ജമാഅത്തെ ഇസ്ലാമിയുടെ അതിനാട്യങ്ങൾ - കെ.ടി.കുഞ്ഞിക്കണ്ണൻ

Inception: (left) Maududi founded the Jamaat-e-Islami in 1941: Photo: Wikimedia Commons; and Golwalkar was the second sarsanghchalak of the RSS. Photo: Courtesy: VHP.org

കേവലമായ സമീകരണങ്ങളിലോ ചരിത്ര നിരപേക്ഷമായ വിശകലനങ്ങളിലോ ഒതുക്കാവുന്നതല്ല ആർഎസ്എസ്സിനെയും ജമാഅത്തെ ഇസ്ലാമിയെയും സംബന്ധിച്ച താരതമ്യങ്ങളും വിമർശനപഠനങ്ങളുമെന്നു തോന്നുന്നു. നിയോലിബറൽ മൂലധനവും മതവംശീയതയും ചേർന്നു രൂപപ്പെടുത്തുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിൻ്റയും ആഗോള ഫൈനാൻസ് മൂലധന വ്യവസ്ഥയുടെ അധിനിവേശ തന്ത്രങ്ങളുടെയും വർത്തമാനത്തിൽനിന്നേ ഭൂപരിപക്ഷ മതരാഷ്ട്ര വാദത്തെയും ന്യൂനപക്ഷ മതരാഷ്ട്രവാദത്തെയും അവ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളെയും അതു മതനിരപേക്ഷ സമൂഹത്തിൽ സ്യഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയുമെല്ലാം കൃത്യമായി വിലയിരുത്താനാവൂ. പ്രത്യേകിച്ച് ഇന്ത്യ പോലൊരു ബഹുമത സമൂഹത്തിന് ഭീഷണമാകുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെന്ന നിലയിലാണ് മതരാഷ്ട്രവാദ പ്രസ്ഥാനങ്ങൾക്കെതിരായ മതനിരപേക്ഷ വിമർശനങ്ങൾ പ്രസക്തമാകുന്നതെന്നും ആ മുഖമായി സൂചിപ്പിക്കട്ടെ.

ഹിന്ദുത്വവാദികളും ജമാഅത്തെയും മതരാഷ്ട്രവാദികള്‍ 

നിയോലിബറൽ മൂലധനശക്തികളും ഹിന്ദുത്വഫാസിസ്റ്റുകളും ചേർന്ന് ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തെയും ബഹുസ്വരതയെയും തകർത്ത് ഏകാത്മകമായൊരു ഭരണകൂടഘടന സാക്ഷാത്കരിച്ചെടുക്കാനുള്ള തീവ്രമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തകർത്തുകൊണ്ട് ഇന്ത്യൻ സമൂഹത്തിന്റെ ബഹുത്വത്തെയാകെ ഹിന്ദുത്വമെന്ന ഏകത്വത്തിലേക്ക് ബലംപ്രയോഗിച്ച് വിലയിപ്പിച്ചെടുക്കാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടേത് പോലൊരു ബഹുമതസമൂഹത്തിൽ ഇന്ത്യൻ രാഷ്ട്രഘടനയുടെ നിലനിൽപിനായി സംരക്ഷിക്കപ്പെടേണ്ട അടിസ്ഥാന ആശയങ്ങളാണ് മതനിരപേക്ഷതയുടേത്. ഹിന്ദുത്വവാദികളെപോലെ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിക്കാരും മതനിരപേക്ഷതയോടും ആധുനിക ജനാധിപത്യവ്യവസ്ഥയോടും സൈദ്ധാന്തികമായും പ്രായോഗികമായും ശത്രുത പുലർത്തുന്നവരാണ്. ജനാധിപത്യത്തിന് പകരം ദൈവികാധിപത്യവും മതനിരപേക്ഷതക്ക് പകരം ഇസ്ലാമിക നിയമങ്ങളുമാണവർ മുന്നോട്ടുവെക്കുന്നത്.

