മനുഷ്യസ്വത്വത്തിനപ്പുറം ചില ജീവിത സാധ്യതകള്‍ - ടി. കെ. സുനില്‍ കുമാര്‍

People, people all around

Not a one to match,

I search for a someone

But I am a clown to watch!

(Mukhopadhyay, Tito 2003)

സ്വത്വരാഷ്ട്രീയം പല കോണുകളിൽ നിന്നും വിമർശന വിധേയമാകുമ്പോഴും മനുഷ്യസ്വത്വവാദത്തെ ആരും ആ ഗണത്തിൽ പെടുത്താറില്ല. 'മനുഷ്യൻ'എന്ന പദംതന്നെ പെട്ടെന്ന് ഓർമയിൽ എത്തിക്കുക മൃഗങ്ങളും സസ്യങ്ങളും ഉൾക്കൊള്ളുന്ന ഒരു ശ്രേണിയിൽ അതിനുള്ള ഔന്നത്യം ആണ്. 'മനുഷ്യൻ' തീർത്തും സ്വാഭാവികവും നിഷ്‌കളങ്കവുമായ ഒരു സംവർഗം എന്ന നാട്യത്തിൽ നടത്തുന്ന ഹിംസാത്മകമായ ഇടപെടലുകൾ എളുപ്പം ആരുടെയും കണ്ണിൽ പിടിക്കാത്ത ഒന്നാക്കുന്നത് നമ്മുടെ ചിന്തയും രാഷ്ട്രീയവും വർഷങ്ങളായി മനുഷ്യസ്വത്വവാദത്തിന്റെ ആലയിൽ കെട്ടിമെരുക്കപെട്ട ഒന്നായത് കൊണ്ടാകണം. 'ആരാണ് മനുഷ്യൻ?'എന്ന ചോദ്യംതന്നെ ഒരു പദ്ധതിയുടെ ഭാഗമാണ്. അത് ചോദിച്ചു തുടങ്ങിയതാകട്ടെ  ചില മുൻകൂർ ഉത്തരങ്ങളോടെയാണുതാനും. 

ആരാണ് മനുഷ്യൻ?

'ആരാണ് മനുഷ്യൻ?'എന്ന ചോദ്യത്തിന്റെ രാഷ്ട്രീയ വിവക്ഷകൾ ചൂണ്ടുന്നത് കൊളോണിയൽ ആധുനികതയുടെ ഭാഗമായി ഓരം ചേർത്തുനിർത്തപ്പെട്ട, മനുഷ്യൻ എന്ന പൊതുധാരയിൽനിന്നും മാറ്റിനിർത്തപ്പെട്ട മർദ്ദിത-പാർശ്വവൽകൃത വിഭാഗങ്ങളെ കുറിക്കാൻ വേണ്ടിയാണ്. ഫലത്തിൽ സകലരേയുമുൾക്കൊള്ളുന്ന, ആരെയും പുറന്തള്ളാത്ത 'ആധുനിക മനുഷ്യൻ' എന്ന നവോത്ഥാന സങ്കല്പനത്തിന് ഇവിടെയും ആരാധകർ ഒരുപാട് ഉണ്ടായി. കേരള നവോത്ഥാനം മുതൽ വിശാല ഇടത് പദാവലികളിൽ കൊരുത്ത മലയാളചിന്തയില്‍ വരെ ഈ മനുഷ്യൻ ഉണ്ട്.

