യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡറായ കാസിം സൊലൈമാനി ആരാണ്?

Sufad Subaida 4 years ago

ഇറാന്‍റെ അന്താരാഷ്ട്ര സായുധ സേനയായ ഖുദ്സ് ഫോഴ്‌സിന്‍റെ തലവനായിരുന്നു അമേരിക്ക കൊലപ്പെടുത്തിയ ജനറൽ കാസിം സൊലൈമാനി. നിര്‍മാണത്തൊഴിലാളിയായി തുടങ്ങി, ഒടുവില്‍ ഇറാനിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി വളർന്ന സൈനിക മേധാവിയായിരുന്നു അദ്ദേഹം. ഒമാന്‍ ഉള്‍ക്കടലില്‍നിന്ന് ഇറാഖ്, സിറിയ, ലെബനന്‍ വഴി മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കന്‍ തീരങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ‘പ്രതിരോധത്തിന്‍റെ അച്ചുതണ്ട്’ എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന സ്വാധീനമേഖലയുടെ സ്രഷ്ടാവാണ് സൊലൈമാനി. പശ്ചിമേഷ്യക്കാർക്ക് സുപരിചിതനെങ്കിലും പാശ്ചാത്യർക്ക് തീർത്തും അജ്ഞാതനായിരുന്നു അദ്ദേഹവും അദ്ദേഹത്തിന്‍റെ പദ്ധതികളും. ഐസിസിനെ ഇറാഖിൽനിന്നും കെട്ടുകെട്ടിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രം സൊലൈമാനിയായിരുന്നു.

ഖുദ്സ് സേനാ വിഭാഗത്തിന്‍റെ തലവനെന്ന നിലയില്‍ സൊലൈമാനിയെ അമേരിക്ക ശ്രദ്ധിക്കാന്‍ തുടങ്ങിയത് 2003-ലെ ഇറാഖ് അധിനിവേശകാലത്താണ്. കര്‍ബലയില്‍ അഞ്ച് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് ഉത്തരവാദി ഖുദ്സ് സേനയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. 2007-ല്‍ അമേരിക്ക സൊലൈമാനിക്ക് യാത്രാ ഉപരോധം ഏര്‍പ്പെടുത്തി. അക്കാലം മുതൽ സൊലൈമാനിയെ ആജന്മ ശത്രുവായാണ് അമേരിക്ക കണക്കാക്കുന്നത്. നൂറുകണക്കിന് അമേരിക്കൻ സൈനികരുടെ ചോരയ്ക്ക് ഉത്തരവാദി അദ്ദേഹമാണെന്ന് അവർ വിശ്വസിക്കുന്നു. അതേസമയം, ഇറാനിലെ ഹീറോ ആണ് സൊലൈമാനി. അമേരിക്കയുടെ നിരന്തരമുള്ള നിഴലാക്രമണങ്ങള്‍ക്കും, ഉപരോധങ്ങള്‍ക്കുമെല്ലാം അതേ നാണയത്തിൽ തിരിച്ചടികൾ നൽകി അവരുടെ അഭിമാനം സംരക്ഷിക്കുന്നത് അദ്ദേഹമാണെന്ന് ഇറാനികള്‍ കരുതുന്നു.

അമേരിക്കൻ സൈന്യത്തിന്‍റെ ഹിറ്റ്‌ലിസ്റ്റിൽ എന്നും ജനറൽ കാസിം ഉണ്ടായിരുന്നു എന്നത് ഉറപ്പാണ്. അമേരിക്ക ഉൾപ്പെടെയുള്ള ആറു രാജ്യങ്ങൾ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറിൽനിന്ന് ഒന്നര വർഷം മുൻപ് ട്രംപ് ഏകപക്ഷീയമായാണ് പിൻവാങ്ങിയത്. തുടര്‍ന്ന്‍ ഇറാനെതിരെ ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇറാനുമേല്‍ നിരീക്ഷണവും ശക്തമാക്കിയ അമേരിക്ക ഇറാന്‍റെ ആകാശത്തുകൂടെ ഡ്രോൺ പറത്താന്‍ ശ്രമിച്ചു. ഇറാൻ അത് തൽക്ഷണം തകർത്തത് അമേരിക്കയുടെ ഹുങ്കിനേറ്റ കനത്ത തിരിച്ചടിയായിരുന്നു.