മുസ്ലീം സമുദായം തള്ളിക്കളഞ്ഞ മൗദൂദിസം 

ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദിയൻ ദർശനങ്ങൾ മറ്റ് മുസ്ലീം സംഘടനകളോ ഇസ്ലാമികവിശ്വാസികളോ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ മുസ്ലീങ്ങൾ മതരാഷ്ട്ര സിദ്ധാന്തങ്ങളോട് കാര്യമായ ആഭിമുഖ്യവും കാണിച്ചിട്ടില്ല. മറ്റ് മുസ്ലീം സമുദായ സംഘടനകളിൽ നിന്ന് വ്യത്യസ്തമായി ഒരാഗോള ഇസ്ലാമിക രാഷ്ട്രീയവ്യവസ്ഥയെ ലക്ഷ്യംവെച്ചാണ് ജമാഅത്തെഇസ്ലാമി പ്രവർത്തിക്കുന്നത്. മൗദൂദിയൻ സിദ്ധാന്തങ്ങളെ ഇസ്ലാമിന്റെ പക്ഷത്തുനിന്ന് പരിശോധിച്ചിട്ടുള്ള മുസ്ലീം പണ്ഡിതന്മാർ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ ഖുർആനും നബിചര്യയുമായി ബന്ധമില്ലാത്തതാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മറ്റെല്ലാ മതരാഷ്ട്രവാദങ്ങളുമെന്നപോലെ മൗദൂദിസവും ഇസ്ലാമിനന്യവും അസ്വീകാര്യവുമാണെന്നാണ് ഈ പണ്ഡിതരെല്ലാം സമർത്ഥിച്ചിട്ടുള്ളത്. സാമൂഹ്യരാഷ്ട്രീയരംഗത്തെ ജനാധിപത്യവാദികളായ പണ്ഡിതന്മാർ മൗദൂദിസം മതനിരപേക്ഷ വിരുദ്ധവും ജനാധിപത്യവ്യവസ്ഥയെ നിരാകരിക്കുന്നതുമാണെന്ന വിമർശനമാണ് പ്രധാനമായും ഉയർത്തിയത്. ആധുനിക ജീവിതത്തെയും സാമൂഹ്യസാഹചര്യങ്ങളെയും സാമൂഹ്യശാസ്ത്രപരമായി അപഗ്രഥിക്കാനോ മനസ്സിലാക്കാനോ കഴിയാത്തവിധം വളരെ യാഥാസ്ഥികമാണ്‌ മൗദൂദിയുടെ രാഷ്ട്രീയ സങ്കൽപ്പങ്ങള്‍. അതിനെ ആധുനിക സംജ്ഞകളിലും പദാവലികളിലും പുതപ്പിച്ച് പുനരവതരിപ്പിക്കുക മാത്രമാണ് മൗദൂദി ചെയ്യുന്നതെന്നാണ് പലരുടെയും നിരീക്ഷണം.

ദർശനത്തിലേയും പ്രയോഗത്തിലേയും ഇരട്ടത്താപ്പ്

ജമാഅത്തെഇസ്ലാമിയുടെ ദർശനവും പ്രയോഗങ്ങളുമെല്ലാം ഇരട്ടത്താപ്പ് നിറഞ്ഞതും സത്യസന്ധതയില്ലാത്തതുമാണെന്ന വിമർശനം പ്രസക്തമാണ്. ദൈവികഭരണസ്ഥാപനമെന്ന പ്രഖ്യാപിത ലക്ഷ്യത്തെ സംബന്ധിച്ച ഒളിച്ചുകളി അവരിപ്പോഴും തുടരുകയാണ്. നേരത്തെ അവരെടുത്ത പലനിലപാടുകളും യാതൊരുവിധ സൈദ്ധാന്തിക സത്യസന്ധതയുമില്ലാതെ അവർ മാറ്റിവെക്കുകയോ അതിൽനിന്നും പിറകോട്ടുപോകുകയോ ചെയ്തിട്ടുമുണ്ട്. വിദ്യാഭ്യാസത്തോടും സർക്കാരുദ്യോഗങ്ങളോടും കാണിച്ച വിമുഖതയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിലൂടെ പാർലമെന്ററി രാഷ്ട്രീയരംഗത്തുനിന്നും മാറിനിന്നതും ഒരു വിശദീകരണംപോലും നൽകാതെ അവർ ഉപേക്ഷിച്ചുകഴിഞ്ഞിട്ടുണ്ട്. ആരംഭകാല ശാഠ്യങ്ങളിൽ നിന്ന് പിന്മാറുന്നത് നല്ലകാര്യമായിരിക്കുമ്പോൾ തന്നെ അത് സൈദ്ധാന്തികമായി സമ്മതിക്കാനോ വിശദീകരിക്കാനോ അവർ സന്നദ്ധമാവുന്നില്ല എന്നയിടത്താണ് അവരുടെ കാപട്യം. ധാർമ്മികനാട്യങ്ങളല്ലാതെ ജമാഅത്തുകാർക്ക് രാഷ്ട്രീയ സത്യസന്ധതയോ അവരുടെ പ്രഖ്യാപിതമായ ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളോട് ഉത്തരവാദിത്വമോ ഇല്ല എന്നാണ് അനുഭവങ്ങൾ തുടർച്ചയായി വ്യക്തമാക്കുന്നത്.

ഇസ്ലാമിനെ സംബന്ധിച്ച തെറ്റായ ദർശനങ്ങളും സൈദ്ധാന്തികരാഷ്ട്രീയ പ്രയോഗങ്ങളുമാണ് കഴിഞ്ഞ 80 വർഷക്കാലത്തെ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രമെന്നതാണ് വസ്തുത. ഒരുതരം മൗലികവാദ സമീപനത്തോടെയുള്ള അവരുടെ ആശയങ്ങളും പരിപാടികളും സമ്പൂർണ ഇസ്ലാമിസമാണെന്ന നാട്യത്തിലാണവർ. മർദ്ദിതരുടെയും അധസ്ഥിതരുടെയും പദാവലികളുപയോഗിച്ച് മർദ്ദകരുടെ ധർമ്മം നിർവ്വഹിക്കുന്ന ഒരതിഭാഷയും മൗലികവാദസമീപനവുമാണ് ജമാഅത്തുകാരുടേത്. അവരുടെ മുദ്രാവാക്യങ്ങളിലും കാമ്പയിൻ ശീർഷകങ്ങളിലും അതാണ് നമുക്ക് കാണാനാവുന്നത്. ഇസ്ലാമിക മതവിശ്വാസങ്ങളെ ലക്ഷ്യംവെച്ചുകൊണ്ടവർ വ്യാപകമായി പ്രചരിപ്പിക്കുന്ന മുദ്രാവാക്യമാണ് 'ഇക്കാലത്തെ ഏക ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനം', 'സമ്പൂർണ ഇസ്ലാമിനെ സമഗ്രമായി പ്രയോഗിക്കുന്ന ഏക പ്രസ്ഥാനം' തുടങ്ങിയവ.

