ഒരു ഹൊറർ ചലച്ചിത്രം - ഷാജു. വി. വി

നിങ്ങൾ കാറിൽ

ഡ്രൈവ് ചെയ്യുന്നു.

വിജന വിജന ഭൂഭാഗങ്ങൾ.


റോഡും 

നിങ്ങളുടെ വാഹനത്തിന്റെ ദൃശ്യവും പെട്രോൾ മണവുമൊഴിച്ചാൽ ഹോമോസാപ്പിയൻസെന്ന 

അലമ്പ്, കാലമാടൻ സ്പീഷീസ് 

ഭൂസ്പർശം നടത്തുന്നതിനു 

മുമ്പുള്ള ഭൂപ്രകൃതി. 


(ഒരു മൂവി ക്യാമറയ്ക്ക് വേണമെങ്കിൽ മനുഷ്യസംസ്കൃതിയുടെ 

യാതൊരു തെളിവുകളും ഇല്ലായെന്ന 

പൂർണ്ണ ബോധ്യത്തോടെ 

മേഞ്ഞുനടക്കാം .)


അരയാൾ പൊക്കത്തിൽ

വളർന്നു കിടക്കുന്ന 

സ്വർണ്ണവർണ്ണപ്പുല്ലുകൾ 

കാറ്റത്ത് അന്തരീക്ഷത്തെ ഇക്കിളിയിട്ട് നൃത്തം ചെയ്യുന്നു.


ദിനോസർ യുഗത്തിലെ

കൂറ്റൻ ഉരഗമോ പറവയോ പൊടുന്നനെ

ആ പശ്ചാത്തലത്തിലേക്ക് 

കയറി വന്നാൽ

കാലം തെറ്റി, 

പരിണാമ നിയമങ്ങൾ തെറ്റിച്ച് 

അതു അന്യായമായി പ്രവേശിച്ചു എന്നല്ല നിങ്ങൾക്ക് തോന്നുക.


കോടാനുകോടി വർഷങ്ങൾക്കു മുമ്പത്തെ സ്വച്ഛാന്തരീക്ഷത്തിലേക്ക് 

സർവൈലൻസ് നടത്തുന്ന

ഒരാളെന്ന നിലയിൽ 

നാണക്കേടുകൊണ്ട് നിങ്ങൾ ചൂളിപ്പോകും.


മഞ്ഞപ്പുല്ലിന്റെയതേ കളറുള്ള, വർക്കത്തുള്ള ,

അലസത പിടിച്ച് അനങ്ങാതിരിക്കുന്ന 

മുയലുകളെ

അവരുടെ കണ്ണുകൾ 

ചതിക്കുന്നതു കൊണ്ട് മാത്രമാണ് 

നിങ്ങൾ കാണുന്നത് .


നിങ്ങളിന്നോളം കണ്ടിട്ടില്ലാത്തയിനം പക്ഷികൾ ,കുറ്റിച്ചെടികൾ

ചെറു ജീവികൾ ,

ചാരനിറമുള്ള പാറക്കെട്ടുകൾ . സൗരയൂഥത്തിനു വെളിയിലുള്ള 

മറ്റേതോ പ്ലാനറ്റിനെ അവ 

ഭാവനാത്മകമായി വാഗ്ദാനം ചെയ്തു.


ഒരു കീരി  റോഡിനു ഇരുപുറത്തേക്കും സശ്രദ്ധം നോക്കി  

വാഹനങ്ങളില്ലെന്നുറപ്പു വരുത്തി 

പാത മുറിച്ചു കടന്നു .

മറ്റൊരു സ്പീഷീസിന്റെ നിയമങ്ങൾ

അനുസരിക്കേണ്ടി വരുന്നതു പോലുള്ള നാണക്കേട് മറ്റെന്താണുള്ളത്?


വേറൊരു ജീവജാതിയുടെ 

സംസ്കാര ക്രമത്തെ ഓച്ഛാനിക്കേണ്ടി വന്ന 

ആ കീരി ഇനിമേൽ 

കീരിയല്ലെന്ന് നിങ്ങൾ പിറുപിറുത്തിട്ടുണ്ടാവണം.


ഏറെ നാൾ വെന്തുരുകി 

പാകം വന്ന് തണുത്ത് പതുക്കെപ്പതുക്കെ അതിജീവിച്ചു തുടങ്ങിയ 

ഒരു നഷ്ട പ്രണയത്തിന്റെ 

കടുത്ത വേദനയിൽ നിന്ന്, 

സുഖമെന്നു ഉറപ്പിക്കാനാവാത്ത

ഒരു കൊളുത്തിവലിയുടെ ആളലിനെ ഓർമ്മിപ്പിക്കുന്നതരം 

ഒരനുഭൂതി നിങ്ങൾക്ക് 

വയറ്റിൽ ഉണ്ടായി.


