ഡല്‍ഹി: ഇന്ത്യയില്‍ ഇരുപത് പേര്‍ക്കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി. ബംഗളൂരു നിംഹാന്‍സ്, ഹൈദരാബാദ് സിസിഎംബി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയ ആശുപത്രികളിലാണ് സാമ്പിളുകളുകള്‍ പരിശോധിക്കുന്നത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ 33,000 യാത്രക്കാരാണ് ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലായി എത്തിയത്.
യുകെയില്‍ നിന്നെത്തിയ യാത്രക്കാരെ കണ്ടെത്തി ആര്‍ടി പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാക്കാനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച വ്യക്തികളെ അതത് സംസ്ഥാനസര്‍ക്കാരുകള്‍ നിശ്ചയിച്ചിട്ടുളള കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാണ്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ സഹയാത്രികര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്കായുളള തിരച്ചില്‍ സമഗ്രമായി നടക്കുന്നുണ്ടെന്നും കണ്ടെത്തിയവരെ ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കുകയും അവര്‍ ക്വാറന്റൈനില്‍ പോവുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഡെന്മാര്ക്ക്, നെതര്‍ലാന്റ്, ഓസ്ട്രേലിയ, ഇറ്റലി, സ്വീഡന്, ഫ്രാന്‍സ്, സ്പെയില്‍, സ്വിറ്റ്സര്‍ലാന്റ്, ജര്‍മനി, കാനഡ, ജപ്പാന്, ലെബനന്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഇതിനകം ജനിതകമാറ്റം വന്ന കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.