ജമാഅത്തെയും ആര്‍ എസ് എസ്സും എന്തുകൊണ്ട് ഒരുപോലെയാണ്?

എവിടെയും പിടിതരാത്ത ഉത്തരാധുനികമായ കസർത്തുകളും അവരുടെ പ്രചരണസന്ദേശങ്ങളാണ്. ജമാഅത്തെ ഇസ്ലാമിയെ നിർവചിച്ചുകൊണ്ട് അവർ നൽകുന്ന വിശദീകരണം നോക്കൂ; ''ജമാഅത്തെ ഇസ്ലാമിക്ക് മതവും രാഷ്ട്രീയവുമുണ്ട്. എന്നാൽ ചിരപരിചിതമായ അർത്ഥത്തിലുള്ള മതസംഘടനയോ രാഷ്ട്രീയസംഘടനയോ അല്ല അത്. ഒരു സംഘടനയെ ഇന്ന് വേർതിരിച്ചുനിർത്താവുന്ന ഒരു കള്ളിയിലും അത് ഒതുങ്ങുന്നില്ല. അത് ജീവിതത്തിന്റെ എല്ലാ കള്ളികളിലും വ്യാപിക്കുന്നു. സർവസ്പർശിയാണ് അതിന്റെ ഇടപെടലുകൾ.'' പുനരുജ്ജീവനത്തിന്റെയും മതരാഷ്ട്രസ്ഥാപനത്തിന്റേതുമായ സിദ്ധാന്തങ്ങളവതരിപ്പിച്ച പരിഷ്‌കർത്താവായിട്ടാണവർ മൗദൂദിയെ പരിചയപ്പെടുത്തുന്നത്. മൗദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും പരിചയപ്പെടുത്തുന്നത്; ''മുസ്ലീങ്ങളെ വിസ്മൃതിയിൽ നിന്നും ഉണർത്തി തങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ രംഗത്തുവന്ന മഹാനായ പരിഷ്‌കർത്താവാണ് മൗലാനാ മൗദൂദി. ആ ലക്ഷ്യത്തിനായി അദ്ദേഹം സ്ഥാപിച്ച ധാർമ്മിക വിപ്ലവപ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.'' ഏതാണ്ട് ആർ.എസ്.എസും അവരുടെ ഫാസിസ്റ്റ് സംഘടനയെയും ലക്ഷ്യത്തെയും പരിചയപ്പെടുത്തുന്നതും ഇങ്ങനെയൊക്കെ തന്നെയാണ്. നവോത്ഥാനത്തിന്റെ സാരഥിയെന്നും പുരാതന ധർമ്മസംസ്ഥാപനത്തിനുള്ള രാഷ്ട്രശക്തിയുമായിട്ടാണ് ആർ.എസ്.എസുകാർ അവരുടെ സംഘടനയെയും ലക്ഷ്യത്തെയും പരിചയപ്പെടുത്തുന്നത്.

ഇസ്ലാമിന്റെ ആഗോളാധികാരവ്യവസ്ഥയെക്കുറിച്ച് പറഞ്ഞുകൊണ്ടുതന്നെയാണവർ ജമാഅത്തെ ഇസ്ലാമി എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണെന്നും പറയുന്നത്. ''നിങ്ങൾ മുസ്ലീമോ ഹിന്ദുവോ ക്രിസ്ത്യാനിയോ അതുമല്ല അവിശ്വാസിയോ ആരുമാവട്ടെ നിങ്ങൾക്കും ജമാഅത്തെഇസ്ലാമിയിൽ ഒരിടമുണ്ട്. മനുഷ്യനിലും അവന്റെ നന്മയിലും താൽപര്യമുള്ള ഏതൊരാളും ജമാഅത്തിന്റെ ഭാഗമാണ്. ജമാഅത്ത് അയാളുടേയും.'' ഇത്തരം വാചകകസർത്തുകളെല്ലാം ഒന്നുകിൽ അവരുടെ ആശയക്കുഴപ്പത്തെ അല്ലെങ്കില്‍ കാപട്യത്തെയാണ് കാണിക്കുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക നവോത്ഥാനത്തിന്റെയും ധാർമ്മികവിപ്ലവത്തിന്റെയും ലക്ഷ്യം ദീനിന്റെ സംസ്ഥാപനമാണ് എന്നാണ് പറയുന്നത്. 'ദീന്‍' എന്നത് എല്ലാ വിശ്വാസികളും ഉപയോഗിക്കുന്ന പദമാണ്. അത് ജമാഅത്തെ ഇസ്ലാമി ഉപയോഗിക്കുന്നതിലൂടെ ആ വാക്കു തന്നെ പ്രശ്നവല്‍ക്കരിക്കപ്പെടുകയും മറ്റെല്ലാവരെയും ബാധിക്കുകയും ചെയ്യുന്നുണ്ട്.