അതേസമയം ലോകത്തിന്റെ മറുപകുതിയിൽ ഫ്രഡ് മോട്ടനെ (Fred Moten) പോലുള്ള ചിന്തകർ 'മനുഷ്യൻ' എന്ന സംവർഗം തന്നെ 'നാഡീസാധാരണത്വം (Neurotypicality) ഉള്ള വെളുത്ത വർഗ്ഗക്കാരനായ (സവർണനായ) പുരുഷനെയാണ് വിവക്ഷിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട് (Harney & Moten 2013). കറുപ്പിന്റെ സാമൂഹ്യ-സൗന്ദര്യശാസ്ത്രം 'നാഡീവൈവിധ്യത്തിൽ' (Neurodiversity) ഊന്നിയ ഒന്നായാണ് ഫ്രെഡ് മോട്ടൻ കണക്കാക്കുന്നത്. കറുപ്പിന്റെ സൗന്ദര്യാത്മക സമൂഹികത ഒരു ഭവശാസ്ത്രത്തിലും സ്വത്വത്തിലും ഒതുങ്ങുന്നില്ല എന്നതാണ് ഇത്തരം സമീപനങ്ങളെ 'വിപ്ലവകരമായ' ഒന്നാക്കി മാറ്റുന്നത്. മനുഷ്യൻ വിമർശനനാതീതമായി തുടരുന്ന കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ 'മനുഷ്യ സ്വത്വവാദ'ത്തിന്റെ സ്വാഭാവികവും നിഷ്‌കളങ്കവുമായ  നില്പിനെ ഉലയ്ക്കേണ്ടതും അടിതെറ്റിക്കേണ്ടതും അടിയന്തിര രാഷ്ട്രീയപ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

മനുഷ്യസ്വത്വവും അപരസ്വത്വ നിര്‍മ്മിതിയും 

കൊളോണിയൽ ആധുനികത മനുഷ്യനോടൊപ്പം, അപരസ്വത്വ സാധ്യതകളെയും സൃഷ്ടിച്ചു എന്നതും ജാതീയവും വംശീയവുമായ അതിക്രമങ്ങൾ മർദ്ദിത വിഭാഗങ്ങളെ താന്താങ്ങളുടെ 'സ്വത്വങ്ങളിൽ' അടിയുറച്ചുള്ള ചെറുത്തുനിൽപ്പുകൾക്കും പോരാട്ടങ്ങൾക്കും പ്രേരിപ്പിച്ചു എന്നതും ഒരു സമകാലിക യാഥാർഥ്യമാണ്. ആധുനികാനന്തരം എന്ന് വിവക്ഷിക്കാവുന്ന ഇത്തരം ചെറുത്തുനില്പുകളെ 'സ്വത്വവാദം'എന്ന് അവമതിച്ചവരാകട്ടെ തങ്ങൾ അകപ്പെട്ടിരിക്കുന്ന ആഴക്കയം കാണാതിരിക്കുകയും സ്വത്വവാദികളേക്കാൾ കൂടിയ മനുഷ്യനായതിൽ ഒളിഞ്ഞും തെളിഞ്ഞും നെഗളിക്കുകയും അഭിമാനം കൊള്ളുകയുംചെയ്തു. അപര സ്വത്വരാഷ്ട്രീയത്തെ വിചാരണ നടത്തുന്ന മനുഷ്യസ്വത്വവാദികളാകട്ടെ 'മനുഷ്യൻ' എന്ന സംവർഗം അതിന്റെ പുറന്തള്ളല്‍ യുക്തിയാൽ കാലങ്ങളായി നടത്തുന്ന ഹിംസകളും വിവേചനങ്ങളും തരിമ്പും പ്രശ്നവൽക്കരിച്ചില്ല. മാത്രമല്ല സർഗാത്മകമായ 'ബദൽ സമൂഹികത' സാധ്യമാക്കുന്ന ഇടപെടലുകളൊന്നും മുന്നോട്ടു വെച്ചതുമില്ല. ഫ്രെഡ് മോട്ടന്റെ തന്നെ വാക്കുകളിൽ 'It proposes no other practices'. (Fred Moten as Quoted in Manning 2020)

