'ചിരിച്ചു കെട്ടിപ്പിടിച്ചെങ്കിലും അച്ഛന്റെയുള്ളില്‍ ഒരു നീറ്റലുണ്ടായിരുന്നു': രമേശ് ചെന്നിത്തലയെക്കുറിച്ച് മകന്റെ വൈകാരിക കുറിപ്പ്

മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിറന്നാള്‍ ദിനത്തില്‍ വൈകാരിക കുറിപ്പുമായി മകന്‍ രമിത് ചെന്നിത്തല. കുട്ടിക്കാലത്ത് അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വെച്ചാണ് രമിതിന്റെ കുറിപ്പ്. തിരക്കുകള്‍ക്കിടയിലും എല്ലാ പിറന്നാളിനും വീട്ടില്‍ അച്ഛനോടൊപ്പമുള്ള ആഘോഷവും അച്ഛന്‍ പിന്തുടര്‍ന്ന ആദര്‍ശങ്ങളെക്കുറിച്ചും മകന്‍ രമിത് കുറിപ്പില്‍ വിവരിക്കുന്നു.

രമിത് എഴുതുന്നു:

കുട്ടിക്കാലം മുതല്‍ക്കുള്ള എന്റെ ഓര്‍മ തുടങ്ങുന്നത് ഡല്‍ഹിയില്‍ ആണ്. സ്‌കൂള്‍ ആരംഭിക്കുന്നത് പുലര്‍ച്ചെ ഏഴ് മണിക്കാണ്. ആറര ആകുമ്പോള്‍ ഉണ്ണിചേട്ടനും ഞാനും സ്‌കൂളിലേക്ക് പുറപ്പെടും. പാര്‍ലമെന്റിലെ ചര്‍ച്ചകളും മീറ്റിങ്ങുകളും കഴിഞ്ഞു ഉറങ്ങുന്ന അച്ഛനെ കണ്ടാണ് സ്‌കൂളില്‍ പോകുന്നത്. സ്‌കൂള്‍ വിട്ടു ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തുമ്പോള്‍ അച്ഛന്‍ പാര്‍ലമെന്റില്‍ പോയിരിക്കും. അവധി ദിനങ്ങളിലും വീട്ടില്‍ ചെലവഴിക്കാന്‍ തിരക്ക് അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല.

പാര്‍ക്കിലോ സിനിമയ്‌ക്കോ പോകാനോ അച്ഛന്‍ ഞങ്ങളുടെ ഒപ്പം ഉണ്ടായിട്ടില്ല എന്ന് ഞാന്‍ പറയുന്നില്ല. പരമാവധി സമയം ഞങ്ങളോടൊപ്പം ചിലവഴിക്കാന്‍ അദ്ദേഹം തയാറായിട്ടുണ്ട്. അച്ഛന്റെ തിരക്കിനോട് ഒത്തു ചേര്‍ന്നാണ് ഞങ്ങളുടെ ജീവിതം ഒഴുകി കൊണ്ടിരുന്നത്. എന്റെ ഏക നിര്‍ബന്ധം എല്ലാ ബര്‍ത്ത്‌ഡേയ്ക്കും അച്ഛന്‍ ഉണ്ടാകണം എന്നതായിരുന്നു. കേക്ക് മുറിക്കാനും കൂട്ടുകാര്‍ക്ക് മധുരം നല്‍കാനുമൊക്കെ അച്ഛന്റെ സാന്നിധ്യം ഏറെ ഇഷ്ടപ്പെട്ടിരുന്നു.

പതിനൊന്നാമത്തെ പിറന്നാള്‍ ഒരിയ്ക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. നാട്ടില്‍ നിന്ന് ബര്‍ത്ത് ഡേ ദിവസം അച്ഛന്‍ വിളിച്ചു സംസാരിക്കുകയും ആശംസകള്‍ നേരുകയും ചെയ്‌തെങ്കിലും നേരിട്ട് കാണാന്‍ കഴിയാതിരുന്നത് എനിക്ക് വലിയ സങ്കടമായി.

