വൾഗർ മാർക്സിസത്തിൽ നിന്ന് മുന്നോട്ട് - സാംസ്കാരിക ഭൗതിക വാദത്തിന് ഒരാമുഖം... പി. പി. ഷാനവാസ്‌

Antonio Gramsci and Raymond Williams

'സാംസ്കാരിക ഭൗതികവാദം' എന്ന പരികല്പന മലയാളത്തില്‍ ഇതാദ്യമല്ല. ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ റെയ്മണ്ട് വില്യംസിനെ ഉപജീവിച്ച് എണ്‍പതുകളില്‍ത്തന്നെ കേരളത്തില്‍ ‘സാംസ്കാരിക ഭൗതികവാദം’ ചര്‍ച്ചചെയ്യുകയുണ്ടായി. കെ. സച്ചിദാനന്ദന്റെ 'സാംസ്കാരിക ഭൗതികവാദത്തിലേക്ക്' എന്ന ലേഖനം, ഗ്രാംഷിയെ ഉപജീവിച്ച് റെയ്മണ്ട് വില്യംസ് വികസിപ്പിച്ച ഈ ആശയ പരികല്പനയെ മലയാളത്തില്‍ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ബി. രാജീവനും ടി. കെ. രാമചന്ദ്രനും എ. സോമനും ഈ സങ്കല്പനം നേരിട്ടല്ലെങ്കിലും തങ്ങളുടെ എഴുത്തുകളില്‍ പ്രയോഗിക്കുകയുണ്ടായി. നവചരിത്രവാദത്തെ പരിചയപ്പെടുത്തുന്ന പുസ്തകത്തില്‍ ഗ്രീന്‍ബ്ലാറ്റിന്റെ പരികല്പനകളെ പരിഗണിക്കുമ്പോള്‍ ദിലീപ് രാജ് ‘നവചരിത്രവാദത്തിന്' സാംസ്കാരിക ഭൗതികവാദവുമായുള്ള ചാര്‍ച്ചയെ ചര്‍ച്ചചെയ്തിരുന്നു. ഷിബു മുഹമ്മദ് മലയാളത്തില്‍ ആദ്യമായി ടെലിവിഷക്കുെറിച്ച് നടത്തിയ പഠനവും റെയ്മണ്ട് വില്യംസ് മുന്നോട്ടുവെച്ച ബഹുജന മാധ്യമങ്ങളുടെ ‘സാംസ്കാരികോത്പാദനം' എന്ന പരികല്പനയെ പിന്തുടര്‍ന്നായിരുന്നു. കെ. ഇ. എന്‍, വി. സി. ശ്രീജന്‍, പി. കെ. പോക്കര്‍, സുനില്‍ പി. ഇളയിടം തുടങ്ങിയവരുടെ സാംസ്കാരിക വിമര്‍ശന  സംരഭങ്ങളിലും ഈ ആശയ പരിസരങ്ങളെ ഭംഗ്യന്തരേണ ഉപയോഗിക്കുന്നത് കാണാം. നിസാര്‍ അഹമ്മദിന്റെ പാഠങ്ങളുടെ സമാഹാരമായ ‘ഒരു സാമൂഹ്യകാഴ്ചപ്പാടില്‍ നിന്ന്' എന്ന പുസ്തകത്തിലെ വിശകലനങ്ങളിലും പൊതുവില്‍ സാംസ്കാരിക ഭൗതികവാദത്തിന്റെ സങ്കല്പനങ്ങളെ പിന്‍പറ്റുന്ന നിരീക്ഷണങ്ങളുണ്ട്. ആർ നന്ദകുമാറിന്റെ കലാ വിമർശന പഠനങ്ങളും സ്വകീയമായ നിലയിൽ സാംസ്കാരിക ഭൗതിക വാദത്തിന്റെ സവിശേഷമായ സംഭാവനകളായി  മനസ്സിലാക്കാം. ചരിത്രകാരൻ കെ എൻ പണിക്കരുടെ, കൊളോണിയൽ ഇന്ത്യയുടെ പശ്ചാത്തലത്തിൽ നടത്തിയ സാംസ്കാരിക വിമർശനപരമായ സംഭാവനകളും സാംസ്കാരിക ഭൗതികവാദത്തിന്റെ നിലപാടുതറയിൽ നിന്നാണെന്നു കാണാം.

വൾഗർ മാർക്സിസത്തിൽ നിന്നപ്പുറം

ഔദ്യോഗിക മാര്‍ക്സിസം സാമ്പത്തികമാത്ര വാദത്തിലൂന്നിയ സമീപനങ്ങള്‍ക്കൊണ്ട് വന്ധ്യമായിത്തീര്‍ന്ന ഘട്ടത്തിലാണ്, സംസ്കാരത്തിന്റെ മണ്ഡലത്തിലെ മാര്‍ക്സിസ്റ്റ് ഉപാധികള്‍ വികസിപ്പിക്കുക എന്ന വ്യഗ്രതയോടെ, കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരുടേയും ചിന്തകരുടേയും ഭാഗത്തുനിന്ന് ഈ ശ്രമങ്ങള്‍ ഉണ്ടായത്. 'ലെനിനെ പോലും തങ്ങള്‍ സ്റ്റാന്‍ലിന്റെ എഴുത്തുകളിലൂടെയാണ് വായിച്ചത്' എന്ന് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചാനന്തരമുള്ള, ഇ. എം. എസ്സിന്റെ കുറ്റസമ്മതത്തിന്റെ (മാര്‍ക്സ്-എംഗല്‍സ്-ലെനിന്‍ ആശയപ്രപഞ്ചം -ചിന്ത പബ്ളിഷേഴ്സ്) പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, എഴുപതുകളിലെ സാംസ്കാരിക ജാഗരണത്തിന്റെ മുന്‍സൂചിപ്പിച്ച ഉണര്‍വ്വ് വിശേഷിച്ചും ശ്രദ്ധാര്‍ഹമായിരുന്നു. ഇ.എം.എസ്. പ്രകാശനം നിര്‍വ്വഹിച്ച, രവീന്ദ്രന്‍ എഡിറ്റ് ചെയ്ത,  നിളാ ബുക്സിന്റെ പുസ്തകം (കലാവിമര്‍ശം-മാര്‍ക്സിസ്റ്റ് മാനദണ്ഡം) ഈ ദിശയിലുള്ള മലയാളത്തിലെ പ്രധാനപ്പെട്ട ചുവടുവെയ്പായിരുന്നു. പൊതുവെ 'പാശ്ചാത്യ മാര്‍ക്സിസം' എന്നു വിളിക്കപ്പെട്ട സൈദ്ധാന്തിക അന്വേഷണങ്ങള്‍ ഈ പുസ്തകത്തില്‍ ഗഹനമായി ചര്‍ച്ചചെയ്യപ്പെട്ടു. ഈ ചര്‍ച്ചയുടെ പ്രഭാവം മലയാളത്തില്‍ എണ്‍പതുകളുടെ അവസാനം വരെ നിലനിന്നു. മൂലധനം സംസ്കാരിക രംഗത്തെ ഒരു പ്രധാന പ്രവര്‍ത്തനസ്ഥലിയായി മാറ്റിയ സമകാല പരിതസ്ഥിതിയെയാണ് ഫലത്തില്‍ ഈ ഉദ്യമങ്ങള്‍ സംബോധന ചെയ്തത്. മലയാളത്തിലെ സാംസ്കാരികവും സൈദ്ധാന്തികവുമായ അന്വേഷണങ്ങള്‍ക്ക് ഇത് സഹായകമായിത്തീര്‍ന്നു. അതേസമയം ഉല്‍പാദന മേഖലയിലേക്ക് സംസ്കാരത്തിന്റെ മണ്ഡലവും വിവസ്ത്രമാക്കപ്പെട്ട സാഹചര്യങ്ങളെ സംബോധന ചെയ്യാനുള്ള വിമുഖത യാഥാസ്ഥിതിക മാര്‍ക്സിസ്റ്റുകളുടെ പരാധീതയായി ഇന്നും തുടരുന്നു. ഉത്തരാധുനികതയും ഉത്തരഘടനാവാദവും എഴുതിത്തള്ളേണ്ട സൈദ്ധാന്തിക പരികല്പകളാണെന്നും അവ മുച്ചൂടും മാര്‍ക്സിസ്ററ് വിരുദ്ധമാണെന്നും, അനായാസം പ്രസ്താവന നടത്താന്‍ മടികാണിക്കാത്ത യാഥാസ്ഥിതിക മാര്‍ക്സിസ്റ്റ് സമീപനം തന്നെയാണ് ഇന്നും മലയാളത്തില്‍ വിലസുന്നത്. എന്നാല്‍, മുതലാളിത്തത്തിന്റെയും അതിന്റെ ഉല്പന്നമായ ഫാസിസത്തിന്റെയും പദ്ധതികള്‍ക്കെതിരെയാണ് തങ്ങളുടെ തത്വചിന്ത എന്ന് അവരില്‍ പലരും തുറന്നുപറഞ്ഞിട്ടുണ്ട്. (ദറിദ, ഫൂക്കോ, ദല്യൂസ്). ആ അര്‍ത്ഥത്തിലും ‘സാംസ്കാരിക ഭൗതികവാദം ഉത്തരഘടനാവാദ ചിന്തയിലേക്ക് മാര്‍ക്സിസത്തിന്റെ പാലം പണിയുന്നു’ എന്ന നിരീക്ഷണത്തിന്റെ വെളിച്ചത്തിലും, ഈ സങ്കല്പങ്ങളെ വീണ്ടും ചര്‍ച്ചയ്ക്കെടുക്കുന്നത് അധികപ്പറ്റാവില്ല. നമ്മുടെ മുഖ്യധാരാ മാര്‍ക്സിസം നേരിടുന്ന ലെനിനിസ്റ്റ് പരാധീതകളുടെ സമകാല ദുരന്തഭൂമിയില്‍, സോവിയറ്റ് പരാജയത്തിനും നിയോഫാസിസ്റ്റ് ഭീഷണിക്കും നടുവിലിരുന്ന് നമുക്ക് വീണ്ടും പുനരാലോചന നടത്താം.

