വൈദ്യുതിയും സ്വകാര്യവത്ക്കരിച്ചാല്‍ ഊര്‍ജ്ജമേഖല മൊത്തം അവരുടെ കൈകളിലെത്തും - എസ്.വി. മെഹ്ജൂബ്

ഡല്‍ഹി: രാജ്യത്തെ വൈദ്യുതി മേഖല സ്വകാര്യ വത്ക്കരിക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി മേഖല തീര്‍ച്ചയായും സ്വകാര്യ വത്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി നിലവില്‍ വൈദ്യുതി വകുപ്പിനൊപ്പം സ്വകാര്യ കമ്പനികളുടെ സേവനം കൂടി ഈ മേഖലയില്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.

രാജ്യത്തെ പരമ പ്രധാനമായ ഊര്‍ജ്ജ മേഖലയെ പൊതു ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തണം എന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സുപ്രാധാന തീരുമാനമാണ് 1992 നുശേഷം ഉദാരവത്കരണ നയങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോയ കേന്ദ്ര സര്‍ക്കാരുകളെല്ലാം ചേര്‍ന്ന് അട്ടിമറിച്ചത്. ഇടക്കാലത്ത് ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത്, ഇടതുപക്ഷം സര്‍ക്കാരിനെ പിന്തുണച്ചകാലത്ത് മാത്രമാണ് ഈ നയങ്ങള്‍ക്ക് ചെറിയതോതില്‍ മേല്ലെപ്പോക്കുണ്ടായത്. എന്നാല്‍ ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇടതുപക്ഷം യു പി  എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ സ്വകാര്യവത്ക്കരണ നയങ്ങളുമായി അതിവേഗം മുന്നോട്ടു പോകാനുള്ള കൂടുതല്‍ സ്വാതന്ത്ര്യം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന് ലഭിക്കുകയായിരുന്നു. ബന്ധിക്കപ്പെട്ട ചങ്ങലകള്‍ അഴിഞ്ഞു എന്നാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചത് എന്നതില്‍ നിന്ന് 92 നു ശേഷം എത്ര ഊര്‍ജ്ജിതാമായാണ് സ്വകാര്യവത്ക്കരണത്തിനു വേണ്ടി രാജ്യത്തെ കമ്പോള സാമ്പത്തീക ശാസ്ത്രകാരരും സര്‍ക്കാരും നിലകൊണ്ടത് എന്ന് വ്യക്തമാകും. പെട്രോളിയം, കല്‍ക്കരി, ഇപ്പോള്‍ വൈദ്യുതി എന്നിങ്ങനെ അതിവേഗമാണ് ഊര്‍ജ്ജമേഖലയില്‍ സ്വകാര്യവത്ക്കരണത്തിനുള്ള നീക്കങ്ങള്‍ നടന്നത്  

പെട്രോളിയം 

പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണാവകാശം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഓയില്‍ പൂള്‍ എടുത്തുകളഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ വിലയില്‍ ഉയര്‍ച്ച താഴ്ച്ചകളുണ്ടാകുമ്പോള്‍ അത് അഭ്യന്തര വിപണിയില്‍ പ്രതിഫലിക്കാതെ നോക്കിയിരുന്നത് ഓയില്‍ പൂളിലെ നിക്ഷേപമായിരുന്നു. ഇതെടുത്തുകളഞ്ഞ സര്‍ക്കാര്‍ അന്താരഷ്ട്ര വിലനിലവാരത്തിനൊത്ത് ചാഞ്ചാടാന്‍ ഇന്ത്യന്‍ വിപണിയെ വിട്ടുകൊടുത്തു. തുടര്‍ച്ചയെന്നോണം പൊതു മേഖലാ സ്ഥാപനങ്ങള്‍ മാത്രമുണ്ടായിരുന്ന പെട്രോളിയം മേഖലയിലേക്ക് കടന്നുകയറാന്‍ അംബാനിയുടെ റിലയന്‍സ് പെട്രോളിയത്തിന് അനുമതി നല്‍കി. അങ്ങനെ അന്താരാഷ്‌ട്ര വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകുത്തനെ താഴ്ന്നിരിക്കുമ്പോഴും ബിപിസിഎല്‍, ഐ ഓ സി പോലുള്ള പൊതുമേഖലാ എണ്ണ കമ്പനികളെപോലെ തന്നെ റിലയന്‍സും ശതകോടികള്‍ ദിനേന കൊയ്തുകൊണ്ടിരിക്കുന്നു. ജനം പെട്രോള്‍ അടിച്ചു പാപ്പരായിക്കൊണ്ടിരിക്കുന്നു.