അല്പം ചരിത്രം

മതരാഷ്ട്രപ്രഖ്യാപനവുമായി1941-ൽ അവിഭക്ത ഇന്ത്യയില്‍ രംഗപ്രവേശം ചെയ്ത സംഘടനയാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലും ആവശ്യമെങ്കിൽ അയൽരാജ്യങ്ങളിലും ഇസ്ലാമികവൽക്കരണം നടപ്പാക്കി ആഗോള ഇസ്ലാമികവ്യവസ്ഥ കെട്ടിപ്പടുക്കുകയാണവരുടെ ആത്യന്തിക രാഷ്ട്രീയം. മൗദൂദി 'ഹുകുമത്തെഇലാഹി' എന്ന് നാമകരണം ചെയ്ത മതരാഷ്ട്രമാണവരുടെ ലക്ഷ്യം. ദേശീയതയെയും മതനിരപേക്ഷതയെയും ഇസ്ലാമിക വിരുദ്ധമാണെന്ന് അനുശാസിക്കുന്ന രാഷ്ട്രസിദ്ധാന്തമാണ് മൗദൂദിയുടേത്. ഇസ്ലാമിന്റെ അനേകം സംജ്ഞകളെ രാഷ്ട്രീയവൽക്കരിക്കുകയും മതത്തെത്തന്നെ രാഷ്ട്രീയ വികാരമായി അപനിർമ്മിച്ചുമാണ് മൗദൂദി തന്റെ ഇസ്ലാമിക രാഷ്ട്രസിദ്ധാന്തം ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മനുഷ്യരുടെ ജീവിതവ്യവഹാരങ്ങളിൽ നിന്നും സാമൂഹ്യ വികാസഗതിയിൽ നിന്നുമാണ് കാലദേശ വ്യത്യാസമനുസരിച്ച് സാമൂഹ്യനിയമങ്ങളും രാഷ്ട്രമടക്കമുള്ള സ്ഥാപനങ്ങളും രൂപപ്പെട്ടിട്ടുള്ളതെന്ന ആർജ്ജിതമായ ചരിത്രധാരണകളുടെ നഗ്നമായ നിരാകരണമാണ് മൗദൂദിയുടെ രാഷ്ട്രസിദ്ധാന്തമെന്ന് പറയാം. ഇസ്ലാമിന്റെ മഹത്തായ ആത്മീയലക്ഷ്യങ്ങളെ സങ്കുചിതമായ രാഷ്ട്രീയവൽക്കരണത്തിലൂടെ ഇകഴ്ത്തുകയാണ് മൗദൂദി ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെ അപഗ്രഥിച്ച പണ്ഡിതന്മാർ നേരത്തെ തന്നെ ഇസ്ലാമികവിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.

മുസ്ലീം രാഷ്ട്രമല്ല വേണ്ടത് ഇസ്ലാമിക രാഷ്ട്രം   

ദേശീയപ്രസ്ഥാനം ഉയർത്തിയ സ്വാതന്ത്ര്യത്തിന്റെയും സ്വരാജിന്റെയും ആശയങ്ങൾക്കെതിരായിട്ടാണ് ആർ എസ്എ സ് എന്നപോലെ ജമാഅത്തെ ഇസ്ലാമിയും നിലകൊണ്ടത്. 1941-47 ലെ ബ്രിട്ടീഷ് വിരുദ്ധ ദേശീയ വികാരം ശക്തിപ്രാപിച്ച ഘട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിക്കും മൗദൂദിയുടെ സിദ്ധാന്തങ്ങൾക്കും മുസ്ലീം ജനവിഭാഗങ്ങൾക്കിടയിൽ ഒരുതരത്തിലുള്ള പിന്തുണയും പരിഗണനയും കിട്ടിയില്ല. വിഭജനാനന്തരം പാക്കിസ്ഥാനിലേക്ക് കുടിയേറിയ മൗദൂദി പാക്കിസ്ഥാനെ ഇസ്ലാമികരാഷ്ട്രമാക്കാനുള്ള പ്രവർത്തനങ്ങളാരംഭിച്ചു. പാക് ജമാഅത്തെ ഇസ്ലാമി മൗദൂദിയുടെ കൽപനയനുസരിച്ച് 'ഇസ്ലാമികവൽക്കരണം' മുദ്രാവാക്യമാക്കി പ്രചരണമാരംഭിച്ചു. മുഹമ്മദലിജിന്നയുടെ മുസ്ലീം സമുദായിക പാക്കിസ്ഥാനല്ല, ഇസ്ലാമികരാഷ്ട്രമായി പാക്കിസ്ഥാനെ പരിവർത്തനപ്പെടുത്തുകയാണ് വേണ്ടതെന്ന ആശയമാണ് മൗദൂദി മുന്നോട്ടുവെച്ചത്. മുസ്ലീം പാക്കിസ്ഥാനല്ല ഇസ്ലാമിക പാക്കിസ്ഥാനാണ് വേണ്ടതെന്ന കാമ്പയിൻ ജമാഅത്തെ ഇസ്ലാമി ആരംഭിച്ചു. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ എതിർത്തുകൊണ്ടാണ് മൗദൂദി ഇസ്ലാമികവൽക്കരണത്തിനുള്ള ആവശ്യവുമായി രംഗത്തുവരുന്നത്. മൗദൂദിസത്തിന്റെ രാഷ്ട്രീയപ്രയോഗം പാകിസ്ഥാനിലെ മുസ്ലീം മതനിരപേക്ഷവാദികളിൽ അത്ഭുതം സൃഷ്ടിച്ചു. പാക്കിസ്ഥാനെ സൈനിക-മതരാഷ്ട്രീയ വൽക്കരണത്തിന്റേതായ സങ്കീർണതകളിലേക്ക് തള്ളിവിട്ടത് ദക്ഷിണേഷ്യൻ മേഖലയിലെ സാമ്രാജ്യത്വതാൽപര്യങ്ങളും ജമാഅത്തെഇസ്ലാമിയുടെ മതരാഷ്ട്രതാൽപര്യങ്ങളുമാണ്. ആഗോള ഇസ്ലാമിക വ്യവസ്ഥയെയും അധികാരത്തെയുമെല്ലാം സംബന്ധിച്ച വാചകമടികൾക്കിടയിൽ മൗദൂദി സ്വയംതന്നെ അതിന് വിരുദ്ധമായ ദേശീയ സങ്കുചിതത്വത്തിന്റെ ഭ്രാന്തൻ വക്താവായി മാറുന്നതുമാണ് പിൽക്കാലത്ത് കാണേണ്ടിവന്നത്.