സംസ്കാരം ഒരു 'ചരക്ക്' ആകുമ്പോൾ

സാംസ്കാരിക ഉല്‍പാദം എന്ന തന്റെ സിദ്ധാന്തം രൂപീകരിക്കുന്ന പ്രക്രിയയില്‍, മാര്‍ക്സിന്റെ സിദ്ധാന്തങ്ങളുടെ പ്രചോദത്തില്‍ിന്നുതന്നെ, അതിന്റെ പരിമിതികളെ സമകാലീകസാഹചര്യങ്ങളില്‍ നി ന്നുകൊണ്ട് മസ്സിലാക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് റെയ്മണ്ട് വില്യംസ് ബോധവാനായിരുന്നു. അദ്ദേഹം വിശദീകരിക്കുന്നത് നോക്കുക:

“മാര്‍ക്സില്‍ നിന്ന് പഠിക്കുക എന്നാല്‍, സിദ്ധാന്തങ്ങള്‍ രൂപീകരിക്കുകയോ ഏതെങ്കിലും തരത്തിലുളള പരികല്പനകള്‍ രൂപപ്പെടുത്തുകയോ ചെയ്യുക എന്നതല്ല. കലയുടേയും  ആശയങ്ങളുടേയും കാര്യത്തില്‍ പലരും ചൂണ്ടിക്കാണിക്കാറുള്ളതുപോലെ, ഇതു പ്രത്യേകിച്ചും ശരിയാണ്. ഇക്കാര്യങ്ങളില്‍ സംബന്ധിച്ച മാര്‍ക്സിന്റെ ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹത്തിന് വികസിപ്പിക്കാനോ പൂര്‍ണ്ണമായി പ്രകാശിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. അവയെല്ലാം പലപ്പോഴും അക്കാലത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന ആശയങ്ങളാല്‍ പരിമിതപ്പെട്ടിരുന്നു എന്നതും ശരി തന്നെ. രണ്ടു മേഖലകളില്‍ വിശേഷിച്ചും ഈ പരിമിതികള്‍ വളരെയേറെയായിരുന്നു. അതില്‍ ആദ്യത്തേത്, സാംസ്കാരിക ഉല്‍പാദത്തിന്റെ,  സാമൂഹികവും ഭൗതികവുമായ ഉപാധികളുടേയും സാഹചര്യങ്ങളുടേയും ചരിത്രത്തെ സംബന്ധിച്ചാണ്. സാംസ്കാരിക ഉല്‍പാദന പ്രക്രിയയെപ്പറ്റിയുള്ള ആശയങ്ങളെ അതിന്റേതായ പരികല്പനകളില്‍ സ്ഥാപിച്ചെടുക്കുക എന്നത്,  ഏതു ചരിത്രപരമായ ഭൗതികവാദത്തിന്റെയും അിവാര്യമായ കടമയാണ്. രണ്ടാമതായി, ഭാഷയുടെ സ്വഭാവം. ഭാഷയെ ഒരു ഭൗതികവസ്തു എന്ന നിലയില്‍ ചുരുങ്ങിയ തോതില്‍ മാര്‍ക്സ് തിരിച്ചറിഞ്ഞിരുന്നു. പ്രായോഗികമായ അവബോധം എന്ന നിലയില്‍ ഭാഷയെ നിര്‍വ്വചിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ, മാര്‍ക്സിസിന്റെ പില്‍ക്കാല എഴുത്തുകളിലെ ഭൗതികം, ധൈഷണികം, അടിത്തറ, ഉപരിഘടന, യാഥാര്‍ത്ഥ്യം, അവബോധം തുടങ്ങിയ വര്‍ഗീകരണങ്ങള്‍ പ്രധാനപ്പെട്ടതും അടിസ്ഥാപരവുമാണ്. സാമൂഹികവും ഭൗതികവുമായ പ്രക്രിയ എന്ന നിലയില്‍, സംസ്കാരത്തിന്റെയും ഭാഷയുടെയും ഭൗതിക ഉല്‍പാദത്തിന്റെ ഏറ്റവും സജീവമായ അര്‍ത്ഥങ്ങളില്‍ നിന്നുമാത്രമേ, ഇപ്പോള്‍ അടിയന്തരാവശ്യമായിത്തീര്‍ന്നിരിക്കുന്ന,  ഒരു സാംസ്കാരികസിദ്ധാന്തം വികസിപ്പിക്കാനാ വുകയുള്ളൂ. ഇത്തരമൊരു സിദ്ധാന്തം ഇന്ന് മാര്‍ക്സിസത്തില്‍, സാമൂഹിക ഉല്‍പാദത്തിന്റെയും വികാസത്തിന്റേയും കേന്ദ്രപ്രശ്നമായി പരിഗണിക്കേണ്ടതുണ്ട്.  മാര്‍ക്സ് അത്തരം  ഒരു സാംസ്കാരിക സിദ്ധാന്തം രൂപീകരിച്ചിട്ടില്ല. ചില പരിമിതമായ രൂപീകരണങ്ങളില്‍ നിന്ന്, മാര്‍ക്സിസ്റ്റ് സാംസ്കാരിക സിദ്ധാന്തം എന്ന പേരില്‍ തെറ്റായ ദിശയിലുള്ള സിദ്ധാന്തങ്ങള്‍ വികസിപ്പിക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്. അതാകട്ടെ ശരിയായ അന്വേഷണങ്ങള്‍ക്കു തടസ്സമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പൊതു കൃതികളുടെ ഊന്നല്‍ ഇപ്പോഴും സാമൂഹിക ജീവിതത്തിന്റെ കാര്യത്തില്‍ മാത്രമല്ലാതെ, സംസ്കാരത്തിന്റെ തലത്തിലും ഒരു സിദ്ധാന്തം രൂപീകരിക്കുന്നതില്‍ ഏറ്റവും സജീവമായ പ്രചോദനം തന്നെയാണ്. മാര്‍ക്സിന്റെ ഉപാദാനങ്ങളെയെല്ലാം വ്യാഖ്യാനിക്കുക മാത്രമല്ല, മാറ്റിത്തീര്‍ക്കുകയും വേണം.” (പേജ്  30, മാർക്സ് ഓൺ കൾചർ, റെയ്മണ്ട് വില്യംസ്, ക്രിടികൽ ക്വസ്റ്റ്, ന്യൂ ഡൽഹി, സോഴ്സ്: വാട്ട് ഐ കെയിമ്  ടു സെയ്, ലണ്ടൻ, 1990)

