ആമകൾ പറക്കുന്ന കാലം - വി. ജെ. തോമസ്

Fly! by Joy Murray

''വീടിനോളം നല്ലയിടമില്ല'' ജീവൻറേയും മരണത്തിറേയും ഉടമസ്ഥാവകാശം കൈയ്യിലുള്ള സീയൂസ്സ് ദേവനോടാണ് മറുപടി പറയുന്നതെന്ന നല്ല നിശ്ചയമുണ്ടായിരുന്നു ആമയ്ക്ക്.

ആകാശത്തിൻറെ അധിപതിയും ഇടിമിന്നലിലൂടെ സംസാരിക്കുന്നവനും മറ്റു ദേവന്മാർക്കധിപതിയുമായവൻ സകല മൃഗങ്ങൾക്കുമായി ഒരുക്കിയ വിരുന്നിൽ ആമ മാത്രം കൃത്യസമയത്തെത്തിച്ചേർന്നില്ല. കാര്യമന്വേഷിച്ചപ്പോഴാണ് 'തനിക്കു വീടും വീട്ടിലെ സാമീപ്യങ്ങളും ആത്മബന്ധങ്ങളും പ്രാണനെപ്പോലെ പ്രിയവും മാറ്റിവെയ്ക്കാനാവാത്തതുമാണെന്ന സത്യം യാതൊരു മറയും മടിയും കൂടാതെ തുറന്നുപറഞ്ഞത്‌. 

ആമയുടെ ഈ മറുപടി പക്ഷെ സീയുസ്സ് ദേവന് ഇഷ്‌പ്പെട്ടില്ല, മാത്രവുമല്ല താനൊരുക്കിയ വിരുന്നിനേക്കാൾ അധികമാണ് ആമക്ക് വീടിനോടുള്ള കൂറ് ദേവന് അപമാനമായും തോന്നി. ആ കോപത്തിലാണ് 'ഇനി നീയെവിടെ പോകുമ്പോഴും വീടുംചുമന്നു വൈകിനടക്കട്ടെ' എന്നു ശപിച്ചതുപോലും!. അങ്ങനെയാണു തൻറെ വീടായ ഷെൽ ആമക്ക് കിട്ടിയതെന്നാണൊരു കഥ.

കഥകകൾ വിട്ടിറങ്ങിവരുന്ന കഥാപത്രങ്ങൾ ദേശത്തിന് ദൈവങ്ങളെ വാഴിച്ചുതരുന്ന കാലമായിരുന്നിട്ടും  വിരുത്തങ്ങളെ അന്ധമായിപുലരാനൊന്നും അവിടുത്തുകാർ അത്ര തുനിഞ്ഞില്ല, മിത്തുകളെയോ  പുരാണങ്ങളെയോ ഭാവനാജീവിതത്തിനപ്പുറം വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഇടപെടുവാൻ അവർ അവസരം കൊടുത്തില്ല. 

അതൊരു മരിയാദയാണ്. മാന്യതയാണ്‌. കടലിലായാലും കരയിലായാലുംശരി ആമയിന്നോളം അതിൻറെ വീടു മറന്നുനടന്നില്ല. ആരുടെ മുന്നിലും കൂടുചുമക്കുന്നതിനു മടിയുമില്ല, കുറ്റബോധവും അപകർഷതയും അതിനെ വേട്ടയാടിയില്ല, പിടിപ്പുകേടുകൊണ്ടല്ലേയെന്നു തലമുറകൾ അവരുടെ പിതൃക്കളോടു രോഷം കൊണ്ടില്ല. ഏറ്റവും മന്ദനെന്നുള്ള വ്യാഖ്യാനങ്ങൾക്കിടയിലൂടെ സകലഭൂഖണ്ഡങ്ങളിലും അതു കയറിപ്പറ്റിക്കഴിഞ്ഞിരിക്കുന്നു. ആരോടും തോൽക്കാതെ, മത്സരിക്കാതെയും. 

നല്ലശ്രദ്ധ പാലിച്ചിരുന്നു, എന്നിട്ടും വീടുചുമന്നുള്ള യാത്രയിൽ മലർന്നടിച്ചുവീണു. അടിയും ചവിട്ടും കുത്തും കിട്ടിയപ്പോഴേക്കും കൈകാലുകളും തലയും അകത്തേക്കു വലിച്ചുകളഞ്ഞു. ആ ദേഷ്യത്തിനാണ് പുറത്തുകയറിനിന്നുള്ള താണ്ഡവം. അതോടെ കലിതീരാതെ മനഃപ്പൂർവ്വം വശങ്ങളിൽനിന്നും ഉന്തിത്തള്ളി ചെരിച്ചുമലർത്തിയടിക്കുകയാണുണ്ടായത്. 

