ജ്യോതിരാദിത്യ സിന്ധ്യ: എഡിറ്റോറിയലുകളില്‍ വേദന നിറയുന്നത് എന്തുകൊണ്ടായിരിക്കും

അനേകം നേതാക്കള്‍ വിട്ടുപോയ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, പറഞ്ഞാല്‍ തീരില്ല. എങ്കിലും ഉദാഹരണത്തിലൂടെ മാത്രം കാര്യങ്ങള്‍ വ്യക്തമാകുന്നവര്‍ക്ക് വേണ്ടി ചില പേരുകള്‍ സൂചകമാക്കാമെന്നുമാത്രം. സുഭാഷ്‌ചന്ദ്രബോസും  ഇ എം എസും മൊറാര്‍ജി ദേശായിയും വി.പി സിങ്ങും വരെ കോണ്‍ഗ്രസ്സ് വിട്ടവരാണ്  പലകാലങ്ങളിലായി. പിന്നെ അവരുടെയൊക്കെ നൂറിലൊരംശം പോലും രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഇല്ലാത്ത  ജ്യോതിരാദിത്യ വിട്ടുപോയതില്‍ ദേശീയ മാധ്യമങ്ങള്‍ മുതല്‍ ഇങ്ങു ചെറുപത്രങ്ങള്‍ വരെ വലിയ  ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത് എന്തുകൊണ്ടായിരിക്കും?

മുന്‍ ലോക്സഭാ സ്പീക്കറും മുതിര്‍ന്ന നേതാവുമായിരുന്ന പി.എ.സാംഗ്മയും രാജ്യസഭാ ഉപാധ്യക്ഷയായിരുന്ന നജ്മാ ഹെപ്തുള്ളയും ഏറ്റവും തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ശരത് പവാറും താരിക് അന്‍വറും ജി.കെ.മൂപ്പനാരും മമതാ ബാനര്‍ജിയും ജഗ്മോഹന്‍ റെഡ്ഡിയും വിട്ടുപോയപ്പോള്‍ ഇല്ലാത്ത തരത്തില്‍ എഡിറ്റോറിയലുകളില്‍ വേദന നിറയുന്നത് എന്തുകൊണ്ടായിരിക്കും?

രണ്ടുകാര്യങ്ങള്‍ തോന്നുന്നതില്‍ ഒന്നാമത്തെതും പ്രഥമവും രാജകുമാരന്‍റെ  വിസിബിലിറ്റി തന്നെയാണ്. മേനി പറച്ചിലുള്‍ക്കടിയില്‍, നാം ആഘോഷിക്കുന്ന ജനാധിപത്യത്തിന്‍റെ അടരുകളില്‍ ഒരാറാം തമ്പുരാനെ പ്രതീക്ഷിച്ചിരിക്കുന്ന ഫ്യുഡല്‍ നിഷ്കളങ്കതയെ മറികടക്കാന്‍ നമ്മുടെയെന്നല്ല ജനാധിപത്യത്തിന്‍റെ  ഈറ്റില്ലമെന്നു വിശേഷിപ്പിക്കാറുള്ള ബ്രിട്ടനുപോലും കഴിഞ്ഞിട്ടില്ല. അവിടെ കൊട്ടാരം വിട്ടുപോകുന്ന രാജകുമാരനെയോര്‍ത്തുള്ള കണ്ണീരില്‍ കുതിര്‍ന്ന് അലുത്തുപോകുന്ന പത്രങ്ങള്‍ ഇസ്തിരിയിട്ട് നിവര്‍ത്തിയാണ് ഓരോ ദിവസവും ആളുകള്‍ വായിക്കുന്നത്. പിന്നെ ജാതിശ്രേണികളില്‍ തന്നെ ജീവിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സ്ഥിതി പറയേണ്ടതില്ലല്ലോ.