കുറച്ചു നേരം കഴിഞ്ഞപ്പോൾ 

വയറ്റിലെ ഭഗ്ന പ്രണയാനന്തര അനുഭൂതി 

ലക്ഷണമൊത്ത 

പ്രകൃതിയുടെ വിളിയാണെന്നു നിങ്ങൾക്ക്‌ ബോധ്യപ്പെട്ടു. 


ഒരു മണിക്കൂർ മുന്നേ 

പെട്രോൾ പമ്പിനോട് ചേർന്ന ഭക്ഷണശാലയിൽ നിന്നു 

ചിക്കൻ സൂപ്പു കഴിക്കേ 

സൂപ്പുരുകി അതിൽ നിന്ന് 

പുഴുക്കളുണ്ടായി വരികയും 

പുഴുക്കൾ നിവർന്നു നിന്ന് മനുഷ്യരാശിക്കെതിരെ പ്ലക്കാഡുപിടിച്ച്  

നടന്നു പോവുകയും ചെയ്ത 

ഒരു കൽപ്പനയിൽ ഊറിച്ചിരിച്ചതിന്റെ കാരണം നിങ്ങൾക്കിപ്പോൾ 

പിടി കിട്ടി.

ശരിക്കു പിടി കിട്ടി,

പണി കിട്ടി.


വളർന്നു നിൽക്കുന്ന 

പുൽച്ചെടികൾ നിങ്ങളുടെ പ്രാഥമികാവശ്യങ്ങൾക്കുള്ള 

രഹസ്യ നാടകവേദിയൊരുക്കി 

തലയാട്ടി വിളിച്ചു .


വെളിമ്പറമ്പുകൾ എന്ന വാക്ക് നിങ്ങൾക്കപ്പോൾ മനസിൽ വന്നു. വെളിക്കിരിക്കാവുന്ന 

അതിരില്ലാത്ത ഭൂമിയാണ് 

നിങ്ങളുടെ പ്രായോഗിക കാഴ്ചയിൽ 

ആ ഭൂഭാഗം. 


നിങ്ങളെ പ്രകൃതിദത്തമായി പ്രചോദിപ്പിക്കാനെന്നോണം 

ഇണ ചേരുന്ന വരയൻ കുതിരകളിലെ പുരുഷൻ വിസർജ്ജിച്ചു. 

മറ്റെട്ടു ദ്വാരങ്ങളും സ്രവിക്കുന്ന അതേ സന്ദർഭത്തിൽ

രേതസ്സു ചിതറിത്തെറിക്കുന്ന 

ഒരുഗ്രൻ വികൃത

ലൈംഗിക ഭാവനാ ചിത്രം 

അന്നേരം നിങ്ങളുടെ കൺമുമ്പിൽ തെളിഞ്ഞു.


നിങ്ങൾക്കു മുട്ടിയിരിക്കാൻ വയ്യ. 

പക്ഷേ ഇന്നോളം നിങ്ങൾ വെളിക്കിരുന്നിട്ടില്ല, 

നിങ്ങൾ 

ശൗചാലയാനന്തര കാലത്തെ 

ഒരു അപ്പർ മിഡിൽ ക്ലാസ് സന്തതിയാണ് .


നിങ്ങൾ പേശികൾ അമുക്കിപ്പിടിച്ച്, മുഖമാകെ രക്തം കല്ലിച്ച് ,

മല ദ്വാരത്തിലേക്കുള്ള പാതയിൽ വിഫലമായ നോ എൻട്രി 

ബോർഡ് വച്ച് 

വില കൂടിയ ജർമ്മൻ കാർ 

ഓടിച്ചു പോകുന്ന ഈ പോക്കിനെ 'മനുഷ്യസംസ്കാരം' 

എന്നു വിളിക്കാം.


അപ്പോഴാണ് നിങ്ങളാ കാഴ്ച കാണുന്നത് .

കാര്യമാത്ര പ്രസക്തമായ 

ഒരു പബ്ലിക് ടോയിലറ്റ് .


ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ.

എന്തൊരു മിറാക്കിൾ!

മരുപ്പരപ്പിലെ മതിഭ്രമപ്പച്ച പോലെ. ആഗ്രഹങ്ങളിൽ നിന്നു 

വസ്തുക്കൾ ഉണ്ടായി വരുമോ?


നിങ്ങൾ കാർ ബ്രേക്കിട്ടു നിർത്തി ഇറങ്ങിയോടി.

