ഏകാന്തതയും യാദൃശ്ചികതയും കലഹിക്കുന്ന വിൻഡോ ബോയ്: ഡോ. ആസാദ്

ഉറുഗ്വേയില്‍നിന്നു വന്ന സംവിധായകനാണ് അലക്സ് പിപ്പര്‍നോ. കവിതയും സിനിമയും സിരകളിലുള്ള മുപ്പത്തിയഞ്ചുകാരന്‍. യാത്ര ആത്മീയവും ദാര്‍ശനികവുമായ ആനന്ദമാണ് അദ്ദേഹത്തിന്. ഉറുഗ്വേയില്‍നിന്ന് ഒരിക്കല്‍ അര്‍ജന്റീനിയയിലേക്കു നടത്തിയ കപ്പല്‍യാത്ര വിന്‍ഡോബോയ് വുഡ് ആള്‍സോ ലൈക് ടു ഹാവ് എ സബ്മറൈന്‍ എന്ന ചലച്ചിത്രമായി. അതു ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി. ഇപ്പോള്‍ ഗോവന്‍ തീരത്ത് പിപ്പര്‍നോ തന്റെ സിനിമയുടെ കപ്പലടുപ്പിച്ചിരിക്കുന്നു.

അനുഭവവും പ്രവൃത്തിയും തമ്മിലുള്ള ബന്ധമെന്ത്? തുറക്കുന്ന വാതിലുകള്‍ ഏതു പുതുമയിലേക്കാണ് നമ്മെ എത്തിക്കുന്നത്? അറിഞ്ഞിട്ടില്ലാത്ത ഒന്നിലേക്ക് ഒരാള്‍ ആവേശപുര്‍വ്വം വാതിലുകള്‍ തുറന്നിറങ്ങും. പക്ഷെ എത്തുന്നത് സ്വന്തം അനുഭവമണ്ഡലത്തിന്റെ സാദ്ധ്യതകളില്‍ മാത്രം. വ്യവഹാരങ്ങളുടെ പല വിതാനങ്ങളില്‍ അതു നടക്കും. പല പ്രതലങ്ങളില്‍ സംഭവിക്കുന്നത് അന്യോന്യം കലരും. മാന്ത്രിക വാതിലുകള്‍ കടന്ന് ആരും വരാനില്ല. എപ്പോഴെങ്കിലും വന്നെന്നും വരാം. പക്ഷെ പല അനുഭവങ്ങളുടെ സങ്കലനം നമ്മെ ആനന്ദിപ്പിക്കുകയും ചിലപ്പോള്‍ അനിവാര്യ ദുരന്തങ്ങളില്‍ എത്തിക്കുകയും ചെയ്യും.

തുറന്ന വാതിലുകള്‍ കടന്ന് ആരെങ്കിലും വരികയോ വരാതിരിക്കുകയോ ചെയ്യാം. മറ്റൊരിടത്തിലോ കാലത്തിലോ അതു ചേരാം. അത്രമേല്‍ അതാര്യമെന്നോ സുതാര്യമെന്നോ ആ അനുഭവം നമ്മെ ചിന്തിപ്പിക്കാം. ഓരോ ഫ്രെയ്മിലും ആ സൂക്ഷ്മതയും ശ്രദ്ധയും കാണാം. ഇടങ്ങള്‍ കലരുമ്പോഴും കാലങ്ങള്‍ കലരുമ്പോഴും വലിയ സ്തോഭങ്ങളൊന്നും കൂടാതെ നാം സ്വീകരിക്കുന്നു. ആകാംഷകള്‍ പൊടുന്നനെ പൊലിയുന്നു. 

ഭിന്നങ്ങളോ വിദൂരങ്ങളോ ആയ സംഭവ ശകലങ്ങള്‍ ബന്ധപ്പെടുന്ന വിസ്മയമുണ്ട്. ഈ ചലച്ചിത്രത്തിന്റെ നിര്‍മ്മാണഘട്ടത്തിലെ ആനന്ദം അതായിരുന്നുവെന്ന് പിപ്പര്‍നോ പറയുന്നു. കവിയായ പിപ്പര്‍നോയ്ക്ക് കാല്‍പ്പനിക ഭാവനകളുടെ മാന്ത്രിക സമ്പാദ്യമുണ്ട്. ബോര്‍ഹസിനെപ്പോലെ പ്രചോദിപ്പിക്കുന്ന പൂര്‍വ്വസൂരികളുണ്ട്. ദൃശ്യഭാഷയില്‍ അതാവിഷ്കരിക്കാനുള്ള സങ്കേതവഴക്കമുണ്ട്. 

