'കാലം സാക്ഷി ചരിത്രം സാക്ഷി'

കാലവും ചരിത്രവും സാക്ഷി, വിപ്ലവത്തിന്റെ കനല്‍ വഴികള്‍ താണ്ടിയ കെ. ആര്‍. ഗൗരി അരങ്ങൊഴിഞ്ഞു. ചേര്‍ത്തല താലൂക്കിലെ പാണക്കാട് വിയാത്ര കളത്തിപ്പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായി 1919 മിഥുനത്തിലെ തിരുവോണ നാളില്‍ പിറന്ന ഗൗരിയുടെ സംഭവബഹുലമായ ജീവിതം കേരള രാഷ്ട്രീയത്തിന്റെയും കമ്മ്യൂണിസ്റ്റ് ഇടതു പ്രസ്ഥാനങ്ങളുടെയും ചരിത്രം കൂടിയായിരുന്നു. 

കാൽപനികരും ഉത്പതിഷ്ണുക്കളുമായിരുന്നു കെ. ആ.ര്‍ ഗൌരിയുടെ രക്ഷിതാക്കള്‍. ജാതിമത ചിട്ടകളൊന്നുമില്ലാതെയാണ് അവര്‍ ഗൌരിയെ വളര്‍ത്തിയത്. ഗൗരി എന്ന പേരുപോലും വന്നത് ഗൌരിയുടെ ഭാവിയെ കുറിച്ചു അവര്‍ കണ്ട സ്വപ്നത്തില്‍ നിന്നാണ്.  1919-ൽ സ്വർണമെഡലോടെ എം എ ജയിച്ച ഗൗരി ശങ്കുണ്ണി എന്ന പെൺകുട്ടിയുടെ പേരാണ് കെ. എ. രാമനും ഭാര്യ പാർവതിയും മകൾക്കു നൽകിയത്. ഈഴവ സമുദായത്തിൽ നിന്ന് ആദ്യമായി ഗൗരി ശങ്കുണ്ണി എം എ ജയിച്ച വർഷമാണ് കെ. ആർ. ഗൗരി പിറന്നത്.

ഗൗരിയമ്മ പിറന്ന 1919 ലാണ് രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ച് തിരുവിതാംകൂർ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നെയും ഒരുവർഷം കഴിഞ്ഞ് 1920 ഓഗസ്റ്റ് 18 നാണ് അമേരിക്കയിൽ പോലും സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടുന്നത്. ജനാധിപത്യത്തിന്‍റെ ഈറ്റില്ലവും പോറ്റില്ലവുമായ ബ്രിട്ടൻ സ്ത്രീകള്‍ക്ക് തുല്യ വോട്ടവകാശം നൽകിയത് 1928 ൽ മാത്രവും. 1921ൽ തന്നെ തിരുവിതാംകൂർ പ്രജാസഭയിൽ എത്തിയ മേരി പുന്നൻ ലൂക്കോസ്, തോട്ടക്കാട് മാധവിയമ്മ, ഗൗരി പവിത്രന്‍, പാർവതി നെന്മേനിമംഗലം എന്നിവരുടെ ശബ്ദം പുരുഷപ്രജകൾക്കു മേൽ ഉച്ചത്തിൽ മുഴങ്ങിയ കാലം. ദാക്ഷായണി വേലായുധനും ത്രേസ്യാമ്മ കോരയുമെല്ലാം മലയാളികളുടെ രാഷ്ട്രീയ ചിന്തകളെ അട്ടിമറിച്ച കാലം, അമേരിക്കയിലോ യൂറോപ്പിലോ പോലും ഒരു വനിതാ ജഡ്ജിയുണ്ടാകാതിരുന്ന അക്കാലത്താണ് കേരളത്തില്‍ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയായി അന്ന ചാണ്ടി വരുന്നത്. അവര്‍ ജനിച്ചു വളര്‍ന്ന മണ്ണിലാണ് ഗൗരിയമ്മ പിച്ചവെച്ചത്. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിലെ അംഗമാണ് കെ. ആര്‍. ഗൗരി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ കെ. ആര്‍. സുകുമാരന്റെ പ്രേരണയാൽ വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും എത്തുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിടെ കൊടിയ പൊലീസ് മര്‍ദ്ദനത്തിന് അവര്‍ വിധേയമായി.

1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളപ്പിറവിക്ക് തൊട്ടുപിറകെ രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമ കേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടൂ. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരമേറ്റ ഒന്നാം കേരളാ  മന്ത്രിസഭയില്‍ റവന്യൂ വകുപ്പ് മന്ത്രിയായി. 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു.1957 ലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും1967,1980,1987 വർഷങ്ങളിൽ സിപിഎം  നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഇടതുപക്ഷ മന്ത്രിസഭകളിലും അവര്‍ അംഗമായി. സിപിഎം വിട്ട ശേഷം 2001ല്‍ അധികാരത്തില്‍ വന്ന എ.കെ. ആന്റണി മന്ത്രിസഭയിലും തുടര്‍ന്ന് വന്ന ഉമ്മൻ ചാണ്ടി  മന്ത്രിസഭയിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തു. റവന്യൂ വകുപ്പിനു പുറമേ, വിജിലൻസ്, നിയമം, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം നൽകി.