നമ്പൂതിരി മാത്രമാണ് മനുഷ്യൻ

നമ്പൂതിരിയെ മനുഷ്യനാക്കാൻ പുറപ്പെട്ട പരിഷ്കരണവാദികൾ കാണാതെപോയത് 'നമ്പൂതിരി മാത്രമാണ് മനുഷ്യൻ' എന്ന സത്യമാണ്. നമ്പൂതിരിക്ക് പുറത്തുള്ള മറ്റു വിഭാഗങ്ങളും ദളിതരും മുസ്ലീങ്ങളുമൊക്കെ 'ഞങ്ങളും ഞങ്ങളും മനുഷ്യരാണ്' എന്ന് പ്രതിഷേധക്കൊടി ഉയർത്തിയപ്പോഴും 'ന്യൂറോടിപ്പിക്കൽ മനുഷ്യസ്വത്വം' അവരുടെ കണ്ണിൽപെടാതെ പിൻവാങ്ങി നിന്നു. ജാത്യാനന്തരകേരളത്തിൽ മനുഷ്യപദവി അർഹിക്കാത്ത നീചജൻമങ്ങൾ മനുഷ്യരായി ജ്ഞാന സ്നാനം ചെയ്യപ്പെടുകയല്ല മറിച്ച് കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാന ശ്രമങ്ങൾക്കുമപ്പുറം നീചജാതികളും മനുഷ്യരും തമ്മിലുള്ള പൊരുത്തക്കേടുകൾ പലവഴിക്കും അതിന്റെ ജാതിജീവിതം തുടരുകയായിരുവെന്നുകാണാം. പക്ഷെ എല്ലാം കൃത്യമായി അടയാളപ്പെടുത്തേണ്ടതും, കൃത്യമായ അതിരുകളുള്ള സ്വത്വത്തിന്റെ കൊത്തളങ്ങളിലും വ്യക്തിവാദത്തിലും മർദ്ദിതവിഭാഗങ്ങളെ തളച്ചിടേണ്ടതും ഭരണകൂടത്തിന്റെയും നവഉദാരതാവാദത്തിന്റെയും 'കെണി'കൂടിയായി കരുതണം. 'നാഡീ സാധാരണത്വമുള്ള (Neurotypicality) സവർണ്ണ പുരുഷൻ' ആണ് ഇവിടെ സകലതിനും മാതൃക. അതിന്റെ അരിപ്പയിൽ വൈവിധ്യങ്ങള്‍ പൂർണമായും അരിച്ചുമാറ്റപെടുന്നു. എന്നാല്‍ ഒരു വ്യത്യാസവും അടയാളപ്പെടുത്താതെ പോകുന്നുമില്ല.

മനുഷ്യൻ, ഹാ എത്ര സുന്ദരമായ പദം!

സ്റ്റെഫാനോ ഹാര്‍ണി (Stefano Harney) യും ഫ്രെഡ് മോട്ടനും (Fred Moten) നും ചേർന്നെഴുതിയ 'The Undercommons, Fugitive Planning & Back study' എന്ന പുസ്തകത്തിൽ വിവക്ഷിക്കുന്ന 'Undercommons' എന്നത് 'കീഴാളർ' എന്ന് മലയാളീകരിക്കാമെന്ന് തോന്നുന്നു. ഒന്നിലും തളച്ചിടാൻ കഴിയാത്തതും അരിപ്പകളിൽ കുടുങ്ങാത്തതും അടയാളപ്പെടുത്തലുകൾക്ക് വഴങ്ങാത്തതുമാണ് 'കീഴാളർ'. കീഴാള സാമൂഹ്യ സൗന്ദര്യശാസ്ത്രം എന്നത് സ്വത്വത്തിന്റെ അരികിനോട് ഒന്നിനൊന്ന് പൊരുത്തമുള്ള ഒന്നല്ല, മറിച്ച് അത് പലപ്പോഴും നെടുകെയും കുറുകെയുമൊക്കെയായി മിന്നിമായുന്നതും പിടിയിലൊതുങ്ങാത്തതും വഴുക്കനുമൊക്കെയായി തിരിച്ചറിയണം.

നമ്മൾ കൊട്ടിഘോഷിക്കുന്ന 'പൊതുമണ്ഡലം' എത്ര ഇടുങ്ങിയതാണ് എന്നറിയാൻ അതെങ്ങനെ 'നാഡീ സാധാരണത്വമുള്ളവർക്ക്' മാത്രമായി ഒരുക്കിവച്ചിരിക്കുന്നു എന്നുമാത്രം ശ്രദ്ധിച്ചാൽ മതി. നമ്മുടെ റോഡുകൾ ആർക്കുവേണ്ടിയാണ്? നമ്മുടെ കെട്ടിടങ്ങളുടെ രൂപകല്പന ആരെ ഉദ്ദേശിച്ചുള്ളതാണ്? നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജ്ഞാന പദ്ധതികള്‍ ഒക്കെ ആര്‍ക്കുവേണ്ടിയാണ് അല്ലെങ്കില്‍ ആരെയാണ് മുന്നോട്ടു വെയ്ക്കുന്നത്?

