കോഴിക്കോട്: ബിജെപി വോട്ട് ലക്ഷ്യം വെച്ചുള്ള പ്രസ്താവനകളാണ് ലീഗ് സ്ഥാനാര്‍ഥിയായ കെ എന്‍ എ ഖാദര്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ നടത്തുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൌരത്വ ഭേദഗതി നിയമം പ്രാബാല്യത്തില്‍ വരുമ്പോള്‍ അതിനായുള്ള ഫോറങ്ങള്‍ പൂരിപ്പിച്ചുനല്‍കാന്‍ ലീഗ് സഹായിക്കുമെന്ന കെ എന്‍ എ ഖാദറിന്‍റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ നാമ നിര്‍ദ്ദേശ പത്രിക തള്ളിപ്പോയത് യാദൃശ്ചികമാണ് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. അത് വെറും കയ്യബദ്ധം പറ്റിയതാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ബിജെപി പിന്തുണ നേടാനുള്ള ലീഗ് സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഇത് തെളിയിക്കുന്നതാണ്. നിയമസഭയില്‍. പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിന് കെ എന്‍ എ ഖാദറും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടിപ്പോള്‍ അങ്ങേയറ്റം ഔചിത്യമില്ലാത്ത പ്രസ്താവനകളാണ് വോട്ടിന് വേണ്ടി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത് - മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ ഫോറങ്ങള്‍ പൂരിപ്പിച്ചുനല്‍കാന്‍ സഹായിക്കുമെന്ന് പറയുന്ന ലീഗുകാര്‍ ബിജെപി ഒരുക്കാന്‍ പോകുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാനും മടിക്കില്ല. ഇവിടെയാണ് ലീഗിന്‍റെ സത്യസന്ധയും നിലപാടും നാം കാണേണ്ടത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.