പിണറായീ... ധീരം, ചരിത്രപരം, ദേവസ്വം രാധാകൃഷ്ണന്‍ ഭരിക്കും

ഗുരുവിന്‍റെ ശിവ പ്രതിഷ്ഠയും വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും  അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയും സഹോദരന്റെ മിശ്രഭോജനവും ക്ഷേത്രപ്രവേശന വിളംബരവുമൊക്കെ നടന്ന കേരളത്തില്‍ കെ. രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രിയായത് വലിയ കാര്യമാണോ? അതിന് പിണറായിയെ ഇങ്ങനെ വാഴ്ത്തണൊ തുടങ്ങിയ ചോദ്യങ്ങളൊക്കെ സ്വാഭാവികമായും പച്ചവെള്ളം ചവച്ചരച്ചുകുടിക്കുന്ന നിഷ്കളങ്കരില്‍ നിന്ന് പൊട്ടിപ്പുറപ്പെടുമെന്ന് അറിയാം. അതുകൊണ്ടുള്ള അധിക ആവേശം മനസ്സിലുണ്ട്.

കേരളത്തിന്‍റെ പോപ്പുലര്‍ വലതുപക്ഷ മനസ്ഥിതിയെ പരിഗണിച്ചുകൊണ്ട് മാത്രമേ നിന്നുപിഴയ്ക്കാന്‍ പറ്റൂ എന്ന,1959-ല്‍ നടന്ന വിമോചന സമരത്തോടെ പ്രബലമായ ധാരണയുടെ കടയ്ക്കലാണ് പിണറായി വിജയന്‍ എന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കത്തിവെച്ചിരിക്കുന്നത്. അതുകൊണ്ട് പറയുന്നു, പിണറായീ ധീരവും ചരിത്രപരവുമാണ് ഈ തീരുമാനം. അത്രയൊക്കെ പറയാനുണ്ടോ എന്ന് ചോദിക്കുന്ന നിഷ്കളങ്കര്‍, ചില കാര്യങ്ങള്‍ ഓര്‍ക്കാനുള്ള അവസരമായി ഈ ചരിത്ര സന്ദര്‍ഭത്തെ കാണണം. ജാതി പറയാന്‍ ഇഷ്ടമുണ്ടായിട്ടല്ല, കഴിഞ്ഞ ആറര പതിറ്റാണ്ടുകാലം കേരളം സഞ്ചരിച്ച വഴികളറിയാന്‍, ഇടതുപക്ഷത്തെ ഒരു രാഷ്ട്രീയ വിഭാഗം എന്ന നിലയില്‍ തകരാതെ സൂക്ഷിക്കുമ്പോഴും കേരളത്തിന്റെ സ്റ്റിയറിംഗ് വലത്തോട്ട്, പിന്നെപ്പിന്നെ കൂടുതല്‍ വലത്തോട്ട് തിരിഞ്ഞുകൊണ്ടേയിരുന്നത് എങ്ങിനെ എന്നറിയാന്‍, ജാതിയും മതവും എങ്ങനെ ഇന്നാട്ടിലെ ഇടതുപക്ഷത്തേയും മറ്റു മതനിരപേക്ഷ പ്രസ്ഥാനങ്ങളേയും വിമോചന സമരാനന്തരം നെഗറ്റീവായി സ്വാധീനിച്ചു എന്നറിയണം.

ഐക്യകേരളപ്പിറവിക്ക് ശേഷം ആദ്യമായി അധികാരമേറ്റ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ ബില്ലും വിദ്യാഭ്യാസ ബില്ലും പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് സകല ജാതി, മത സാമുദായിക സംഘടനകളും സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചേര്‍ന്ന് വിമോചന സമരമെന്ന പേരില്‍ കുപ്രസിദ്ധമായ സമരാഭാസം നടത്തിയത്. ഈ വലതുപക്ഷ കോമരങ്ങളുടെകൂടെ ഉറഞ്ഞുതുള്ളിയ കോണ്‍ഗ്രസ്സിന് രാഷ്ട്രീയാധികാരം മാത്രമായിരുന്നു ലക്‌ഷ്യം. അത് വിജയിച്ചു. ആ വിജയം ഇടതുഭാവുകത്വത്തിന് ഗുരുതരമായ പരിക്കേല്‍പ്പിച്ചു. യഥാര്‍ത്ഥ രാഷ്ട്രീയത്തില്‍, നിലപാടുകളില്‍ വെള്ളം ചേര്‍ത്തുകൊണ്ടല്ലാതെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നില്‍ക്കാനാവില്ല എന്ന തോന്നലിലേക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എത്തിച്ചത് വിമോചനസമരമാണ്. അല്ലായിരുന്നുവെങ്കില്‍ എയിഡഡ് കോളേജുകളില്‍ സംവരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ദളിതുകള്‍ക്ക് ഇന്നും സമരം നടത്തേണ്ടിവരില്ലായിരുന്നു. എയിഡഡ് കോളേജുകളിലെ നിയമനം പി എസ് സിക്ക് വിടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ എന്നേ അവസാനിക്കുമായിരുന്നു. ആദിവാസികളുടെ ഭൂമി പ്രശ്നം ഒരുവിധം പരിഹരിക്കപ്പെടുമായിരുന്നു. ജാതിമതസാമുദായിക മേലാളന്‍മാരെ പേടിച്ചുകൊണ്ടുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും സ്ഥാനാര്‍ഥി നിര്‍ണ്ണയങ്ങള്‍ക്കും ഇന്നത്തെ സ്വഭാവം കൈവരില്ലായിരുന്നു. ഈ പേടി ഇരുമുന്നണികളെയും ബാധിച്ചുവന്നതാണ് ചരിത്രം.

