എ വിജയരാഘവന്‍ എണ്ണയൊഴിക്കുന്നത് ആരുടെ അടുപ്പിലേക്കാണ് - സുഫാദ് സുബൈദ

Sufad Subaida 3 years ago

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവനും സംഘപരിവാര്‍ രാഷ്ട്രീയവും രാഹുല്‍ ഗാന്ധിയും തമ്മിലെന്ത് എന്ന് പെട്ടെന്നു കയറി ചോദിക്കരുത്, ഒരിച്ചിരി കേട്ടിരുന്നാല്‍ പിടികിട്ടും. കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാണിക്കുന്ന ഒരു മാതൃകയുണ്ട്. ഇടതുപക്ഷത്തെ അനാവശ്യമായി വിമര്‍ശിക്കില്ല ‌എന്നതാണ് അത്. സംഘപരിവാറിനും കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ നിരന്തരം ഒരു ചാവേറു കണക്കെ വിമര്‍ശമുന്നയിക്കുന്ന രാഹുല്‍, കേരളത്തിലെത്തിയാല്‍ മുഖ്യമന്ത്രി പിണറായി വിജയനെയോ സി പി എമ്മിനെയോ ഇടതുപക്ഷത്തെയോ വിമര്‍ശിക്കാറില്ല. ഇടത് മുന്നണിയുമായി പ്രതിപ്രവര്‍ത്തിച്ചുകൊണ്ടു മാത്രമേ കേരളത്തില്‍ കോണ്‍ഗ്രസ്സിനും ഐക്യജനാധിപത്യ മുന്നണിക്കും വിജയിക്കാനും മേല്‍ക്കൈ നേടാനും കഴിയൂ എന്ന പച്ച പരമാര്‍ഥം അറിയാത്തതുകൊണ്ടോന്നുമല്ല അത്. മറിച്ച് തിളച്ചു മറിയുന്ന ഉത്തരേന്ത്യന്‍ യാഥാര്‍ത്ഥ്യം അത്രമേല്‍ അദ്ദേഹത്തെ മഥിക്കുന്നതുകൊണ്ടാണ്. സംഘപരിവാര്‍ ഭരണകൂടത്തില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാന്‍ കഴിയും എന്ന ആഴത്തിലുള്ള ഉത്കണ്ഠ അദ്ദേഹത്തെ ഭരിക്കുന്നതുകൊണ്ടാണ്. സംസ്ഥാനത്തെ രാഷ്ട്രീയ താത്പര്യങ്ങല്‍ക്കപ്പുറം ബിജെപി, ആര്‍ എസ് എസ്, സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ വിശാലമായ ഐക്യമുന്നണി രൂപപ്പെടെണ്ടതുണ്ട് എന്ന് രാഹുല്‍ കരുതുന്നതിനാലാണ്.ആ വിവേകം എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല എന്നറിയാം. കാരണം ചിലര്‍ക്ക് കേരളം തന്നെയാണ് ലോകം. ഇവിടെ ഭരണം പിടിച്ചുകളിക്കലാണ് ജീവിതാനന്ദം. 

എന്നാല്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ എക്കാലവും ഏറ്റവും വിശ്വസനീയമായ രീതിയില്‍ ചെറുത്തുനിന്നിട്ടുള്ള സിപിഎമ്മിനും അതിന്റെ സെക്രട്ടറിക്കും ആ കളി ചേരില്ല. ജനം അതംഗീകരിക്കില്ല. ഇക്കാര്യം എ വിജയരാഘവന്‍ എന്ന താല്‍ക്കാലിക സെക്രട്ടറി ഓര്‍ക്കുന്നത് നന്നായിരിക്കും. വിജയരാഘവന്റെ രാഷ്ട്രീയം മലപ്പുറം ഗവണ്‍മെന്‍റു കോളേജില്‍ നിന്നാണ് തെഴുത്തുവളര്‍ന്നത്. അവിടെ മുസ്ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം എസ്എഫുമായി ഏറ്റുമുട്ടി വളര്‍ന്ന രാഷ്ട്രീയമാണത്. പിന്നീട് എസ്എഫ്ഐ, ഡിവൈഎഫ് ഐ ,കിസാന്‍ സഭ എന്നിവയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയരുകയും പല തവണ രാജ്യസഭംഗമാകുകയും ചെയ്തു. ഒരിക്കല്‍ അഖിലേന്ത്യനായിരുന്ന ചെന്നിത്തലയെപ്പോലെ ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ വിജയരാഘവന് അവസരം കൈവന്നു. അദ്ദേഹം എല്‍ ഡി എഫ് കണ്‍വീനറായി, പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി പയറുപയറുപോലെ പാട്ടുംകേട്ട് നടക്കുന്ന തക്കത്തിനു, കേന്ദ്ര കമ്മിറ്റി അംഗങ്ങളിലോരാള്‍ മാത്രമായ വിജയരാഘവന്‍ സിപിഎമ്മിലെ കീഴ്വഴക്കങ്ങള്‍ മറികടന്നു കോടിയേരിക്ക് ശേഷം താല്‍ക്കാലിക സെക്രട്ടറിയായി. അതിലൊന്നും കുഴപ്പമില്ല. ഉത്തരേന്ത്യയിലെ ചൂടും അതി തണുപ്പും കൊണ്ട് ഏറെ നാള്‍ നടന്നതല്ലേ. അദ്ദേഹം സന്തോഷമായിരിക്കട്ടെ. എന്നാല്‍ ഒന്നുണ്ട് അദ്ദേഹം  എം എസ്എഫിനോടും  മുസ്ലീം ലീഗിനോടും എതിരിട്ടു ചെലവഴിച്ച കൌമാര, വിദ്യാര്‍ഥികാലങ്ങളിലേക്ക് മാനസികമായി തിരിച്ചു പൊയ്ക്കൂടാ. മുസ്ലീം ലീഗിനെ വിമര്‍ശിക്കുന്നതിനു കുഴപ്പമില്ല. അത് അത്യന്തം വേണ്ടതുമാണ്. പക്ഷെ പതിറ്റാണ്ടുകള്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയം മനസ്സിലാക്കിയിട്ടും ലീഗാണ് ഏറ്റവും വലിയ ഭീഷണി എന്നും അവര്‍ മതമൌലിക വാദികള്‍ ആണ് എന്നും പറയുന്നത് അതിശ്യോക്തിയല്ലേ? ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും അവരുടെ മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഘടക കക്ഷിയായ ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടിനെ കാണാന്‍ ചെന്നത് മതമൌലികവാദികളുടെ കൂട്ടയ്മയുണ്ടാക്കാനാണ് എന്ന് ആരോപണമുന്നയിക്കുന്നത് ബാലിശമല്ലേ? 