ജമാഅത്തെയും ബംഗ്ലാദേശും 

കിഴക്കൻ പാക്കിസ്ഥാനികളുടെ ദേശീയവിമോചനസമരം ഉയർന്നതോടെ പാക്കിസ്ഥാൻ ജമാഅത്തെഇസ്ലാമി അതിനെ അടിച്ചമർത്താനുള്ള സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകുകയായിരുന്നു. ബംഗ്ലാദേശ് രൂപീകരണ നീക്കങ്ങളെ ആഗോള ഇസ്ലാമിക ഐക്യത്തെ തകർക്കുന്ന വിധ്വംസക നീക്കമായിട്ടാണ് മൗദൂദി കണ്ടത്. ബംഗ്ലാഭാഷ സംസാരിക്കുന്ന ജനതയോട് ഒരുതരം വംശീയ പകയോടെയാണ് അക്കാലത്ത് മൗദൂദി പെരുമാറിയത്. ആക്രമണോത്സുകതയും വംശീയതയും ചേർന്ന മതരാഷ്ട്ര നിലപാടുകളിൽ നിന്നുകൊണ്ടാണ് ബംഗ്ലാദേശ് വിമോചനപ്രസ്ഥാനത്തെ മൗദൂദി നേരിട്ടത്. ബംഗ്ലാദേശ് രൂപംകൊണ്ടതോടെ ആ രാജ്യത്തെ ദരിദ്രകൊടികളെ മതനിരപേക്ഷ ദേശീയരാഷ്ട്രീയ സ്വാധീനത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ആസൂത്രിതലക്ഷ്യവുമായി ജമാഅത്തെ ബംഗ്ലാദേശിനെ അംഗീകരിക്കുകയും അസ്ഥിരീകരണ പ്രവർത്തനങ്ങളാരംഭിക്കുകയും ചെയ്തു. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രം രക്തപങ്കിലവും വംശഹത്യ രാഷ്ട്രീയത്തിലധിഷ്ഠിതവുമാണ്. പാക്ക് പ്രധാനമന്ത്രിയായിരുന്ന ലിയാഖത്അലിഖാനെ വെടിവെച്ചുകൊന്നതുകൊണ്ടാണല്ലോ അവിടെ ഇസ്ലാമൈസേഷന് വേണ്ടിയുള്ള സംഘർഷഭരിതമായ പ്രവർത്തനങ്ങൾ ജമാഅത്തെഇസ്ലാമി തുടങ്ങുന്നത്.

1971-ൽ പാക്കിസ്ഥാന് വേണ്ടി ജമാഅത്തെ ഇസ്ലാമിക്കാർ നടത്തിയ അട്ടിമറി ശ്രമങ്ങൾ യുദ്ധകുറ്റങ്ങളെന്ന നിലയിലാണ് ബംഗ്ലാദേശ് ഭരണകൂടം വിചാരണചെയ്തത്. ധാക്ക സുപ്രീംകോടതിയിൽ ഇപ്പോഴും വിചാരണയും ശിക്ഷാവിധികളും തുടരുകയാണ്. ബംഗ്ലാദേശി ജമാഅത്തെഇസ്ലാമി നേതാവ് എ.ടി.എം.അബ്ദുൾ ഇസ്ലാമിന്റെ വധശിക്ഷാ അപ്പീൽ വാദവും സുപ്രീംകോടതി ശരിവെച്ചിരിക്കുകയാണ്. 2014-ലാണ് മറ്റൊരു ജമാഅത്തെ നേതാവായ മിർകാസിം വധശിക്ഷക്ക് വിധിക്കപ്പെടുന്നത്. കൽക്കത്തയിലുൾപ്പെടെ ബംഗ്ലാദേശി യുദ്ധകുറ്റവാളികളായ ജമാഅത്തെ ഇസ്ലാമി നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിക്കാർ റാലികൾ സംഘടിപ്പിച്ചതും നാം മറക്കാറായിട്ടില്ല.

