ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറെ വീണ്ടും പരോക്ഷമായി പരിഹസിച്ച് തമിഴ് സിനിമാ താരം സിദ്ധാര്‍ഥ്. ഇന്ത്യയുടെ വിഷയങ്ങളില്‍ ‘ബാഹ്യശക്തികള്‍’ ഇടപെടേണ്ട ആവശ്യമില്ലെന്ന സച്ചിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യ മഹത്തായ രാജ്യമാണ്. ഇംഗ്ലണ്ടിന് നമ്മുക്കെതിരെ കളിക്കണം, പക്ഷേ ഞങ്ങളുടെ പരമാധികാരം അടിയറവുവയ്ക്കാന്‍ സാധിക്കില്ല. ഇന്ത്യക്ക് സ്വന്തമായി ബാറ്റ് ചെയ്യാനും ബോള്‍ ചെയ്യാനും അറിയാം. ഞങ്ങളുടെ 11 കളിക്കാര്‍ മാത്രം മതി.’ - സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.
ഹീറോകളെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്നും അല്ലെങ്കിൽ അവർ വീഴുന്നത് കാണേണ്ടി വരുമെന്നും സിദ്ധാര്‍ഥ് നേരത്തെ പറഞ്ഞിരുന്നു. കര്‍ഷക പ്രതിഷേധത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്നും പിന്തുണയെത്തുന്നതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അടക്കം നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തിയിരുന്നു. സമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സച്ചിന്റെ പരാമര്‍ശം.
ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇതിനെ പിന്തുണച്ചും എതിര്‍ത്തും നിരവധിപേരാണ് രംഗത്തെത്തിയത്. നേരത്തെയും ചലച്ചിത്ര നടന് സിദ്ധാര്‍ത്ഥ് ബി.ജെ.പി, സംഘപരിവാരിനെതിരെ കടുത്ത നിലപാടുമായി രംഗത്തുവന്നിരുന്നു. ഗാന്ധി ഘാതകനായ ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്സെക്കെതിരെയാണ് അവസാനമായി സിദ്ധാര്‍ത്ഥ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.