ആമയോടുചെയ്യാവുന്ന ഏറ്റവും വലിയ അതിക്രമമാണത്. ഇനി വേണ്ടത്‌, വീണുകിടക്കുന്നതാമയായാലും ജനതയാലും എഴുന്നേക്കില്ലന്നുറപ്പുവരുത്തലാണ്. അതിനാണ്, രാഷ്ട്രകൂടത്തിൻറെ ആജ്ഞാനുവർത്തികളായ കർസേവകർ സദാ ജാഗ്രത പാലിക്കുന്നത് .

കെട്ടഴിഞ്ഞു ലക്ഷ്യം തെറ്റിയ ജനത്തെ മറിച്ചിട്ടുകഴിഞ്ഞാൽ ആമയെന്നപോലെ മലർന്നു കൈകാലിട്ടടിച്ചുകൊള്ളും, ഡിസ്സിഷൻ  ടേബിളിൽ മലർത്തിക്കിടത്തിയാണിയടിച്ചിട്ടിരിക്കുന്ന തവളയെപ്പോലെ.

ഈതറുകൊടുത്തു മേശപ്പുറത്തു കത്തികാത്തിരിക്കുന്ന ദേശത്തിൻറെ സ്പന്ദനം ഡിക്റ്റേറ്റർക്കറിയാം. മയക്കുമരുന്നു ഫലിക്കുന്നതോടെ ക്രമേണയവർ ബാധിതരാകും. മറവിയുടെ പുറന്തോടുകാരണം പിന്നെ അടിച്ചാലും കുത്തിയാലും പിളർന്നാലും ഒന്നും സംഭവിക്കില്ല, റിപ്പബ്ളിക്കിൻറെ പരമാധികാരത്തെ പുറത്തുള്ളവർ ചോദ്യം ചെയ്യുകയുമില്ല.

അതേക്കുറിച്ചുള്ള വാർത്തകൾ പുറത്തേക്കൊലിച്ചിറങ്ങുകയുമില്ല. വേവലാധികൾ ലാവ കണക്കാരെയും വിടാതെ വിഴുങ്ങുകയില്ല. മയങ്ങിപ്പോയവരെ പിന്നെയെളുപ്പത്തിൽ വർഗ്ഗീയതയുടെ കാട്ടുതീയിലിട്ടു ചുട്ടെടുക്കാം, അല്ലെങ്കിൽ മട്ടൂറിയ ദേശിയതയുടെ കാടിവെള്ളത്തിലോ, ജ്ഞാതിവേധത്തിനായിത്തിളയ്ക്കുന്ന എണ്ണയിലോവറുത്തുകോരി തോടുപൊട്ടിച്ചു പ്രാണൻ പറിച്ചെടുത്താൽ മതി. രുചിയൂറും ഇറച്ചിയായി.  

കോഴി ആട്  ഒട്ടകവും വവ്വാൽ പച്ചത്തുള്ളൻറെയൊക്കെ കാലംകഴിഞ്ഞു. ആദയസൂത്രക്കാരായ യോഗിവര്യന്മാരുടെ മേൽനോട്ടത്തിലാണിപ്പോൾ കച്ചവടം, അതുകൊണ്ട് കളങ്കമില്ലാത്ത കന്യാച്ഛദംപൊട്ടിച്ചൊഴിച്ചു പാകംചെയ്ത ആമവരട്ടിയതിനുപുറമെ, പുരാണങ്ങളും വാലിൽന്മേൽ തീകൊളുത്തിയ ആചാരങ്ങളും സമം ചേർത്തുപാകം ചെയ്ത ആമ സൂപ്പുവരെ സമസ്ത ലോകസൗഖ്യത്തിനായി നമ്മളാൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