എത്ര സമർത്ഥമായാണ്, എത്രമേൽ സ്വഭാവികമായാണ് 'മനുഷ്യൻ' എന്ന സങ്കല്പനത്തിലൂടെ 'സവർണത' ഒളിച്ചുകടത്തുന്നത്. ഏത് ജീവനാണ് രക്ഷയും ചികിത്സയും അർഹിക്കുന്നത്? മദ്യാസക്തരും മയക്കുമരുന്നിന് അടിമപ്പെട്ടവരും വിഷാദരോഗികളും മനോരോഗികളുമൊക്കെ നിങ്ങളുടെ ചികിത്സാലയത്തിന്റെ ഏത് മൂലയിൽ ആണ്? നിങ്ങളും നമ്മളും എത്രമേൽ സുവ്യക്തമാണ്. എന്നിട്ടും നാം പറയുന്നു, മനുഷ്യൻ, ഹാ എത്ര സുന്ദരമായ പദം!

നാഡീസാധാരണത്വം കീഴാളവിരുദ്ധമാണ് 

ഇനി  മികവിന്റെയും അറിവിന്റെയും കേന്ദ്രങ്ങളായ സര്‍വകലാശാലകള്‍ എടുത്താൽ ക്ലാസ് മുറികളും പഠനവും പരീക്ഷയുമെല്ലാം ന്യൂറോടിപ്പിക്കൽ മനുഷ്യരെ ഉൾക്കൊള്ളാൻ പാകത്തിന് ആണ്. മുഖാമുഖം നോക്കിയിരിക്കുന്ന അധ്യാപക-വിദ്യാർഥികൾ. ആശയവിനിമയ മാതൃക തന്നെ വ്യക്തികൾ തമ്മിൽ തമ്മില്‍(ഒന്നിനൊന്ന് (1+1)) എന്ന രീതിയിലാണ്. ഒരു ഓട്ടിസ്റ്റിക്ക് കുട്ടിയും യൂണിവേഴ്സിറ്റിയുടെ പടികടക്കാറില്ല. എത്ര എളുപ്പത്തിലാണ് ചിലകുട്ടികൾ അവസാന ബെഞ്ചിലേക്ക് തള്ളിമാറ്റപ്പെടുന്നത്? എത്ര എളുപ്പത്തിലാണ് ഹാജറില്ലാത്തത്തിന്റെ പേരിൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് തീര്‍പ്പാകാന്‍ കഴിയുന്നത്? ഏത് സമൂഹികതയും സൗന്ദര്യശാസ്ത്രവുമാണ് നിങ്ങളുടെ മൂല്യനിർണ്ണയത്തിൽ മാറ്റിനിർത്തപ്പെടുന്നത്? ഫ്രെഡ് മോട്ടന്‍ പറഞ്ഞത് ഒന്നുകൂടെ ഓർക്കുന്നു; 'Neurotypicality is antiblackness'. (Manning 2020)

നാഡീസാധാരണത്വം ചില അടിസ്ഥാനവിശ്വാസങ്ങളിൽ ഊന്നിയാണ് നിൽക്കുന്നത്. നിലനിൽപ്പിന്റെ അടിസ്ഥാനമായി കാര്യക്ഷമതയുള്ള ശരീരത്തെ അത് വിഭാവനചെയ്യുന്നു. മറ്റൊന്ന് ശരീരത്തിന്റെ 'സ്വാശ്രയത്വത്തെയും' 'സ്വാതന്ത്ര്യത്തെയും' അത് ആഘോഷമാക്കുന്നു എന്നതാണ്. ശരീരം എവിടെ അവസാനിക്കുന്നു, ലോകം എവിടെ തുടങ്ങുന്നു എന്നതിനെകുറിച്ച് നമുക്ക് ഉറച്ച ബോധമുണ്ട്. ഇവിടെ ഇംഗീതം-ഇച്ഛ-കർതൃത്വം (Intentionality-Volition-agency triad) ഇത് മൂന്നും ഇളക്കം തട്ടാതെ വർത്തിക്കുന്നു.

