നടന്നുകൊണ്ട് നില്‍ക്കുന്നവര്‍ - ടി. കെ. സുനില്‍ കുമാര്‍

മനുഷ്യസ്വത്വവാദവും നാഡീസാധാരണത്വവും' എന്ന പരമ്പരയിലെ രണ്ടാമത്തെ  ലേഖനമാണിത്. കനേഡിയന്‍ തത്വചിന്തകയായ എറിന്‍ മാനിങ്ങുമായി നടത്തിയ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ ബാലപ്പെട്ടുത്തിയ ധാരണകളെ നിര്‍ധാരണം ചെയ്യാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.- ടി. കെ. സുനില്‍ കുമാര്‍   

1. ഒരു പുസ്തകം എങ്ങനെയാണ് അതിന് കുറുകെ വായിക്കുക?

2. പുസ്തത്തിന്റെ താളിൽ എഴുതപ്പെടുന്ന അക്ഷരങ്ങൾക്കുമപ്പുറം, എഴുത്തുകാരിയുടെ എഴുത്തുമുറിയിലേക്ക് പ്രവേശിക്കുകയും അവിടെ തുളുമ്പിനിൽക്കുന്ന പാകമാകാത്ത ചിന്തയുടെ ഒപ്പം നിൽക്കുകയും ചെയ്യുക എന്നത് എങ്ങനെയാണ് സാധ്യമാകുക?

ഈ ചോദ്യങ്ങളില്‍ അടയാളപ്പെടുത്തുന്ന തരം വായന എന്നാല്‍, എഴുതപ്പെട്ട വാക്കുകൾക്കുമപ്പുറം കടന്ന് പുസ്തകത്തിനും, വാക്കുകളുടെ ഉൽഭവത്തിനുതന്നെയും മുമ്പേയുള്ള ഒരിടം തേടലാണ്. പുസ്തകം വായിക്കുന്നതോടൊപ്പം എഴുത്തുകാരിയുടെ ഒപ്പംചേർന്ന് എഴുതുക കൂടിയാണ്. എഴുതപ്പെട്ട ഓരോ വാക്കും അതിനുമപ്പുറത്തേക്ക് ചൂണ്ടുമ്പോൾ നിരന്തരം വഴിതെറ്റുന്ന സഞ്ചാരമായി മാറുന്നുണ്ട് വായന.

വാക്ക് ഒരു കൂടുപോലെയാകുന്നു; ചിലപ്പോൾ ഉള്ളിലേക്ക് ചുറഞ്ഞും, മറ്റുചിലപ്പോൾ പുറത്തേക്കു നീളുന്ന ഒരു പടർപ്പായും അത് മാറുന്നു. ഡെലിനിയുടെ അലച്ചിൽ രേഖകൾ (Wandering Lines) പോലെ വായനക്കാരനെ അത് അജ്ഞാതമായ ഇടങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നു. എറിൻ മാനിങ്ങിന്റെ 'ഫോര്‍ എ പ്രാഗ്മാറ്റിക് ഓഫ് ദി യൂസ്ലെസ്' ('For a pragmatics of the useless'-Erin Manning) ഒരു പുസ്തകമെന്നതിനപ്പുറം ചിന്തയ്ക്കുള്ള ഒരു 'ടൂൾ കിറ്റ്' (Tool kit) എന്ന നിലയ്ക്ക് മുന്നോട്ടുവെയ്ക്കുന്ന സാധ്യതകളുടെ ചുവട് പിടിച്ചാണ് ഈ എഴുത്ത്. സങ്കല്പനങ്ങളോടുള്ള ചിന്താപരമായ സാമീപ്യവും ചങ്ങാത്തവും- 'approximation of proximity' എന്നാണ് മാനിങ് തന്നെ വിളിക്കുന്നത്. ആശയതലത്തിലെ അവ്യക്തതകാരണം മാനിങ്ങിനോട് തന്നെ അന്വേഷിച്ചു; ഒന്നിനും മറ്റൊന്നിനും ഇടയിലെ വ്യത്യാസം ഇടിച്ചു നിരപ്പാക്കുകയോ ലോപിച്ചു ഇല്ലാതായി 'അതും ഇതും' ഒന്നെന്ന അഭേദസ്ഥിതിയിലെത്തുകയോ ചെയ്യുകയല്ല, ഉദാഹരണമായി കറുപ്പ് നാഡീവൈവിധ്യം തന്നെയാണ് എന്ന് പറയുമ്പോൾ കറുപ്പിനും നാഡീവൈവിധ്യത്തിനും ഇടയിലെ വ്യത്യാസം തേഞ്ഞ് ഇല്ലാതാകുന്നില്ല. വ്യത്യാസവും സങ്കീർണതയും തിരിച്ചറിഞ്ഞുകൊണ്ട് പുലർത്തുന്ന ചിന്താസാമീപ്യങ്ങളും സമീപനങ്ങളും പ്രധാനമാണല്ലോ. സാദൃശ്യമായവയ്ക്കിടയിലെ വ്യത്യാസങ്ങൾ പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്.