നൂറ്റൊന്നാവർത്തിച്ച ജാതിബല, മനുഗുളുച്യാദി ശൂശൂലേഹ്യം ചൂർണ്ണമെന്നിവ സർവലോകൈശ്വര്യത്തിനു പുറമെ, രാഷ്ട്രശരീരത്തിൻറെ വാജീകരണ പുഷ്‌ടിക്കുമത്യാവശ്യമത്രെ. കന്യകമാർക്ക് അപ്സര രംഭ  തിലോത്തമമാരേക്കാൾ വിസ്‌തൃതമാമരക്കെട്ടും തുമ്പിതോൽക്കുംതുടകളും, കുംഭികുംഭസ്തനങ്ങളാർജ്ജിക്കാനും, വംശശുദ്ധിയുള്ള വിത്തുകൂറ്റന്മാരുടെ ഉദ്ധാരണത്തിനും ഉന്മേഷത്തിനും പുഷ്ടിക്കും ഭദ്രം. ബഹുകേമം!

ബഹു: ലിവ്യാദാൻ പ്രധാൻ യോജനവഴി സകലവീടുകളിലും എത്തിക്കുകയാണു ലക്ഷ്യം. നമുക്കങ്ങിട്... ക്ഷാ... പിടിച്ചൂന്നു ബഹുഃകോടതികൾവരെ അമീൻ പറഞ്ഞിട്ടുണ്ടുപോലും. അങ്ങനെ കച്ചപാച്ചിയിറങ്ങിയ ജഡ്ജാണുപോലും വരാനുള്ള ''പ്രജിഡന്റ്‌ ''.

ഓരോരുത്തരും മറ്റൊരാൾക്കുമേൽ വിജയം സ്ഥാപിക്കാന്മാത്രം പദ്ധതികളുള്ള ഒരു ക്രമത്തിൽ, നിങ്ങളെപ്പോഴെങ്കിലും വീണുപോയിട്ടുണ്ടോ? ഒരായുസ്സുമുഴവൻ ശ്രമിച്ചിട്ടും എഴുന്നേല്‍ക്കാനാവാത്ത വംശത്തിലോ ഗോത്രത്തിലോ തലമുറതലമുറയായി തുലഞ്ഞിട്ടുണ്ടോ ? കരയിൽനിന്നും കടലിൽനിന്നും തുടച്ചുമാറ്റപ്പെട്ടിട്ടുണ്ടോ ? അല്ലെങ്കിൽ നെഞ്ചോടുചേർത്തുപിടിച്ച നാട്ടറിവുകളും നന്മകളും നാട്ടുവെളിച്ചങ്ങളുമായി ഒരിക്കലും തിരിച്ചുവരാതെവണ്ണം ഒഴുകിപ്പോയിട്ടുണ്ടോ ?എങ്കിലേ നിങ്ങൾക്കിതു പൊള്ളുകയുള്ളു. ദാഹം ആളുകയുള്ളു.

ശരിയാണ്. ഇല്ലാ എന്ന നിങ്ങളുടെ ഉത്തരം ഞങ്ങളുടെതിനേക്കാൾ ശരിയാണെന്നാമകൾക്കറിയാം. പരസഹസ്രം ജീവിവർഗ്ഗങ്ങളുടെ ആവാസവ്യവസ്ഥയായ ഭൂമിയേതാണ്ടു മുഴുവനും നിങ്ങളുടേതായിക്കഴിഞ്ഞല്ലോ ? അന്നുമുതലാണ് നിങ്ങൾക്കിതൊന്നും ബാധിക്കാതായിത്തുടങ്ങുന്നത്. അവിടുന്നങ്ങോട്ടു നിങ്ങളുടെ ഊഴമാണ്. നിങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധയുള്ള ഒരു ജീവിതം, അതാണ് മനുഷ്യർ മാത്രം ഭൂമിയിൽചെയ്യുന്ന കടുംകൃഷിയെന്നുപറയാം.

