ഡല്‍ഹി: മെയ് മാസം നടത്താനിരുന്ന സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷകള്‍ റദ്ദാക്കുകയും, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി വെക്കുകയും ചെയ്തു. പ്ലസ് ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ജൂണില്‍ തീരുമാനം എടുക്കും. ഇന്റേര്‍ണല്‍ മാര്‍ക്കുകള്‍ വിലയിരുത്തിയാകും പത്താം ക്ലാസ് കുട്ടികളുടെ ഫല പ്രഖ്യാപനം നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗിലാണ് തീരുമാനം.
ഇന്റേര്‍ണല്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ നല്കുന്ന സ്ഥാനക്കയറ്റത്തില്‍ കുട്ടികള്‍ സംതൃപ്തരല്ലെങ്കില്‍, കൊവിഡ് കുറയുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല് പറഞ്ഞു.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ റദ്ദാക്കുകയോ, ഓണ്‍ലൈനായോ നടത്തണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്ന് തീരുമാനം എടുത്തിരിക്കുന്നത്. പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകള്‍ മെയ് നാലിന് നടത്തുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.