എണ്ണ വിലയില്‍, വില്പനയില്‍ നടക്കുന്നതെന്ത് ?

ഡല്‍ഹി: രാജ്യത്ത് പെട്രോള്‍  വില 73 .39  രൂപയാണ്. സംസ്ഥാനങ്ങള്‍  ചുമത്തുന്ന മൂല്യവര്‍ധിത നികുതിയുടെ അടിസ്ഥാനത്തില്‍ ചില വ്യത്യാസങ്ങള്‍ വന്നേക്കാം എന്ന് മാത്രം. എന്നാല്‍ ഇന്ന് ഒരു ഒരു ലിറ്റര്‍ പെട്രോള്‍  അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്  വെറും 20 രൂപയില്‍ താഴെ മാത്രം നല്‍കിയാണ്‌. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ 53 രൂപയിലധികമാണ് സര്‍ക്കാരിനും എണ്ണ  കമ്പനികള്‍ക്കുമെല്ലാമായി നാം നല്‍കുന്നത് എന്നര്‍ത്ഥം.

നേരത്തെ ഓയില്‍ പൂള്‍  നിലവിലുണ്ടായിരുന്ന കാലഘട്ടത്തില്‍ അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില താഴുമ്പോഴും ഉയരുമ്പോഴും അത് ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാനുള്ള ചില സുരക്ഷാ ക്രമീകരണങ്ങള്‍ രാജ്യത്തുണ്ടായിരുന്നു. അന്താരാഷ്‌ട്ര വിപണിയില്‍ വിലകുറയുമ്പോള്‍ സര്‍ക്കാരിനും എണ്ണക്കമ്പനികള്‍ക്കും സ്വാഭാവികമായി ലഭിക്കുന്ന അധിക വരുമാനം ഒരു പരിധിവരെ ഓയില്‍ പൂളിലേക്കാണ് പോയിരുന്നത്. അതുകൊണ്ടു തന്നെ  അന്താരാഷ്‌ട്ര വിപണിയില്‍ അമിതമായ വില വര്‍ധനവ്‌ ഉണ്ടാവുമ്പോള്‍ ആഭ്യന്തര വിപണിയില്‍ വില കൂടാതെയിരിക്കാന്‍ ഓയില്‍ പൂളിലേക്ക് നേരത്തെ ഒഴുകിക്കൊണ്ടിരുന്ന കാശാണ് നമ്മെ സഹായിച്ചിരുന്നത് എന്നര്‍ത്ഥം. ആഗോള സാമ്പത്തിക നയവല്ക്കരണത്തിന്‍റെ വക്താക്കളായ മന്‍മോഹന്‍ സിംഗ് ധനകാര്യ മന്ത്രിയായി തുടങ്ങി പ്രധാനമന്ത്രി വരെയായി വൃത്തിക്ക് നടപ്പാക്കിയ വിപണി കേന്ദ്രിത സാമ്പത്തിക പരിഷ്കാരങ്ങളാണ് ഓയില്‍ പൂള്‍ എന്ന സംവിധാനം തന്നെ എടുത്തുകളഞ്ഞത്. ഇടക്കാലത്ത് അധികാരത്തിലേറിയ വാജ്പേയി സര്‍ക്കാരും മൂന്നാം മുന്നണി പരീക്ഷണങ്ങളുമെല്ലാം  ഏറിയും കുറഞ്ഞും ഈ സമ്പത്തിക നയത്തിന്‍റെ  വക്താക്കളായി മാറുകയായിരുന്നു. 

എന്തുകൊണ്ടാണ് ഓയില്‍ പൂള്‍ വഴി രാജ്യം എണ്ണ വില നിയന്ത്രിച്ചു നിര്‍ത്തിയിരുന്നത് ? - ഇതിനുത്തരം തേടുമ്പോഴാണ്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വികസന, ജീവിത നിലവാര സൂചികകള്‍ ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ സോഷ്യലിസ്റ്റ്‌ പരിപ്രേക്ഷ്യമുള്ള മുതലാളിത്ത  സാമ്പത്തിക വിദഗ്ദന്മാര്‍  സ്വീകരിച്ചിരുന്ന സാമ്പത്തിക നയ മേന്മകളെ കുറിച്ച് നമുക്ക് ധാരണ ലഭിക്കൂ.