പിന്നീട് കുറേ ദിവസം കഴിഞ്ഞു വീട്ടില്‍ ഇരിക്കുമ്പോള്‍ കോളിങ് ബെല്‍ മുഴങ്ങുന്നു. വാതില്‍ തുറന്നപ്പോള്‍ പെട്ടിയും തൂക്കി അച്ഛന്‍. ‘ഓര്‍മ്മയുണ്ടോ ഈ മുഖം ‘എന്ന് ഞാന്‍ ചോദിച്ചു. ഭരത് ചന്ദ്രന്‍ ഐ.പി.എസ് ആയി സ്വയം മാറി സുരേഷ് ഗോപിയെ പോലെ വാതില്‍ പാതി തുറന്നു ഞാന്‍ നിന്നു. ചിരിച്ചു കെട്ടിപ്പിടിച്ചെങ്കിലും അച്ഛന്റെ ഉള്ളില്‍ എവിടെയോ ഒരു നീറ്റല്‍ ഉണ്ടായെന്നു കാലം കഴിഞ്ഞപ്പോള്‍ തിരിച്ചറിഞ്ഞു. എല്ലാ തിരക്കുകളും മാറ്റി വച്ച് അച്ഛന്‍ ഞങ്ങളോടൊപ്പം അന്ന് മുഴുവന്‍ ചെലവഴിച്ചു. വീണ്ടും കേക്ക് ഓര്‍ഡര്‍ ചെയ്തു. അമ്മ പിറന്നാള്‍ സദ്യ ഒരുക്കി.കൂ ട്ടുകാരെ വീട്ടില്‍ ക്ഷണിച്ചു ചോക്ലേറ്റ് നല്‍കി. അങ്ങനെ പതിനൊന്നാം വയസില്‍ രണ്ട് പിറന്നാള്‍ ആഘോഷിച്ചു.

ഏറ്റവും ഉയര്‍ന്ന മാര്‍ക്കിനോ ഒന്നാം സ്ഥാനത്തിനോ വേണ്ടി പഠിക്കാന്‍ ഒരിക്കലും അച്ഛന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും പത്താം ക്ലാസ് പരീക്ഷയില്‍ മാത്തമാറ്റിക്‌സിനു നൂറില്‍ 99 മാര്‍ക്ക് വാങ്ങിയത് ഏറെ സന്തോഷമായി.

എന്നെ ചേര്‍ത്തു നിര്‍ത്തിയ ശേഷം തലമുടിയില്‍ തഴുകികൊണ്ട് പറഞ്ഞു-‘ജീവിതത്തില്‍ സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കി എടുക്കണം. സ്വന്തം വഴി നീ തന്നെ വെട്ടിയുണ്ടാക്കണം.’

എന്റെ മനസില്‍ ചില്ലിട്ടു വച്ചിരിക്കുകയാണ് ഈ വാക്കുകള്‍. ഒരു പഞ്ചായത്ത് അംഗം പോലും ആകാന്‍ കഴിയാത്ത ലക്ഷക്കണക്കിന് കോണ്‍ഗ്രസ്പ്രവര്‍ത്തകരുടെ വിയര്‍പ്പാണ് പദവികള്‍. സാധാരണ ജനത്തിന്റെ ജീവിതം മെച്ചപ്പെടുത്താനാണ് ഇതെല്ലാം ഉപയോഗിക്കേണ്ടത്. അല്ലാതെ സ്വന്തം ജീവിതത്തിന്റെ നേട്ടത്തിനു വേണ്ടിയല്ല എന്ന തത്വശാസ്ത്രമാണ് അദ്ദേഹത്തെ നയിക്കുന്നത്. പ്രതിപക്ഷ നേതാവ് അല്ലാതായതോടെ ഇന്നോവയും പോലീസും എസ്‌ക്കോര്‍ട്ടും ആ നിമിഷം തന്നെ അദ്ദേഹം വേണ്ടെന്നു വച്ചു.

എന്റെ ചെറിയ ബ്രിയോ കാറിലാണ് അച്ഛന്‍ ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് നിയമസഭയിലേക്ക് പോയത്. പദവി ഉള്ളതും ഇല്ലാത്തതും അച്ഛനെ ബാധിക്കുന്നതേയില്ല. കെ.എസ്.യു പ്രവര്‍ത്തകനായിരിക്കെ പല സ്ഥലങ്ങളിലും യോഗത്തിന് പോകുമ്പോള്‍ ഭക്ഷണത്തിനോ ബസ് കൂലിക്കോ കാശ് തികയാത്തതും പത്രതാള്‍ വിരിച്ചു കിടന്ന കഥയൊക്കെ പങ്ക് വയ്ക്കും. കുറേ നാള്‍ മനോരമയിലും മാതൃഭൂമിയിലും കിടന്നന്നുറങ്ങി എന്ന് അച്ഛന്‍ തമാശ പൊട്ടിക്കും. ഇതൊന്നും തമാശയല്ലെന്നും ഒരു പൊതുപ്രവര്‍ത്തകന്‍ പിന്നിട്ട വഴികളെ കുറിച്ച് ഞങ്ങളെ ഓര്‍മപ്പെടുത്തുകയാണെന്നും മുതിര്‍ന്നപ്പോള്‍ മനസിലായി.

ഈ അച്ഛന്റെ മകനായി പിറന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം….

പ്രിയപ്പെട്ട അച്ഛന്, കേരളത്തിന്റെ രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശംസകള്‍… നൂറ് പിറന്നാളുമ്മകള്‍...

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More