ചെത്ത് വെറുമൊരു തൊഴിലല്ല സുധാകരാ - എസ്. വി. മെഹ്ജൂബ്

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നുവന്ന ഒരാള്‍ മുഖ്യമന്ത്രിയായപ്പോള്‍ അയാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍. ധൂര്‍ത്ത്. എന്തൊരന്യായം! ഹൈക്കമാണ്ട് വിളിപ്പിച്ചിട്ടും ഇടയ്ക്കുവെച്ച് ആരോ പാരവെച്ചതുകൊണ്ട് മാത്രം കപ്പിനും ചുണ്ടിനുമിടയില്‍ കെപിസിസി പ്രസിഡന്‍റു സ്ഥാനം കൈവിട്ടുപോയ വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്റെ തലശ്ശേരി പ്രസംഗം വൈറലായി. കറകളഞ്ഞ തൊഴിലാളിയായിരിക്കാനും തന്റെ വര്‍ഗ്ഗ നിലപാടില്‍ മായം ചേരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കാനും എല്ലാ കമ്മ്യൂണിസ്റ്റുകാര്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ അയാള്‍ ചെത്തുകാരന്‍റെ വീട്ടില്‍ നിന്ന് വന്നതാണെങ്കില്‍ ഒരധിക ഉത്തരവാദിത്തമുണ്ട്. കാരണം പാരമ്പര്യം തന്നെ. അപ്പനപ്പൂപ്പന്‍മാര്‍ മുതല്‍ ജാത്യാ തൊഴിലാളികളാകയാല്‍ താന്‍ ആര്‍ജിച്ച കമ്മ്യൂണിസ്റ്റ് ആശയം കറകളഞ്ഞ രീതിയില്‍ മുന്നോട്ടുകൊണ്ടു പോകുക എന്നത് അയാളെ സംബന്ധിച്ച് തന്റെ ജാതിയെതന്നെ മുന്നോട്ടുകൊണ്ടുപോകലാണ്. പുത്തന്‍ പണത്താല്‍ ജീവിതത്തിന് മാറ്റ് കൂടാന്‍ പാടില്ല. നേരത്തെത്തന്നെ പണവും ജാതിമേന്മയും ഉള്ളവര്‍ക്ക് അല്പമൊക്കെ അഴകൊഴമ്പത്തരം ആകാം. ഇത്രയൊക്കെ ഉണ്ടായിട്ടും അയാള്‍ കമ്മ്യൂണിസ്റ്റായി, കോണ്‍ഗ്രസ്സായി, രാഷ്ട്രീയ പ്രവര്‍ത്തകനായിത്തന്നെ നില്‍ക്കുന്നതിലെ ത്യാഗം വരവുവെക്കപ്പെടും. എന്നാല്‍ ചെത്തുകാരനെപോലെ ജാത്യാ തൊഴിലാളിയായ ഒരാള്‍ കമ്മ്യൂണിസ്റ്റായിത്തീരുമ്പോള്‍ നിലവിലെ ദാരിദ്ര്യവും ഇല്ലായ്മയും അയാള്‍ അഭിമാനമായികണ്ടുതുടങ്ങണം. അയാള്‍ ഒരേസമയം വര്‍ഗ്ഗവാദിയും സ്വത്വവാദിയുമായിരിക്കണം. ജാതി വിരുദ്ധതയും ജാതി മമതയും ഉള്ളില്‍ മാറി മാറി തിരയടിക്കണം. അതിസങ്കീര്‍ണമാണ് ഒരു ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്ട്ടിയിലെത്തുന്ന ആളുടെ ജീവിതം. അയാള്‍ പുതു ജീവിത സൌകര്യങ്ങള്‍ അനുഭവിക്കുമ്പോള്‍തന്നെ ഇതൊന്നും തനിക്ക് അര്‍ഹതപ്പെട്ടതല്ല എന്ന അപകര്‍ഷ മനോഭാവത്തോടെ  ജീവിതത്തിലെ ആദ്യകാല കഷ്ടപ്പാടുകള്‍ ഓര്‍ക്കണം. കയ്യില്‍ കാശുണ്ടാകുമ്പോള്‍  തനിക്ക് കൂട്ടായി നിന്ന ദാരിദ്ര്യത്തെ നിരന്തരം ഓര്‍ക്കണം. ഹെലികോപ്റ്ററില്‍ കയറുമ്പോള്‍ അയാള്‍ മതിമറക്കരുത്. പണ്ടു സഞ്ചരിച്ച കാളവണ്ടി മനസ്സിലുണ്ടാവണം. 16 കൂട്ടം കൂട്ടി സദ്യ കഴിക്കുമ്പോള്‍ ഇടംകയ്യില്‍ ചുട്ട പപ്പടവും വലം കയ്യില്‍ പ്ലാവിലകുമ്പിളില്‍ ക്ഞ്ഞിയുമാണെന്നു നിനയ്ക്കണം. ഘന ഗംഭീര ശബ്ദത്തില്‍ ഇങ്കുലാബ് വിളിക്കുമ്പോഴും വലിയ വീട്ടിലെ തമ്പ്രാന്‍റെ തിരുവിളി കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ക്കണം. പാതി തൊണ്ട മുദ്രവാക്യത്തിനും പാതി ഓയ് എന്ന കീഴാള ശ്രുതിയില്‍ വിളികേള്‍ക്കാനും മാറ്റി വെക്കണം.