ഫ്യുഡലിസത്തിന്‍റെ രാഷ്ട്രീയ യുക്തികളെയും സാംസ്കാരിക സൌന്ദര്യബോധത്തെയും പരിഹരിക്കാന്‍ ദേശീയ പ്രസ്ഥാനത്തിനോ നവോഥാന സംരഭങ്ങള്‍ക്കോ പോലും കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ മാത്രമേ ഇന്ത്യന്‍ ഫ്യുഡലിസത്തിലെ പ്രജകള്‍ എന്തുകൊണ്ട് ജനാധിപത്യക്രമത്തിലെ പൌരരായി വളര്‍ന്നില്ല എന്ന വിശകലനം സാധ്യമാകു. തീര്‍ച്ചയായും സ്വാതന്ത്ര്യാനന്തരം വികസ്വരമായിക്കൊണ്ടിരുന്ന പൌരവല്‍ക്കരണത്തെ പ്രജാവല്‍ക്കരിക്കുന്നതില്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമാന്യ യുക്തികളെ താലോലിച്ചു പടര്‍ന്നു പന്തലിച്ച മാധ്യമങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവിടെ വെച്ചാണ് സിന്ധ്യ പോകുന്നതിലുള്ള മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ വേദനകളെ കാണേണ്ടത്.

ഒരാള്‍കൂടി തീവ്ര വലതുപക്ഷ പാളയത്തിലെത്തുന്നതിന്‍റെ സങ്കടമായി അതിനെ വായിച്ചാല്‍, വഴിയോരത്തെ പരസ്യ ബോര്‍ഡുകള്‍ വായിക്കുന്നതുപോലെ ആഴമില്ലാത്ത വായന തുടരാം എന്നുമാത്രം. വേദനിക്കുന്നത് ജനാധിപത്യത്തിന്‍റെ  കുപ്പായമണിഞ്ഞ  ഫ്യുഡല്‍, വരേണ്യ വിധേയ മനസ്സുകള്‍ തന്നെയാണ്. അത് പാര്‍ട്ടികളിലും മാധ്യമങ്ങളിലും ബ്യൂറോക്രസിയിലും ജുഡീഷ്യറിയിലും ധരിച്ച വേഷത്തെക്കുറിച്ചുപോലും ധാരണയില്ലാതെ, വലിയ വായില്‍ ജനാധിപത്യവും പുലമ്പി കറങ്ങിയടിച്ച് നമുക്ക് ചുറ്റും നടപ്പുണ്ട്. അതായത് അടിസ്ഥാന പ്രശ്നം നമ്മുടെ അകങ്ങളിലെ ജനാധിപത്യ ഉള്‍ചേരലില്‍ തന്നെയുണ്ട് എന്നര്‍ത്ഥം. തല ചുഴറ്റിനോക്കുമ്പോള്‍ കണ്ണില്‍ തട്ടുന്ന ജനാധിപത്യത്തിന്‍റെ നേര്‍ത്ത കിരണങ്ങളെ ഇതിനാല്‍ കാണാതിരിക്കുന്നുമില്ല.

രണ്ടാമത്തെ കാര്യമായി തോന്നുന്നത് പ്രസ്ഥാന ഭേദമില്ലാതെ വളര്‍ന്നു വന്ന പൊളിറ്റിക്കല്‍ പ്രൊഫഷന്‍റെ നിലയില്ലാത്ത വാണിജ്യ വല്‍ക്കരണമാണ്. അത്  പിന്നിലേക്കുള്ള ഒറ്റ നോട്ടത്തില്‍ പിടിച്ചെടുക്കാന്‍ പാകത്തില്‍ തൊട്ടുപിന്നില്‍ തന്നെ കിടപ്പുണ്ട്. ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ ഉദാഹരിച്ച ബോസും ഇ.എം.എസും അടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ടുപോയത് ആശയത്തിലെ വ്യതിരിക്തത കൊണ്ടായിരുന്നു. രണ്ടാമത്തെ ഗണത്തിലെത്തുമ്പോള്‍ അത് ആശയവും ആമാശയവും കൂടിച്ചേര്‍ന്ന പ്രകൃയായി പരിണമിച്ചു. ഇങ്ങ് സിന്ധ്യയിലെത്തുമ്പോള്‍ അത് ആമാശയത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നത് കാണാം. ഈ ഘട്ടമാണ് സാമാന്യ ഭാഷയിലെ ഉളുപ്പിനെ മറികടക്കാന്‍ സിന്ധ്യക്കും  എസ്‌.എം.കൃഷ്ണയ്ക്കുമൊക്കെ ( ഈ ഗണത്തില്‍ പെടുന്നവരുടെ പേരുകള്‍ നിരത്താന്‍ നിന്നാല്‍..സമയവും സ്ഥലവും തികയില്ല. സദയം ക്ഷമിക്കുമല്ലൊ ) ശേഷി നല്‍കുന്നത്. ഇത്തരത്തില്‍ വാണിജ്യവല്‍കൃതമായ പോപ്പുലര്‍ കാഴ്ചകളില്‍ 'ആദര്‍ശം' വെറുമൊരു കോമഡിയായി ത്തീരുകയും മണ്ടന്‍മാരുടെ മനോഘടന എന്ന നിലയില്‍ വിശകലനം ചെയ്യപ്പെടുകയും ചെയ്യും. അങ്ങിനെയാണ് അധികാരത്തിലെത്താന്‍ സാധ്യതയില്ലാത്ത ചിന്തകളും സമരങ്ങളും പ്രാന്തവല്‍ക്കരിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും മിക്കവാറുമൊക്കെ ചോദിക്കാനും പറയാനും ആളില്ലാത്തവര്‍ എന്ന നിലയില്‍ അധികാരികളാല്‍ കയ്യേറ്റം ചെയ്യപ്പെടുകയും ചെയ്യുന്നത്.   

