കുഞ്ഞലിമരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം

മരയ്ക്കാര്‍മാര്‍ എന്നത് ‘മരക്കലം’ എന്നറിയപ്പെട്ട മരക്കപ്പലുകളുടെ നാവികന്മാര്‍ക്കുള്ള ബിരുദപ്പേരായിരുന്നു.കിഴക്കന്‍തീരത്തുള്ള തൂത്തുക്കുടിയില്‍നിന്നുംകൊച്ചിയില്‍ കുടിയേറിപ്പാര്‍ത്ത്,പറങ്കികള്‍ എന്ന് വിളിപ്പേരുള്ള പോര്‍ച്ചുഗീസുകാരുടെ വ്യാപാരമത്സരം കാരണം വടക്കോട്ട്‌ ഓടിപ്പോന്ന്,സാമൂതിരിമാരുടെ രാജ്യത്ത് അഭയംപ്രാപിച്ചവരാണ് കുഞ്ഞാലിമരയ്ക്കാര്‍മാരുടെ കുടുംബക്കാര്‍.കുഞ്ഞാലി ഒന്നാമന് ഇരിങ്ങല്‍ പ്രദേശത്ത് ഒരു കോട്ടകെട്ടുവാന്‍ സാമൂതിരിപ്പാട് സമ്മതംനല്‍കി.

ഇരിങ്ങല്‍പാറയ്ക്കുമേല്‍ അന്നത്തെ യുദ്ധതന്ത്രങ്ങള്‍ക്കാവശ്യമായ രീതിയില്‍  നിര്‍മ്മിച്ച കോട്ട, കുഞ്ഞാലി മൂന്നാമന്‍റെയും നാലാമന്‍റെയും കാലത്ത് ക്രിസ്തുവര്‍ഷം പതിനാറാം നൂറ്റാണ്ടിന്‍റെ അന്തിമദശകങ്ങളില്‍ മരയ്ക്കാര്‍മാരും പറങ്കികളും തമ്മിലുള്ള ജീവന്മരണ പോരാട്ടത്തിനു വേദിയായിത്തീര്‍ന്നു. വലിയ കപ്പലുകളും പീരങ്കികളും ഉണ്ടായിരുന്ന പറങ്കിപ്പടയോട് പോരാടുവാന്‍ കുഞ്ഞാലിമരയ്ക്കാര്‍മാര്‍ക്കുണ്ടായിരുന്നത് മതവിശ്വാസികളായ മാപ്പിളമാരുടെ ധീരമായ സഹകരണവും കരയില്‍  നിന്നുള്ള നായര്‍ പടയാളികളുടെ പിന്തുണയും ആയിരുന്നു. വലിയ കപ്പലുകളെ പെട്ടെന്ന് വളഞ്ഞ് അവയില്‍ ചാടിക്കയറി ജീവനെ വിലവെക്കാതെ പൊരുതിയ ഗറില്ലായുദ്ധമാണ് മരയ്ക്കാര്‍മാര്‍ നയിച്ചത്.

മക്കയിലേക്ക് തീര്‍ഥാടനത്തിനായി പോകുന്ന ഹാജിമാരെയും കപ്പല്‍ യാത്രികരെയും പറങ്കികള്‍ ക്രൂരമായി ദ്രോഹിച്ചിരുന്നു. സ്ത്രീകളെപ്പോലും അവര്‍ വെറുതെ വിട്ടിരുന്നില്ല. ‘കര്‍ത്താസ്’ എന്ന പേരിലുള്ള പോര്‍ച്ചുഗീസുകാരുടെ സമ്മതപത്രം നേടിയ കപ്പലുകളെ മാത്രമാണ് അറബിക്കടലില്‍ സഞ്ചരിക്കാന്‍ പറങ്കികള്‍ അനുവദിച്ചിരുന്നത്. മുസ്ലീങ്ങളായ തീര്‍ഥാടകരെ വെള്ളിയാങ്കല്ല് എന്ന വലിയ ദ്വീപില്‍ കൊണ്ടുപോയി കഴുത്തറുത്ത് കൊല്ലുന്നത് പറങ്കികളുടെ ഒരു വിനോദമായിരുന്നു.

സാമൂതിരിമാരുടെ നാവികത്തലവന്‍ എന്ന് മരയ്ക്കാര്‍മാരെപ്പറ്റി ചിലര്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ മരയ്ക്കാര്‍മാര്‍ സാമൂതിരിയുടെ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍മാരായിരുന്നില്ല.  സാമൂതിരിമാരുടെ സാമന്തര്‍ എന്ന പദവി നേടുകയും അനുവാദപ്രകാരം ഇരിങ്ങല്‍പ്പാറയില്‍ കോട്ട കെട്ടുകയും ‘കോട്ടക്കല്‍ കുഞ്ഞാലിമാര്‍’ എന്ന സ്ഥാനപ്പേരോടെ പറങ്കിപ്പടയാളികളോട് നിരന്തരം പോരാട്ടം നയിക്കുകയും ചെയ്തവരാണ് കുഞ്ഞാലിമാര്‍. അവര്‍ക്കെതിരായി പോര്‍ച്ചുഗീസുകാര്‍ ക്രിസ്ത്യന്‍ പാതിരിമാരെ ചാരന്മാരായി നിയോഗിച്ചിരുന്നു.

പതിനാറാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ സാമൂതിരിയും കുഞ്ഞാലി നാലാമനും തമ്മില്‍ ഏതോ നിസ്സാരമായ സൌന്ദര്യപ്പിണക്കത്തിലൂടെ ശത്രുക്കളായിത്തീര്‍ന്നു. കുഞാലിക്ക് ഈജിപ്ത്, അറേബ്യ തുടങ്ങി ചൈനവരെ കടല്‍ക്കരയിലുള്ള മുസ്ലീം നാവികന്മാരില്‍നിന്നും സഹായവാഗ്ദാനങ്ങള്‍ കിട്ടിയെന്നും ഇതോടെ അദ്ധേഹത്തിന് അഹങ്കാരം കൂടിയെന്നും പ്രചാരണമുണ്ടായി. സാമൂതിരിയെ നിന്ദിച്ചുകൊണ്ട് കെട്ടിടത്തിന്‍റെ ഓടുകള്‍ നശിപ്പിച്ചുവെന്നും ഒരു ഇസ്ലാമിക രാജ്യത്തിന്‍റെ സ്ഥാപകനായി സ്വയം അവരോധിക്കാന്‍ ശ്രമിച്ചുവെന്നും പ്രചരിപ്പിക്കുകയുണ്ടായി. അതിന്‍റെ വെളിച്ചത്തില്‍ സാമൂതിരിപ്പാട് അതുവരെ ശത്രുക്കളായിരുന്ന പോര്‍ച്ചുഗീസുകാരുമായിച്ചേര്‍ന്ന്‍ കുഞ്ഞാലിക്കെതിരെ ഒരു സഖ്യമുണ്ടാക്കി.

സാമൂതിരിയുമായുള്ള സഖ്യം ഉപയോഗപ്പെടുത്തി പോര്‍ച്ചുഗീസ്‌ കപ്പലുകള്‍ മരയ്ക്കാര്‍ക്കോട്ട വളഞ്ഞ് കുഞ്ഞാലിയുടെ സൈന്യത്തെ ഒറ്റപ്പെടുത്തുകയും സാമൂതിരിപ്പാടിന്‍റെ നായര്‍പടയാളികള്‍ കരയില്‍നിന്ന് അവരെ സഹായിക്കുകയും ചെയ്തു.കുറച്ചുമാസങ്ങള്‍ ചെറുത്തുനിന്നെങ്കിലും ഭക്ഷണത്തിനുള്ള അരിയും പലവ്യഞ്ജനങ്ങളും തീര്‍ന്നതോടെ കുഞ്ഞാലി മരയ്ക്കാരുടെ കപ്പലിലെ പടയാളികള്‍ പലതരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പലരും മുങ്ങിമരിച്ചു. ചിലരെ കരക്കെത്തിച്ചപ്പോള്‍ നായര്‍പടയാളികള്‍ വധിച്ചുകളഞ്ഞു. ഒടുവില്‍ കുഞ്ഞാലിയും പട്ടിണികൊണ്ടവശരായ നാല്‍പ്പതോളം പടയാളികളും കീഴടങ്ങാന്‍ തയ്യാറായി.കുഞ്ഞാലിമരയ്ക്കാരും കൂട്ടരും വെള്ളക്കൊടി കാണിച്ച് ആയുധം താഴ്ത്തി കരയില്‍ അണിനിരന്ന സാമൂതിരി സൈന്യത്തെ സമീപിച്ചു. തങ്ങള്‍ സാമൂതിരിപ്പാടിന് കീഴടങ്ങാന്‍ ഒരുക്കമാണെന്നും കുഞ്ഞാലിയെ പറങ്കികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സാമൂതിരിയുടെ മുന്നില്‍ കീഴടങ്ങാന്‍ തയ്യാറായി അവര്‍ എത്തിച്ചേര്‍ന്നപ്പോള്‍ അദ്ധേഹത്തിന്‍റെ അരികെ നിലയുറപ്പിച്ചിരുന്ന പോര്‍ച്ചുഗീസ്‌ പടനായകന്‍ സന്ധിയിലെ വാചകങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കുഞ്ഞാലിയെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു.

