തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്തുത്യര്‍ഹമായ രീതിയില്‍ വര്‍ദ്ധിപ്പിച്ചു വിതരണം ചെയ്യുന്ന സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ക്കെതിരെ ദുഷ്പ്രചാരണം നടത്താനാണ് മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഈ പ്രചാരണം ഒറ്റപ്പെട്ടതല്ല. ഇത് കൊവിഡ് വൈറസിനെ പോലെ അതിവേഗം പടരുകയാണ്. ഇക്കാര്യത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ഒറ്റപ്പെട്ടതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കാനും നല്കുന്നതില് സ്ഥിരത പുലര്‍ത്താനും ഇടതു ജനാധിപത്യ മുന്നണി വഹിച്ച പങ്കിനെ കുറച്ചു കാണിക്കാനാവില്ല. നേരത്തെയും ഇങ്ങനെ നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ നല്ക്കുന്നത് കേന്ദ്ര ഫണ്ടില്‍ നിന്നാണ് എന്നും പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം വ്യക്തമാക്കണം. പദ്ധതിയെ ഇകഴ്ത്തിക്കാണിക്കാനാണോ അതോ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ പങ്കു പറ്റാനാണോ ശ്രമിക്കുന്നത് എന്ന് വ്യക്തമാക്കണം. ഏതായാലും എട്ടുകാലി മമ്മൂഞ്ഞുമാരെ തിരിച്ചറിയാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട് എന്ന് ഇപ്പറയുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കൊവിഡ് ഉണ്ടാക്കിയ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി നല്കാന് ശ്രമിച്ച സര്‍ക്കാരാണ് ഇത്. കുടിശ്ശികയൊന്നുമില്ലാതെ പെന്ഷന് ലഭിക്കുന്ന അറുപതു ലക്ഷത്തില്‍ പരം ആളുകള്‍ സംസ്ഥാനത്ത് ഉണ്ട്. അവരോടു ചോദിച്ചാല്‍ സത്യം എന്താണ് എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.