ഇങ്ങനെയൊക്കെ ജീവിക്കേണ്ട പിണറായി വിജയന്‍ എന്നയാള്‍ കേരളത്തിലെ മുഖ്യമന്ത്രിയായപ്പോള്‍ അയാള്‍ ഇതെല്ലാം ലംഘിച്ചുകൊണ്ട് വിമാനം വാങ്ങി ചുറ്റി സഞ്ചരിക്കുന്നു. അയാള്‍ ഹെലികോപ്ടര്‍ ആസ്വദിക്കുന്നു. എന്തൊരു ദുരന്തമാണിത്? അയാള്‍ക്ക് വന്ന വഴി, കുളിച്ച തോട്, പണ്ടുകിടന്ന കീറപ്പായ, എല്ലാം മറന്നുപോയി. അണ്‍ സഹിക്കബ്ള്‍! ഇതുമാത്രമേ കെ സുധാകരന്‍ പറഞ്ഞിട്ടുള്ളൂ. അതിനാണിവന്‍മാരെല്ലാം കൂടെ കിടന്ന് കുരയ്ക്കുന്നത്. 

തലശ്ശേരി പ്രസംഗത്തിനു തൊട്ടടുത്തടിവസം തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അചഞ്ചലനായി നിന്നുകൊണ്ട് ''എന്താണ് താന്‍ ചെയ്ത തെറ്റ്?'' എന്ന്  ആവര്‍ത്തിച്ചാവര്‍ത്തിച്ച് സുധാകരന്‍ ചോദിച്ചു, പത്രക്കാര്‍ക്ക് ഉത്തരം മുട്ടി.  ചെത്തുകാരന്‍ പ്രയോഗത്തില്‍ തെറ്റൊന്നുമില്ലെന്ന് രണ്ടു മൂന്ന് സബ്ജക്റ്റ് എക്സ്പേര്‍ട്ടുകള്‍ ആണയിട്ടതായും  സുധാകരന്‍ അതേ വാര്‍ത്താസമ്മേളനത്തില്‍ തന്നെ വെളിപ്പെടുത്തി. ഇതിന് ശേഷമാണ്. സുധാകരനെ പിന്തുണച്ചുകൊണ്ട് കെ സുരേന്ദ്രന്‍, ഡോ. ആസാദ് തുടങ്ങിയവരൊക്കെ രംഗത്തെത്തിയത്. അതുകൊണ്ട് സുധാകരന്‍ സംശയനിവാരണം നടത്തിയത് ഈ എക്സ്പേര്‍ട്ടുകളോടല്ല എന്നത് തീര്‍ച്ചയാണ്. 