ഗ്രാംഷിയിലേക്ക് ഒരു ചുവട്

അടിത്തറയും ഉപരിഘടനയും തമ്മിലുള്ള, മാര്‍ക്സിനുശേഷമുള്ള മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ ഈ അടിസ്ഥാന പ്രശ്നത്തെപ്പറ്റി, ഗ്രാംഷിയുടെ നിരീക്ഷണങ്ങളെ പിന്‍പറ്റിയാണ്, തന്റെ ആഴത്തില്‍ പരിഗണ ആവശ്യപ്പെടുന്ന സിദ്ധാന്തപരികല്പനകള്‍ വില്യംസ് രൂപീകരിക്കുന്നത്.

ഗ്രാംഷി എഴുതുന്നു:- ''അര്‍ത്ഥശാസ്ത്ര നി രൂപണത്തിന് ഒരാമുഖം' എന്ന കൃതിയില്‍, മാര്‍ക്സ്, മനുഷ്യര്‍ അവരുടെ ഘടനാപരമായ തലത്തില്‍ അനുഭവിക്കുന്ന വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും പ്രത്യയശാസ്ത്രപരമായാണ് മസ്സിലാക്കുന്നത് എന്ന അര്‍ത്ഥത്തില്‍ പ്രസ്താവിക്കുന്നുണ്ട്.  ഈ പ്രസ്താവത്തെ ലളിതവല്‍ക്കരിക്കുന്ന തരത്തിലുള്ള  മനശാസ്ത്രപരമായും ധാര്‍മ്മികമൂല്യത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ, ജ്ഞാനസിദ്ധാന്തപരമായി (എപിസ്‌റ്റമോളജിക്കൽ) ഈ പ്രസ്താവത്തെ മനസ്സിലാക്കണം. ഇതിനെ പിന്തുടര്‍ന്ന് പറയാനാവുന്നത്, നെടുനായകത്വത്തിന്റെ (ഹെഗമണി) സൈദ്ധാന്തികവും പ്രായോഗികവുമായ തത്വത്തിനും ഇപ്രകാരം ജ്ഞാസിദ്ധാന്തപരമായ പ്രാമുഖ്യമുണ്ടെന്നാണ്. ഇവിടെയാണ് ലെനിന്റെ മാര്‍ക്സിസത്തിനുള്ള ഏറ്റവും മഹത്തായ സൈദ്ധാന്തികസംഭാവനയെ അന്വേ ഷിക്കേണ്ടത്. ഈ അര്‍ത്ഥത്തിലാണ് ലെനിൻ രാഷ്ട്രീയ തത്വത്തിലും പരിശീലനത്തിലും എത്ര മുന്നോട്ടുപോയോ അത്രതന്നെ, തത്വചിന്തയേയും വികസിപ്പിച്ചു എന്നു പറയാനാവുന്നത്. നെടുനായകത്തിനായുള്ള ഒരു ഉപകരണം യഥാര്‍ത്ഥ്യമാകുന്നതിനുസരിച്ച് ഒരു പുതിയ പ്രത്യയശാസ്ത്ര മണ്ഡലവും സൃഷ്ടിക്കപ്പെടുന്നു. അത് മനുഷ്യരുടെ അവബോധത്തില്‍ ഒരു പരിഷ്കരണം കൊണ്ടുവരുന്നു. പുതിയ ജ്ഞാനസമ്പ്രദായങ്ങൾ വികസിപ്പിക്കുന്നു. ഇത് ജ്ഞാനത്തെ സംബന്ധിച്ചുള്ള ഒരു വസ്തുതയാണ്. അതൊരു തത്വചിന്താപരമായ വസ്തുതയുമാണ്. ക്രോച്ചിന്റെ ഭാഷയില്‍ പറഞ്ഞാല്‍,  പുതിയ ലോകവീക്ഷണത്തിന് ഒത്തുപോകുന്ന  ധാര്‍മ്മികബോധം കൊണ്ടുവരുമ്പോള്‍, ഒരു പരികല്പനയും രൂപപ്പെടുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, തത്വചിന്തയിലാകെത്തന്നെ പരിഷ്കരണം അത് അിവാര്യമാക്കുന്നു. ഘടനയും ഉപരിഘടനയും ചേരുന്ന ചരിത്രസംഘാതം ( എൻസെമ്പിൾ) രൂപീകരിക്കുന്നു. സങ്കീര്‍ണ്ണവും വൈരുദ്ധ്യപൂര്‍ണ്ണവും വിമതവും ആയ ഉപരിഘടകളുടെ സമ്മിശ്രത, ഉല്‍പാദത്തിലെ സാമൂഹ്യബന്ധങ്ങളുടെ സമ്മിശ്രതയുടെ lപ്രതിഫലനമാണ്.” (പേജ് 355 -356, ഗ്രാംഷി, തത്വചിന്താപഠങ്ങള്‍, ജയില്‍ക്കുറിപ്പുകള്‍, ഓറിയന്റ് ലോങ്ങ്‌മാൻ, മദ്രാസ്, 1996.)

