ഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനും തമിഴ്നാടിനും സുപ്രീംകോടതി നോട്ടീസ്. 1886-ലെ പട്ടയകരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന എന്‍ജിഒ നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കേരള-തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചത്. ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ തമിഴ്നാട് ലംഘിച്ചാല്‍ 1886-ലെ പട്ടയം റദ്ദാക്കാന്‍ കേരളസര്‍ക്കാരിന് അവകാശമുണ്ടെന്നും കരാര്‍ റദ്ദാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഹര്‍ജി ഏപ്രില്‍ 22-നായിരിക്കും കോടതി പരിഗണിക്കുക. മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിപാലിക്കുന്നതിനായി കോടതി നല്കിയ നിര്‍ദേശങ്ങള്‍ തമിഴ്നാട് പാലിച്ചിട്ടില്ല, ഡാമിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നതിനായുളള നടപടികളും തമിഴ്നാട് സ്വീകരിച്ചിട്ടില്ല ഇവയെല്ലാം കരാര്‍ ലംഘനമായി കണക്കാക്കണം തുടങ്ങിയവയാണ് ഹര്‍ജിക്കാരുടെ ആവശ്യം. സമാനമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നേരത്തെ കേരളം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തളളുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഹര്‍ജിയുമായി സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.