ഒന്നാം ഇഎംഎസ് മന്ത്രിസഭയില്‍ ചരിത്ര പ്രസിദ്ധമായ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിച്ചത് കെ. ആര്‍. ഗൌരിയാണ്. കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബിൽ‍, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ  നിയമം തുടങ്ങി കേരളത്തിലെ ഭൂബന്ധങ്ങള്‍ മാറ്റിമറിച്ച നിരവധി നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഡ്രാഫ്റ്റ് ഉണ്ടാക്കിയതും അവയില്‍ പലതും നടപ്പിലാക്കിയതും നിയമജ്ഞ കൂടിയായ കെ. ആര്‍. ഗൌരിയായിരുന്നു. വിമോചന സമരത്തെത്തുടര്‍ന്ന് കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ്  മന്ത്രിസഭയെ രാഷ്ട്രപതി പിരിച്ചുവിടുന്നതിനു തലേന്നാണ് ഗൗരിയമ്മയുടെ ശക്തമായ ഇടപെടല്‍കാരണം കാര്‍ഷികബന്ധ നിയമം കേരള നിയമസഭ പാസാക്കിയത്. 

'കേരം തിങ്ങും കേരളനാട് കെ. ആർ. ഗൗരി ഭരിച്ചീടും' എന്ന മുദ്രാവാക്യം കേരളത്തിലാകെ മുഴങ്ങിയ ഒരു കാലമുണ്ടായിരുന്നു. ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട സിപിഎം വിജയത്തിനുശേഷം നിയമസഭാ കക്ഷി നേതാവായി ഇ.കെ. നായനാരെ തിരഞ്ഞെടുത്തതോടെയാണ് പാര്‍ട്ടിയും ഗൗരിയമ്മയും തമ്മില്‍ അകലം ഏറിയത്. സംസ്ഥാന കമ്മിറ്റിയില്‍നിന്നു ക്ഷോഭിച്ച് ഇറങ്ങിപ്പോയ ഗൗരിയമ്മയെ അനുനയിപ്പിക്കുകയല്ലാതെ പാര്‍ട്ടിക്കുമുന്നില്‍ മറ്റു വഴികളില്ലായിരുന്നു. അക്കാലത്ത് വ്യവസായം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായി ഗൗരിയമ്മ ചുമതലയേറ്റു. പക്ഷേ, ദൂരപരിധി കണക്കാക്കി കള്ളുഷാപ്പുകള്‍ നിലനിര്‍ത്തിയതിന്റെ പേരില്‍ സിഐടിയു വിഭാഗം പിണങ്ങിയതോടെ എക്സൈസ് വകുപ്പ് ടി. കെ. രാമകൃഷ്ണനിലേക്കു മാറ്റി. പാര്‍ട്ടിയുമായുള്ള അകല്‍ച്ച പൊട്ടിത്തെറിയുടെ വക്കോളമെത്തി. എന്നിട്ടും വിവിധ വ്യവസായ മേഖലകളില്‍ സിഐടിയുവിന്റെ താല്‍പര്യത്തിനു വിരുദ്ധമായി ഗൗരിയമ്മ നടപ്പാക്കിയ പദ്ധതികള്‍ വിവാദ കൊടുങ്കാട്ടുകള്‍ ഉയര്‍ത്തിവിട്ടു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഏറ്റവുമധികം സമ്മര്‍ദ്ദം അനുഭവിച്ച നാളുകളായിരുന്നു അത്. ആ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും തിരുവനന്തപുരത്ത് ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്ക് ആയ ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെ കേരളത്തിന്റെ തലവര മാറ്റിയ പല വ്യവസായ സംരംഭങ്ങളും കൊണ്ടുവരുന്നതില്‍ ഗൗരിയമ്മ വലിയ പങ്കുവഹിച്ചു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Politics

വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍; ദേശീയപാത വികസനവും കെ-റെയിലും നാടിന് ആവശ്യം

More
More
Web Desk 3 days ago
Politics

സി പി എം സൈബര്‍ തീവ്രവാദിയായതില്‍ അഭിമാനിക്കുന്നു - പി. വി. അന്‍വര്‍

More
More
Web Desk 1 week ago
Politics

'ഇത് സതീശൻ കഞ്ഞിക്കുഴി' തന്നെ; മാക്കുറ്റിയെ പരിഹസിച്ച് പി. ജയരാജന്‍

More
More
Web Desk 1 week ago
Politics

'പ്രധാനമന്ത്രിയെ അവഹേളിച്ചു'; അരുണ്‍ കുമാറിനെതിരെ പരാതിയുമായി ബിജെപി

More
More
Web Desk 1 week ago
Politics

കോടിയേരി വര്‍ഗ്ഗീയത പറയുന്നത് 'റിയാസിനെ' മുഖ്യമന്ത്രിയാക്കാന്‍ - കെ. മുരളീധരന്‍

More
More
Web Desk 1 week ago
Politics

'മോദി നല്ല പ്രാസംഗികനാണ്, മന്‍മോഹന് മിണ്ടാന്‍ കഴിയില്ല'; ഷംസീറിന്റെ മോദീസ്തുതി കുത്തിപ്പൊക്കി സൈബര്‍ കോണ്‍ഗ്രസ്

More
More