ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുളള തമിഴ്നാട് സന്ദര്‍ശനത്തിടെ രാഹുല്‍ ഗാന്ധിയെ പുഷ്അപ് എടുക്കാന്‍ വെല്ലുവിളിച്ച് പത്താംക്ലാസുകാരി. ഒരു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ പുഷ്അപ് ചെയ്യാന്‍ സാധിക്കുമോ എന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് നമുക്ക് പതിനഞ്ചെണ്ണം വരെ ശ്രമിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കന്യാകുമാരി ജില്ലയിലെ മുളഗുമൂട് സെന്റ് ജോസഫ്സ് മെട്രിക് സ്കൂളിലെ മെറോലിന് ഷെനിഗയാണ് പുഷ്അപ് ചാലഞ്ചിന് രാഹുലിനെ ക്ഷണിച്ചത്.
വിദ്യാര്‍ത്ഥിക്കൊപ്പം പുഷ്അപ് ചെയ്ത രാഹുല്‍ അവസാനം അവള് വിജയിച്ചുവെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. മെറോലിനൊപ്പമുളള പുഷ്അപ് ചാലഞ്ച് പൂര്‍ത്തിയാക്കിയതിനുശേഷം ഒറ്റക്കൈ കൊണ്ട് ഒരു പുഷ്അപ്പുകൂടി എടുത്താണ് രാഹുല്‍ ചാലഞ്ച് അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊല്ലം വാടി കടപ്പുറത്ത് നിന്ന് കടലിലേക്കുപോയ രാഹുല്‍ ഗാന്ധി മത്സ്യതൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടി നീന്തുന്ന വീഡിയോയും വൈറലായിരുന്നു. വല വലിച്ചുകയറ്റാന്‍ അവര്‍ക്കൊപ്പം കൂടുകയും മത്സ്യതൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.