സത്യാനന്തര കാലത്തെ ബാല ശങ്കരന്മാർ - കെ. ടി. കുഞ്ഞിക്കണ്ണൻ

ബാലശങ്കർ എന്ന സംഘിവിചാരകൻ തനിക്ക് സീറ്റ് കിട്ടാത്ത കെറുവിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നടത്തിയ ആരോപണത്തെ വിവാദമാക്കി സിപിഐ എം - ബിജെപി ബാന്ധവമാണെന്ന് വരുത്തി തീർക്കാനും തങ്ങളുടെ ചരിത്രപരമായ ആർ എസ് എസ് ബാന്ധവത്തിനും വോട്ടുകച്ചവടത്തിനും മറയിടാനും കഴിയുമോയെന്ന കുത്സിത ശ്രമമാണ് യുഡിഎഫ് നേതാക്കൾ നടത്തിനോക്കുന്നത്. ബാലശങ്കർ പ്രവർത്തിക്കുന്ന ഡൽഹിയിലെ സംഘി വിചാര കേന്ദ്രങ്ങൾ ബിജെപിയുടെ ഉപജാപ രാഷ്ടീയത്തിൻ്റെയും മോഡി - അമിത് ഷാമാരുടെ പൊളിറ്റിക്കൽ എഞ്ചിനിയറിംഗിൻ്റെയും ആസൂത്രണ കേന്ദ്രങ്ങളാണല്ലോ. അതിൻ്റെ വിശദാംശങ്ങളുടെ പരിശോധന ഈ കുറിപ്പിൻ്റെ ഉദ്ദേശമല്ല. ആർ എസ് എസ് അജണ്ടയിൽ കളിക്കുന്ന മൃദു ഹിന്ദുത്വവാദികളുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് കേരളത്തിലെ കോൺഗ്രസ്സിൻ്റെ രാഷ്ട്രീയം.

1991ലെ കുപ്രസിദ്ധമായ കോലീബി പരീക്ഷണങ്ങളുടെ പല തരത്തിലുള്ള പ്രയോഗങ്ങളിലൂടെയാണ് ഇന്നും കോൺഗ്രസ് മുന്നണി ഒരു ലജ്ജയുമില്ലാതെ പിടിച്ച് നില്ക്കാൻ നോക്കുന്നത്. ബി ജെ പി ക്ക് കേരള അസംബ്ലിയിൽ അക്കൗണ്ട് തുറക്കാൻ 2016-ൽ നേമത്ത് ഘടകകക്ഷിക്ക് സീറ്റ് വിട്ടുകൊടുത്തു് ദുർബ്ബല സ്ഥാനാർത്ഥിയെ നിർത്തിച്ച് കോൺഗ്രസ് വോട്ടുകൾ ഒന്നിച്ച് താമര ചിഹ്നത്തിലേക്ക് മാറ്റി കുത്തികൊടുത്തവരാണല്ലോ ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും കോൺഗ്രസ്. 

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 6,705 വോട്ട് മാത്രം കിട്ടിയ ബി ജെ പി ക്ക് 2016ൽ എവിടെ നിന്നാണ് 67813 വോട്ട് നേടി നിയമസഭയിലെത്താൻ കഴിഞ്ഞത്. 2006 ൽ 60,884 വോട്ടു ലഭിച്ച യുഡിഎഫിന് 2016ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 13,860 വോട്ട് മാത്രം! എന്നുവെച്ചാല്‍ കോൺഗ്രസ് വോട്ടുകൾ സംഘടിതമായി മുൻ തീരുമാനമനുസരിച്ച് ബി ജെ പി ക്ക് ചെയതുവെന്നല്ലേ അര്‍ഥം.