ബംഗ്ലാദേശ്-പാക് ജമാഅത്തെ ഇസ്ലാമിയുടെ സ്വഭാവം 

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും വംശീയ, വർഗീയ വിഭാഗീയതയും വിദ്വേഷവും പടർത്തുന്ന പ്രഭാഷണങ്ങളും പ്രസിദ്ധീകരണങ്ങളും വഴിയാണ് നിരവധി കലാപങ്ങൾ ജമാഅത്തെ ഇസ്ലാമി നടത്തിയിട്ടുള്ളത്. ഹിന്ദുപത്രത്തിലും ഫ്രണ്ട്‌ലൈൻ ദ്വൈവാരികയിലും ഇതുസംബന്ധമായ നിരവധി റിപ്പോർട്ടുകളും ലേഖനങ്ങളും വന്നിട്ടുണ്ട്. അഹമദിയാകൾക്കും ഷിയാകൾക്കുമെതിരായ വംശഹത്യകൾ, ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരായ അതിക്രമങ്ങൾ, ബംഗാളികൾക്കെതിരായ വംശീയമായ കടന്നാക്രമണങ്ങൾ തുടങ്ങി എത്രയെത്ര അക്രമങ്ങളാണ് ജമാഅത്തെ ഇസ്ലാമി ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ളത്. ഡോൺ (Dawn) പോലുള്ള പാക്കിസ്ഥാൻ പത്രങ്ങളിൽ ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന നാനാവിധമായ വിധ്വംസക പ്രവർത്തനങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളും ലേഖനങ്ങളും വന്നിട്ടുണ്ട്. പാക്കിസ്താനിലും ബംഗ്ലാദേശിലും നടത്തുന്ന ക്രൂരമായ നീക്കങ്ങളെയും ഉപജാപങ്ങളെയും അനാവരണം ചെയ്യുന്ന റിപ്പോർട്ടുകളാണിവയെല്ലാം.

വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് ഇടിച്ചുകയറുകയും അവരുടെ പ്രണയത്തിലും സംഭാഷണങ്ങളിലും ഇടപെടുകയും ചെയ്യുന്നു. അന്യമതവിരോധത്തെ എല്ലാ തലങ്ങളിലും വളർത്തുകയും മഹത്വവൽക്കരിക്കുകയും ചെയ്യുന്ന യുവജിഹാദികളെ പ്രോത്സാഹിപ്പിക്കുന്നു. യോഗി ആദിത്യനാഥ് അന്റിറോമിയോ സ്‌ക്വാഡുകളെ ഇറക്കിവിട്ട് യു.പിയിൽ പ്രണയിനികളെ വേട്ടയാടുന്നതിന് സമാനമായ രീതിയിൽ ജമാഅത്തെ യുവാക്കൾ ബംഗ്ലാദേശ് തെരുവുകളിൽ അഴിഞ്ഞാടുന്നു. എഴുത്തുകാരെയും സ്വതന്ത്രബുദ്ധിജീവികളെയും ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകരെയും ആക്രമിക്കുന്നു. അവരെ വേട്ടയാടാനും നാടുകടത്താനും ഭരണകൂടത്തിൽ സമ്മർദ്ദം ഉയർത്തിക്കൊണ്ടുവരുന്നതും ജമാഅത്തെ ഇസ്ലാമിക്കാരുടെ പതിവ് പരിപാടിയാണ്. പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമുള്ളപോലെ പ്രത്യക്ഷമായ ഫാസിസ്റ്റ് രാഷ്ട്രീയപ്രയോഗങ്ങൾ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി നടത്തുന്നില്ല. പക്ഷെ മൗദൂദിസത്തിന്റെ പ്രത്യയശാസ്ത്ര സംഘടനാശൃംഖലകളിൽ നിന്നുതന്നെയാണ് സദാചാരപോലീസിംഗും ഭീകരവിധ്വംസക പ്രവർത്തനങ്ങൾ പരിപാടിയാക്കിയിരിക്കുന്ന പലപേരുകളിലും രൂപത്തിലുമുള്ള തീവ്രവാദസംഘങ്ങൾ പൊട്ടിമുളച്ചു ഭീഷണമായി വളർന്നിട്ടുള്ളതെന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ഹുകുമത്തെ ഇലാഹിയും ഇഖാമത്തുദ്ദീനും  

ഇന്ത്യയിലെ ജമാഅത്തെഇസ്ലാമിക്കാർ ഹുകുമത്തെഇലാഹി എന്ന ദൈവരാജ്യം സ്ഥാപനത്തിൽ നിന്നും ഇഖാമത്തുദ്ദീൻ (മതസ്ഥാപനം) എന്നതിലേക്ക് തങ്ങളുടെ ലക്ഷ്യത്തെ പരിമിതപ്പെടുത്തിയിട്ടുള്ളത് മതരാഷ്ട്രസ്ഥാപനത്തെ സംബന്ധിച്ച അവരുടെ ആശയധാരകൾ വിമർശിക്കപ്പെട്ടതോടെയാണ്. ഭൂരിപക്ഷമതത്തെ ആധാരമാക്കി ആർ.എസ്.എസ് വിഭാവനം ചെയ്ത ഹിന്ദുരാഷ്ട്ര സങ്കൽപത്തെ എതിർത്ത എല്ലാ മതനിരപേക്ഷവാദികളും ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക രാഷ്ട്രവാദത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യൻ സമൂഹത്തെ ഇസ്ലാമീകരിച്ച് ആഗോള ഇസ്ലാമിക വ്യവസ്ഥയുടെ ഭാഗമാക്കാമെന്ന ജമാഅത്തെക്കാരുടെ മോഹത്തെ ഏറ്റവും ശക്തമായി ആക്രമിച്ചവരുടെ കൂട്ടത്തിൽ ജവഹർലാൽ നെഹ്‌റുവുമുണ്ടായിരുന്നെന്ന കാര്യം കേരളത്തിലെ പല കോൺഗ്രസ് നേതാക്കളും വിസ്മരിച്ചമട്ടാണ്. ദൈവികരാജ്യസ്ഥാപനമെന്ന ലക്ഷ്യത്തിൽ നിന്നും തങ്ങളുടെ ലക്ഷ്യം ഇഖാമത്തുദ്ദീനാണെന്ന് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി ഭേദഗതി വരുത്തിയത് തന്നെ നെഹ്‌റുവിനെപോലുള്ളവരുടെ കടുത്ത വിമർശനങ്ങളെ തുടർന്നാണ്. യഥാർത്ഥ ലക്ഷ്യങ്ങളിൽ മാറ്റം വരുത്താതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിർത്താനുള്ള ചില പദപ്രയോഗങ്ങളിലെ മാറ്റം മാത്രമാണവർ വരുത്തിയിട്ടുള്ളത്. ഹുകുമത്തെഇലാഹിയും ഇഖാമത്തുദ്ദീനും തമ്മിൽ പദപ്രയോഗങ്ങളിലെ മാറ്റമല്ലാതെ സത്തയിൽ യാതാരുവിധ വ്യത്യാസവുമില്ലെന്നാണ് ജമാഅത്തെ ഇസ്ലാമി നേതൃത്വം തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. ദീൻ സ്ഥാപിച്ചാലും ഫലത്തിൽ സംഭവിക്കുന്നത് മതരാഷ്ട്രസ്ഥാപനം തന്നെയാണെന്നാണവരുടെ അസന്ദിഗ്ദമായ നിലപാട്. അതായത് ഹുകുമത്തെഇലാഹി മാറ്റി ഇഖാമത്തുദ്ദീൻ വരുന്നതുകൊണ്ട് ലക്ഷ്യത്തിന്റെ ഉള്ളടക്കം മാറുന്നില്ലായെന്നാണ് മനസ്സിലാക്കേണ്ടത്.

