കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും. മലബാര്‍ കേന്ദ്രികരിച്ചാണ് ഇന്ന് രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടികള്‍. കണ്ണൂരിലെയും, കോഴിക്കോടിലെയും പരിപാടികള്‍ക്ക് ശേഷം നാളെ മുരളീ ധരന്‍ വേണ്ടി നേമത്ത് പ്രചരണത്തിനെത്തും.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതിന് മുന്‍പും രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയിരുന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ കേസ് എന്നിങ്ങനെയുള്ള കേസുകള്‍ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കെ. മുരളീധരനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ നേമത്ത് എത്താന്‍ സാധിക്കില്ലന്ന് അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് റോബര്‍ട്ട് വധേരക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് പ്രിയങ്ക ഗാന്ധി സ്വയം കൊവിഡ് നിരീക്ഷണത്തില്‍ പോയത്. ഇതോടെ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് പ്രിയങ്കാ ഗാന്ധി പിന്മാറി. ഈ സാഹചര്യത്തിലാണ് കെ. മുരളീധരന് വേണ്ടി രാഹുല്‍ ഗാന്ധി നേമത്ത് എത്തുന്നത്.