ലക്ഷദ്വീപ്‌: കോര്‍പ്പറേറ്റുകള്‍ നമ്മെ മതം പറഞ്ഞുകളിക്കാന്‍ വിട്ടതാണ് - സുഫാദ് സുബൈദ

ഇന്ത്യയില്‍ ഏറ്റവുമധികം ശാന്തിയും സമാധാനവും കളിയാടുന്ന പ്രദേശങ്ങളുടെ ലിസ്റ്റെടുത്താല്‍ അതില്‍ ഒന്നാമത്തെ പേര് ലക്ഷദ്വീപ്‌ എന്നായിരിക്കും. കൊളോണിയല്‍ ഭരണത്തിനും പിന്നീടുവന്ന ആധുനിക ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് പോലും തൊട്ടുതകര്‍ക്കാന്‍ കഴിയാതെ പോയ, ജാതിമത മത്സരങ്ങില്ലാത്ത ഒരു പരമ്പരാഗത ജനസമൂഹത്തിന്‍റെ നന്മയുണ്ട് അതിന് പിന്നില്‍. അങ്ങനെ ശാന്തി കളിയാടിയിരുന്ന ചില പ്രദേശങ്ങള്‍ ഒറ്റ രാത്രികൊണ്ട്‌ തീച്ചൂളയായി മാറിയ അനുഭവങ്ങള്‍ ചരിത്രത്തില്‍ എമ്പാടുമുണ്ട്. ഇതൊന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ല. എല്ലാറ്റിനും ബ്ലൂ പ്രിന്റുകള്‍ ഉണ്ട് എന്നുമാത്രം ആമുഖമായി ഞാന്‍ പറയുന്നു.

ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും അന്യായങ്ങളും എന്തൊക്കെയാണ് എന്ന് അക്കമിട്ട് പറഞ്ഞുകൊണ്ടുള്ള നിരവധി വാര്‍ത്തകളും വിശകലങ്ങളും ടി വി ചര്‍ച്ചകളും നാം കണ്ടും കേട്ടും കഴിഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ ആ ഗോത്ര ജനവിഭാഗത്തോട് പ്രൊഫൈലുകളാകെ ഐക്യധാര്‍ഢൃം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തുവരുന്നത് തുടരുകയാണ്. ശ്ലാഘനീയമാണത്. അത് തുടരേണ്ടതുണ്ട്. അതോടൊപ്പം മനസ്സിലെപ്പോഴും ഉയര്‍ന്നുനില്‍ക്കേണ്ട ചിലചോദ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് തെരെഞ്ഞെടുക്കപ്പെട്ട ചില പ്രത്യേക പ്രദേശങ്ങള്‍ പൊടുന്നനെ അസ്വസ്ഥപ്പെടുന്നത്? എന്തുകൊണ്ടാണ് ചില സമൂഹങ്ങള്‍ക്ക് ശാന്തിയും സമാധാനവും കിട്ടാക്കനിയായി മാറുന്നത് ? എന്തുകൊണ്ടാണ് ചില പ്രദേശങ്ങളില്‍ ആളിക്കത്തുന്ന തീ കെടുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തത്? ആരാണ് ഇരുട്ടില്‍ വന്നു തീ കൊളുത്തുന്നത്? ആരാണ് അതാളിക്കത്തിക്കുന്നത്? 

ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് മുല്ലെെത്തീവിലോ പലസ്തീനിലോ കാശ്മീരിലോ ലക്ഷദ്വീപിലൊ... എവിടെവെച്ചെങ്കിലുമാകട്ടെ ഉത്തരം ഒന്നായിരിക്കും. അത് സാമ്പത്തിക, മൂലധന താല്പ്പര്യങ്ങളല്ലാതെ മറ്റൊന്നുമല്ല. അതിനായി സാമ്രാജ്യത്വവും കോര്‍പ്പറേറ്റുകളും 'കുന്തം കുടത്തില്‍ തപ്പി'ക്കൊണ്ടേയിരിക്കും. അവര്‍ ഇറാഖില്‍ അണുവായുധം തിരഞ്ഞപോലെ ലക്ഷദ്വീപില്‍ ഗുണ്ടകളെ തിരയും. പെട്രോളിന് അടിക്കടി വില വര്‍ദ്ധിപ്പിക്കുന്നത് ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തങ്ങള്‍ക്കാണ് എന്ന് പറയുന്നതുപോലെ, ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കുന്നത് വികസനം കൊണ്ടുവരാനാണ് എന്ന് പറയും. ഇത് തമ്മിലുള്ള ബന്ധമന്വേഷിച്ച്  നാം വലിയ സംവാദങ്ങളില്‍ ഏര്‍പ്പെടും.