നാഡീവൈവിധ്യം സവര്‍ണ്ണ ശരീരത്തെ പ്രശ്നവല്‍ക്കരിക്കും 

നാഡീവൈവിധ്യം ഊന്നുന്നത് കാര്യക്ഷമവും സ്വാതന്ത്രവുമായ ഒത്ത ശരീരങ്ങളിലല്ല. അത് തുടങ്ങുന്നത് തന്നെ ബന്ധങ്ങളിലും ആശ്രിതത്വത്തിലുമാണ്. ഇവിടെ നാഡീ സവിശേഷതകൾ ശരീരം ഉടലെടുക്കും മുമ്പുള്ള ബന്ധവിസ്മയങ്ങളെ അനുഭവവേദ്യമാക്കുകയും ലോകം മുൻകൂർ പരുവപ്പെടുത്തിയ ഒന്നാണെന്ന പ്രബല ധാരണയെ ചോദ്യംചെയ്യുകയുമാണ്. ശരീരം ഒരു 'Field effect' ഉം പ്രക്രിയകളുടേയും, പ്രവർത്തനങ്ങളുടെയും ഫലവുമാകുന്നു; ശരീരത്തിന് അതിന്റെ അതിരുകൾ അറിയാം, പക്ഷെ അതവിടെ ഒതുങ്ങുന്നില്ല എന്നുമാത്രം. അബോധമായ ശരീര-ലോക തുടർച്ചകൾ മറികടക്കേണ്ട ഒന്നായി 'നാഡീസാധാരണത്വം കരുതുമ്പോൾ  ശരീരത്തിന്റെ തന്നെ മറ്റ് സാധ്യതകളിലേക്ക് നാഡീവൈവിധ്യം വഴികാട്ടുന്നു. മനസ്സ് വഴിമുട്ടി നിൽക്കുമ്പോൾ ശരീരം വഴികണ്ടെത്തുന്നു. ഇവിടെ 'നാഡീവൈവിധ്യം'  മറ്റ് ജീവിതസാധ്യതകളിലേക്കും സമൂഹിതകളിലേക്കും വഴിതുറക്കുന്നിടത്താണ് അതിന്റെ രാഷ്ട്രീയ പ്രാധാന്യം.

ടിറ്റോ മുഖാബോധ്യായയെ പോലുള്ള ഓട്ടിസ്റ്റിക് എഴുത്തുകാർ ബാല്യംതൊട്ട് എങ്ങനെയാണ് തങ്ങളെ ' മാനസികാന്ധത' (Mind Blindness) ബാധിച്ചവരായി കരുതിയത് എന്ന് 'The Mindtree' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ആശയവിനിമയത്തിനുള്ള വൈമുഖ്യവും പ്രതികരണമില്ലായ്മയുമൊക്കെയാണ് അതിന് അടിസ്ഥാനം."being autistic I have every right to be unable to talk"  (Tito 2003) എന്ന ടിറ്റോയുടെ ചിന്ത നമ്മൾ ഒരിക്കലും വകവച്ചുകൊടുക്കില്ല.

ഇനിയും മുഴങ്ങിത്തുടങ്ങാത്ത ശബ്ദശക്തികളെ ശ്രവണസാധ്യമാക്കുന്നതിനെപറ്റി ദല്യൂസിനെ (Gilles Deleuze) ഉദ്ധരിച്ച് അമാൻറ ബാഗ്‌സ് ( Amanda Melissa Baggs ) എന്ന ഓട്ടിസ്റ്റിക്ക് എഴുത്തുകാരിയുടെ 'In my life' എന്ന വീഡിയോയെ പരാമർശിക്കവേ എറിൻ മാനിങ് എഴുതിയിട്ടുണ്ട് (Manning 2020). വീഡിയോയിൽ അമാൻറ ബാഗ്‌സ് തന്റെ ലിവിങ് റൂമിലൂടെ നടക്കുമ്പോഴും, തുറന്നുവെച്ചിരിക്കുന്ന വെള്ളത്തിൽ കൈ ചലിപ്പിക്കുമ്പോഴും, പലതരം വസ്തുക്കളാൽ ശബ്ദങ്ങൾ സൃഷ്ടിക്കുമ്പോഴും അർത്ഥ വിനിമയങ്ങളിൽ ഒതുങ്ങാത്ത ഭാഷയുടെ ഇനിയും കേൾക്കാത്ത ശബ്ദസാധ്യതകളാണ് അനുഭവവേദ്യമാകുന്നത്. 'ഇതിൽ വെള്ളം മറ്റൊന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല, അത് വിശദീകരണ സാധ്യവുമല്ല. ഞാൻ വെള്ളത്തോട് ഇടപഴകുന്നു, വെള്ളം എന്നോടും. പുസ്തകം മണത്തുനോക്കുന്നു, പേന രുചിച്ചു നോക്കുന്നു; ഭാഷ ഇവിടെ ചുറ്റുപാടിനോടുള്ള നിരന്തര സമ്പർക്കവും വിനിമയവുമാണ്.'I smell things, I listen to things, I feel things, I taste things, I look at things...'  (https://youtu.be/JnylM1hI2jc) 