കേരളാ നിയമസഭയില്‍ അക്കൗണ്ട് തുറക്കുക എന്ന കേരളാസംഘികളുടെ മോഹം 2016ൽ സഫലമാക്കി കൊടുത്തവർ ഈ തെരഞ്ഞെടുപ്പിലും നിരവധി മണ്ഡലങ്ങളിൽ ബിജെപിയുമായി കൃത്യമായ ധാരണയിലാണ് നീങ്ങുന്നത്. അതിൻ്റെ വസ്തുതകളിലേക്കും വിശദാംശങ്ങളിലേക്കും പോകും മുമ്പ് വ്യാജങ്ങളും അസംബന്ധങ്ങളും സത്യമാണെന്ന് വരുത്തുന്ന സത്യാനന്തര കാലത്തെ പ്രചരണതന്ത്രങ്ങളെയും അതിനായുള്ള ഇൻ്റലിജൻസ് പ്രവർത്തനങ്ങളെയും കുറിച്ചൊന്ന് സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. വ്യാജങ്ങൾ രാഷ്ട്രീയ പ്രത്യയശാസ്ത്രമായിത്തീർന്നിരിക്കുന്ന കാലത്തെയാണ് പലരും സത്യാനന്തര കാലമെന്ന് വിളിക്കുന്നത്. ഇവാൻ ഡേവിസ് തൻ്റെ "പോസ്റ്റ് ട്രൂത്ത് " എന്ന ഗ്രന്ഥത്തിൽ സത്യാനന്തര കാലത്തെ അസംബന്ധങ്ങളുടെ കാല (Age of bullshit) മായിട്ടാണ് വിശേഷിപ്പിക്കുന്നത്. 

യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാനായി വ്യാജങ്ങൾ തള്ളിവിടുന്ന, വ്യാജങ്ങൾ യാഥാർത്ഥ്യമാണെന്ന് വരുത്തി തീർക്കുന്ന രാഷ്ട്രീയ പ്രചരണതന്ത്രമാണിതെന്ന്  ഡേവിസ് നിരീക്ഷിക്കുന്നുണ്ട്. ജനാധിപത്യഇടതുപക്ഷ രാഷ്ട്രീയത്തെ അപകീർത്തിപ്പെടുത്താനും തകർക്കാനുമുള്ള പ്രചാരണ പ്രത്യയശാസ്ത്ര തന്ത്രമെന്ന നിലയിലാണ് ഇത്തരം ഫാസിസ്റ്റാനന്തര തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നതെന്ന് ഡേവീസ് നിരീക്ഷിക്കുന്നു. ഇതിനായി വലിയ അസംബന്ധകാരന്മാരെ (bull Shitters) സൃഷ്ടിച്ചെടുക്കാനായി വലതുപക്ഷ വ്യവസ്ഥാ രാഷ്ട്രീയത്തിൻ്റെ ആസൂത്രകരും കാർമ്മികരുമായ ഇൻറലിജൻസ് ഏജൻസികൾ കൗശലപൂർവ്വം നീക്കങ്ങൾ നടത്തുന്നു. 