സാമൂതിരിപ്പാട് വാഗ്ദാനം പാലിക്കാന്‍ തയ്യാറായി. കുറെ നായര്‍പടയാളികള്‍ കലാപത്തിന് ഒരുങ്ങിയെങ്കിലും നിസ്സഹായനായ സാമൂതിരിപ്പാടിന് പറങ്കികളുടെ കല്‍പ്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ കുഞ്ഞാലിയെയും കൂടെയുള്ള മാപ്പിളപ്പടയാളികളെയും പറങ്കികള്‍ തടവിലാക്കി ഗോവയിലേക്ക് കൊണ്ടുപോയി. കുഞ്ഞാലിയുടെ കൂടെയുണ്ടായിരുന്ന കുറച്ചുപേര്‍ മതം മാറി മാപ്പുചോദിച്ച് ജീവന്‍ രക്ഷിക്കാന്‍ തയ്യാറായെങ്കിലും കുഞ്ഞാലിമരയ്ക്കാരും അടുത്ത കൂട്ടുകാരും അവസാനംവരെ ചെറുത്തുനിന്നു.

പറങ്കികള്‍ ഗോവയില്‍ വെച്ച് കുഞ്ഞാലിയുടെ തലയറുത്ത് കപ്പലില്‍ കണ്ണൂരിലേക്കയച്ചു. ധീരപരാക്രമിയും ദേശാഭിമാനിയുമായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ വധിക്കപ്പെട്ടുവെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ പ്രയാസമായിരുന്നു. അതുകൊണ്ടാണ് തലയറുത്ത് കുന്തത്തില്‍ കുത്തിവെച്ച് കണ്ണൂരില്‍ പ്രകടനം നടത്തിയത്. ദേശാഭിമാനപ്രചോദിതമായ ആ ധീരയുദ്ധത്തിന്‍റെ അവസാനം ദുരന്തമായിത്തീര്‍ന്നു. കുഞ്ഞാലിയുടെ കോട്ട മുഴുവന്‍ പോര്‍ച്ചുഗീസുകാര്‍ ചുട്ടുകരിച്ചു. ഇന്ന്, മരയ്ക്കാര്‍കോട്ട നിന്നിരുന്ന ഇരിങ്ങല്‍പ്പാറപോലും അടിച്ചുനിരത്തിയിരിക്കുന്നു. ആ സ്ഥലത്താണ് കേരള സര്‍ക്കാരിന്‍റെ ‘സര്‍ഗ്ഗലയ’ എന്ന പേരിലുള്ള ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

ഒരു നൂറ്റാണ്ട് മുഴുവന്‍ നീണ്ടുനിന്ന മരയ്ക്കാര്‍മാരുടെ നാവികയുദ്ധങ്ങളും ചെറുത്തുനില്‍പ്പും ഹിന്ദു മുസ്ലിം സൌഹൃദത്തിന്‍റെ പ്രത്യക്ഷലക്ഷണമായ വീരസാഹസിക പ്രവര്‍ത്തനങ്ങളും ഒരു ദുഖസ്മരണയായി അവശേഷിച്ചു. എങ്കിലും ആ പോരാട്ടം കേരളചരിത്രത്തില്‍ ഒരു സുവര്‍ണ അദ്ധ്യായമായാണ് കുറിച്ചത്. മുമ്പും പിമ്പും നോക്കാതെയുള്ള മരയ്ക്കാര്‍മാരുടെ ചെറുത്തുനില്‍പ്പ്‌ ഇല്ലായിരുന്നുവെങ്കില്‍ പതിനാറാം നൂറ്റാണ്ടിലെ അറബിക്കടല്‍ ഒരു പറങ്കിക്കടലായി മാറുമായിരുന്നു. കേരളം ഗോവയെപ്പോലെ പോര്‍ച്ചുഗീസ്‌ സാമ്രാജ്യത്തിലെ ഒരു സംസ്ഥാനമായി മാറുമായിരുന്നു.

Contact the author

MGS Narayanan

Recent Posts

Web Desk 3 months ago
History

ഇന്ത്യയില്‍ കറുത്ത താജ്മഹ്ലോ?!

More
More
History

12,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍റെ കാല്‍ പാടുകള്‍ കണ്ടെത്തി

More
More
Web Desk 5 months ago
History

ചൈനയെ മുട്ടുകുത്തിച്ച കറുപ്പ് യുദ്ധം

More
More
Web Desk 8 months ago
History

ഹിന്ദുവും മുസ്ലീമും സിഖും സ്വാതന്ത്ര്യപ്പോരാളിയും ഒന്നാണെന്ന് തെളിയിച്ച റാം മുഹമ്മദ് സിങ് ആസാദ്

More
More
Web Desk 9 months ago
History

മനുഷ്യന് ഭൂമിയില്‍ ശാശ്വത ജീവിതമില്ല; ദിനോസറുകളില്‍ പാഠങ്ങളുണ്ട്- അബ്ദുൾ റഹ്മാൻ താനൂർ

More
More
Web Desk 10 months ago
History

'ഹബീബ്... എന്റെ നാട്ടുകാരോടു പറയൂ, ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യുമെന്ന്'- നേതാജിയുടെ ഓര്‍മ്മകള്‍ക്ക് 125 വയസ്

More
More