തങ്ങളെ മതരാഷ്ട്രവാദത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നവരോടും വിമർശിക്കപ്പെടുന്നവരോടും ജമാഅത്തെ ഇസ്ലാമിക്കാർ 1947 ഫെബ്രുവരിയിൽ പാറ്റ്‌നയിൽ നടന്ന അവരുടെ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുത്തകാര്യം പറഞ്ഞ് അഹങ്കരിക്കാറുണ്ട്. ഗാന്ധിജിക്ക് പോലും തങ്ങളെ അംഗികരിക്കേണ്ടിവന്നിരുന്നുവെന്നാണ് ജമാഅത്തെക്കാർ തട്ടിവിടുന്നത്. എന്നാൽ പാറ്റ്‌നസമ്മേളനത്തിൽ ഗാന്ധിജി പങ്കെടുത്തതിൽ നെഹ്‌റുവടക്കമുള്ള കോൺഗ്രസ് നേതാക്കളും മതനിരപേക്ഷവാദികളും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നകാര്യം അവർ സൗകര്യപൂർവ്വം മറച്ചുപിടിക്കുകയാണ്.

കേരളത്തില്‍ മൌദീദിയെ ഒളിച്ചുപിടിക്കുന്നു 

പൊതുസമൂഹത്തിൽ ഇടം കിട്ടാനായി മൗദൂദിയൻ സിദ്ധാന്തങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയും പുരോഗമനത്തിന്റെയും സാമ്രാജ്യത്വവിരുദ്ധതയുടെയും പദാവലികൾ ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് കേരളത്തിലെ ജമാഅത്തെഇസ്ലാമി. ഉത്തരാധുനിക സ്വത്വരാഷ്ട്രീയ സംജ്ഞകളും ഇടതുപക്ഷ പുരോഗമന വാചകടമടികളും വരെ അവർ നടത്തിക്കൊണ്ടിരിക്കുന്നു. സംഘടിത ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരായ സൈദ്ധാന്തിക രാഷ്ട്രീയാക്രമണങ്ങളിലൂടെ പുരോഗമന ചിന്താഗതിക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയെന്നതാണ് കേരളത്തിലെ അവരുടെ പ്രധാന പ്രത്യയശാസ്ത്ര പ്രചരണ അജണ്ട. മൗദൂദിസത്തെ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പിക്കളയാനും പറ്റാത്ത അവസ്ഥയിലാണ് അവരുടെ പ്രചാരകരെല്ലാം. പുരോഗമനത്തിന്റെ അതിഭാഷ ഉപയോഗിച്ച് അങ്ങേയറ്റം യാഥാസ്ഥിതികമായൊരു മതരാഷ്ട്രസിദ്ധാന്തത്തെ ഒളിച്ചുകടത്തുകയാണവർ.

പൗരത്വ നിയമഭേദഗതിക്കെതിരായി വിശാലമായ മതനിരപേക്ഷ പ്ലാറ്റ്‌ഫോമിലുയർന്നുവന്ന സമരങ്ങളെപോലുമവർ മതപരമായ ധ്രുവീകരണത്തിനുള്ള അവസരമാക്കാനാണ് ശ്രമിച്ചത്. മൗദൂദിസത്തിലടിയുറച്ച ഒരു പ്രസ്ഥാനത്തിന് അങ്ങിനെ മാത്രമെ കഴിയൂവെന്നതാണ് മതനിരപേക്ഷവാദികൾ മനസ്സിലാക്കേണ്ടത്. മൗദൂദി വിഭാവനം ചെയ്യുന്ന ദൈവരാജ്യത്തിൽ മതപരമായ പൗരത്വമാണല്ലോ നിർദ്ദേശിക്കപ്പെടുന്നത്. മൗദൂദിസമനുസരിച്ച് അമുസ്ലീംകൾ (ജമാഅത്തികളല്ലാത്തവരും) കപ്പം കൊടുത്ത് ഗവൺമെന്റിന്റെ/മുസ്ലീങ്ങളുടെ സംരക്ഷണത്തിൽ കഴിയേണ്ടവർ ആയിരിക്കുമല്ലോ. ഒരുരാജ്യത്തെ ജനങ്ങളെ ജാതിമതഭാഷാ ഭേദമില്ലാതെ പൗരന്മാരായി കാണുന്ന ആധുനിക ജനാധിപത്യത്തെ മൗദൂദി അംഗീകരിക്കുന്നില്ലല്ലോ.