അങ്ങനെ പറയാതിരിക്കാനാണ്. പരിഹസിക്കപ്പെടാതിരിക്കാനാണ്‌, സംസ്‌കാരം എന്നവർ തങ്ങളുടെ നാഗരികതയെ വിളിക്കുന്നത്.നോളഡ്ജ്ജും വിസ്‌ഡവും തമ്മിൽ കലങ്ങിപ്പോയവരുടെ പ്രശ്നമാണത്. സാമാന്യത്തിലല്ലാതെ സവിശേഷത്തിൽ കാര്യങ്ങളെ  കാണാൻ കഴിയാതെവരിക മൂലം, തരം തിരിക്കാനും താറുമാറാക്കാനുമല്ലാതെ,  ഒന്നിനോടൊന്നുകണ്ണിചേർന്നതെന്നു കരുതി പോഷിപ്പിക്കാതിരിക്കുക മൂലം, മനുഷ്യരുണ്ടാക്കിവെക്കുന്ന പടുകുഴികൾ വളരെ വലുതാണ്. അതിൻറെ കെടുതിയനുഭവിക്കുന്നതുമുഴുവൻ പ്രകൃതിയും. എന്നാലും പേരിനാകട്ടെ പോരിനാകട്ടെ, ദൈവംപോലും ആമയായി അവതാരമെടുത്ത നാടാണു പോലും.

അനാദിയായ കാലത്തിൽ .... ആഴമെന്നയൊഴുക്കിനുമേൽ ആമ, ആമയുടെ പുറത്ത് അഷ്ടദിക്കുകളിലേക്കും ശ്രദ്ധപാലിക്കുന്ന ആനകൾ എട്ട്. അവയുടെ ചുമലുകൾ ഭൂമിയെ താങ്ങിനിർത്തുന്നു. സ്വർഗ്ഗത്തിൽ ഇടമുണ്ടായിട്ടും  ഭൂമിയിൽ കണ്ണുവെക്കുന്ന ദേവന്മാർക്കും കാതൽദേവതകൾക്കും,അവരുടെ മാനസം പെറ്റുപോറ്റിയ ദേവർഷികൾക്കും എതിരെ ദസ്യൂക്കളും അസുരന്മാരും പോരാടുന്നുപോലും. കറുപ്പിനെതിരെ മറുകൂട്ടർ തടയുന്നുപോലും. വിത്തവും അധികാരവും സാധാരണ മനുഷ്യനില്‍ എത്താതിരിക്കാനുള്ള അനാദിയായ കളി. 

ഏതുകളിയിലും ദൈവങ്ങളും രാജാവും പൂജാരിയും അവരുടെ സുന്ദരികളും രാജാപ്പാർട്ടുകെട്ടും, ഭൂമിയിലങ്ങനെ കൊല്ലും കൊലയും തീരാതെ കാലങ്ങൾ കലങ്ങിക്കിടന്നോളും. പക്ഷെ സകല ഭാരങ്ങളും അടിയിലടിയിലുള്ള ആദികൂർമ്മം വഹിക്കണം. ആദിയോടന്തം അവതാരങ്ങളാൽ തുലഞ്ഞുപോയ ഇടത്തട്ടുകാരുടെയും  അടിത്തട്ടുകാരുടെയും ഊഴം, ഈഴവും. 

 പുരാണങ്ങളുടേയും ആചാരങ്ങളുടേയും കെട്ടുകഥകൾ കെട്ടിപ്പൊക്കിയ അജ്ഞതയുടെ മാളങ്ങളിൽ, അന്ധവിശ്വാസങ്ങളുടെ ഉറുക്കുകെട്ടാതെ അവയിലൊന്നിനും പുറത്തേക്കിറങ്ങുവാൻ വയ്യ, കുട്ടിത്തേവാങ്കിനെപ്പോലെ വെളിച്ചത്തിനു നേരെ നിൽക്കുവാനും നോക്കുവാനും ‌വയ്യ. ആശയവിനിമയത്തിനപര്യാപ്‌തവും അന്തസ്സാരശൂന്യവുമായ ചിഹ്നങ്ങളും സൂചകങ്ങളും മാത്രമായി കലങ്ങിപ്പോയവരുടെ ഏക സമ്പാദ്യവും സംഭവനയായിരുന്നു ഭാഷ, പിന്നെത്തേതിൽ അതെ ഭാഷകൊണ്ടുപോലും തോറ്റുപോയ ജന്മം, അന്തസ്സാര ശൂന്യമായ വൃത്തികൾ മൂലം, വാഗാർത്ഥങ്ങളുടെ യോജന അവരെന്നോ കളഞ്ഞു കുളിച്ചു. ഇരുമനസ്സുള്ള നാവിനാൽ, വാക്കുകളിൽ മരുന്നിനുപോലും അർഥം സൂക്ഷിക്കാനാവാതെ തുലഞ്ഞുപോയ സാപ്പിയൻസിനൊപ്പം വേണം അഗ്നിയും ഇരുമ്പും വെടിമരുന്നും ജൈവായുധങ്ങളും പെറ്റുകൂട്ടാത്ത ആമകൾക്കു മാത്രമല്ല, ജീവജലങ്ങൾക്കെല്ലാം പുലരേണ്ടത്. ഒരുകാലത്തും അവയ്ക്കാരോടും പോരാടുവാനില്ല, നേരാടുവാനുണ്ടുതാനും, വാക്കുകൾകൊണ്ടുപോലും മരുന്നാകാനല്ലാതെ,തരംതിരിച്ചു വെട്ടിമുറിക്കാനവർക്കറിയില്ല. കൂട്ടുകൂടാനല്ലാതെ വേട്ടയാടനറിയില്ല. അങ്ങനെയാണവയെല്ലാം,ഓരോന്നായി വീണൊടുങ്ങാനിടയായത്.