വസ്തുനിഷ്ഠത എന്നാൽ

“മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം, ജ്ഞാനത്തിന്റെ വസ്തുനിഷ്ഠത എന്നത് 'അര്‍ത്ഥശാസ്ത്ര നിരൂപണത്തിന് ഒരാമുഖം' എന്ന മാര്‍ക്സിന്റെ കൃതിയില്‍ മുന്നോട്ടുവെയ്ക്കുന്ന ഉപാദാനത്തില്‍ നിന്ന് ആരംഭിക്കാവുന്നതാണ്. ഉല്‍പാദനത്തിനായുള്ള ഭൗതികശക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ച് മനുഷ്യരില്‍ അവബോധ നിര്‍മ്മിതി നടക്കുന്നത് രീതിശാസ്ത്രപരവും രാഷ്ട്രീയപരവും മതപരവും കലാപരവും തത്വചിന്താപരവും ആയ പ്രത്യയശാസ്ത്ര തലത്തിലാണ്. ഈ അവബോധം, ഉല്‍പാദത്തിനായുള്ള ഭൗ തികശക്തികളും ഉല്‍പാദനബന്ധങ്ങളും തമ്മിലുള്ള സംഘര്‍ഷമായി മാത്രം ( കൃതിയിലെ പാഠത്തിലെ അക്ഷരാര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍), ചുരുക്കിക്കാണാനാകുമോ? അതോ എല്ലാതരം അവബോധ ജ്ഞാനപദ്ധതിക്കും ഇക്കാര്യം ബാധകമാണോ? ഇതാണ് പരിഗണിക്കേണ്ടുന്ന വിഷയം. ഇക്കാര്യം ഉപരിഘടനകളുടെ മൂല്യത്തിന്റെ തത്വചിന്താപരമായ പദ്ധതിയാകെ ഉള്‍ക്കൊള്ളുന്ന, ഒരു സംഘാതത്തോടൊപ്പം പരിഗണിക്കാവുന്നതാണ്. അത്തരമൊരു സന്ദര്‍ഭത്തില്‍, ഏകാത്മകത എന്ന പരികല്പനയുടെ അര്‍ത്ഥമെന്താകും? അത് ആശയവാദപരമോ ഭൗതികവാദപരമോ ആയ ഏകാത്മകവാദമല്ല. അദ്വൈതമല്ല. അത് വസ്തുനിഷ്ഠമായ, ചരിത്രപരമായ പ്രവര്‍ത്തനത്തിലെ വൈരുദ്ധ്യങ്ങളുടെ അഭിജ്ഞാനതയാണ്. വസ്തുനിഷ്ഠവും നിശ്ചിതരൂപത്തില്‍ സംഘടിക്കപ്പെട്ടതും ചരിത്രവല്‍കൃതവുമായ വസ്തുവുമായി ബ്ന്ധപ്പെട്ട മനുഷ്യപ്രവൃത്തിയില്‍ ഉള്‍ച്ചേര്‍ന്ന വൈരുദ്ധ്യങ്ങളുടെ അഭിജ്ഞാനതയാണ്. അതോടൊപ്പം അത് മനുഷ്യന്റെ പരിവര്‍ത്തിത പ്രകൃതവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ സ്വത്വമാണ്. പ്രവൃത്തിയുടെ തത്വചിന്തയാണത്. (പ്രയോഗത്തിന്റെ, വികാസത്തിന്റെ തത്വചിന്ത). ശുദ്ധരൂപത്തിലുള്ള പ്രവൃത്തിയല്ല. മറിച്ച് യഥാര്‍ത്ഥ, കളങ്കിതമായ പ്രവൃത്തി, അതിന്റെ ഏറ്റവും സാധാരണ നിലയിലുള്ളതും ശുദ്ധരൂപത്തില്‍ അല്ലാത്തതും. തികച്ചും ലോകോന്മുഖവുമായ പ്രവൃത്തി എന്ന അര്‍ത്ഥത്തില്‍.” (പേജ് 371--72, ഗ്രാംഷി,  തത്വചിന്താപഠനങ്ങള്‍, ജയിൽ കുറിപ്പുകൾ)

“വസ്തുനിഷ്ഠത എന്നത് എല്ലായ്പോഴും അര്‍ത്ഥമാക്കുന്നത് മാനുഷികമായ അര്‍ത്ഥത്തില്‍ വസ്തുനിഷ്ഠം എന്നാണ്. അതിനെ നമുക്ക് ചരിത്രപരമായ ആത്മനിഷ്ഠത എന്നു വിളിക്കാം. മറ്റു വാക്കുകളില്‍, വസ്തുനിഷ്ഠത എന്നര്‍ത്ഥമാക്കുന്നത്, സാര്‍വ്വലൗകികമായി ആത്മനിഷ്ഠമാണ്. ഏകാത്മകമായ ഒരു സംസ്കാരികവ്യവസ്ഥയില്‍,  ചരിത്രപരമായി ഒന്നിപ്പിക്കപ്പെട്ട മുഷ്യരാശിക്കാകെ ബാധകമായ യാഥാര്‍ത്ഥ്യം എന്നിടത്തോളമാണ് മനുഷ്യന്‍ വിജ്ഞാനത്തെ അറിയുന്നത്. മനുഷ്യസമൂഹത്തെ ഛിന്നഭിന്നമാക്കുന്ന ആന്തരിക വൈരുദ്ധ്യങ്ങളാകെ അപ്രത്യക്ഷമാകുന്നതിലൂടെയാണ് ഈ ചരിത്രപരമായ ഒന്നിക്കലിന്റെ പ്രക്രിയ നടക്കുന്നത്. അതേസമയം ഈ വൈരുദ്ധ്യങ്ങള്‍തന്നെ, വിവിധ വിഭാഗങ്ങളുടെ രൂപീകരണത്തിനും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ ഉറവയെടുക്കലിനും   മുന്നുപാധിയാകുന്നു. അവ മൂര്‍ത്തമായി സാര്‍വ്വലൗകികമായിരിക്കില്ല. അവയുടെ ഭൗ തികതയുടെ പ്രായോഗികമായ ഉറവിടം അതിനെ  നൈമിഷികമാക്കി ചിത്രണം ചെയ്യുന്നു. അങ്ങനെ  വസ്തുനിഷ്ഠതയ്ക്കായുള്ള ഒരു സമരം നിലില്‍ക്കുന്നു. ഈ സമരം ഭാഗികവും വ്യാജവുമായ പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് ഒരാളെ സ്വതന്ത്രമാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. മനുഷ്യരാശിയെ സാംസ്കാരികമായി ഐക്യപെടുത്തുന്നതിനുള്ള സമരം തന്നെയാണ് ഇത്. ആശയവാദികള്‍ ആത്മാവ് എന്ന് വിളിക്കുന്നത് ഒരു ആരംഭബിന്ദുവല്ല, മറിച്ച് എത്തിച്ചേരേണ്ട ഇടമാണ്. ഇത് വസ്തുനിഷ്ഠവും യഥാതഥവുമായ സാര്‍വ്വജനീമായ ഐക്യപ്പെടലിലേക്കു നീങ്ങുന്ന ഉപരിഘടനകളുടെ സംഘാതമാണ്. മറിച്ച് ഏകാത്മകമായ ചില നിര്‍ദ്ദേശമാനങ്ങളല്ല. ഇത്തരത്തിലുള്ള ഒരു സാംസ്കാരിക ഐക്യത്തിനുള്ള ഭൂമിക,  അതിന്റെ കൂടുതല്‍ വിപുലമായ ഒരു സ്ഥിതിയില്‍ എത്തിച്ചേരുന്ന തരത്തില്‍,  ഇതുവരെയായി എക്സ്പെരിമെന്റല്‍ ശാസ്ത്രം മുന്നോട്ടുവെച്ചിട്ടുണ്ട്. ആത്മാവിനെ  ഏകത്വവല്‍ക്കരിക്കുകയും അങ്ങിനെ  അതിനെ  സാര്‍വ്വജനീമാക്കുകയും ചെയ്യുന്നതിലേക്ക് ഏറെ സംഭാവന ചെയ്ത വിജ്ഞാനത്തിന്റെ ഭാഗമാണത്. ഇതാണ് അങ്ങേയറ്റം വസ്തുനിഷ്ഠവല്‍ക്കരിക്കപ്പെട്ട, മൂര്‍ത്തമായ നിലയില്‍ സാര്‍വ്വലൗകികവല്‍ക്കരിക്കപ്പെട്ട  ആത്മനിഷ്ഠത എന്നു പറയുന്നത്. അതിഭൗതികവാദത്തില്‍, വസ്തുനിഷ്ഠത എന്ന ആശയം, മനുഷ്യനില്‍നിന്ന് അതീതമായി നിലില്‍ക്കുന്ന വസ്തുനിഷ്ഠതയെക്കുറിച്ചാണ് പറയുന്നത്.