സുധാകരന്‍ പറഞ്ഞതിലെ തെറ്റെന്തെന്നു അദ്ദേഹം തന്നെ ചോദിക്കുമ്പോള്‍ അറിയാവുന്ന രീതിയില്‍ പറഞ്ഞുകൊടുക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. പറഞ്ഞുകൊടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. ഒടുക്കം കാര്യം മനസ്സിലാകുമ്പോള്‍ ഷാനിമോളെകൊണ്ട് മാപ്പു പറയിപ്പിച്ചതുപോലുള്ള പൂഴിക്കടകന്‍ പുറത്തെടുക്കില്ലെങ്കില്‍ ഞാന്‍ പറയാം. ശ്രദ്ധിച്ചു കേട്ടോണം. നമ്മുടെ നാട്ടില്‍ നിരവധി ജാതി നിലകളുണ്ട്. ചില ജാതിക്കാരെ നാം ജാതിപ്പേര് കൂട്ടിവിളിക്കുന്നത് അവര്‍ക്ക് ഒരു ബ്ഹുമാനവും  മറ്റു ചിലര്‍ക്ക് അപമാനവുമാണ്. അത് ജാതി മോശമായത് കൊണ്ടല്ല മറിച്ച് അതിനെ മോശമായിക്കണ്ട് ഇക്കാലമത്രയും ഇകഴ്താന്‍ വേണ്ടിമാത്രം ഉപയോഗിച്ചതുകൊണ്ട് വന്നു ചേര്‍ന്ന പരിണതിയാണ് ''ഒന്നു പോടോ നായരെ'' എന്ന് പറഞ്ഞാല്‍ നായര്‍ക്ക് വേദനിക്കില്ല. എന്നാല്‍ 'ഒന്നു പോടോ ചെറുമാ' എന്നു പറഞ്ഞാല്‍ ചെറുമര്‍ക്ക് വേദനിക്കും. കാരണം ചെറുമര്‍ എന്ന ജാതിപ്പേര് നിങ്ങള്‍ വിളിച്ചതത്രയും ആ മനുഷ്യരെ ഇകഴ്ത്താനും ആക്ഷേപിക്കാനുമായിരുന്നു.  പോ കൊശവാ എന്ന് പറയുമ്പോള്‍ ശില്പ ചാതുരിയില്‍ മണ്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്നവര്‍ വേദനിക്കും, ഒരു തൊഴിലും ഇല്ലാത്തവരോട് ചെരയ്ക്കാന്‍ പോയ്ക്കൂടെ എന്ന് നിങ്ങള്‍ ചോദിക്കുമ്പോള്‍,  തലമുടിയും താടിയും മുറിക്കുകയും വടിക്കുകയും ചെയ്യുന്ന തൊഴില്‍ വിഭാഗവും ഒരു സമുദായവും ആകമാനം ചുട്ടുപൊള്ളും. അതെന്താ അതൊരു തൊഴിലല്ലേ എന്ന് ചോദിച്ചിട്ട് കാര്യമില്ല കെ സുധാകരാ. ആ തൊഴിലിനു ഒരു ജാതിസ്വത്വവുമായി അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്നവര്‍ ഹെലികൊപ്റ്ററില്‍ സഞ്ചരിക്കുന്നു എന്ന് പറയുമ്പോള്‍ന്‍, ചരിത്രപരമായി ആ സമുദായം അനുഭവിച്ച കഷ്ടപ്പാടുകളില്‍ നിന്ന് ഒരാള്‍ ഉയര്‍ന്നുവന്ന് അനര്‍ഹമായി സുഖ സൌകര്യങ്ങള്‍ അനുഭവിക്കുന്നു എന്ന ധ്വനിയുണ്ട്.

കെ.  സുധാകരന്‍ ഈ പ്രയോഗം ജാതീയമായല്ല വര്‍ഗ്ഗപരമായിത്തന്നെയാണ് നടത്തിയത് എന്നാണ് പ്രമുഖ സംസ്കാരിക രാഷ്ട്രീയ ചിന്തകനായ ഡോ. ആസാദ് പറയുന്നത്. അങ്ങിനെയെങ്കില്‍ എന്തിനാണ് സുധാകരന്‍ തന്റെ പ്രസംഗത്തില്‍ ചെത്തുകാരന്റെ മകന്‍ പിണറായി വിജയന്റെ വീട്ടിലേക്ക് വണ്ടിയോടിച്ചു കയറ്റിയത്? ഹെലികൊപ്ടറിന്റെ ആര്‍ഭാടത്തില്‍ നിന്ന് ഒരു 'യു ടേണ്‍' എടുത്ത് ഒരു കമ്മ്യൂണിസ്റ്റായ പിണറായി വിജയനിലേക്ക് പോയാല്‍ പോരായിരുന്നോ? കെ സുധാകരന്‍ ജാതീയമായ അധിക്ഷേപം ഉദ്ദേശിച്ചോ ഇല്ലേ എന്നതാവരുത് നമ്മുടെ ചര്‍ച്ച. മറിച്ച് യാതൊരു സെന്‍സിബിലിറ്റിയുമില്ലാതെ ജാതീയമായ അധിക്ഷേപം വഹിക്കുന്ന ഭാഷയെ, പ്രയോഗത്തെ, വിചാരത്തെ എടുത്ത് ഉപയോഗിച്ചു എന്നതാണ്. ഭാഷ അതമേല്‍ നിഷ്കളങ്കമൊന്നുമല്ലെന്ന് പഠിപ്പിച്ചുതന്ന ഡോ. ആസാദ് 'ചെറുമന് അധികാരം കിട്ടിയാല്‍' എന്ന ഒരു ചൊല്ല് ഇന്നും പ്രയോഗിക്കപ്പെടുന്നുണ്ട് നമ്മുടെ ഭാഷയില്‍ എന്ന കാര്യം മറന്നുപോകുന്നതെന്തിന്?