...With approximation of proximity I am trying to complicate the conjunction between different things that tends to be flattened by the word “is” - black life is neurodiverse life. What is this “is” - how can it be made more complex, more differential? We often move too fast toward resemblance when we impose proximity (a black person is… an Indian is… (e-mail communication with Erin Manning)


കറുപ്പിന്റെ സമൂഹികതയെപ്പറ്റി പറയാൻ മാനിങ് കടമെടുക്കുന്ന സങ്കല്‍പ്പനം 'വിഭജിതമല്ലാത്ത വ്യത്യാസം' (Difference without separability) എന്നതാണ്. മുതലാളിത്ത ലോകത്തിൽ നടക്കുന്ന വിനിമയങ്ങൾ വ്യക്ത്യാന്തരങ്ങൾ (inter personal) ആണെന്ന് കാണാം. 'സമൂഹികത' എന്നതിനെ ആൾക്കൂട്ടത്തിലേക്ക് ചുരുക്കാതെ ഗുണപരമായ ഒന്നായാണ് കാണേണ്ടത്. കറുത്തവർ, മുസ്ലീങ്ങൾ, അല്ലെങ്കിൽ മറ്റ് ന്യൂനപക്ഷങ്ങൾ തുടങ്ങിയവർ പൊതുവിടങ്ങളിൽ ഒത്തുകൂടുന്നതിനെ ഭയക്കുകയും വിലക്കുകയും ചെയ്യുന്നത് ഇത്തരം അപരജീവിതസാധ്യതകൾക്കും വിധ്വംസക സാമൂഹികതൾക്കും കൂച്ചുവിലങ്ങിടാൻ കൂടിയാണ്. വിഭജിതമാകാതെയുള്ള വ്യത്യാസം കറുപ്പിന്റെ സൗന്ദര്യാത്മക സമൂഹികതയേയും നാഡീ വൈവിധ്യത്തെയും സമീപസ്ഥങ്ങളാക്കുന്നു.

ഒരു പുസ്തകം തൊടുക്കുന്ന ചിന്തയുടെയും വായനയുടെയും സാധ്യത എന്നതിനപ്പുറം അത് മറ്റൊരു ജീവിതസാധ്യതകൂടിയാകുമ്പോൾ വാക്കുകൾക്കും വായനക്കാരനും ഇടയ്ക്ക് ഒരു 'Middling' നടക്കുന്നുണ്ട്. ഇവിടെ പുസ്തകവും വായനക്കാരനും അനക്കം നിലച്ചവസ്തുക്കളോ വളർച്ചമുറ്റിയ ഉല്പന്നങ്ങളോ അല്ല. വാക്കുകളുടെയും സങ്കൽപനങ്ങളുടെയും വായനക്കാരന്റെയും അതിരുകളിൽ നടക്കുന്ന സൂഷ്മവിനിമങ്ങളാണ് വായന സാധ്യമാക്കുന്നത്. പുസ്തകവും വായനക്കാരനും ഈ പ്രക്രിയയുടെ ഉപസ്ഥിതി മാത്രമാകുന്നു. പ്രവചനാതീതമായ ഇത്തരം വായനകളാണ് ഒരു പുസ്തകത്തെയും എഴുത്തിനെയും നിർവ്വചിക്കുന്നത്. അപ്പോൾ സൃഷ്ടി എഴുത്തുമുറിയേയും എഴുത്തുകാരിയേയും കവിഞ്ഞ് പുറത്തേക്ക് ഒഴുകുന്നു.