ഈ വീഡിയോയുടെ ആദ്യഭാഗം തന്റെ ഭാഷയിലും തുടർന്നുവരുന്ന ഭാഗം മനുഷ്യഭാഷയിലേക്കുള്ള അതിന്റെ വിവർത്തനവുമാണ്. ഇവിടെ ഭാഷ എന്തിനെയെങ്കിലും സൂചിപ്പിക്കുവാനും ധ്വനിപ്പിക്കുവാനുമുള്ള ഉപാധിയല്ല (Asignifying). 'ഞാൻ നിങ്ങളുടെ ഭാഷയിൽ വല്ലതും ടൈപ്പ് ചെയ്യുമ്പോൾ മാത്രമാണ് നിങ്ങൾക്ക് ഞാൻ ആശയവിനിമയം നടത്തുന്നത്'. 'നിങ്ങളുടെ ഭാഷ എനിക്ക് അറിയാത്തത് അപര്യാപ്തതയും എന്റെ ഭാഷ നിങ്ങൾ പഠിക്കാൻ പോലും ശ്രമിക്കാത്തത് തികച്ചും സ്വാഭാവികവും ആയി മാറുന്നത് എന്തുകൊണ്ടാണ്? ഇതിലൊന്നും ഭാഷയും ചിന്തയുമുണ്ടെന്ന് അംഗീകരിക്കാൻ നമുക്ക് കഴിയാതെപോകുന്നത് നമ്മുടെ നാഡീമഹിമകൊണ്ട് മാത്രമാണ്.