വീണുപോയവരെയാണു പരാന്നജീവികളായ മനുഷ്യൻമാത്രം എന്നുമെവിടെയും തിന്നുപോരുന്നത്. ശവം തീനികളെന്നവരെയാരും പക്ഷെ വിളിക്കുകയില്ല. അതാണ്‌ നാഗരികതയുടെ പ്രത്യേകത. അന്ധകാരനാഴികളുടെയിരുണ്ടവശങ്ങളെ, ജനാധിപത്യത്തിൽ പോലും മറച്ചുപിടിക്കാൻ കഴിയുംവിധം അസത്യം സാമാന്യവൽക്കരിക്കപ്പെടുകയും, ദ്വന്ദപക്ഷങ്ങളുടെവേഷപ്പകർച്ചകളെ കാലദേശങ്ങൾക്കപ്പുറത്തും പാട്ടുകാർ പാടിപ്പൊലിപ്പിക്കുകയും, അതെല്ലാം ചരിത്രമെന്നു കൂറുമാറുകയും കടവായിലൂടെ ചോരവാർന്നൊലിക്കുമ്പോഴും നിമിഷാർദ്ധം ആട്ടിൻതോലണിയുകയും ചെയ്യും, അങ്ങനെയാണവരുടെ പഞ്ചേന്ദ്രിയങ്ങളെ ഊഹാപോഹങ്ങളും ഐതീഹ്യങ്ങളും പുരാണങ്ങളും തഴച്ച പായലുകളായി മൂടിക്കളഞ്ഞത്. ആലുമുളച്ചുപൊങ്ങിയൊരലങ്കാരത്തിനു കീഴിലവർ പിളർന്ന നാവിനാൽ സ്വന്തം വാൽ വിഴുങ്ങിത്തുടരുന്ന മഹാസർപ്പം. 

പാതാളത്തോളം താണുപോകുമ്പോഴും ,ഭൗതികമായ മറവിയിലും ആത്മീയമായ അന്ധതയിലും ജനതയെ എങ്ങനെ വാർത്തെടുക്കാമെന്നറിയുന്ന രാഷ്ട്രതന്ത്ര മനഃശാസ്ത്രവും ഭരണകൂടവും, ആൾപ്പാർപ്പില്ലാതായിത്തീർന്ന മസ്‌തിഷ്‌ക്കങ്ങളെ അപ്പോഴേക്കും കാർന്നുതിന്നിട്ടുണ്ടാകും,  അവിടെ വിതച്ച വിഷവിത്തപ്പോഴേക്കും പാകമായിക്കഴിഞ്ഞിരിക്കും. അവയോരോന്നും പത്തും മുപ്പതും അറുപതും നൂറുംമേനി വിളവു തന്നുകൊണ്ടിരിക്കും. അപ്പോഴേക്കും പിമ്പേ ഗമിക്കും ബഹുഗോക്കളെയും വംശീയതയുടെയും ദേശീയതയുടെയും ചതുപ്പിലേക്കു ചാണകപ്പെടുത്തിക്കഴിയും. ഓരോന്നും തന്നാലാവതുമെഴുകും, പിന്നെയെല്ലാമെളുപ്പമാണ്.

