കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പശ്ചിമ ബംഗാളില്‍ 30 ഉം അസമില്‍ 39 ഉം സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ഏഴുമണിക്കാണ് അവസാനിക്കുക.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമം മണ്ഡലത്തിലും ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന മത്സരത്തിനാണ് പശ്ചിമബംഗാള്‍ സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നന്ദിഗ്രാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നന്ദിഗ്രാമില്‍ വോട്ടുളളവരെയല്ലാതെ മറ്റാരെയും മണ്ഡലത്തിലേക്ക് കടത്തിവിടില്ല, അഞ്ചോ അതിലധികമോ ആളുകള്‍ കൂടി നില്ക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. 355 പോളിംഗ് ബൂത്തുകളുളള മണ്ഡലത്തില്‍ കേന്ദ്രസേനയുടെ 22 ട്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ട്. വെളളിയാഴ്ച്ച അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മാര്‍ച്ച് 27-നായിരുന്നു പശ്ചിമബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്.