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രമേശ്‌ ചെന്നിത്തലക്ക് അത്യാവശ്യം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ഹെലികോപ്റ്റര്‍ സൌകര്യം പാര്‍ട്ടി കൊടുത്തപ്പോള്‍ അത് അത്ര പുച്ഛം തോന്നുന്ന ഒരു കാര്യമായി ആര്‍ക്കും തോന്നിയില്ല. രാഹുല്‍ ഗാന്ധി ഹെലികോപ്റ്ററില്‍ വരുന്നതും 6000 സ്ക്വയര്‍ഫീറ്റുള്ള വീട്ടില്‍ ജനിച്ച കെ എം ഷാജി 5000  സ്ക്വയര്‍ ഫീറ്റുള്ള വീട് വെച്ചതും സ്വഭാവികമായിത്തീരുന്നതും പിണറായി വിജയന്‍ 2000  സ്ക്വയര്‍ ഫീറ്റുള്ള വീട് വെച്ചതും വിമാനത്തില്‍ സഞ്ചരിക്കുന്നതും പ്രശ്നമായി തോന്നുന്നതും കുടുംബത്തിന്റെ ജാതിത്തൊഴില്‍ പറഞ്ഞുകൊണ്ടു അതിനെ എതിര്‍ക്കുന്നതും ജാത്യാക്ഷേപം തന്നെയാണ് ശ്രീ സുധാകരന്‍. താങ്കള്‍ ആ സെസിബിലിറ്റിയിലേക്ക് അതിവേഗം എത്തിച്ചേരാന്‍, താങ്കളെ പിന്തുണച്ച കെ സുരേന്ദ്രന്റെ പ്രസ്താവനയിലെ പൊള്ളത്തരം ആലോചിച്ചാല്‍ മതി. ഒന്നാന്തരം നായന്മാര്‍ വരെ ചെത്ത് പണിക്ക് പോകുന്നുണ്ട് എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലായി ഗുണപരമായി നായര്‍ സമുദായത്തെ അളക്കുകയാണ് ആ പ്രസ്താവനയില്‍ അദ്ദേഹം. ഒന്നാം തരം ചെറുമക്കുടുംബം, ഒന്നാംതരം പുലയക്കുടുംബം എന്ന് കേട്ടിട്ടുണ്ടാവില്ല.  കാരണം അവര്‍ മൊത്തത്തില്‍ കൊള്ളാത്തവരും വിലയില്ലാത്തവരുമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ വിജയിച്ചവര്‍ക്കുള്ളതാണ് . അതുകൊണ്ട് സവര്‍ണ്ണരേ  അവരുടെ മികവിനനുസരിച്ച്  ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് വെയ്ക്കാം. കെ സുധാകരന്‍ മാത്രമല്ല ലിംഗ, ജാതി സെന്‍സിബിലിറ്റി കുറഞ്ഞ നമ്മുടെ നേതാക്കള്‍ ഒന്നാലോചിച്ചോളൂ. നിങ്ങള്‍ പറയുന്ന ഓരോ വാക്കും വിളിയും എഡിറ്റ് ചെയ്യാന്‍ ശേഷിയുള്ള ലിംഗ, ജാതി സെന്സിബിലിറ്റിയുള്ള ഒരു സമൂഹമായി കേരളം മാറുന്നുണ്ട്, നിങ്ങള്‍ അറിയാന്‍ വൈകിയാലും. 

Contact the author

Recent Posts

Web Desk 1 week ago
Editorial

വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

More
More
Web Desk 2 weeks ago
Editorial

വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

More
More
Web Desk 2 months ago
Editorial

നീതിക്കായുളള പോരാട്ടത്തില്‍ എന്നെ വളരെയധികം പിന്തുണച്ച നേതാവാണ് പി ടി തോമസ്- ഭാവന

More
More
Mehajoob S.V 2 months ago
Editorial

പങ്കാളിത്ത പെന്‍ഷന്‍: പിണറായിയെ ഞെട്ടിച്ച് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗലും- എസ് വി മെഹജൂബ്

More
More
Web Desk 2 months ago
Editorial

ചെറുപ്പം കാത്തുസൂക്ഷിച്ചാലും നടിമാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാറില്ല- നദിയ മൊയ്തു

More
More
Web Desk 2 months ago
Editorial

വളര്‍ത്തുനായയില്ലാതെ യുക്രൈന്‍ വിടില്ല; ഇന്ത്യന്‍ എംബസിയോട് സഹായമഭ്യര്‍ത്ഥിച്ച് യുവാവ്‌

More
More