തുന്നത് സൂക്ഷമമായി വായിച്ചാൽ ബോധ്യപ്പെടും. എല്ലാവരും ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന് പറഞ്ഞുനിർത്തുമ്പോൾ ബഷീർ അതിന്റെ കൂടെ സിക്ക്, പാഴ്സി , ജൈന, ബുദ്ധ എന്നു കൂടി ചേർക്കും. ബഷീർ ഈ മത വിഭാഗങ്ങളോടൊപ്പമെല്ലാം ജീവിച്ചിരുന്നു.

മുലപ്പാലിന്റെ കണക്ക് പറയുന്ന പുസ്തകമാണ് പാത്തുമ്മയുടെ ആട്

ബഷീറിന്റെ കൃതികളിൽ എനിക്കേറെയിഷ്ടം 'പാത്തുമ്മയുടെ ആട്' ആണ്. ആ നോവലിന്റെ ഘടനപോലും എത്ര ആധുനികോത്തരമാണ്. നോവലിൽ കാണുന്ന ആട് പോലും പാത്തുമ്മയുടെയാണോ അതോ ആനുമ്മയുടേതാണോ എന്ന് നമുക്കറിയില്ല! കഥയ്ക്ക് പ്രത്യേകിച്ച് ഒരു ഘടനയുമില്ല. ഒരു വീടിനകത്തെ ആടും മനുഷ്യരും നമ്മുടെ എല്ലാ സ്വസ്ഥതയും അട്ടിമറിക്കുന്നു. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ പഠിച്ചതാണത്. അന്നത് ഒരു തമാശ നോവലായിട്ടാണ് വായിച്ചത്. നമ്മില്‍ പലരും അങ്ങനെയാവും വായിച്ചിട്ടുണ്ടാവുക. വാസ്തവത്തിൽ അങ്ങനെയാണോ അത്?

പാത്തുമ്മയുടെ ആട് ഒറ്റവാക്കിൽ പറഞ്ഞാൽ, 'മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം ഹൃദയശൂന്യമായ റൊക്കം പൈസയുടെ ബന്ധ'മാണെന്ന് വിളിച്ചോതുന്ന നോവലാണ്. ആ നോവലിലെ എല്ലാ ബന്ധവും പണത്തിൽ അധിഷ്ഠിതമാണ്. വീട്ടിലെ പുരുഷൻമാര്‍ മാത്രമേ അരിയാഹാരം കഴിക്കുന്നുള്ളൂ എന്ന് ബഷീർ തിരിച്ചറിയുന്നത് തന്റെ മുറി വാടകയ്ക്ക് കൊടുത്തതുകൊണ്ടാണ്. മാതൃദിനത്തിൽ അമ്മയോടൊപ്പം നിന്ന് ഫോട്ടോയെടുത്ത്, പോസ്റ്റിട്ട് തള്ളുന്ന നമ്മൾ ബഷീറും ഉമ്മയും തമ്മിൽ പണത്തിന്റെ കാര്യം പറഞ്ഞ് പിണങ്ങുന്നത് കാണണം. ചെലവിന് കൊടുത്തോ എന്ന് ചോദിക്കുമ്പോൾ പട്ടാളത്തിൽ പൊയ്ക്കൊള്ളാം എന്ന് ഭീഷണിപ്പെടുത്തുന്ന ഒരു അബ്ദുൽ ഖാദറും നോവലിലുണ്ട്.  ബഷീർ താൻ നട്ടുവളർത്തിയ ചാമ്പയ്ക്കയുടെ കണക്ക് ചോദിക്കുന്നുണ്ട്. ചെറുപ്പത്തിൽ മുലയൂട്ടിയതിനാൽ പണം തരണമെന്ന് പറയുന്ന നങ്ങേലിയുണ്ട്. ചുരുക്കത്തിൽ മുലപ്പാലിന്റെ കണക്ക് പറയുന്ന പുസ്തകമാണ് പാത്തുമ്മയുടെ ആട്.

വാസ്തവത്തിൽ ആരാണ് ബഷീർ?

തികഞ്ഞ ഗാന്ധിയനും അതേസമയം ഭഗത്സിംഗിനെ പോലെ മീശവെച്ച് 'ഉജ്ജീവൻ' എന്ന തീവ്രവാദ സംഘടനയുണ്ടാക്കിയ ആളാണ്. യുക്തിവാദിയായും സൂഫിയായും ബഷീർ അവതരിക്കുന്നുണ്ട്. ബഷീർ കെട്ടിക്കിടന്ന ജലമല്ല , ഒഴുകുന്ന പുഴയായിരുന്നു. ഇപ്പോഴും ഒഴുകിക്കൊണ്ടേയിരിക്കുന്ന പുഴയാണ്. സ്വയം പുതുക്കിപ്പണിതുകൊണ്ടേയിരുന്ന ഒരു ബഷീറാണ് നമ്മുടെ ബേപ്പൂർ സുൽത്താൻ. 