"മനുഷ്യരില്‍നിന്നപ്പുറവും യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ട് എന്ന് ഒരാള്‍ പറയുമ്പോള്‍, മനുഷ്യനില്ലെങ്കിലും യാഥാര്‍ത്ഥ്യം നിലില്‍ക്കുന്നുണ്ട് എന്ന് ഒരാള്‍ പ്രസ്താവിക്കുമ്പോള്‍, അയാള്‍ അതിഭൗതികമായി സംസാരിക്കുകയാണ് എന്നാണര്‍ത്ഥം. അതല്ലെങ്കില്‍ ഒരുതരത്തിലുള്ള ഗുഢവാദത്തില്‍ അയാള്‍ വീണിരിക്കുന്നു എന്നു മസ്സിലാക്കാം. യാഥാര്‍ത്ഥ്യത്തെ മനുഷ്യനുമായി ബ്ധപ്പെട്ടേ നമുക്കറിയുകയുള്ളൂ. മനുഷ്യന്‍ ഒരു ചരിത്രിര്‍മ്മിതിയാണെന്നതിനാല്‍ ജ്ഞാനവും യാഥാര്‍ത്ഥ്യവും ഒരു ആയിത്തീരലാണ്. വസ്തുനിഷ്ഠതയും അങ്ങനെത്തന്നെ”. (പേജ് 445--46, ഗ്രാംഷി, മാര്‍ക്സിസത്തിന്റെ പ്രശ്ങ്ങള്‍, ജയില്‍ കുറിപ്പുകള്‍)

കിഴക്കും പടിഞ്ഞാറും: ഉള്ളതും ഇല്ലാത്തതും

ഇക്കാര്യങ്ങള്‍ ചില ഉദാഹരണങ്ങള്‍ സഹിതം ഗ്രാംഷി മറ്റൊരിടത്ത് വ്യക്തമാക്കുന്നു. “പുറത്തുള്ള ലോകയാഥാര്‍ത്ഥ്യം എന്ന പ്രശ്നത്തിന്റെ അര്‍ത്ഥം, ശരിയായി മന സ്സിലാക്കണമെങ്കില്‍, കിഴക്ക്, പടിഞ്ഞാറ് എന്ന സംജ്ഞകളുടെ ഉദാഹരണം എടുക്കുന്നത് വളരെ സഹായകരമായിരിക്കും. എന്നാല്‍ അതിനെപ്പറ്റിയുള്ള വിശകലനം കാണിക്കുന്നതുപോലെ,  ഒരു ചരിത്ര-സാംസ്കാരിക നിര്‍മ്മിതി എന്ന അര്‍ത്ഥത്തില്‍, ഒരു സാമ്പ്രദായിക പ്രയോഗം എന്നതിലുപരി, അത് വസ്തുനിഷ്ഠമായ അര്‍ത്ഥത്തില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. (കൃത്രിമം, സാമ്പ്രദായികം എന്ന പ്രയോഗങ്ങള്‍ പലപ്പോഴും ചരിത്രപരമായ വസ്തുതകളെ കുറിക്കുന്നു. അത് നാഗരികതയുടെ വികാസത്തിന്റെ ഉല്‍പന്നങ്ങളാണ്. മറിച്ച്, യുക്തിപരമായ നിലയില്‍ കൃത്രിമമായുള്ളതോ വ്യക്തിപരമായി രൂപപ്പെടുത്തിയെടുത്ത നിര്‍മ്മിതിയോ അല്ല).

ബര്‍ട്രാന്‍റ് റസ്സലിന്റെ ഒരു കൊച്ചുപുസ്തകത്തിലുള്ള ഉദാഹരണം വേണമെങ്കില്‍ ഇവിടെ ഒരാള്‍ക്ക് ഓര്‍മ്മിക്കാം. റസ്സല്‍ ഏകദേശം ഇങ്ങനെയാണ് പറയുന്നത്: നമുക്ക്, മനുഷ്യന്‍ ഭൂമിയില്‍ നിലനില്‍ക്കാത്ത ഒരവസ്ഥയില്‍, ലണ്ടനെക്കുറിച്ചോ എഡിന്‍ബര്‍ഗിക്കുെറിച്ചോ ചിന്തിക്കാന്‍ കഴിയില്ല, മനുഷ്യന്‍ നിലനില്‍ക്കാതെ ഒരാള്‍ക്ക് ചിന്തയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല എന്ന വാദം എതിര്‍ക്കപ്പെട്ടേക്കാം. മനുഷ്യന്‍ നിലനില്‍ക്കാതെ നാഗരികതയുടെ വികാസമില്ലാതെ, ഒരു വസ്തുതയും ഒരു ബന്ധവും ഒരാള്‍ക്ക് ചിന്തിക്കാനാവില്ല.

കിഴക്ക്, പടിഞ്ഞാറ് എന്ന പരികല്പനകള്‍ കൃത്രിമവും സാമ്പ്രാദായികവുമായി നിലവില്‍വന്നതാണ് എന്നത് വ്യക്തമാണ്. അവ ചരിത്രപരമായ നിര്‍മ്മിതികളാണ്. കാരണം യഥാര്‍ത്ഥ ചരിത്രത്തിന് പുറത്ത്, ഭൂമിയിലെ എല്ലാ ബിന്ദുവും ഒരേസമയം കിഴക്കും പടിഞ്ഞാറുമാണ്. ഈ പ്രയോഗങ്ങള്‍ ചിന്താധീനരും സൈദ്ധാന്തികരുമായ പൊതുവായ  മനുഷ്യന്റെ കേവലവീക്ഷണത്തില്‍ നിന്ന് രൂപംകൊണ്ടതല്ല, മറിച്ച്, യൂറോപ്യന്‍ സാംസ്കാരിക ആഭിജാത്യ വര്‍ഗ്ഗങ്ങളുടെ ലോകമാകെയുള്ള മേധാവിത്വത്തിന്റെ ഫലമായി നിലവില്‍ വന്നതാണ്. ലോകം മുഴുവന്‍ അത് സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതമായി. ജപ്പാന്‍ യൂറോപ്പിന് മാത്രമല്ല, കാലിഫോര്‍ണിയയിലുള്ള അമേരിക്കക്കാര്‍ക്കും വിദൂര പൗരസ്ത്യദേശമാണ്. പലപ്പോഴും ഇംഗ്ളീഷ് രാഷ്ട്രീയ സംസ്കാരത്തിലൂടെ, ജപ്പാന്‍കാര്‍ക്ക് ഈജിപ്ത് സമീപ പൗരസ്ത്യ പ്രദേശമാണ്. ചരിത്രപരമായ ഉള്ളടക്കം കൊണ്ട് അത് ഭൂമിശാസ്ത്രപരമായ പ്രയോഗമായിത്തീര്‍ന്നിട്ടുണ്ട്. വ്യത്യസ്ത സാംസ്കാരിക സങ്കീര്‍ണ്ണതകള്‍ തമ്മിലുള്ള നിശ്ചിത ബന്ധത്തിന്റെ സൂചനയായും അതു മാറിത്തീര്‍ന്നിട്ടുണ്ട്. അങ്ങിനെ, ഇറ്റലിക്കാര്‍ പലപ്പോഴും, മൊറോക്കോയെ മുസ്ലിം അറബ് നാഗരികതയാണ് എന്നു സൂചിപ്പിക്കാന്‍ കിഴക്കന്‍ രാജ്യമെന്നു വിളിക്കുന്നു. എന്നിരുന്നാലും ഈ റഫറന്‍സുകള്‍ ഒക്കെ യഥാര്‍ത്ഥമാണ്. അവ യഥാര്‍ത്ഥ വസ്തുതകളുമായി ചേര്‍ന്നുപോകുന്നു. അത്തരം മാനദണ്ഡങ്ങള്‍ ഒരാള്‍ക്ക് കരവഴിയും കടല്‍വഴിയും ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചേരാന്‍ സഹായിക്കുന്നു. അവര്‍ക്ക് ഭാവിയെ നോക്കിക്കാണാൻ കെല്പുനല്‍കുന്നു. യാഥാര്‍ത്ഥ്യത്തെ ശരിയായി മൂര്‍ത്തവല്‍ക്കരിക്കാന്‍ കഴിയുന്നു. പുറംലോകത്തിന്റെ, യാഥാര്‍ത്ഥ്യത്തിന്റെ, മൂര്‍ത്തതയെ മസ്സിലാക്കാന്‍ സഹായിക്കുന്നു. യുക്തിപരതയും യഥാര്‍ത്ഥ്യവും ഇവിടെ ഒന്നിക്കുന്നു.