ലീഗ്, ജമാത്തെ ഇസ്ലാമിയടക്കമുള്ള മതമൌലിക വാദികളുടെ കൂട്ടായ്മയുണ്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ സംഘടന. ആ വര്‍ഗീയ സംഘടന യു ഡി എഫിന്റെ നേതൃത്വം ഏറ്റെടുക്കുന്നു, കോണ്‍ഗ്രസ്സിനെ നയിക്കുന്നു എന്നൊക്കെ വരുത്തിത്തീര്‍ക്കുക. യു ഡി എഫ് അധികാരത്തില്‍ വരികയെന്നാല്‍ മുസ്ലീം മൌലിക വാദികളുടെ കൂട്ടായ്മയും അവര്‍ക്ക് ലീഡര്‍ ഷിപ്പുള്ള കോണ്‍ഗ്രസ് അധികാരത്തില്‍ വരികയുമാണ്‌ ചെയ്യുക എന്ന പ്രതീതിയുണ്ടാക്കുക. അങ്ങനെ  ഒരു മുസ്ലീം മൌലികവാദ  ഭീതിയില്‍ വീണ്ടും ഇടതു മുന്നണിയെ അധികാരത്തില്‍ കൊണ്ടുവരിക.  യുഡിഎഫ് മൊത്തത്തില്‍ മുസ്ലീം മത മൌലികവാദികളുടെ കൂട്ടായ്മയാണ് എന്ന് വരുത്തിത്തീര്‍ത്താല്‍ മാത്രമേ എല്‍ ഡി എഫ് അധികാരത്തില്‍ വരൂ എന്നാണോ വിജയരാഘവന്‍ കരുതുന്നത്?

 മുസ്ല്ലീം ലീഗ് എന്നാല്‍ മുസ്ലീം സമുദായം എന്നര്‍ത്ഥമില്ല. എന്നാല്‍ മുസ്ലീം ലീഗിനെ സാമുദായിക പാര്‍ട്ടികളില്‍ ഒന്ന് എന്ന നിലയില്‍നിന്നു മതമൌലിക വാദികളുടെ കൂട്ടായ്മയായി ചിത്രീകരിക്കുമ്പോള്‍, അവര്‍ക്ക് വോട്ടുചെയ്ത ഒരു വലിയ വിഭാഗം ലീഗ് അനുഭാവികളെ പൊതുസമൂഹം തീവ്ര വാദികളും മൌലിക വാദികളുമെന്നു മുദ്ര കുത്തില്ലേ? അത് സംഘ പരിവാറിന്റെ പണി എളുപ്പമാക്കില്ലേ? പാണക്കാട് തങ്ങളുമായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നടത്തുന്ന ചര്‍ച്ചകള്‍ മത മൌലിക വാദികളുടെ കൂട്ടായ്മയുണ്ടാക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുമ്പോള്‍, മുസ്ലീം ലീഗിന് പ്രാധാന്യം കിട്ടുന്നു എന്ന് ബിജെപിക്കാരെപ്പോലെ പ്രചരിപ്പിക്കുമ്പോള്‍ താങ്കള്‍ എന്ത് രാഷ്ട്രീയമാണ് മുന്നോട്ടു വെയ്ക്കുന്നത്?   താങ്കള്‍ക്ക് മുന്പ് ആ സ്ഥാനത്തിരുന്ന ആരും, കൊടിയെരിയും  പിണറായി വിജയനും ചടയന്‍ ഗോവിന്ദനും വിഎസും നായനാരുമൊന്നും ഇത്ര ബാലിശമായി സംസാരിച്ചിരുന്നില്ല. താങ്കള്‍ക്ക് ഇന്ത്യയിലെ മുഖ്യധാര കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടരിയാകാന്‍ തക്ക പക്വതയും രാഷ്ട്രീയ പരിപാകതയും വന്നിട്ടില്ല എന്ന് താങ്കളുടെ അടിക്കടിയുള്ള പ്രസ്താവനകള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇത്ര ബാലിശമാകണോ വിജയരാഘവന്‍ സഖാവേ?  താങ്കളോട്  ഒന്നേ പറയാനുള്ളൂ അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിച്ച ഒരു നേതാവില്‍ നിന്ന് മലപ്പുറം ഗവര്‍മെന്റ് കോളേജില് നിങ്ങള്‍  എം എഎസ് എഫിനോട് പണ്ട് പയറ്റിയ രാഷ്ട്രീയത്തിലേക്ക് തരാം താഴരുത്. ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥ അത്യന്തം ഭീതിദമാണ്‌.

Contact the author

Sufad Subaida

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More