മാനിങ്ങിന്റെ പുസ്തകത്തിന്റെ പാതിപിന്നിട്ട ഇടവഴിയിൽ ആണ് John Lee Clark എന്ന 'ബധിര-അന്ധ' എഴുത്തുകാരനെ കണ്ടുമുട്ടുന്നത്.'കണ്ടുമുട്ടുക' എന്നത് ഒരുപക്ഷേ എന്റെ പരിമിതിയായിരിക്കാം. കാഴ്ചകൊണ്ടുള്ള സ്പർശനമാണല്ലോ കണ്ടുമുട്ടൽ. അത് അകലെനിന്നുകൊണ്ടുള്ള തൊടൽ ആണ്. പക്ഷെ അന്ധനായ ഒരാൾ തന്റെ കയ്യിലെ 'സ്പർശിനികളെ' (Metal feeler) കൊണ്ട് സകലതും തൊട്ടറിയുന്നു.

3. ഇടത്തേക്ക്, വലത്തേക്ക്, നേരെ എന്നൊക്കെ വഴികാണിക്കുമ്പോൾ നമ്മൾ വിസ്മരിക്കുന്നത് എന്തൊക്കെയാണ്? 

എയർപോർട്ടിൽ വഴിപറഞ്ഞു കൊടുക്കുന്നതിനെപ്പറ്റി, ജോൺ ക്ലാർക്കിനെ അവലംബിച്ച് മാനിങ് പറയുന്നത് അത്തരം ചൂണ്ടിക്കാണിക്കൽ 'ദൂരവാദം' (Distantism) ആണെന്നാണ്. കുറുകെ തിരക്കിട്ട് നീങ്ങുന്ന ട്രോളികൾ, തറയിൽ മറിഞ്ഞ് കിടക്കുന പാനീയങ്ങൾ, ഫ്ലൈറ്റ് അറ്റൻഡണ്ടിന്റെ വിളിക്ക് സാകൂതം കാത്തിരിക്കുന്ന യാത്രക്കാർ, തൊട്ടടുത്ത ഡ്യൂട്ടിഫ്രീ ഷോപ്പിൽ നിന്നുള്ള പിടിച്ചുവലിക്കുന്ന സുഗന്ധം- ഇങ്ങനെ അന്തരീക്ഷത്തിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്ന എന്തൊക്കെ അവഗണിച്ചാണ് ഇടത്തോട്ട്, വലത്തോട്ട്, നേരെ തുടങ്ങിയ ചുരുക്കെഴുത്തുകൾ സാധ്യമാകുന്നത്. ഒരൊഴുക്കിനെ ചില ബിന്ദുക്കളിൽ ഒതുക്കുന്ന ഇത്തരം 'ശുഷ്ക മാതൃകകൾ' (Deficit model) നാഡീസാധാര ണത്വത്തിലൂന്നിയവയാണ്. നമ്മുടെ നിർമ്മിതികൾ 'സ്പർശാനുകൂല' (Pro tactile) മാകാൻ അതിന്റെ കൂർത്ത അഗ്രങ്ങൾ ഇനിയും എത്രയോ ഗോളീയത ആർജിക്കേണ്ടിയിരിക്കുന്നു.

മാനിങ് കാണിച്ച വഴികൾ പിന്തുടർന്നാണ് John Lee Clark ക്കിന്റെ 'Where I stand ' എന്ന പുസ്തകം വാങ്ങി വായിക്കുന്നത്. പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നതുപോലെ 'ഒരു ബധിര അന്ധവ്യക്തി എന്ന നിലയ്ക്ക് 'നില്ക്കുക' എന്നാൽ ഒരിടത്ത് അനങ്ങാതെ നിൽക്കലല്ല. ഒരു ബസിനായുള്ള കാത്തിരിപ്പ് പോലും എനിക്ക് അനങ്ങികൊണ്ടിരിക്കലാണ്. ഇങ്ങനെ നടന്നുകൊണ്ട് നിൽക്കുന്നത് ഞാൻ എവിടെയാണ് എന്നതിനെപ്പറ്റി എനിക്ക് അറിവ് തരുന്നു. (Clark-2014) നില്പിലുള്ള ഈ അന്തരങ്ങൾ ചിന്തയിലും എഴുത്തിലും പ്രകടമാണ്.


