ഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരത് പവാറിനെ പിത്താശയ സംബന്ധമായ അസുഖം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണെന്ന് എന്‍സിപി വക്താവ് നവാബ് മാലിക്. മാര്‍ച്ച് 31-നാണ് എന്‍ഡോസ്കോപ്പിയും ശസ്ത്രക്രിയയും നടത്തുക എന്നും നവാബ് മാലിക് പറഞ്ഞു.
കഴിഞ്ഞ ദിവസം അടിവയറ്റില്‍ വേദനയുണ്ടായതിനെത്തുടര്‍ന്ന് ശരത് പവാറിനെ പരിശോധനക്ക് വിധേയനാക്കുകയും തുടര്‍ന്ന് പിത്താശയത്തില്‍ കല്ലുകള്‍ കണ്ടെത്തുകയുമായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയതായും മാലിക് കൂട്ടിച്ചേര്‍ത്തു.
ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുളള മഹാരാഷ്ട്ര വികാസ് അഘാദി സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ശരത് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസുമെല്ലാം വികാസ് അഘാദി സഖ്യത്തിന്റെ ഭാഗമാണ്.