ഈ ബന്ധം തിരിച്ചറിയാനാവാതെ, മാര്‍ക്സിസത്തെ ആശയവാദവുമായും യാന്ത്രിക ഭൗതികവാദവുമായും താരതമ്യം ചെയ്യുമ്പോള്‍, മാർക്സിസത്തിന്റെ തനത് നിലപാട്  മനസ്സിലാക്കാന്‍ ഒരാള്‍ക്ക് സാദ്ധ്യമല്ല എന്നാണ്  തോന്നുന്നത്. അങ്ങനെ വരുമ്പോള്‍ ഉപരിഘടനകളുടെ തത്വത്തിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിയാനും കഴിയില്ല. ക്രോചെ സ്ഥാപിക്കുംപോലെ, മാര്‍ക്സിസത്തിന്റെ തത്വചിന്തയില്‍, ഹെഗലിന്റെ ആശയത്തിന്റെ സ്വാധീനം, ഘടനയിലും ഉപരിഘടനകളിലും പരിഹരിക്കപ്പെട്ടു എന്നു കരുതുന്നത് ശരിയായിരിക്കില്ല. തത്വചിന്തയെ മനസ്സിലാക്കുന്ന രീതിയാകെത്തന്നെ ചരിത്രവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെന്നും, ഇതുവരെ നിലവില്‍വരാത്തവിധം തത്വചിന്താവല്‍ക്കരണത്തിന്റെ പുതിയ സമ്പ്രദായം, നേരത്തെയുള്ളതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ മൂര്‍ത്തവും ചരിത്രപരവുമാണെന്ന കരുതുന്നതും ശരിയായിരിക്കില്ല.'' (പേജ്   447-48, ഗ്രാംഷി, മാര്‍ക്സിസത്തിന്റെ പ്രശ്നങ്ങള്‍)

അടിത്തറയും മേല്പുരയും: ന്യൂ ലെഫ്റ്റ് റിവ്യൂ പ്രബന്ധം

ഗ്രാംഷിയുടെ ഈ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് റയ്മണ്ട് വില്യംസിന്റ 1972 നവംബര്‍-ഡിസംബര്‍ ലക്കത്തില്‍ ന്യൂ  ലെഫ്റ്റ് റിവ്യൂവില്‍ പ്രസിദ്ധീകരിച്ച അടിത്തറ-ഉപരിഘടനാ സങ്കല്പങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രസിദ്ധമായ പ്രബന്ധം എഴുതിയിട്ടുള്ളത്. സാംസ്കാരികോല്‍പാദനത്തെപ്പറ്റിയുള്ള തന്റെ സങ്കല്പനങ്ങള്‍ ഈ പ്രബന്ധത്തിലാണ് അദ്ദേഹം വിപുലീകരിക്കുന്നത്. വിവര വിനിമയ രംഗത്തുള്ള സമകാല സംഭവവികാസങ്ങളെ മുന്‍ദര്‍ശിക്കുന്ന “ആശയ വിനിമയ മാര്‍ഗ്ഗങ്ങള്‍ ഉല്‍പാദന  ഉപാധികൾ എന്ന നിലയില്‍” എന്ന പ്രബന്ധവും ഈ ദിശയിലുള്ള അദ്ദേഹത്തിന്റെ സംഭാവനയാണ്. ഇതിലൂടെ സാംസ്കാരിക ഭൗതികവാദത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ വില്യംസ് അവതരിപ്പിച്ചു.

വില്യംസില്‍ നിന്ന് നേരിട്ടു വായിക്കാം

“സംസ്കാരത്തെക്കുറിച്ചുള്ള ഒരു മാര്‍ക്സിസ്റ്റ് സിദ്ധാന്തം, നിര്‍ണ്ണയിക്കുന്ന ഒരു ഘടനയും, നിര്‍ണ്ണയിക്കപ്പെടുന്ന ഒരു ഉപരിഘടനയും എന്ന പരികല്പനകളെ പരിശോധിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. കണിശമായ സൈദ്ധാന്തിക നിലപാടില്‍ നിന്ന് നോക്കിക്കാണുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ഇവിടെ നിന്നല്ല നാം ആരംഭിക്കേണ്ടത്. 'സാമൂഹ്യമായ നിലനില്പാണ് ബോധത്തെ നിര്‍ണ്ണയിക്കുന്നത് 'എന്ന ഉപാദാനത്തില്‍ നിന്നാണ് ആരംഭിക്കുന്നതെങ്കില്‍ അതായിരിക്കും ഏറ്റവും ഉത്തമം. ഇതാണ് അടിത്തറ-ഉപരിഘടന ദ്വന്ദംപോലെ, മാര്‍ക്സിസ്റ്റ് സാംസ്കാരിക സിദ്ധാന്തത്തില്‍ കേന്ദ്രമായിരിക്കുന്നത്. ഈ രണ്ടു സമീപനങ്ങളും പരസ്പരം നിഷേധിക്കുന്നതോ വിരുദ്ധമോ അല്ല.  എന്നാല്‍, അടിത്തറ-ഉപരിഘടനാ ദ്വന്ദംപോലെ, ചിത്രീകരണക്ഷമമായ ഒരു രൂപകം, സ്പേഷ്യല്‍ ആയ, നിശ്ചിതമായ, ഉറപ്പിച്ചു നിര്‍ത്തിയ  ഒരു സമീപനം, ചിലരുടെ കയ്യിൽ വളരെ സവിശേഷവല്‍ക്കരിക്കപ്പെട്ട ഒരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ ഇടയാക്കുന്നതിലേക്കു നയിച്ചു. 'അസ്തിത്വം ബോധത്തെ നിര്‍ണ്ണയിക്കുന്നു' എന്ന സമീപനത്തിന്റെ അസ്വീകാര്യമായ ഒരു വ്യാഖ്യാനമായും ഇതുമാറി.