ഇടയന്‍ ആട്ടിന്‍ പറ്റങ്ങളെ മേയാന്‍ വിടുന്നതുപോലെ കോര്‍പ്പറേറ്റുകള്‍ നമ്മെ മതം പറഞ്ഞുകളിക്കാന്‍ വിടും. നാം ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ജൂതനുമായി വേഷപ്രച്ഛന്നരായി പല ടീമുകളുണ്ടാക്കി കളിതുടങ്ങും. അന്നേരം അപ്പനപ്പൂപ്പന്മാര്‍ മുതല്‍ നമുക്കേറ്റ എല്ലാ പരാജയങ്ങള്‍ക്കും കാരണക്കാരായവരെ എതിര്‍ ടീമില്‍ ദര്‍ശിക്കാന്‍ കഴിയുന്ന പ്രത്യേക സിദ്ധിയില്‍ നാം എത്തിച്ചേരും. എല്ലാം സംസ്കാരങ്ങള്‍ തമ്മിലുള്ള വിദ്വേഷമാണ് എന്ന് നമുക്ക് തിരിഞ്ഞു കിട്ടും. നമുക്കെതിരില്‍ കളിക്കുന്ന മതങ്ങളിലെ ഗൂഡതാല്പ്പര്യകാരുടെ കുടില ബുദ്ധിയായി, എല്ലാ പ്രശ്നങ്ങളെയും നോക്കിക്കാണുന്ന പ്രത്യേക കണ്ണു നമുക്കൊരോരുത്തര്‍ക്കുമുണ്ടായി വരും. അവിടെ കോര്‍പ്പറേറ്റുകള്‍ വിജയിക്കും. കളി കഴിഞ്ഞ് കണ്‍തുറന്നു നോക്കുമ്പോള്‍ നമ്മുടെ വീടുകള്‍ക്ക് മേല്‍ അവര്‍ കൊടിയുയര്‍ത്തിക്കഴിഞ്ഞിട്ടുണ്ടാകും. നമ്മുടെ തെരുവുകളിലവര്‍ തീയിട്ടുകഴിഞ്ഞിട്ടുണ്ടാകും.

കാര്യങ്ങള്‍ ലളിതമാണ്. കാശ്മീരില്‍ വകുപ്പ് 370 എടുത്തുകളഞ്ഞതും അവിടെ എല്ലാവര്‍ക്കും ഭൂമി മേടിക്കാം എന്നുവന്നതും ഭരണഘടനയിലെ പൌരസമത്വം ഉറപ്പാക്കാനല്ല. അംബാനിയും അദാനിയും അടങ്ങുന്ന കൊര്‍പ്പറേറ്റ് കുത്തകള്‍ക്ക് സ്ഥലം വാങ്ങാനാണ്. ലക്ഷ്ദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡാ പട്ടേല്‍ ജനങ്ങളെ വെറുപ്പിക്കുന്നത് അയാള്‍ സംഘപരിവാറുകാരന്‍ ആയതുകൊണ്ടും ബഹുഭൂരിപക്ഷം വരുന്ന ലക്ഷദ്വീപ് മുസ്ലിംങ്ങളോട് അയാള്‍ക്ക് വെറുപ്പുണ്ടായതുകൊണ്ടും അല്ല. അങ്ങനെ നമ്മെ വിശ്വസിപ്പിക്കുകയും അത്തരത്തില്‍ ഒരു വിവാദമുണ്ടാക്കുകയും ചെയ്യുകയാണ് കോര്‍പ്പറേറ്റുകള്‍ ചെയ്യുക. സാമൂഹ്യമാധ്യമങ്ങളിലും റോട്ടിലും ഇടവഴികളിലും നിന്ന് നാം തര്‍ക്കിക്കുകയും പരസ്പരം കടിച്ചുകീറുകയും ചെയ്യും. എല്ലാം കഴിഞ്ഞ് കണ്‍തുറന്നു നോക്കുമ്പോഴെക്ക് ആകെയുള്ള 36 ല്‍ 35 ദ്വീപുകളിലും കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ കൊടിനാട്ടിക്കഴിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ ജാഗ്രത വേണം. ഇന്ന് പലസ്തീന്‍ നാളെ ലക്ഷദ്വീപ്‌ എന്ന് ഐക്യദാര്‍ഢൃം പ്രഖ്യാപിക്കുമ്പോള്‍ നാം ഓര്‍ക്കണം. ഈ നടക്കുന്നതൊന്നും വിശ്വാസപ്രശ്നങ്ങളല്ല, വെറും സാംസ്കാരിക പ്രശ്നങ്ങളുമല്ല. തീര്‍ച്ചയായും റൊക്കം പണത്തിന്‍റെ കാര്യം മാത്രമാണ്...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sufad Subaida

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More