നിങ്ങളുടെ ആന്തരിക സമ്മർദ്ദത്തെക്കുറിച്ചറിവില്ലാത്ത 

ഒരു ചലച്ചിത്ര പ്രേക്ഷകൻ 

നിങ്ങളിറങ്ങിയോടിയതിനു പിന്നാലെ 

ആ കാറിന്റെ എക്സ്പ്ലോഷൻ പ്രതീക്ഷിക്കും.


ജെന്റ്സ് എന്നെഴുതിയ വാതിൽ 

തുറക്കാൻ ശ്രമിച്ചു.

തള്ളിയിട്ടും തുറക്കുന്നില്ല.


സുഹൃത്തേ എന്തു വിചിത്രമാണ്? 

അവശ്യ ഘട്ടങ്ങളിലൊന്നും നിങ്ങൾക്കുണ്ടായിട്ടില്ലാത്ത 

ലിംഗനിലാ മര്യാദ

യുദ്ധകാല പരിതസ്ഥിതിയിൽ

കയറി വരുന്നത് 

തമാശ എന്നല്ലാതെന്തു പറയും?

എത്ര തള്ളിയിട്ടും വാതിൽ തുറന്നില്ല.


നിങ്ങൾ ഒരു അപഹർത്താവിനെപ്പോലെ, അധിനിവേശകനെപ്പോലെ 

പെണ്ണുങ്ങളുടെ ടോയ്ലറ്റിനെ നോക്കി .

അതിനകത്തേക്കു പ്രവേശിക്കുമ്പോൾ 

ഒരു റേപ്പിസ്റ്റാണ് നിങ്ങൾ എന്നു തോന്നി


തീവ്ര പ്രണയം പോലെയാണ് ടോയിലെറ്റുകൾ .

അവനെ കാണുമ്പോഴേക്കും 

സർവ്വ നിയന്ത്രണവും 

നഷ്ടപ്പെടും പോലെ 

ആ വെളുത്ത തുറന്ന വായ കാണുമ്പോഴേക്കും 

അകത്തു നിങ്ങളമർത്തിപ്പിടിച്ചു നിന്നതൊക്കെയും പ്രവഹിക്കുകയായി.

ആനന്ദം എന്തെന്നു ഇപ്പോൾ നിങ്ങൾക്കറിയാം, 

മറ്റാരെക്കാളും.


വാതിൽ തുറന്നു പുറത്തിറങ്ങിയതും 

നിങ്ങൾ ഞെട്ടി. 

മെലിഞ്ഞു നീണ്ട ഒരു മധ്യവയസ്ക നിങ്ങൾക്കായി കാത്തു നിൽക്കുന്നുണ്ട്,


ഇത് സ്ത്രീകളുടെ ടോയ്ലറ്റാണെന്നറിയില്ലേ?


ഭയം കൊണ്ട് നിങ്ങൾക്ക് 

ഒച്ച പുറത്തു വന്നില്ല. 

ആ വിജനതയിൽ 

പൊടുന്നനെ

ഒരു മനുഷ്യ ജീവി കടന്നു വന്നതിൽ  

ഒരു ഹൊറർ ചലച്ചിത്രമുണ്ട്.


അവരുടെ കൃഷ്ണമണികളിലൊന്ന് ഇടത്തോട്ടും 

മറ്റേത് വലത്തോട്ടും

കറങ്ങുന്നുണ്ടായിരുന്നു. 

ചൂതാട്ട കേന്ദ്രത്തിലെ 

കളിത്തട്ട് പോലെ!


ഭയന്നു നിങ്ങൾ.

ആണുങ്ങളുടെ ടോയ്ലറ്റ് തുറക്കാനാവുന്നില്ലെന്ന് ആംഗ്യം കാണിച്ചു.


അവർ അതു പതുക്കെ തൊട്ടതും

മലർക്കെ തുറന്നു.


അവർ നൊടിയിടയിൽ തിരിഞ്ഞ് 

നിങ്ങളുടെ അരക്കെട്ടിലേക്ക് നിറയൊഴിച്ചു.

തുടരെ തുടരെ .


നിങ്ങളുടെ ഭാര്യ അകമേ 

ആഹ്ലാദം കൊണ്ട് വീർപ്പുമുട്ടുകയും 

പുറമേ അലറിക്കരഞ്ഞ് 

നിങ്ങളുടെ ദേഹത്ത് വീണുരുളുകയും ചെയ്യുന്ന യാഥാർത്ഥ്യത്തിലേക്ക് നയിച്ചത്  

വിജനമായ ,

ഇല്ലാത്ത,

ആ ഭൂപ്രദേശത്തു സംഭവിച്ച 

കൽപ്പിതമായ

ആ സംഭവ പരമ്പരകളാണ്.

Contact the author

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More