എന്നിരുന്നാലും, മാര്‍ക്സില്‍ നിന്ന് മാര്‍ക്സിസം പരിണമിച്ചപ്പോള്‍, മുഖ്യധാരാ മാര്‍ക്സിസം വികസിച്ചുവന്നപ്പോള്‍, നിര്‍ണ്ണയിക്കുന്ന ഒരു അടിത്തറയും, നിര്‍ണ്ണയിക്കപ്പെടുന്ന ഒരു ഉപരിഘടനയും എന്ന സമീപനം മാര്‍ക്സിസ്റ്റ് സാംസ്കാരിക സിദ്ധാന്തങ്ങളില്‍ മുഖ്യമായി നിലനിന്നു. ഈ സമീപങ്ങള്‍ നാം അപഗ്രഥിക്കുമ്പോള്‍, ഇവ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കാന്‍ പ്രയോഗിച്ചുപോരുന്ന, 'നിര്‍ണ്ണയിക്കുന്നു’ എന്ന പ്രയോഗത്തില്‍ ഭാഷാപരവും സൈദ്ധാന്തികവുമായ സങ്കീര്‍ണ്ണതകളുണ്ട് എന്ന് തിരിച്ചറിയണം. നിര്‍ണ്ണയിക്കല്‍ എന്ന ഭാഷാപ്രയോഗവും, അതില്‍ക്കൂടുതല്‍ നിര്‍ണ്ണയവാദവും നിലവില്‍ വന്നത്, മനുഷ്യനും ലോകവും തമ്മിലുള്ള വിനിമയങ്ങളിലെ ആശയവാദപരവും ദൈവശാസ്ത്രപരവുമായ പാരമ്പര്യങ്ങളില്‍ നിന്നാണ്. നിലവിലുള്ള സമീപങ്ങളില്‍ നിന്ന് തലതിരിച്ചിട്ട നിലയിലുള്ള മാര്‍ക്സിസത്തിലെ ഈ പ്രയോഗത്തില്‍ ഇംഗ്ളീഷ് തര്‍ജ്ജമയിലാണ് ഇപ്രകാരം,നിര്‍ണ്ണയിക്കുക, എന്ന അര്‍ത്ഥം കിട്ടിയത്. സാധാരണ നിലയിലുള്ള എന്നാല്‍ സ്ഥിരമായ ജര്‍മ്മന്‍പദം 'ബെസ്റ്റിമ്മെൻ' എന്നാണ്. ഇത് മറ്റൊന്നാണ് അര്‍ത്ഥമാക്കുന്നത്. മനുഷ്യനില്‍നിന്ന് പുറത്തുള്ള ചില ശക്തികളാണ് എന്ന ഊന്നലുള്ള പ്രത്യയശാസ്ത്രത്തിന്റെ, അല്ലെങ്കില്‍ അത്തരം പ്രത്യയശാസ്ത്രത്തിന്റെ തലതിരിച്ചിട്ട സെക്കുലര്‍ പാഠഭേദത്തിലെ, ബോധത്തെ നിര്‍ണ്ണയിക്കുന്ന കേവലതയെ  എതിര്‍ക്കുന്ന സമീപനമാണ് മാര്‍ക്സ് സ്വീകരിച്ചത്. നിര്‍ണ്ണയത്വത്തിന്റെ ഉറവിടം അദ്ദേഹം മനുഷ്യന്റെതന്നെ പ്രവൃത്തിയില്‍ നിക്ഷേപിക്കുന്നു.

ഏതായാലും, ഈ പ്രയോഗത്തിന്റെ സവിശേഷ ചരിത്രവും തുടര്‍ച്ചയും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, അടിത്തറയ്ക്കും ഉപരിഘടനയ്ക്കും വളരെ വ്യത്യസ്തമായ അര്‍ത്ഥങ്ങളും ആവിഷ്കാരങ്ങളും സാധ്യമാണ് എന്നാണ്. മിക്ക യൂറോപ്യന്‍ ഭാഷകളുടെയും സ്ഥിതി ഇതുതന്നെ. ഒരുവശത്ത്, ദൈവശാസ്ത്രപരമായ പാരമ്പര്യത്തില്‍ നിന്ന്, നിര്‍ണ്ണയിക്കുക എന്ന പദം എടുക്കുന്നു. ഒരു ബാഹ്യകാരണത്തിന്റെ നിയമത്തെയാണ് അത് ഇവിടെ  സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ ഒരു ബാഹ്യകാരണം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍, തുടര്‍ന്നുവരുന്ന ഒരു വൃത്തിയെ പ്രവചിക്കുകയും മുന്‍നിര്‍ണ്ണയം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍. അതേസമയം, സാമൂഹ്യപ്രയോഗത്തിന്റെ അനുഭവത്തില്‍ നിന്നു നോക്കുമ്പോള്‍, എന്തെല്ലാം തരത്തിലുള്ള പരിധികളെ  നിശ്ചയിക്കുകയും സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയും ചെയ്യുന്നു എന്ന അര്‍ത്ഥത്തിലാണ് നിര്‍ണ്ണയത്തിന്റെ തത്വം, ഉപയോഗിക്കപ്പെടുന്നത്.” (പേജ്  31, 32,  ബേസ് ആൻഡ് സൂപർസ്ട്രക്ചർ ഇൻ മാർക്സിസ്റ്റ്‌ കൾചറൽ തിയറി, പ്രോബ്ലം ഓഫ് മെറ്റീരിയലിസം ആൻഡ് കൾചർ, റെയ്മണ്ട് വില്യംസ്, വെർസോ, ലണ്ടൻ, 1982.)

ഇങ്ങനെ മാര്‍ക്സിസത്തിലെ അടിസ്ഥാന പ്രമേയങ്ങളായ സാമ്പത്തിക അടിത്തറ-സാംസ്കാരിക ഉപരിഘടന എന്ന ദ്വന്ദത്തിലെ അതിനിര്‍ണ്ണയവാദങ്ങളുടെ യാന്ത്രികതയെ വില്യംസ് ചോദ്യം ചെയ്തു. അടിത്തറ -ഉപരിഘടനാ ദ്വന്ദത്തിന്റെ പരസ്പര സ്വാധീങ്ങളുടെ ബലാബലത്തെ ഒരു വൈരുദ്ധ്യാത്മകതയില്‍ സന്തുലപ്പെടുത്തി. ഈ പ്രശ്നത്തെ, 'സാംസ്കാരികോല്‍പാദനം' എന്ന പുതിയ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പുനര്‍വായിച്ചു. സാംസ്കാരികോല്‍പാദനം സാമ്പത്തികഘടനയുടെ സ്ഥാനം കയ്യാളുന്ന, സമകാലിക വിവരവിനിമയ സാങ്കേതികവിദ്യാ ലോകത്തെ മുൻദര്‍ശിച്ചു. 'സാംസ്കാരിക ഉല്‍പാദന'ത്തിന്റെ ഘടനാവല്‍ക്കരണത്തെ വിശകലം ചെയ്യാനുള്ള ഉപാധികളിലൊന്നായി 'സാംസ്കാരിക ഭൗതികവാദത്തെ' വികസിപ്പിച്ചു. സാമൂഹ്യപ്രതിഭാസങ്ങളേയും സാംസ്കാരിക ഉല്‍പന്നങ്ങളായ കലാസൃഷ്ടികളെയും അവയുടെ ഉപഭോഗമൂല്യത്തില്‍ നിന്നല്ല, ഉല്‍പാദന പ്രക്രിയയുടെ അടിസ്ഥാത്തില്‍ മസ്സിലാക്കാന്‍ ശ്രമിച്ചു. ഇങ്ങനെ സാംസ്കാരിക ഉപരിഘടനയുടെ ഉല്‍പാദന പ്രക്രിയയെ സാമ്പത്തികാടിത്തറയുടെ അഭേദ്യമായ ഒരു സംഘാതമായി കണ്ടതിലൂടെയാണ് “സാംസ്കാരിക ഭൗതികവാദം” നിലവില്‍ വന്നത്.