കല്‍ക്കരി  

സ്വാതന്ത്ര്യാനന്തര കാലത്ത് ഏറ്റവും പ്രമുഖമായ ഇന്ധനമായിരുന്നു കല്‍ക്കരി. കല്‍ക്കരി ഖനികള്‍തന്നെ സ്വകാര്യവത്ക്കരിക്കാനുള്ള പ്രഖ്യാപനമാണ് നിര്‍മലാ സീതാരാമാന്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റില്‍ പ്രഖ്യാപിച്ചത്. കൊവിഡ്‌ ലോക്ഡൌണില്‍ രാജ്യം അടച്ചുപൂട്ടിയിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ തന്ത്രപൂര്‍വ്വം ഈ തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ തൊഴിലാളികളുടെ ജോലിസമയം 8 മണിക്കൂറില്‍ നിന്ന് 12  മണിക്കൂറാക്കാനുള്ള നീക്കം നടന്നതും ഇതേ കാലയളവിലാണ് എന്നത് ശ്രദ്ധേയമാണ്. ഇന്നിപ്പോള്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് നേരത്തെ പ്രഖ്യാപിച്ച സ്വകാര്യവത്കരണ നീക്കങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കും എന്നാണ്. അതായത് കല്‍ക്കരി ഖനികളുടെ കാര്യത്തില്‍ അവര്‍ ഉടന്‍ തീരുമാനമാക്കും എന്നുസാരം.

വൈദ്യുതി  

രാജ്യത്തെ ജനങ്ങളെ ഏറ്റവും രൂക്ഷമായി ബാധിക്കാന്‍ പോകുന്ന ഒരു പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് നടത്തിയിരിക്കുന്നത്. വൈദ്യുതി മേഖലയില്‍ ഒന്നോ രണ്ടോ കമ്പനികള്‍ക്ക് കൂടി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കും. ആ കമ്പനികള്‍ വൈദ്യുതി വകുപ്പിന് സമാന്തരമായി പ്രവര്‍ത്തിക്കും എന്നാണ് ഇപ്പറഞ്ഞതിന്റെ അര്‍ഥം. വൈദ്യതി മേഖല സ്വകാര്യവത്കരിക്കുമെന്നും ഇപ്പറഞ്ഞതിന്റെ തുടര്‍ച്ചയില്‍ തന്നെ ധനമന്ത്രി പറഞ്ഞു. യാതൊരു തരത്തിലുള്ള വ്യക്തതക്കുറവും ഉണ്ടാവേണ്ട കാര്യമില്ല. ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കുന്ന കമ്പനികള്‍ക്ക് ഭാവിയില്‍ ലഭിക്കുന്ന വിധം വൈദ്യുതി വകുപ്പിനെ മാറ്റാനാണ് ഈ സ്വാകാര്യവത്കരണ വക്താക്കള്‍ വെമ്പുന്നത്.

ചുരുക്കത്തില്‍ നാം തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ  രാജ്യത്തെ പരമ പ്രധാനമായ ഊര്‍ജ്ജ മേഖലയെ പൊതു ഉടമസ്ഥതയില്‍ നിന്ന് സ്വകാര്യ കമ്പനികളുടെ കയ്യിലെത്തിക്കുന്നതിന്റെ, ആധാരം തീര്‍പ്പാക്കുന്നതിന്റെ പണിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന കാര്യമാണ് രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയേണ്ടത്. 

Contact the author

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More