കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഇനിയും ആറ് ഘട്ടം ബാക്കി നില്‍ക്കെ ബിജെപി വിജയിച്ചുവെന്ന് പ്രഖ്യാപിക്കാന്‍ നരേന്ദ്രമോദി ദൈവമോ അമാനുഷികനോ ആണോ എന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹൂഗ്ലി ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
'താങ്കള്‍ എന്താണ് സ്വയം ധരിച്ചുവച്ചിരിക്കുന്നത്. ദൈവമാണെന്നോ അതോ അമാനുഷികനെന്നോ?' മമത ചോദിച്ചു. പശ്ചിമ ബംഗാളില്‍ ബിജെപിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി. 2024-ലെ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ തനിക്കെതിരെ മമത മത്സരിക്കുമെന്ന് നരേന്ദ്രമോദി മമതാ ബാനര്‍ജിയെ പരിഹസിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് മമതാ ബാനര്‍ജിയുടെ 'അമാനുഷിക' പ്രയോഗം.
പ്രചരണ പരിപാടിക്കിടെ ഐഎസ്എഫ് നേതാവ് അബ്ബാസ് സിദ്ദിഖിയെയും മമത പരോക്ഷമായി വിമര്‍ശിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കാനായി ബിജെപി ഒരു വ്യക്തിക്ക് പണം നല്‍കുന്നുണ്ട്. അദ്ദേഹം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട് എന്നാല്‍ ബംഗാളില്‍ അവ നടപ്പിലാകില്ലെന്നും മമത പറഞ്ഞു. അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫ് പാര്‍ട്ടി ഇടതു-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമാണ് ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.