എന്താണ് മതമൌലിക വാദം? 

മതത്തെയും അതിന്റെ ദർശനങ്ങളെയും അത് രൂപംകൊണ്ട ചരിത്രസാഹചര്യത്തിൽ നിന്ന് അടർത്തിമാറ്റി മൗലികവാദപരമായവതരിപ്പിക്കുകയാണ് ലോകത്തിലെല്ലായിടത്തുമുള്ള എല്ലാമതത്തിലുംപെട്ട 'മൗലികവാദികൾ' ചെയ്യുന്നത്. അവർ മതങ്ങളുടെ ആവിർഭാവകാലത്തെ സ്‌നേഹത്തെയോ കരുണയേയോ പ്രജ്ഞയേയോ ഒന്നുമല്ല മൗലികദർശനമായി കാണുന്നത്. സാമൂഹികവും സാംസ്‌കാരികവുമായ എല്ലാറ്റിനെയും രാഷ്ട്രീയവും സാമ്പത്തികവുമായ മണ്ഡലങ്ങളെയും മതത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതിനെയാണ് മതമൗലികവാദം എന്നുപറയുന്നത്. എല്ലാ മതരാഷ്ട്രവാദികളും സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളിൽ സ്വന്തം മതത്തിന് മൗലികത്വം നൽകുന്ന വിശദീകരണങ്ങളാണ് മുന്നോട്ടുവെക്കുന്നത്. മതത്തെ ആത്മീയമായ അന്വേഷണങ്ങളുടെയും സാക്ഷാത്കാരങ്ങളുടെയും മാർഗമായി കാണുന്നതിനുപകരം മതാധിഷ്ഠിത രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വീക്ഷണ സമുച്ചയവും സംഘടനയുമായിട്ടാണ് മതമൗലികവാദികൾ മതത്തെ കാണുന്നത്.

 മുതലാളിത്ത സാമ്രാജ്യത്വവ്യവസ്ഥയുടേതായ ഇന്നത്തെ ലോകത്തിൽ അതിന്റെ പ്രത്യയശാസ്ത്രായുധങ്ങളായി മതത്തെ അധഃപതിപ്പിച്ചെടുക്കാനാണ് എല്ലാ മതരാഷ്ട്രവാദികളും മതമൗലികവാദ സിദ്ധാന്തങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുക്ലക്‌സ്‌ക്ലാൻ തൊട്ട് ഇന്ത്യയിൽ ആർ.എസ്.എസ് വരെയുള്ള മതവംശീയസംഘടനകൾ അപരമതവംശങ്ങൾക്കെതിരായി വിദേ്വഷം പടർത്താനും തങ്ങളുടേതായ ഒരു വരേണ്യ മതവംശീയ അധികാരവ്യവസ്ഥ നിലനിർത്താനുമാണ് ഇറങ്ങിത്തിരിച്ചിട്ടുള്ളത്. മധ്യകാല മതരാഷ്ട്രസമൂഹങ്ങളിൽ നിലനിന്നിരുന്ന രാഷ്ട്രീയ സാമൂഹ്യഘടനകളെയും സദാചാരസങ്കൽപങ്ങളെയും നിയമങ്ങളെയും ആദർശവൽക്കരിച്ചും മൗലികതത്വങ്ങളായി അവതരിപ്പിച്ചുകൊണ്ടുമാണ് ഇത്തരം ഫാസിസ്റ്റ് സംഘങ്ങൾ ഉയർന്നുവരുന്നത്. ഇവയുടെയെല്ലാം പൊതുസ്വഭാവം ജനാധിപത്യവിരുദ്ധമായ ഒരു രാഷ്ട്രീയഘടന സ്ഥാപിച്ചെടുക്കുകയും അതിനെതിരായി നിലകൊള്ളുകയോ അതിൽനിന്ന് ഭിന്നമായ ജനാധിപത്യ അഭിലാഷങ്ങൾ സൂക്ഷിക്കുകയോ ചെയ്യുന്ന വിഭാഗങ്ങളെ കിരാതമായ ക്രൗര്യത്തോടെ അടിച്ചമർത്തുകയെന്നതാണ്. ഈ ഫാസിസ്റ്റ് സംഘടനകളെല്ലാം നിയോലിബറൽ മൂലധനവുമായി ചേർന്നാണ് പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾക്കെതിരായി കടന്നാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം മതരാഷ്ട്രവാദികളെല്ലാം തങ്ങൾ മതത്തിന്റെ മൗലികതത്വങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് എന്നുവരുത്തിയാണ് വിശ്വാസികളെ വശീകരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങളും മൗദൂദിയുടെ ദർശനപദ്ധതികളും ഒരുതരം മൗലികവാദസമീപനത്തോടെയുള്ള വംശീയരാഷ്ട്രീയമാണെന്ന് കാണാം.

Contact the author

K T Kunjikkannan

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More