കുന്നിന്‍ ചെരിവില്‍ കര്‍ഷകര്‍ കണ്ടെത്തുന്ന ഒരു ഒറ്റമുറിയ്ക്കകത്തു ശബ്ദങ്ങളുണ്ട്. ജനലുകള്‍ പതുക്കെ ഇളകുന്നുണ്ട്. അകം വിഭ്രമിപ്പിക്കുകയാണവരെ. സമാന്തരമായി ഒരു  കടല്‍യാത്ര. യാത്രികന്‍ കപ്പലിലെ വാതിലുകള്‍ തുറന്നു തുറന്നു ചെന്നെത്തുന്നത് നഗരത്തിലെ ഒരു യുവതിയുടെ ഫ്ലാറ്റില്‍. രണ്ടിടത്തു രണ്ടു കാലത്തു നടക്കുന്ന മാന്ത്രിക ദൃശ്യങ്ങളുടെ ഫ്രെയിമുകള്‍ കലരുന്നു. അവയില്‍ പൊതുവായതെന്ത് എന്നു തേടാന്‍ നാം ശ്രമിക്കും. 

ദീര്‍ഘനാളുകളായുള്ള ഏകാന്തതയും യാദൃച്ഛികതകളും പൊലുപ്പിച്ച ഭാവനയാണ് പിപ്പര്‍നോ തന്റെ ആദ്യ ചലച്ചിത്രമായി നല്‍കുന്നത്. തീന്‍മേശയില്‍ വെച്ച പഴങ്ങള്‍ പോലെ ഓരോരുത്തരും എങ്ങനെയെടുത്തു കഴിയ്ക്കുന്നു എന്നത് കൗതുകകരമാണെന്ന് അദ്ദേഹം പറയുന്നു. സംഭവങ്ങള്‍ ധാരാളമുണ്ട്.അടുക്കി എടുക്കേണ്ടവര്‍ക്ക് അതാവാം. അന്യോന്യബന്ധം ആരോപിക്കാം. അഥവാ അതു ചെയ്തുകൊണ്ടിരിക്കും. ചലച്ചിത്രകാഴ്ച്ചയുടെ രസകൗശലമാണത്. പിപ്പര്‍നോ ലാറ്റിനമേരിക്കന്‍ പാരമ്പര്യത്തിലെ മാന്ത്രികവാസ്തവികതയെ പിന്‍പറ്റുകയാവാം.

ഒരു ചലച്ചിത്രത്തെ പലതാക്കുന്ന, ഒരു ഫ്രെയ്മില്‍ പലതു കലര്‍ത്തുന്ന, ഏകാന്തതയും യാദൃച്ഛികതയും കലഹിക്കുന്ന ഒരു കലയാണ് വിന്‍ഡോബോയ്. അത് അലക്സ് പിപ്പര്‍നോ എന്ന ചലച്ചിത്രകാരനാണ്. പലമട്ടു കാഴ്ച്ചകള്‍ തേടി നടക്കുകയാണയാള്‍. അവ തമ്മിലുണ്ടാകാവുന്ന ബന്ധം അയാളെ അത്ഭുതപ്പെടുത്തുന്നു. അത് ആവിഷ്കരിക്കെ  എന്താണു തെളിഞ്ഞു വരുന്നതെന്നത് അയാളെത്തന്നെ അത്ഭുതപ്പെടുത്തുന്നു. അപൂര്‍വ്വമായ ആഖ്യാന കൗതുകത്തിന്റെ ഉന്മേഷമാണ് പിപ്പര്‍നോവില്‍. ഓരോ കാഴ്ച്ചയും ഒരന്തര്‍വാഹിനിപോലെ അറിയാത്ത അത്ഭുതങ്ങളിലേക്കോ ഏറെ പരിചിതമായ നിത്യ വ്യവഹാരങ്ങളിലേക്കോ വലിച്ചടുപ്പിക്കാം. വിന്‍ഡോബോയ് വുഡ് ആള്‍സോ ലൈക് ടു ഹാവ് എ സബ്മറൈന്‍ എന്ന സിനിമ അതു സമര്‍ത്ഥമായി നിര്‍വ്വഹിച്ചിരിക്കുന്നു. 

കഥാപാത്രങ്ങള്‍ അന്യോന്യം തുറക്കുകയും അവരിലൂടെ ഏറെ ദൂരം പോകുകയും ചെയ്യുന്നില്ല. എല്ലാം ചുറ്റുപാടുകളുടെ നിഗൂഢതകളിലേക്ക് തിരിഞ്ഞിരിപ്പാണ്. ഓരോരുത്തരിലും തനത് സംഗീതം തുടിക്കുന്നുണ്ട്. അകം ഇളകി മറിയുന്നു. സാഹസികമായ ഒരു പരീക്ഷണമാണ് പിപ്പര്‍നോ നടത്തിയിരിക്കുന്നത്. നല്ല ചലച്ചിത്രാനുഭവം.

Contact the author

Recent Posts

Dr. Azad 2 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More