ഓട്ടിസ്റ്റുകൾ അടക്കമുള്ള 'നാഡീവൈവിധ്യമുള്ളവരെ' കുറഞ്ഞമനുഷ്യരായികണ്ട്  പൊതുസമൂഹത്തിൽനിന്നും അകറ്റി നിർത്തുന്നത് ഇപ്പോഴും തുടരുകയാണ്. ഓട്ടിസ്റ്റിക്ക് അവബോധത്തെ  (Autistic Perception) പറ്റിയുള്ള പൊതുധാരണകൾ അബദ്ധജഡിലമാണെന്ന് മാത്രമല്ല അവരുടെ നാഡീവൈവിധ്യം സാധ്യമാക്കുന്ന കാഴ്ചകളെയും അനുഭവങ്ങളെയും നമ്മൾ നഷ്ടപ്പെടുത്തുക കൂടിയാണ്. നാഡീസാധാരണത്വം പ്രക്രിയളെ വിസ്മരിക്കുകയും രൂപങ്ങളിൽ അഭിരമിക്കുകയുമാണ് പതിവ്.  അത് നമ്മളെ ഗണങ്ങളിലും വിഭജനങ്ങളിലും കുടുക്കിയിടുമ്പോൾ നാഡീവൈവിധ്യം  കാഴ്ചകളുടെയും അനുഭവങ്ങളുടെയും വൈവിധ്യത്തിലേക്കും പ്രക്രിയകളിലേക്കും തുറന്നിരിക്കുന്നതാണ്. ലോകത്തിന്റെ നിർമ്മിതി രഹസ്യങ്ങൾ അവർ തങ്ങളുടെ സ്പർശിനികൾ കൊണ്ടറിയുന്നു. ഉടലെടുക്കുന്നത് കണ്ടും തൊട്ടും മണത്തും അനുഭവിക്കുന്നു. തീർത്തും പരസ്പരബന്ധിതമായ ലോകത്തിൽ വ്യവച്ഛേദിക്കാനും വ്യവഹരിക്കാനുമുള്ള ശേഷിയാണ് നാഡീമഹിമയുള്ള സാധാരണമനുഷ്യർ തങ്ങളുടെ ഔന്നത്യമായി കൊണ്ടാടുന്നത്. എളുപ്പം റോഡ് മുറിച്ചുകടക്കാനും വഴികണ്ടുപിടിക്കാനുമൊക്കെ നാഡീവൈവിധ്യമുള്ളവർ ബുദ്ധിമുട്ടിയേക്കാമെങ്കിലും അതൊന്നും അവരുടെ സങ്കീർണവും സമ്പന്നവുമായ കാഴ്ചകളേയും അനുഭവത്തെയും അപ്രസക്തമാക്കുന്നില്ല.'കസേരയിൽ മേഘമിരിക്കുന്നതിനാൽ അതിൽ ഇരിക്കാൻ കഴിയാറില്ല' എന്ന് ടിറ്റോയെ (Tito 2003) കുറിച്ചുള്ള പരാമർശം ഇവിടെ ചിന്തനീയമാണ്. കോണിപ്പടി എവിടെയും എത്തുന്നില്ലെങ്കിൽ വീണ്ടും ചുവടുവെച്ച് തുടങ്ങും, ഒരുപക്ഷേ ദൈവത്തിലേക്ക് എത്താമെന്ന പ്രതീക്ഷയിലാകും. പക്ഷെ ഒത്ത മനുഷ്യനാകാൻ കെൽപ്പില്ലാത്തവരെ ഭ്രൂണഹത്യ നടത്തിയാണെങ്കിലും ഇല്ലാതാക്കാൻ നിയമവും മൂല്യവ്യവസ്ഥയും മനുഷ്യർക്ക് വിലങ്ങുതടിയാകുന്നില്ല.

പലതരത്തില്‍ ജീവിക്കല്‍ അല്ലെങ്കില്‍ കറുപ്പിന്റെ സൗന്ദര്യാത്മക സമൂഹികത

മനുഷ്യർ ഭാഷയിൽ നനഞ്ഞും കുതിർന്നുമിരിക്കുന്നവരാണ്. ഭാഷ 'കണ്ടറിഞ്ഞ ഒരാളിൽ നിന്നും രണ്ടാമനിലേക്കല്ല, അതെപ്പോഴും രണ്ടാമനിൽ നിന്നും മൂന്നാമനിലേക്കാണ്' എന്ന് ദല്യൂസും ഗോത്താരിയും പറയും. ഞാൻ എപ്പോഴും ഭാഷയിലെ മൂന്നാം കക്ഷിയാണ് എന്ന് ചുരുക്കം. പഠിക്കാതെ ഒരു പഠിപ്പിക്കലും നടക്കില്ല എന്നാണല്ലോ വെപ്പ്. അപ്പോൾ കുട്ടികളെ വ്യാകരണവും കണക്കുമൊക്കെ പഠിപ്പിക്കുന്ന ടീച്ചർ സ്വയം പഠിപ്പിക്കുന്നു എന്നു മാത്രമല്ല, ഈ പഠിപ്പിക്കലിനു വെളിയിലുള്ള ഒന്നല്ല പഠിപ്പിക്കുന്നത്. ഭാഷ എന്നതുതന്നെ ചില 'ആജ്ഞകൾ' (Order words) ആണ്. അപ്പോൾ ഭാഷ പറയാതെ പറയുന്നത് (Free indirect speech) എന്താണ്?. ഇങ്ങനെ മനുഷ്യനെ ഒന്നിൽ തളച്ചു നിർത്തുന്നതാണ് ഭാഷയുടെ 'നാഡീസാധാരണത്വം'. എന്നാൽ ഭാഷലക്ഷ്യമിടുന്ന 'നിഗൂഢ പദ്ധതികൾക്ക്' തുരങ്കംവയ്ക്കുന്ന  അപഥസഞ്ചാരങ്ങൾ എപ്പോഴും ഒന്നിനപ്പുറമുള്ള സാധ്യതകളിലേക്ക് തുറക്കുന്നതാണ്.  ഇങ്ങനെ എപ്പോഴും 'പോക്ക് വഴി' തേടുന്നവയാണ് Passwords. 'ഒന്നിലൊതുങ്ങാതെയുള്ള ഈ കുതറിമാറൽ' തന്നെയാണ് Édouard Glissant നെ പോലുള്ള ചിന്തകർ ഊന്നത് (Manning 2020). 'മറ്റ് വഴിക്ക് ജീവിക്കൽ'(Living Otherwise) എന്നും 'കറുപ്പിന്റെ സൗന്ദര്യാത്മക സമൂഹികത' (Aesthetic sociality of blackness) എന്നും ലോറ ഹാരിസിനെ (Laura Harris) പോലുള്ളവർ പരാമർശിക്കുന്നതും മറ്റൊന്നല്ല (Harris 2018)