കലാ വിമർശത്തിൽ

“നവവിമര്‍ശത്തിന്റെ തീവ്രനിലപാടുകളിലും ഘടനാവാദ വിമര്‍ശങ്ങളിലും ഇത്തരത്തില്‍ കലാവസ്തുവിനെ ഒരു വസ്തുവായി പരിഗണിച്ച് അതിനെ ഘടകങ്ങളായി ലളിതവല്‍ക്കരിക്കുകയും പിന്നീട് അവയെ പുഃസംഘടിപ്പിച്ച് നിലിര്‍ത്തുകയും ചെയ്യുന്ന സമ്പദ്രായമാണ് പ്രയോഗിക്കുന്നത്."

“കലാസൃഷ്ടിയെ ഇപ്രകാരം ഒരു വസ്തുവായി പരിഗണിക്കുന്ന സ്വഭാവവും ഒരു അനുശീലമോ പ്രയോഗമോ ആയി പരിഗണിക്കുന്ന ബദല്‍സമീപനവും തമ്മിലാണ് നമ്മുടെ സാസ്കാരിക സിദ്ധാന്തത്തിലെ യഥാര്‍ത്ഥ പ്രതിസന്ധി എന്നാണു ഞാന്‍ വിചാരിക്കുന്നത്."

“നാം സജീവമായി അന്വേഷിക്കുന്നത്, വസ്തുവായി അന്യവല്‍ക്കരിക്കപ്പെടുന്ന യഥാര്‍ത്ഥ പ്രയോഗത്തെയാണ്. സാഹിത്യസമ്പ്രദായപരമോ സാമൂഹ്യബാന്ധവത്തിന്റെയോ രൂപത്തിലുള്ള യഥാര്‍ത്ഥ അനുശീലന സാഹചര്യമാണ്. ഇവ സാഹചര്യങ്ങളായും കേവലം പശ്ചാത്തലമായും അന്യവല്‍ക്കരിക്കപ്പെട്ടതാണ്, ” വില്യംസ് കൂട്ടിച്ചേര്‍ക്കുന്നു.

ഇങ്ങനെ, വസ്തുവല്‍ക്കരണത്തിന്റെ അന്യവല്‍ക്കരിക്കപ്പെട്ട ലോകത്തെ, അവയുടെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ച് മസ്സിലാക്കിക്കൊണ്ട് , ഒരു കലാവസ്തുവോ, സാമൂഹ്യസാഹചര്യമോ രൂപംകൊള്ളുകയും നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും അര്‍ത്ഥോല്‍പാദനം നടത്തുകയും ചെയ്യുന്ന ചുറ്റുപാടുകളേയും സാഹചര്യങ്ങളെയുമാണ് ‘സാംസ്കാരിക ഭൗതികവാദം’ അന്വേഷിക്കുന്നത്. കലയേയും സാമൂഹിക സാഹചര്യങ്ങളേയും കേവല വസ്തുവായോ, പ്രതിഭാസമായോ വേര്‍തിരിച്ച് നോക്കിക്കാണാതെ, അവ നിലനില്‍ക്കുന്ന സാഹചര്യവും പ്രതിഷ്ഠിക്കപ്പെട്ട പശ്ചാത്തലവും, അവയ്ക്ക് മറ്റുള്ള വസ്തുക്കളുമായും ഉല്‍പന്നങ്ങളുമായും ഉല്‍പാദനസാഹചര്യവുമായും ഉല്‍പാദനബന്ധങ്ങളുമായുമുള്ള പാരസ്പര്യത്തെയുമാണ് ഇവിടെ അന്വേഷിക്കുന്നത്. അങ്ങനെ സാംസ്കാരിക ഭൗതികവാദം കലാവസ്തുവിനെ ഫെറ്റിഷായല്ല, അതിന്റെ ഫെറ്റിഷുവല്‍ക്കരിക്കപ്പെട്ട സാഹചര്യങ്ങളെയും ചരിത്രത്തെയും പ്രത്യാഘാതങ്ങളെയുമാണ് അന്വേഷിക്കുന്നത്. മാര്‍ക്സിന്റെ ഭാഷയില്‍,  ആകാശത്തുവെച്ചല്ല, ഭൂമിയില്‍ നിന്ന് അവയെ മസ്സിലാക്കാനുള്ള ശ്രമമാണ് സാംസ്കാരിക ഭൗതികവാദത്തിന്‍റേത്. ആ അര്‍ത്ഥത്തില്‍ സാംസ്കാരിക ഭൗതികവാദം ഭൗതിക പ്രതിഭാസങ്ങളേയും കലാവസ്തുക്കളേയും കലാ നൊട്ടേഷനുകളേയും, കേവലവസ്തുവോ പ്രതിഭാസമോ ആയി വിശകലം ചെയ്യുന്നതിനുപകരം, അവയുടെ ഉല്‍പാദന പ്രക്രിയയുടെ സാഹചര്യങ്ങളിൽ നിന്ന്  മസ്സിലാക്കാന്‍ ശ്രമിക്കുന്നു. കലാവസ്തുവിനെയും സാംസ്കാരിക സാഹചര്യങ്ങളെയും അവയെ രൂപപ്പെടുത്തുന്ന പാരിതോവസ്ഥകളെയും അവ ആസ്വദിക്കപ്പെടുന്ന പ്രത്യയശാസ്ത്ര പരിസരങ്ങളെയും തിരിച്ചറിയുന്നു. അത് ആകുകയും ആയിത്തീരുകയും ചെയ്യുന്നതിന്റെ പ്രക്രിയയെ ആഖ്യാനം ചെയ്യുന്നു.

അങ്ങനെ കലാസ്വാദനവും സാംസ്കാരിക വിമര്‍ശവും യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാനും ചുറ്റുപാടുകളെ തിരിച്ചറിയാനും അവ നിലകൊള്ളുന്ന സാമൂഹികവും ചരിത്രപരവുമായ നിമിഷമേതെന്ന്  ഓര്‍മ്മിപ്പിക്കാനും സഹായിക്കുന്നു. കലാവസ്തുവിനെ ഒരു ചരിത്രപ്രക്രിയയുടെ യാകെ ഉല്‍പന്നമായി നോക്കിക്കാണാനുള്ള ശ്രമം. അതിലൂടെ പ്രത്യയശാസ്ത്രപരമായ മിഥ്യകളെ അനാവരണം ചെയ്ത് യാഥാര്‍ത്ഥ്യത്തിന്റെ സൗന്ദര്യം അന്വേഷിക്കുന്ന ആസ്വാദന-വിമര്‍ശ സമ്പ്രദായം.... ശുഭം....  . 

Contact the author

P P Shanavas

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More