രാഷ്ട്രീയാന്തസ്സിൽ തുല്യതയിൽ കുറഞ്ഞെന്തങ്കിലും ചിന്തിക്കാൻ കഴിയാത്തവരുടെ വായനയ്ക്കും ആലോചനയ്ക്കും സംവാദത്തിനുമായി പുറത്തേക്കുനീട്ടുന്നയേതു കഴുത്തും തലയും അറുത്തുമാറ്റപ്പെടാം, കണ്ണുകൾ ചൂഴ്‌ന്നെടുക്കപ്പെടാം, വിരലുകളറുക്കപ്പെടാം. ദേഹം, ചവിട്ടിയരച്ചു പോകാം. കുലം തുടച്ചുമാറ്റപ്പെടാം.ലോകം  മുന്നോട്ടുനടന്ന ദൂരങ്ങളെ മുഴുവൻപിറകോട്ടു മുട്ടിലിഴയാൻ കച്ചകെട്ടിയിറങ്ങിയവരുടെ കൂടെ കഥാപത്രങ്ങൾ  ദൈവങ്ങളായി കൊലയാളികളുമായഴിഞ്ഞാടുവാൻ  എവിടെക്കണ്ടാലും കടിച്ചു കീറുന്നവരുടെ കളിയാണുചരിത്രമെന്നും, അതാണു സംസ്കാരപാഠമെന്നും കീലുതേയ്ക്കുന്ന കഥകളെയിനി യെന്തുചെയ്യണം? അതിനുകാലം കളയുന്ന കൊഞ്ഞാണന്മാരെ  ഭാഷയെന്തു ചെയ്യണം?  അകത്തൊരാൾക്കെത്ര കാലമിതെല്ലാം സഹിക്കാം? ഒളിച്ചുപാർക്കും ആമ . 

അതിനാൽ ആമകൾക്കിനിയെഴുന്നേൽക്കാൻ കഴിയില്ലെന്നു കരുതാൻ വരട്ടെ.മുയലുറങ്ങുന്നതുവരെ കാത്തിരിക്കാൻ മനസില്ലാത്ത കഥയും ആമകളും അതു നീയാണെന്നു പറഞ്ഞവർക്കൊപ്പം പാഴായൊഴുകിപ്പോയ പോലെ, ചേരമാൻ പെരുമാൾ മക്കത്തു പോയിവന്നപോലെ, ശ്ളീഹായുടെ പിന്നാലെ പോയപോലെ, ഇനിയൊരിടത്തും ആമകളായവർ മലർന്നുകിടന്നു കൈകാലിട്ടടിക്കുകയില്ല.

കേരളോൽപ്പത്തിയരച്ച കടുക്കാവെള്ളം കുടിച്ചു പരശുരാമൻ, കോടാലി, മന്ഥരപർവ്വതം, കുദ്രു, വാസുകി, തക്ഷകൻ തുടങ്ങിയ തൊണ്ടുതല്ലിയിരിക്കാതെ, ഇരുളടഞ്ഞയേടുകളിലൂടെ കടന്നുവന്നതിനാൽ എഴുന്നേറ്റൂ നിവർന്നുനിന്നു തലയുയർത്തിപ്പിടിച്ചു, വീടിനെ കൂടിനോടൊപ്പം ചുമന്നുകൊണ്ടുതന്നെ മുയലുകൾക്കപ്പം ഓടുകയല്ല,ആർക്കുംമുമ്പേ ആമകൾ പറക്കുകയാണ്.

Contact the author

Recent Posts

Lisha Yohannan 2 years ago
Stories

റൈനോൾഡച്ചന്റെ ബാധ- ലിഷാ യോഹന്നാന്‍

More
More
Stories

ഛായാപടം - അവധൂതന്റെ മൊഴികള്‍ - ഷാനവാസ് കൊനാരത്ത്

More
More
Gafoor Arakal 3 years ago
Stories

ദാഹം (ആയിരത്തൊന്നു രാവുകള്‍) - പുനരാഖ്യാനം - ഗഫൂര്‍ അറയ്ക്കല്‍

More
More
V J Thomas 3 years ago
Stories

ആൺവൃക്ഷത്തോടവൾക്കു പറയാനുള്ളത് - വി.ജെ. തോമസ്

More
More
V J Thomas 3 years ago
Stories

വിത്തുകുത്തി തിന്നുന്നവർ - വി ജെ തോമസ്‌

More
More
Nadeem Noushad 3 years ago
Stories

മഞ്ഞക്കാലുള്ള മനുഷ്യന്‍ - സുധീര്‍ തപ്ലിയൽ - പരിഭാഷ: നദീം നൗഷാദ്

More
More