ഈ രാഷ്ട്രീയ പശ്ചാത്തലവും സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ മൂല്യങ്ങളുടെ പരിണാമ പരിണതികളും മനസ്സില്‍ വെച്ചുകൊണ്ടല്ലാതെ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ വിശകലനം ചെയ്യാനാവില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ കോണ്‍ഗ്രസ്സ് അടക്കമുള്ള ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണിക്കേണ്ടിയിരുന്ന കരുതല്‍ എന്ന നിലയിലാണ് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കിനെ സമീപിക്കേണ്ടത് . അക്കാര്യങ്ങള്‍ എല്ലാവരും ഇതിനകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിശദീകരിക്കാതെ പറയുകയാവും  സൌകര്യം എന്ന് തോന്നുകയാല്‍ വിശകലനം ശ്ലോകത്തില്‍ കഴിക്കാനാണ് ഇവിടെ ഒരുമ്പെടുന്നത്.

സംഘടന എന്ന നിലയില്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്നു. പ്രശ്നങ്ങള്‍ തോളുതാങ്ങിയെടുത്ത് പ്രവര്‍ത്തിക്കാന്‍ ശേഷിയും രാഷ്ട്രീയ ബോധ്യവും ഇല്ലാത്ത പ്രസ്ഥാനമായി അത് മാറിയിട്ടുണ്ട്. അശോക്‌ ഗഹലോട്ടിനെപ്പോലുള്ള നേതാക്കളും രാഹുലിനെപ്പോലെ ജനാധിപത്യം പുലര്‍ത്തുന്ന നേതാക്കളും പ്രതീക്ഷ തന്നെ. പക്ഷെ ബിജെപി-യെ നേരിടാന്‍ ഇപ്പോള്‍ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം മതിയാവില്ല എന്ന ബോധ്യത്തോടെയുള്ള ഉണര്‍ച്ച മാത്രമേ ഫലം കാണുകയുള്ളൂ എന്ന തിരിച്ചറിവുണ്ടാവണം. ഇന്ത്യയിലെ ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഇത് ബാധകമാണ്. ഒരു കാര്യം തീര്‍ച്ചയാണ്. സ്വന്തം രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയ വേവലാതികളില്‍പ്പെട്ടുഴറുമ്പോള്‍, അവര്‍ക്ക് ചെയ്യാന്‍ സമരങ്ങളുണ്ടാവുമ്പോള്‍, അവര്‍ക്ക് വേദനിക്കാന്‍ ഏറ്റവും വേദനിക്കുന്നവരുടെ വേദനകളുണ്ടാവുമ്പോള്‍ ആരും മറുകണ്ടം ചാടില്ല. അയാള്‍ എത്ര അവസര കാംക്ഷിയാണെങ്കിലും.