മനുഷ്യർ ശാസ്ത്രത്തിന്റെ സഹായത്തോടെ ഭൂമുഖത്ത് നിന്നും 'വൈകല്യത്തെ' തുടച്ചു നീക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ്. ബധിര ജീവിതം കുഴപ്പം പിടിച്ച ഒന്നാണ് എന്നാണ് ഇവരുടെ ധാരണ. ജനിറ്റിക്കൽ എൻജിനീയറിങ്ങിനെയോ കേൾവിശക്തി ആർജിക്കാനുള്ള ശാസ്ത്രക്രിയയെയോ കുറിച്ചു കേൾക്കുമ്പോൾ ആംഗ്യഭാഷയിൽ സംസാരിക്കുന്ന ബധിരസമൂഹത്തിന് ചങ്കിടിപ്പായിരിക്കും. 'ഞാൻ ബധിരനും മൂകനുമായിരിക്കാൻ ഇഷ്ടപ്പെടുന്നു, ലോകത്തിനു വേണ്ടി മാറാൻ ഒരുക്കമല്ല'.(John Clark 2014) ബധിരതയല്ല വൈകല്യം, മറിച്ച് അതിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും വിവേചനവുമാണ്.

4. ബധിരരുടെ ഒരു സമൂഹം അല്ലെങ്കിൽ ഒരു ദ്വീപ്... കേൾവിശക്തിയുള്ള മറ്റാരും അവിടെയില്ല, എന്ത് സംഭവിക്കും?

ജോണ്‍ ലീ ക്ലാര്‍ക്ക് ഒരു സങ്കല്പിക പരീക്ഷണം നിർദേശിക്കുന്നു. ബധിരരുടെ ഒരു സമൂഹം അല്ലെങ്കിൽ ഒരു ദ്വീപ്.. എല്ലാവരും ചെവിയിൽ ശ്രവണസഹായി ( Cochlear Implant) ധരിച്ചിട്ടുണ്ട്. ഇവരിൽ ആർക്കും അമേരിക്കൻ ചിഹ്നഭാഷ (ASL) വശമില്ല. കേൾവിശക്തിയുള്ള മറ്റാരും അവിടെയില്ല, എന്ത് സംഭവിക്കും? അവർ തീർച്ചയായും ശ്രവണ സഹായികൾ വലിച്ചെറിഞ്ഞ് പുതിയ ചിഹ്നഭാഷ സ്വായത്തമാക്കും. അവരുടെ കേൾവിശക്തി അനുക്രമമായി കുറഞ്ഞുകൊണ്ടേയിരിക്കും. ജോണ്‍ ലീ ക്ലാര്‍ക്കിന്റെ ഭാഷയിൽ 'Spoken English crumbles in to rudimentary code'.(John Lee 2014) അപ്പോൾ ശ്രവണസഹായികൾ ആർക്കുവേണ്ടിയാണ്? എന്തിന് വേണ്ടിയാണ്?

5. ബധിരരായ കുട്ടികളുടെ കേൾവിയുള്ള മാതാപിതാക്കൾ 'ആംഗ്യഭാഷ' പഠിക്കാത്തത് എന്തുകൊണ്ട്?

ബധിരരായ കുട്ടികളുടെ കേൾവിയുള്ള മാതാപിതാക്കൾ എന്തുകൊണ്ട് 'ആംഗ്യഭാഷ' (ASL)പഠിക്കുന്നില്ല എന്നു ക്ലാർക്ക് ചോദിക്കുന്നു. അവർ രക്ഷിതാക്കളാകും മുമ്പ് അവരെ വളർത്തിയതിന്റെ ദോഷമാണത്. കുട്ടികളെ കണ്ടാൽ മതി, കേൾക്കണ്ട എന്ന വിക്ടോറിയൻ ബോധമാണ് അവരെ നയിക്കുന്നത്. അവർ കുട്ടികളുമായുള്ള ആശയ വിനിമയത്തിനുള്ള സാധ്യതകൾ എന്നന്നേക്കുമായി അടച്ചുകളയുന്നു. നമ്മൾ ചെയ്യുന്നതും മറ്റൊന്നല്ല.