ഡേവീസ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അസംബന്ധകാരനെന്ന് തൻ്റെ പുസ്തകത്തിൽ വിശേഷിപ്പിക്കുന്ന ഡൊണാൾഡ് ട്രംപ് തട്ടിവിട്ട നിരവധി അസംബന്ധങ്ങൾ വിശകലന വിധേയമാക്കുന്നുണ്ട്. ലോകത്തിൻ്റെയും അമേരിക്കയുടെയും ജനാധിപത്യത്തെയും അതിനുവേണ്ടി നിലകൊള്ളുന്ന ശക്തികളെയും തകർക്കാനുള്ള ആസൂത്രിത തന്ത്രം എങ്ങനെയാണ് ഇത്തരക്കാര്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നത് എന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. തങ്ങൾക്ക് നേരെ ഉയർന്നുവരുന്ന അല്ലെങ്കില്‍ ഉയർന്നുവരാനിടയുള്ള വിമർശനങ്ങളെയും അതിലൂടെ ഉന്നയിക്കപ്പെടുന്ന വസ്തുതകളെയും സംബന്ധിച്ച ആരോപണങ്ങള്‍ തിരിച്ചിട്ട് എതിരാളികള്‍ക്ക് മേല്‍ ആരോപിക്കുക എന്ന വലതുപക്ഷ ഫാസിസ്റ്റ് തന്ത്രമാണ് ഇത്. തങ്ങൾക്ക് എതിർക്കേണ്ട, തോല്പിക്കേണ്ട ശക്തികളുടെ വിശ്വാസ്യത തകർക്കാനായി വ്യാജങ്ങളും നുണകളും സൃഷ്ടിക്കുക, ചെറുതും വലുതുമായ അസംബന്ധകാരന്മാരെ കണ്ടെത്തി വ്യത്യസ്ത താല്പര്യങ്ങളിൽ നിന്നുകൊണ്ട് അവർ നടത്തുന്ന പ്രസ്താവനകളെ തങ്ങളുടെ വ്യാജങ്ങളെ സാധൂകരിക്കാനുള്ള സാക്ഷിമൊഴികളും തെളിവുകളുമായി എടുത്തുദ്ധരിച്ച് വൻകിട മാധ്യമ സഹായത്തോടെ ആശയക്കുഴപ്പം സൃഷ്ടിക്കുക. ഈ സാഹചര്യത്തെയാണ് ഡേവീസ് സത്യാനന്തര കാലം അഥവാ അസംബന്ധങ്ങളുടെ കാലമെന്ന് വിശദീകരിക്കുന്നത്. 

വലതുപക്ഷ രാഷ്ട്രീയ ജീർണ്ണതയുടേയും വംശീയതയുടെയും/വർഗീയതയുടെയും അഴുക്ക് ചാലുകളിൽനിന്നും ഉയർന്നുവരുന്ന ഈ നുണയൻ സമൂഹം ജനാധിപത്യ രാഷ്ട്രീയത്തിന് വലിയ ഭീഷണിയായിത്തീരുന്നുവെന്നാണ് യുഗോസ്ലോവ്യയുടെ ശിഥിലീകരണത്തെയും സിറിയയിൽ നടന്ന അൽ ഖ്വയ്ദയെ വെച്ചുകൊണ്ടുള്ള അട്ടിമറി നീക്കങ്ങളെയും വിശകലനം ചെയ്തുകൊണ്ട് ചോംസ്കി നിരീക്ഷിക്കുന്നത്. നിയോലിബറൽ കാലമെന്നത് ബുർഷ്വാസിക്കിടയിലെ എല്ലാ വിഭാഗങ്ങളും വംശീയ വർഗീയ വാദികളുമായി ചേർന്ന് കമ്യുണിസ്റ്റ് ഇടതുപക്ഷ രാഷട്രീയത്തെയും സർക്കാറുകളെയും അസ്ഥിരീകരിക്കുന്ന സംഭവവികാസങ്ങൾ നിറഞ്ഞതാണ്. പ്രതിലോമപരവും പ്രക്ഷുബ്ദവുമായ നവ ഫാസിസ്റ്റ് കാലം.