അരാജകവാദിയും ( ഭഗത്സിംഗ് മോഡൽ ഭീകര പ്രസ്ഥാനം) ജനാധിപത്യവാദിയുമായിരുന്നു (പ്രേമലേഖനം. ചായ - കാപ്പി സംവാദം), യുക്തിവാദിയും (പൊൻകുരിശ് തോമ) ആത്മീയവാദിയുമായിരുന്നു (അനൽ ഹഖ് ), കമ്യൂണിസ്റ്റും ( ജന്മദിനം) കമ്യൂണിസ്റ്റു വിരുദ്ധനുമായിരുന്നു ( സഖാവ് മൂർഖൻ പ്രയോഗം), പരിസ്ഥിതിവാദിയും (ഭൂമിയുടെ അവകാശികൾ) വികസന പ്രേമിയുമായിരുന്നു (ബാല്യകാല സഖി), ഭിന്ന ലൈംഗികരോടും ലൈംഗിക തൊഴിലാളികളോടുമൊപ്പവും (വിശപ്പ്, പാവപ്പെട്ടവരുടെ വേശ്യ) എന്നാൽ പരമ്പരാഗത മാന്യജീവിതത്തിനൊപ്പം (യാ - ഇലാഹി) ഹിന്ദു സന്യാസിമാരോടൊപ്പം സന്യസിച്ച ഹിന്ദു, എന്നാൽ ഇസ്ലാം മതത്തിൽ അടിയുറച്ചു നിന്ന മുസ്ലീം. ഹിന്ദു സത്രീയെ പ്രണയിച്ചു (അനുരാഗത്തിന്റെ ദിനങ്ങൾ ) മുസ്ലീം സ്ത്രീയെ വിവാഹം ചെയ്തു. മുസ്ലീം ഭാഷ പരിഷ്കരിക്കാൻ ശ്രമിച്ചു. പക്ഷേ സ്വന്തമായ ഭാഷാപ്രയോഗങ്ങൾ ഉണ്ടാക്കി. സ്ത്രീപക്ഷ കഥകൾ ധാരാളമുണ്ട്. സ്ത്രീവിരുദ്ധ കഥയായ ഭൂമിയുടെ അവകാശികളും എഴുതിയിട്ടുണ്ട്.  അതിനാൽ ഇപ്പോൾ ഓരോരുത്തരും ബഷീറിന്റെ അവകാശികളായിട്ടുണ്ട് ...

ബഷീറിനോട് ..

"നിങ്ങൾ മിസ്റ്റിക്കാണോ?"

"ഞാൻ ഒരു വെണ്ടക്കയുമല്ല. ചോരയും നീരുമുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാൻ "

ബഷീറിന്റെ മഹത്വം സ്ഥിതി ചെയ്യുന്നത് മേല്‍ സൂചിപ്പിച്ചതുപോലെ മാനവികതാബോധം ഉയർത്തിപ്പിടിച്ചതിലാണ്. അത് മതത്തിന്റെ, സങ്കുചിതത്വത്തിന്റെ മതിലുകളെ പോലും തകർക്കുന്നു. ജയിലിനകത്ത് റോസാ തോട്ടം ഉണ്ടാക്കിയവനാണ് ബഷീർ. അതുകൊണ്ടാണ് തന്നെ പോക്കറ്റടിച്ച മനുഷ്യനെ കൺകണ്ട ദൈവം എന്നു വിളിച്ചത്. എല്ലാം മനസ്സിലായിട്ടും അനുഗ്രഹിച്ചയച്ചത്.

ചുരുക്കത്തിൽ അനുഭവങ്ങളെ പൊള്ളുന്ന വാക്കുകളിൽ ആവിഷ്ക്കരിച്ച എഴുത്തുകാരനായിരുന്നു ബഷീർ. അതുകൊണ്ട് അത് പുതിയ വ്യാഖ്യാനങ്ങളും വായനകളും കൊണ്ട് നവംനവമായി നിലനിൽക്കുന്നു. മതപരവും രാഷ്ട്രീയവുമായ നിലപാടുകൾക്ക് പകരം അനുഭവങ്ങളുടെ വൻകര മലയാളികൾക്ക് സമ്മാനിച്ച, എന്നും ആധുനികനായി നില നിൽക്കാൻ കഴിയുന്ന ബഷീറിനും ബഷീർ മാജിക്കിനും പ്രണാമം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Dr. Azad 4 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More