കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎസ് പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി. വാക്സിന് എടുത്തവരും ഇന്ത്യയിലേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ മുഴുവന്‍ ഡോസ് വാക്സിനും സ്വീകരിക്കണമെന്നും യുഎസ് മുന്നറിയിപ്പ് നല്കുന്നു. ഇന്ത്യയെ കൊവിഡ് രൂക്ഷമാവുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഏജന്‍സി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബ്രീട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഏപ്രില്‍ 25 ന് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യാ സന്ദര്‍ശനം മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെടുകയും നരേന്ദ്രമോദിയുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ എന്തുകൊണ്ട് ഓണ്‍ലൈനായി നടത്തിക്കൂടാ എന്ന് ചോദ്യമുന്നയിക്കുകയും ചെയ്തു. ഇതിന് പുറമേ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്ക് ഹോങ്കോങും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച മുതല്‍ മെയ് മൂന്ന് വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്.
കൊവിഡിന്റെ രണ്ടാം തരംഗം അതിവേഗത്തിലാണ് ഇന്ത്യയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്.