ഐക്യജനാധിപത്യ മുന്നണി പ്രത്യക്ഷമായും ഇടതുമുന്നണി അകമേ അവരെ പരിഗണിച്ചുകൊണ്ടും തീരുമാനങ്ങളെടുത്തു. ഒരിക്കല്‍ കൈപൊള്ളിയ വിഷയങ്ങള്‍ പിന്നീട് അജണ്ടയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മുന്നണികള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. വിദ്യാഭ്യാസ ബില്ല് കൊണ്ടുവന്നവര്‍ പിന്നെ എയിഡഡ് മേഖലയിലേക്ക് പോയതേയില്ല. ശബരിമലയിലും അതുതന്നെ സംഭവിച്ചു. ധീരമായ നിലപാടെടുത്തവര്‍ രണ്ടടി പിന്നോട്ടുവെച്ചു. കോണ്‍ഗ്രസ് യാഥാസ്ഥിതിക വലതുപക്ഷ ചിന്താഗതിക്കനുകൂലമായി നിന്നു. തെരഞ്ഞെടുപ്പ് ദിവസം പോലും അതില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ പറ്റുമോ എന്നായിരുന്നു അന്വേഷണം. ''നിങ്ങള്‍ ശബരിമല പറയൂ, നിങ്ങള്‍ ശബരിമല പറയൂ'' എന്ന് വിജയീഭാവത്തില്‍ യുഡിഎഫും അയ്യോ അത് ഞങ്ങള്‍ പറയില്ലേ ...പറയില്ലേ എന്ന് കരഞ്ഞുവിളിച്ച് പേടിച്ചരണ്ടുകൊണ്ട്  എല്‍ ഡി എഫും കളിച്ച കളി മറക്കാറായിട്ടില്ല. ഒരു കാര്യം പറഞ്ഞേ മതിയാകു. കേരളത്തിലെ ഇടതുപക്ഷം വലതുപക്ഷവല്‍ക്കരണത്തിന് വിധേയമായിട്ടുണ്ടെങ്കില്‍, അതില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് വളരെ വലുതാണ്‌.

മേല്‍പറഞ്ഞ വലത് രാഷ്ട്രീയപ്പേടിയില്‍ നിന്ന് ശക്തമായ ഒരു ഇടം തിരിയലാണ് ഇപ്പോള്‍ പിണറായി വിജയന്‍ നടത്തിയിരിക്കുന്നത്. ഇത് പാര്‍ട്ടി നടത്തിയതല്ലേ എന്ന് ചോദിക്കരുത്. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിക്കാണ് അധികാരം എന്നും അതിന് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം എ വിജയരാഘവന്‍ തന്നെ വ്യക്തമാക്കിയിരുന്നുവല്ലൊ, ആ സാഹചര്യത്തില്‍ ഈ തീരുമാനത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കുന്നതില്‍ അപാകതയില്ല. കേരളത്തിലെ ആദ്യത്തെ ദേവസ്വം മന്ത്രി ഒരു സ്ത്രീയും പിന്നാക്ക ജാതിക്കാരിയുമായിരുന്നു. അവരുടെ പേരാണ് കെ ആര്‍ ഗൌരി. പക്ഷെ പിന്നീട് ഈ സ്ഥാനങ്ങള്‍ ആരുവഹിച്ചു എന്നറിയാന്‍ സമീപകാല മന്ത്രിസഭകളിലെ വി എസ് ശിവ കുമാറിന്റെയും ജി. സുധാകരന്റെയും കടകംപള്ളി സുരേന്ദ്രന്റെയും പേരുകള്‍ ഓര്‍ത്താല്‍ മതി. കമ്മ്യൂണിസ്റ്റ് പാര്‍ടി ആരെയും കൂസാതെ നടത്തിയ തുടക്കകാലത്തെ തീരുമാനങ്ങളിലേക്കുള്ള ഒരു മടക്കമായി ഇതിനെ വായിച്ചെടുക്കുമ്പോള്‍ തീര്‍ച്ചയായും കെ രാധാകൃഷ്ണന്റെ ദേവസ്വം മന്ത്രിസ്ഥാനം ഒരു വലിയ ചുവടുവെപ്പ്‌ തന്നെയാണ്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യദുകൃഷ്ണയടക്കം ആറുപേരെ  ക്ഷേത്ര പൂജാരികളായി നിയമിക്കാനുള്ള ഒന്നാം പിണറായി സര്‍ക്കാരിന്റെ തീരുമാനത്തോട് ചേര്‍ത്തുവായിക്കുമ്പോള്‍ തീര്‍ച്ചയായും പിണറായീ... ഇതൊരു ധീരമായ തീരുമാനമാണ്.  

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More