മനുഷ്യൻ എന്നത് നാഡീസാധാരണത്വം ബാധിച്ച സവർണ പുരുഷൻ മാത്രമാണ് 

ഇവിടെ കറുപ്പ് നാഡീവൈവിധ്യമാർന്ന അനുഭവ സാധ്യതയും ബദൽ സൗന്ദര്യാത്മക സമൂഹികതയിലേക്കുള്ള വഴിതുറക്കലും കൂടിയാണ്. അത് സ്വത്വത്തിൽ തറഞ്ഞുനിൽക്കുന്ന ഒന്നല്ല. ഉടലെടുക്കും മുമ്പുള്ള ഒഴുക്കിനാണ് ഇവിടെ ഊന്നൽ. നവഉദാരതാവാദം എല്ലാറ്റിനെയും മുൻകൂർ കള്ളികളിലും സ്വത്വങ്ങളിലും ഒതുക്കുമ്പോൾ പ്രതിരോധം വ്യക്തിപൂർവ്വവും ബാഹ്യവുമായ സാധ്യതകളെ തിരിച്ചറിയുന്നേടത്താണ്. 

മനുഷ്യൻ എന്നത് നാഡീസാധാരണത്വം ബാധിച്ച സവർണ പുരുഷൻ മാത്രമാണെന്ന തിരിച്ചറിവ് അതിന്റെ കാലങ്ങളായുള്ള നിഷ്കളങ്ക നാട്യത്തെ കുടഞ്ഞെറിയാൻ അനിവാര്യമാണ്. കേരളത്തിൽതന്നെ അല്പകാലം മുമ്പ് ഇരുചേരികളിലായി 'മനുഷ്യസംഗമവും' 'അമാനവസംഗമവും' നടന്നത് ഓർക്കുക. മനുഷ്യനെതിരായ വിമർശനം എന്നനിലയിൽ പ്രസക്തമാകുമ്പോഴും അത് തുലയ്ക്കപെട്ട അവസരമായി മാറാൻ കാരണം മനുഷ്യന് അപ്പുറം ഒരടിവെയ്ക്കാൻ അതിന് കഴിയാത്തതുകൊണ്ടും സ്വത്വത്തിന്റെ കെണിയിൽ അത് ഊർദ്ധൻ വലിച്ചതുകൊണ്ടുമാണ്. ഈ ചേരിതിരിവിന്റെ അനുരണനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇന്നും കാണാമെങ്കിലും സ്വത്വ രഹിതനാട്യത്തിലുള്ള മനുഷ്യസ്വത്വവാദികളുടെ നില്പിന് ഇപ്പോഴും ഊനം തട്ടിയിട്ടില്ല.

Ref:

1.Tito Rajarshi Mukhopadhyay , The mind tree: A miraculous Child Breaks the silence of Autism(Riverhead Books, New York 2003)

2. Harney, Stefano, and Fred Moten, The Undercommons 2013: Fugitive Planning and Black Study.Wivenhoe,UK : Minor Compositions

3. Harris ,Laura , Experiments in Exile: CLR James, Helio Oiticica and the Aesthetic Sociality of Blackness. (Fordham University Press,New York 2018)

4. Manning, Erin , For a pragmatics of the Useless. (Duke University Press 2020)

Contact the author

T K Sunil Kumar

Recent Posts

Dr. Azad 2 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More