മാത്രവുമല്ല, കഴിഞ്ഞ വർഷം ഗൾഫിൽ സൗദി അറേബ്യ, യുഎഇ, ജപ്പാൻ, നോർവെ എന്നീ രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു. സെപ്റ്റംബറിൽ സൗദി അറേബ്യയിലെ ഒരു എണ്ണപ്പാടത്തിനും എണ്ണ സംസ്ക്കരണ ശാലയ്ക്കു നേരെയും ആക്രമണമുണ്ടായി. എല്ലാം ഇറാന്‍റെ പിന്തുണയുള്ള ഹൂതി വിമതരാണ് നടത്തിയതെന്ന് പാശ്ചാത്യലോകം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഹൂതി പോരാളികളുടെ കൈവശം ഇറാന്‍റെ മിസൈൽ നൽകിയത് സൊലൈമാനിയുടെ തന്ത്രമാണ് എന്നാണ് അമേരിക്കയുടെ വാദം. പരിഷ്കരിച്ച എസ്എ–7 മിസൈലുപയോഗിച്ചാണ് ഇറാൻ അമേരിക്കൻ ഡ്രോണുകൾ തകർത്തത്. സൊലൈമാനിയെ ലക്ഷ്യമിടാനും യുഎസ് തിരഞ്ഞെടുത്തത് അതേ വിഭാഗത്തിലെ ഡ്രോൺ തന്നെയായിരുന്നു.

ബഗ്ദാദ് വിമാനത്താവള മേഖലയിലെ ആകാശത്ത് നിശബ്ദമായി നിലയുറപ്പിച്ച അമേരിക്കയുടെ എക്യു–9 ഡ്രോണിൽ നിന്ന് മണിക്കൂറിൽ 370 കിലോമീറ്റർ വേഗത്തിലെത്തിയ ലേസർ നിയന്ത്രിത ഹെൽഫയർ മിസൈലാണ് ഖാസിം സൊലൈമാനിയുടെ രണ്ടു കാറുകൾ ഉൾപ്പെട്ട വാഹനവ്യൂഹത്തിൽ പതിച്ചത്. വിമാനത്താവളത്തിലെ കാർഗോ ഭാഗത്തു കൂടി പോയ രണ്ട് ടയോട്ട എസ്‌യുവികളിൽ മൂന്നു മിസൈലുകളാണ് പതിച്ചതെന്നാണ് ഇറാഖ് സുരക്ഷാ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ലോഹകഷ്‌ണങ്ങളായി ചിതറിയ വാഹനങ്ങളുടെ ഭാഗമാണ് തുടർന്നുള്ള സിസിടിവി ദൃശ്യങ്ങളിലുള്ളത്. ലക്ഷ്യം പൂർണമായും ഭേദിക്കും വിധം സ്ഫോടനത്തിനു മുന്നോടിയായി ആറു ബ്ലേഡുകൾ വിടർന്ന് തുളച്ചുകയറുന്ന സംവിധാനമാണ് മിസൈലുകളിലുണ്ടായിരുന്നതെന്ന് അന്താരാഷ്‌ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനു മുൻപും പല തവണ സൊലൈമാനിക്കു നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. പലതിൽ നിന്നും അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൂടാതെ, നിരവധി തവണ സുലൈമാനി വധിക്കപ്പെട്ടതായി അമേരിക്ക പ്രചരിപ്പിച്ചിരുന്നു. 2006-ല്‍ ഇറാനിലും 2012-ല്‍ സിറിയയിലെ ദമാസ്‌കസിലും വ്യോമാക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടതായി പ്രചരിച്ചിരുന്നു. 2015 നവംബറില്‍ സിറിയയില്‍ കൊല്ലപ്പെടുകയോ ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്തതായും ഊഹാപോഹമുണ്ടായിരുന്നു.

Contact the author

Sufad Subaida

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More