തോമസ്‌ ഐസക് താങ്കള്‍ ബജറ്റിനെ സാധാരണക്കാരുടെ വിഷയമാക്കി മാറ്റി - എസ്. വി. മെഹ്ജൂബ്

Mehajoob S.V 10 months ago

പണ്ടൊക്കെ ബജറ്റിനു പിറ്റേന്ന് വരുന്ന പത്രം ഞങ്ങള്‍ കുട്ടികള്‍ എടുത്തു നോക്കാറെ ഇല്ല. ''മൊട്ടുസൂചിക്കും സേഫ്റ്റി പിന്നിനും വിലകുറയും, സിഗരറ്റിനും പാന്‍ പരാഗിനും വിലകൂടും'' ഇങ്ങനെയൊക്കെയായിരുന്നു അന്നത്തെ പത്രങ്ങളുടെ തലക്കെട്ട്‌. വില കൂടിയവ, കുറഞ്ഞവ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി വ്യത്യസ്ത നിറങ്ങളില്‍ ഫ്രിഡ്ജ്‌ , ടിവി, ബക്കറ്റ്, സോപ്പുപെട്ടി, ചോക്ലെറ്റ്, ബിസ്ക്കറ്റ് തുടങ്ങിവയുടെയൊക്കെ പടം കാണും. കേന്ദ്ര ബജറ്റിലാണ് ഇത്തരം സര്‍ക്കസുകള്‍ കൂടുതല്‍ കാണാറ്. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ ബജറ്റും ഇങ്ങനെയൊക്കെ തന്നെയാണ് നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ബട്ടണ്‍ ഊരിപ്പോകുമ്പോള്‍ ട്രൌസര്‍ കൂട്ടിപ്പിടിച്ചു നിര്‍ത്തിയിരുന്ന സേഫ്റ്റി പിന്‍ സംസ്ഥാന ബജറ്റില്‍ പരാമര്‍ശിക്കത്തക്കവണ്ണം വില കൂടിയ സംഭവമാണെന്ന് എന്നില്‍ തോന്നലുണ്ടാക്കിയത് ബജറ്റവതരണങ്ങളാണ്.

ടി വിയുടെ കാലം വന്നപ്പോള്‍ ബജറ്റവതരണവും തുടര്‍ചര്‍ച്ചകളും പിറ്റേന്നത്തെ പത്രം കാണാതെ തത്സമയം കാണാമെന്നായി. ബജറ്റ് അവതരണം കഴിഞ്ഞയുടനെ ചര്‍ച്ച ആരംഭിക്കും. ഓഹരി വിപണി വിദഗ്ദര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍സ്ട്രി അഥവാ വ്യവസായികളുടെ സംഘടനാ പ്രതിനിധികള്‍, വ്യാപാരികളുടെ പ്രതിനിധികള്‍, ബജറ്റനുകൂലികളും എതിരാളികളുമായ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവരാണ് പങ്കെടുക്കുക. വ്യാപാരികള്‍ കൊമ്പൌണ്ട് ടാക്സ്, കോമ്പ്ലെക്സ് ടാക്സ് എന്നൊക്കെ പറയും വ്യവസായികള്‍ വിവിധ മേഖലകളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതും സ്വീകരിക്കാതിരുന്നതുമായ നടപടികള്‍, ഉത്പന്ന നികുതി, ആവശ്യം വേണ്ട നികുതിയിളവുകള്‍, ഇറക്കുമതി ചുങ്കം തുടങ്ങിയവ ചര്‍ച്ച ചെയ്യും. രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ കക്ഷി പ്രതിപക്ഷത്തെങ്കില്‍ ബജറ്റിനെതിരായും ഭരണപക്ഷത്തെങ്കില്‍ എത്ര പൊട്ട ബാജറ്റാണെങ്കിലും അതിനനുകൂലമായും പറഞ്ഞുകൊണ്ടിരിക്കും. പക്ഷെ അവരായിരിക്കും ചര്‍ച്ചയുടെ കേന്ദ്രം. അവരുടെ അന്യോന്യമുള്ള ഏറ്റുമുട്ടലുകള്‍ പഞ്ചായത്താക്കാനാണ് ചര്‍ച്ച നയിക്കുന്നവര്‍ക്ക് താത്പര്യം. പ്രേക്ഷകരും അങ്ങിനെത്തന്നെ തങ്ങളുടെ ചങ്കുകള്‍ ജയിക്കുന്നത് കാണാനും എതിരാളികള്‍ ഇളിയുന്നത് കാണാനും തന്നെ അവര്‍ക്കും താത്പര്യം.

ഇവരുടെ ഏറ്റുമുട്ടലില്‍ ശാസ്ത്രീയമായി ആരാണ് ശരി എന്ന് ചെക്ക് ചെയ്യാന്‍ ഇടയ്ക്ക് അവതാരകന്‍, അതിഥിയായി എത്തിയിട്ടുള്ള പാവം സാമ്പത്തിക ശാസ്ത്രകാരനെ ഇടപെടുവിക്കും. നേരത്തെ പറഞ്ഞ കക്ഷി രാഷ്ട്രീയ ഏറ്റുമുട്ടല്‍ കൊഴുപ്പിക്കും വിധം ഇടപെടാന്‍ അയാള്‍ക്ക് ആവുന്നില്ല എന്ന് കണ്ടാല്‍ ഉത്തരം പറഞ്ഞുതുടങ്ങുമ്പോള്‍തന്നെ താങ്കളിലേക്ക് തിരിച്ചുവരാം എന്നും പറഞ്ഞ് വീണ്ടും കക്ഷി നേതാക്കന്‍മാരിലേക്ക് പോകും. പിന്നെ ഷോ കഴിയുന്നതുവരെ അവിടെത്തന്നെ കുറ്റിയടിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും. ഇതിനിടയില്‍ ധനക്കമ്മി, ജി ഡി പി, എക്സ്പെന്‍ഡീചര്‍, ബജറ്റ് വിഹിതം തുടങ്ങി മുഴങ്ങിക്കേള്‍ക്കുന്ന വാക്കുകളാണ് നമുക്ക് ബജറ്റ്. അത് സാധാരണക്കാരെ സ്പര്‍ശിക്കാറില്ല, കാരണം പത്താം ക്ലാസ്സിലെ 2πr2 പോലെ അതിന് അവരുടെ ദൈനംദിന ജീവിതവുമായി ബന്ധമില്ല എന്നതുതന്നെ.

ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം കറകളഞ്ഞതാണ് എന്നിപ്പറഞ്ഞതിനര്‍ഥമില്ല. പക്ഷെ ഒന്നുണ്ട് ഇപ്പറഞ്ഞ ചര്‍ച്ചകളെയെല്ലാം അപ്രസക്തമാക്കുംവിധം ബജറ്റിന്റെ മുന്‍ഗണനകള്‍ മാറിയിരിക്കുന്നു. അത് പെന്‍ഷന്‍, തൊഴില്‍, ഓരോ തൊഴില്‍ വിഭാഗങ്ങള്‍ക്കുമുള്ള ആനുകൂല്യങ്ങള്‍, കിടപ്പാടം, റേഷന്‍, ചികിത്സ, സര്‍ക്കാര്‍ ആശുപത്രി തുടങ്ങി സാധാരണക്കാരുടെ വിഷയങ്ങളെ ബജറ്റിന്റെ മുന്‍ ഭാഗത്തേക്ക് കൊണ്ടുവന്നിരിക്കുന്നു. അതുകൊണ്ട് തന്നെ ചര്‍ച്ചകളുടെ മുന്‍ഗണനകള്‍ മാധ്യമങ്ങള്‍ക്ക് മാറ്റേണ്ടിവന്നു. അങ്ങനെയാണ് ബജറ്റ് എല്ലാവര്‍ക്കും മനസ്സിലാകുന്ന ഒരു വ്യാവഹാരമായി മാറിയത്. ഐസക്കിന്റെ ബജറ്റുകള്‍ വെറും വരവുചെലവ് കണക്കുകളെ ആശ്രയിച്ചു നില്‍ക്കുന്നില്ല. അത് വരവ് എവിടെ നിന്നെങ്കിലും വരും എന്ന് സ്വപ്നം കണ്ടു പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഒരു വീട്ടുകാരനെപ്പോലെ അല്ലെങ്കില്‍ വീട്ടുകാരിയെപ്പോലെ കടം വാങ്ങിയും ജനങ്ങള്‍ക്ക് റേഷന്‍ എത്തിക്കാന്‍ നോക്കുന്നു. ബജറ്റിനകത്തേക്ക് കടന്നാല്‍ പോരായ്മകളും പരിമിതികളും കണ്ടെത്താന്‍ തീര്‍ച്ചയായും കഴിയും. തര്‍ക്കമില്ല. ഞാന്‍ പറഞ്ഞു വന്നത് ബജറ്റിലും അത് ചര്‍ച്ച ചെയ്യുന്ന രീതിയിലും അതിന്റെ മുന്‍ഗണനയിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് മാത്രമാണ്. ഈ മാറ്റം ഡോക്ടര്‍ തോമസ്‌ ഐസക് കൊണ്ടുവന്നതാണ്. വി എസ് മന്ത്രിസഭയിലും ഇപ്പോള്‍ പിണറായി മന്ത്രി സഭയിലുമിരുന്ന് അദ്ദേഹം അവതരിപ്പിച്ച 12 ബജറ്റുകള്‍ ഉണ്ടാക്കിയ മാറ്റം ബജറ്റ് സാധാരണക്കാരുടെ വിഷയമാക്കി മാറ്റി എന്നതാണ്. മറ്റെല്ലാം ചര്‍ച്ചക്കിട്ട് തള്ളിക്കളഞ്ഞാലും ധനമന്ത്രി ബജറ്റില്‍ അങ്ങുണ്ടാക്കിയ ഭാവുകത്വപരമായ ഈ മാറ്റം സംസ്ഥാന ബജറ്റുകളുടെ ചരിത്രത്തിലെ ഒരു കുതറലായിരുന്നു. അത് രേഖപ്പെടുത്തപ്പെടുകതന്നെ ചെയ്യും.

Contact the author

Recent Posts

Web Desk 3 months ago
Editorial

ഉണ്ണിമായയോടല്ല ആയിഷാബീവിയോടാണ് ഒപ്പന പാടി വരാന്‍ പറയേണ്ടത്- പി. സി. ജോര്‍ജ്ജ്‌

More
More
Web Desk 5 months ago
Editorial

777 ചാര്‍ലി മലയാളത്തിലും; രക്ഷിത് ഷെട്ടി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

More
More
Mehajoob S.V 8 months ago
Editorial

കേരളത്തിലെ മാധ്യമങ്ങള്‍ ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഒഫീസുകളാണൊ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 8 months ago
Editorial

കര്‍ഷകര്‍ തോറ്റാല്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായിരിക്കും - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 9 months ago
Editorial

ചെത്ത് വെറുമൊരു തൊഴിലല്ല സുധാകരാ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 10 months ago
Editorial

താഹ അറസ്റ്റ്, ഏറ്റുമുട്ടല്‍ കൊല - ഡിവൈഎഫ്ഐക്ക് എന്തുപറയാനുണ്ട്?- എസ്. വി. മെഹ്ജൂബ്

More
More