മാനിങ്ങിന്റെ പുസ്തകത്തിൽ ഒരിടത്ത് ഇന്ദ്രിയാനുഭവങ്ങളുടെ കൂടിപ്പിണച്ചലിനെ (Synesthesia) പ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അതെന്നെ എന്റെ ഒരു കൗമാരകാലാനുഭവത്തെക്കുറിച്ച് ഓർമിപ്പിച്ചു. മുറിയിലിരുന്ന് ഒളിച്ചു പുകവലികുമ്പോൾ പുറത്തേക്ക് ഗന്ധമറിയാതിരിക്കാൻ ഉച്ചത്തില്‍ എ.ആർ റഹ്മാന്റെ പാട്ട് വെച്ചിരുന്ന കൂട്ടുകാരനെ ഞാൻ കളിയാക്കിച്ചിരിച്ചതോർത്തു. ഗന്ധവും കേൾവിയും കൂട്ടിമുട്ടാമെന്ന് അന്നെനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. 

6. ഗന്ധവും കേൾവിയും കൂട്ടിമുട്ടുമോ ?

നമ്മുടെ കാഴ്ചയിലും കേൾവിയിലുമെല്ലാം ഈ കൂടിക്കലരൽ ഇല്ലേ? പക്ഷെ നാഡീസാധാരണത്വമുള്ള വ്യക്തികളുടെ ശുഷ്‌ക മാത്രൃകയ്ക്ക് അനുഭവങ്ങൾ കീഴടങ്ങുന്നതോടെ ഇന്ദ്രിയാനുഭവങ്ങളുടെ തലത്തിലുള്ള ഈ അതിവ്യാപനം അനുഭവവേദ്യമാകാതെയിരിക്കില്ലേ? അനുഭവങ്ങളുടെ ഇത്തരം വ്യാപ്തതകളുടെ (Voluminousness) അഭാവമാണ് നാഡീസാധാരണത്വത്തിന്റെ ഒരു സവിശേഷതയായി നമ്മൾ ഉയർത്തിക്കാണിക്കുന്നത്. ശരീരവും-ലോകവുമായി നാഡീസാധാരണത്വമുള്ളവരുടെ അനുഭവലോകം വേർപിരിയുന്നു. 'ടെലിവിഷൻ ഓഫ് ചെയ്തിട്ടുണ്ട്, അപ്പോഴും ഉപകരണങ്ങളിലേക്ക് വൈദ്യുതി പ്രവഹിക്കുന്നത് എനിക്ക് കേൾക്കാൻ (എന്റെ തൊലിപ്പുറമേ അറിയുന്നുണ്ട്) കഴിയുന്നുണ്ട് എന്ന് Aspiegrrl തന്റെ 'Autism and Angels' എന്ന ബ്ലോഗിൽ എഴുതിയിട്ടുണ്ട് (Manning 2020). തന്റെ ചുറ്റിലൂടെ പ്രവഹിക്കുന്നത് ശരീരത്തിലൂടെയും പ്രവഹിക്കുമ്പോൾ ലോകം-ശരീരം എന്ന ന്യൂറോടിപ്പിക്കൽ വേർതിരിവ് നിലനിർത്താൻ Aspiegrrl ന് അസാധ്യമാകുന്നു. ഇന്ദ്രിയാനുഭവങ്ങളുടെ ഇത്തരം കൂടിക്കലരലിനെകുറിച്ചുള്ള (Synesthesia) എന്റെ ചില സംശയങ്ങൾക്ക് മാനിങ്ങിൽ നിന്നും ലഭിച്ചത് ചിന്തോദ്വീപകമായ മറുപടികളായിരുന്നു.

'Sensation is overlap,fold,complex.....There is no distantism in the world's feel'.

Do you mean experience and sensations in itself is synesthetic that Neurotypical individuals  fail to experience? 

yes exactly! But I don’t think of neurotypicals as people so much as states that we learn to inhabit.                                                       (Personal Communication with Erin Manning)

നാഡീസാധാരണത്വം വ്യക്തി എന്നതിനപ്പുറം ഒരു സ്ഥിതി ആണ്. ഇന്ദ്രിയാനുഭവങ്ങളുടെ ആധിക്യവും തുടർച്ചയും ഇടകലരലുമൊക്കെ നമ്മൾ ശ്രദ്ധാപൂർവം ഇഴപിരിക്കുന്നു. തിളച്ചു മറിയുന്ന കടലിനെ കേവലം കൈക്കുമ്പിളിൽ കോരിയെടുത്ത് അറിയുന്നു.

Ref:

1.Manning, Erin , For a pragmatics of the Useless. (Duke University Press 2020)

2. Clark , John, Lee.2014.Where I stand: On the signing Community and My DeafBlind Experience.Minnepolis: Handtype Press

Contact the author

T K Sunil Kumar

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More