ഒരു പ്രസ്ഥാനത്തില്‍ എല്ലാവരെയും കൂടെ നിര്‍ത്തല്‍ അനിവാര്യം തന്നെയാണ്. ആ അര്‍ത്ഥത്തില്‍ സിന്ധ്യയും എസ്‌.എം.കൃഷ്ണയും പോകേണ്ടവര്‍ അല്ലതന്നെ. ഈ അര്‍ത്ഥത്തില്‍ അവരെയടക്കം ഇപ്പോള്‍ കൂടെയുള്ളവരെയെല്ലാം ഇനിയും കൂടെ നിര്‍ത്താനുള്ള സംഘടനാ ചാതുര്യവും പ്രവര്‍ത്തന ശേഷിയും കോണ്‍ഗ്രസ്സ് കാണിക്കേണ്ടിയിരുന്നു. ''എന്തിന്  ഇത്തരം അവസരവാദികളെ കൂടെ നിര്‍ത്തണം? '' എന്ന് ചോദിക്കരുത്.  വ്യക്തികളുടെ രാഷ്ട്രീയ ശുദ്ധി അന്വേഷിക്കുകയുമരുത്. പ്യുരിറ്റേറിയന്‍ സമീപനങ്ങള്‍ വരേണ്യമാണ്.  രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അതിന് സ്ഥാനമില്ല. ഗാന്ധി പോലും 1916- ല്‍ അംഗത്വം എടുത്തത് അഭിപ്രായ വ്യത്യാസം കൊടികുത്തിനിന്ന അന്നത്തെ കോണ്ഗ്രസ്സിലാണ്. തീവ്ര വലതുപക്ഷം എതിരില്‍ നില്‍ക്കുമ്പോള്‍ നാം തെറ്റുകള്‍ പറ്റാത്ത ശുദ്ധ രാഷ്ട്രീയ പ്രസ്ഥാനത്തെയും, വ്യക്തികളെയും തേടിയുള്ള യാത്രയിലായിരുന്നുവെന്നത്  ചരിത്രത്തിലെ ഏറ്റവും വലിയ കോമഡിയായി അവസാനിക്കും. 


Contact the author
Hemalatha Menon
4 years ago

സിന്ധ്യ എന്നല്ല,ചെറുപ്പക്കാരെ മുഴുവൻ ഇങ്ങിനെ അവഗണിച്ചാൽ,അവർ മടുത്ത് മറുകണ്ടം ചാടുന്നതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പഴയ നേതാക്കൾ എത്ര ഉന്നതരായിരുന്നാലും,എത്ര ത്യാഗം സഹിച്ചിരുന്നവരായാലും ഒരു ഘട്ടം കഴിഞ്ഞാൽ പുതുതലമുറക്ക് വേണ്ടി വഴി മാറികൊടുക്കേണ്ടത് അത്യാവശ്യമാണ്.പഴയ തലമുറ യാതൊരു വിട്ട് വീഴ്ചക്കും നില്ക്കാതെ അധികാരത്തിന് വേണ്ടി അള്ളിപ്പിടിച്ചിരിക്കുമ്പോൾ ഇത്തരം മറുകണ്ടം ചാടൽ സ്വാഭാവികമാണ്.അത് സോണിയാ ഗാന്ധി ആയാലും,ഗഹ്ലോട് ആയാലും, ആന്റണി,പട്ടേൽ, വയലാർ രവി തുടങ്ങി ആരായാലും എല്ലാവർക്കും ബാധകമാണ്.

0 Replies

Recent Posts

Web Desk 3 months ago
Editorial

ജനനത്തിയതി തെളിയിക്കാനുളള രേഖകളുടെ കൂട്ടത്തിൽ നിന്ന് ആധാറിനെ ഒഴിവാക്കി ഇപിഎഫ്ഒ

More
More
National Desk 3 months ago
Editorial

അയോധ്യയില്‍ നടക്കാന്‍ പോകുന്നത് ആര്‍എസ്എസും ബിജെപിയും സംഘടിപ്പിക്കുന്ന 'മോദി ഷോ'- രാഹുല്‍ ഗാന്ധി

More
More
Web Desk 3 months ago
Editorial

2023-ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം മെസിക്ക്

More
More
Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

More
More