കേരളത്തില്‍ കെപിസിസി സെക്രട്ടറിമാർവരെ ബിജെപിയിലേക്ക് തള്ളിക്കയറുന്ന അവസ്ഥയാണുള്ളത്. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ ഇനിയും എത്ര പേർ പോകുമെന്ന് ആർക്കുമൊരു നിശ്ചയവുമില്ല. പല മണ്ഡലങ്ങളിലും പരസ്പര ധാരണയിലാണ് കോൺഗ്രസും ബിജെപിയും  സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്. ആറന്മുള ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ്. അവിടെ മത്സരിക്കണമെന്ന് ബിജെപിയിലെ പലർക്കും താല്പര്യമുണ്ട്. അവരത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കോൺഗ്രസുമായുള്ള ധാരണയനുസരിച്ച് വളരെ ദുർബ്ബലനായ ഒരു സ്ഥാനാർത്ഥിയെയാണ് ആറന്മുളയില്‍ ബിജെപി നിർത്തിയിരിക്കുന്നത്. ഓർത്തോഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഒരു ബിജു മാത്യു.കോൺഗ്രസ് പ്രവർത്തകനായിരുന്ന ഈ ബിജു മാത്യു കോൺഗ്രസ് വിട്ട് ബ്ലോക്ക് സ്ഥാനാർത്ഥിയായി മത്സരിച്ച ആളാണ്. കാര്യമായ രാഷ്ടിയ പാരമ്പര്യമൊന്നുമില്ല. തങ്ങളുടെ എ ക്ലാസ് മണ്ഡലത്തിൽ ഇങ്ങനെയൊരു സ്ഥാനാർത്ഥി വന്നത് ആറന്മുളയിൽ ബിജെപി വോട്ട് കോൺഗ്രസിന് മറിച്ചു ചെയ്യാനും പകരം കോൺഗ്രസ് വോട്ട് കോന്നിയിൽ ബിജെപിക്ക് ചെയ്യാനുമാണ്. കെ സുരേന്ദ്രന് നിയമസഭയിലെത്താനുള്ള കോൺഗ്രസിൻ്റെ ഒരു കൈ സഹായം. ഇത് വിവാദമായതോടെയാണല്ലാ ആറന്മുളയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സിപിഐഎം കാരനാണെന്ന പ്രസ്താവന സുരേന്ദ്രൻ നടത്തുന്നത്. ഇതേതുടര്‍ന്നാണ് യുഡിഎഫും ജമാഅത്തെ ഇസ്ലാമിക്കാരും, സിപിഐഎമ്മുകാര്‍ എൻഡിഎ സ്ഥാനാർത്ഥികളായി മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയുമായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങളാരംഭിച്ചത്. കോൺഗ്രസ് ബിജെപി രഹസ്യബാന്ധവവും ധാരണയും മറച്ചുപിടിക്കാനായി സുരേന്ദ്രനെന്ന അസംബന്ധകാരൻ തട്ടിവിട്ട പ്രസ്താവന ഏറ്റെടുത്താണ് കോൺഗ്രസ് മൗദൂദിസംഘങ്ങൾ ഈ പ്രചാരണം ഏറ്റുപിടിച്ചത്. അസംബന്ധങ്ങളുടെ രാഷ്ട്രീയം കേരളീയ സാഹചര്യത്തിൽ 'ആട്ടിനെ പട്ടിയാക്കുന്ന എന്നിട്ടതിനെ പേപ്പട്ടിയാക്കി' തല്ലിക്കൊല്ലാമെന്നാഗ്രഹിക്കുന്ന മനോരോഗ സമാനയൊരു ഇടതുപക്ഷവിരുദ്ധതയുടേതാണ്.

മാവേലിക്കരയിലും ചേർത്തലയിലുമുള്ള എൻഡിഎ സ്ഥാനാർത്ഥികൾ സിപിഐഎമ്മുകാരാണെന്ന നുണ ആവർത്തിക്കുകയാണ് കണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടിയുള്ള കോൺഗ്രസ് മൗദൂദി സംഘങ്ങൾ. വസ്തുതകളെ വ്യാജങ്ങൾ കൊണ്ടു മൂടിക്കളയാമെന്നാരും കരുതേണ്ട, വസ്തുതകൾ ജനങ്ങളിലെത്തുന്നതുവരെ മാത്രമേ വ്യാജങ്ങൾക്ക് നിലനില്പുള്ളൂ. സൂര്യനുദിക്കുന്നതുവരെ മാത്രമേ അസത്യത്തിൻ്റെ ഇരുട്ട് അനുഭവപ്പെടുകയുള്ളൂവെന്നതാണ് സത്യാനന്തരകാലത്തെ അസംബന്ധകാരന്മാർക്കും അവരെ ആഘോഷിക്കുന്ന മാധ്യമങ്ങളും മനസ്സിലാക്കാതെ പോകുന്നത്. 

Contact the author

Web Desk

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More