ഒരു രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വളരെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒന്നാണ്  എണ്ണ വില. അത് കൂടുമ്പോള്‍ രാജ്യത്തെ എല്ലാ ഉത്പന്നങ്ങളുടെയും വില വര്‍ദ്ധിക്കുമെന്നത് വളരെ പ്രാഥമികമായ ഒരു സാമ്പത്തിക ശാസ്ത്ര അവബോധമാണ്. ചരക്ക് കടത്തുമായി ബന്ധപ്പെട്ട അധിക ചെലവ്,  ഉലപാദന മേഖലയില്‍ ഊര്‍ജ്ജം എന്ന നിലയില്‍ എണ്ണ ഉപഭോഗം വര്‍ദ്ധിക്കുമ്പോഴുണ്ടാവുന്ന അധിക ചെലവ് എന്നിങ്ങനെ എല്ലാ മേഖലയിലും ചെലവ് കൂടുന്നതിനനുസരിച്ച് എല്ലാ സാധന സാമഗികളുടെയും വില വര്‍ധിക്കും. ഇത് പിടിച്ചു നിര്‍ത്താനും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയും, ജനങ്ങളുടെ ജീവിത നിലവാരവും വാങ്ങല്‍ ശേഷിയും നിലനിര്‍ത്താനുമാണ് ഓയില്‍ പൂള്‍ വഴി രാജ്യം എണ്ണ വില നിയന്ത്രിച്ചു നിര്‍ത്തിയിരുന്നത്. ഇത് ജനങ്ങളെ സഹായിച്ചു കൊണ്ട് രാജ്യത്തെ സുസ്ഥിര വികസനമാണ് വിഭാവനം ചെയ്തിരുന്നത്. 

ഉല്പന്നങ്ങളുടെ വില  കുത്തനെയിടിഞ്ഞതിനെ തുടര്‍ന്ന് കടക്കെണിയില്‍ പെട്ട കര്‍ഷകര്‍ ,തങ്ങളുടെ കയ്യില്‍ ബാക്കിവന്ന ഫ്യുറിഡാന്‍ എടുത്തടിച്ച് സ്വയംഹത്യ ചെയ്താലും കുഴപ്പമില്ല അവര്‍ക്ക് സബ്സിഡി കൊടുക്കരുത് എന്നുവാദിച്ച സാമ്പത്തിക ശാസ്ത്രകാരന്മാരുടെ കുരുത്തമുള്ള  മക്കളാണ് എല്ലാം വിപണിക്ക് വിട്ടു കൊടുക്കണം എന്ന് വാദിച്ചത്. വിപണിയില്‍ ലഭിക്കുന്ന എല്ലാ നന്മകളും രാജ്യത്തെ ഓരോ പൌരനും ലഭിക്കണമെങ്കില്‍ ഓയില്‍ പൂള്‍ അടക്കമുള്ള സംരക്ഷണ നടപടികള്‍ നിര്‍ത്തുകയാണ് വേണ്ടത് എന്നായിരുന്നു അന്നത്തെ ഇവരുടെ വാദം. അങ്ങിനെ വരുമ്പോള്‍ ''അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുറയുമ്പോള്‍ ഇവിടെയും കുറയും - കൂടുമ്പോള്‍ ഇവിടെയും കൂടും''  അതായത് അന്താരാഷ്‌ട്ര വിപണിയിലെ എല്ലാ ആനുകൂല്യങ്ങളും രാജ്യത്തെ ജനങ്ങള്‍ക്ക്‌ ലഭ്യമാകാനുള്ള നന്മ നിറഞ്ഞ ഒരു പ്രവര്‍ത്തനമായിരുന്നു  ഓയില്‍ പൂള്‍ എടുത്തു കളയല്‍ എന്നായിരുന്നു അന്നത്തെ അവകാശ വാദം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. '' അന്താരാഷ്‌ട്ര വിപണിയിയില്‍ വില കൂടിയാലും കുറഞ്ഞാലും ഇവിടെ വില കൂടിയ നിലയില്‍ തന്നെ തുടരും''-മന്‍മോഹന്‍ സിങ്ങിനു ശേഷം വന്ന ചിദംബരവും അരുണ്‍ ജയ്റ്റ്ലിയും നിര്‍മലാ സീതാരാമാനും അത് നിലനിര്‍ത്താന്‍ അവരെക്കൊണ്ടാവും വിധം ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഇനി സബ്സിഡിയുടെ കാര്യമോ?- കാലിഫോര്‍ണിയിലെ നെല്‍ കര്‍ഷകര്‍ക്ക് വാരിക്കോരി സബ്സിഡി നല്‍കിയ അതിസമ്പന്ന രാഷ്ട്രങ്ങള്‍ വിഭാവനം ചെയ്ത വ്യാപാര കരാറുകള്‍ അപ്പടി വിഴുങ്ങി ചര്‍ദ്ദിച്ച് ഇവിടുത്തെ കര്‍ഷകരുടെ നെഞ്ചത്ത് ചവിട്ടിയ സാമ്പത്തിക വിദഗ്ദരുടെ അരുമ മക്കള്‍ സബ്സിഡിക്ക് ഇന്ന് അനുകൂലമാണ്. പക്ഷെ അത് കൊടുക്കുന്നത് കോര്‍പ്പറെറ്റുകള്‍ക്ക് ആയിരിക്കണമെന്നു മാത്രം.

കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കിയാല്‍, അവരുടെ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പുവരുത്തിയാല്‍, വില സംരക്ഷിക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയാല്‍  കാര്‍ഷിക വിളകള്‍ കൂടുതലായി ഉണ്ടാവും. അഥവാ വിളയില്‍ നഷ്ടം പറ്റിയാലും സംരക്ഷണം തരാന്‍ സര്‍ക്കാര്‍ ഉണ്ടല്ലോ എന്ന ആത്മ വിശ്വാസത്തില്‍ കൂടുതല്‍ പേര്‍ കാര്‍ഷിക രംഗത്തേക്ക് വരുകയും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യും. അങ്ങിനെയിരിക്കെ എണ്ണ വില കുറഞ്ഞാല്‍ രാജ്യത്തെ സകല സാധന സാമഗ്രികളുടെയും വില കുറഞ്ഞു തന്നെ നില്‍ക്കും. ജനങളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിക്കും.  അങ്ങനെയാണ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുക. അല്ലാതെ കര്‍ഷകരെയും തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും ഉത്പാദകരെയും പൊരിവെയിലില്‍ നിര്‍ത്തി പെടോള്‍ വില വര്‍ധിപ്പിച്ച്, സബ്സിഡി എടുത്തു കളഞ്ഞ്, വന്‍കിട കമ്പനികള്‍ക്ക് ടാക്സ് ഇളവ് വാരിവാരി കൊടുത്താല്‍ ഒന്നും പഴയത് പോലെയാവില്ല.

നിങ്ങള്‍ നല്‍കുന്ന നികുതിയിളവിന്‍റെ സൗകര്യം ഉപയോഗിച്ച് കോര്‍പ്പറെറ്റുകള്‍ അവരുടെ ഉത്പാദനം വന്‍തോതില്‍ വര്ധിപ്പിച്ചതുകൊണ്ട് കാര്യമില്ല. അവരുണ്ടാക്കുന്നത് വാങ്ങാന്‍ ജനങളുടെ കയ്യില്‍ കാശു വേണ്ടേ ... അതിന് പെട്രോള്‍,ഡീസല്‍ വില കുറയണം, കര്‍ഷകര്‍ക്ക് സബ്സിഡി വേണ്ട രീതിയില്‍ നല്‍കണം. ഇതൊക്കെ നേരത്തെ പഠിച്ച പാഠങ്ങളാണ്. നോട്ടു നിരോധിച്ചവര്‍, കര്‍ഷകരുടെ ആത്മഹത്യ വര്‍ഷങ്ങളായി കണ്ടുനിന്നവര്‍, അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില താഴുമ്പോഴും ഇവിടെ ടാക്സ് കൂട്ടി വിലവര്‍ദ്ധിപ്പിക്കുന്നവര്‍ -  ആ പഴയ പുസ്തകങ്ങള്‍ ഒന്ന് പൊടിതട്ടിയെടുത്ത് വായിക്കണം. കാര്യങ്ങള്‍ വളരെ ലളിതമാണ്. ആത്മാര്‍ത്ഥത ഉണ്ടായാല്‍ മാത്രം മതി. അതായത് വളം കതിരിലല്ല വെക്കേണ്ടത് വേരിലാണ്.മറക്കരുത്.



Contact the author

Recent Posts

Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More