പതിനെട്ടാം നൂറ്റാണ്ടിലെ പോലെ അതി നിഗൂഢമായ രാത്രി - സജീവന്‍ പ്രദീപ്‌

പതിനെട്ടാം നൂറ്റാണ്ടിലെ 

പോലെ തന്നെ,

അതി നിഗൂഢമായ രാത്രി

ആലശീലക്കാരുടെ പട്ടണം

ഏകവേശ്യാലയം

കപ്പൽ വിളക്ക്

ചൂതപ്പന്തൽ

പൊട്ടി പൊളിഞ്ഞ വെളിച്ചം,

ഇല പാചകികളായ മരങ്ങൾ

അമാംസികളായ പക്ഷികൾ

തലയോട്ടി പോലത്തെ പകൽ

ഒരു മാറ്റവും ഇല്ല.

പതിനെട്ടാം നൂറ്റാണ്ടിലെ പോലെ തന്നെ


ചുങ്ക വാതിൽ

പങ്കയും പായയും വിൽക്കുന്ന കടകൾ

മരിച്ചവർക്കുള്ള മൂന്നാംതരം രാമച്ചം

നറുംന്തണ്ടിനീര്

ശർക്കര

കറുകപ്പട്ട

നായ്ക്കുരണ പരിപ്പ്

മൂസതിന്റെ മരുന്നും പീടിക

പതിനെട്ടാം നൂറ്റാണ്ടിലെ പോലെ തന്നെ


ഓർമ്മകൾ കഴുതകളാണ്

അവ വെറുതെ ഭാരം വലിക്കുന്നു

പതിനെട്ടാം നൂറ്റാണ്ടിലെ ഒരു

പട്ടണമെന്ന പോലെ തന്നെ


1, ആലശീലക്കാരുടെ പട്ടണത്തിൽ

രണ്ടാണുങ്ങൾ

കണ്ണിൽ തേച്ച കുരുമുളക്

കഴുകിക്കളയാൻ

പുഴയിലേക്കിറങ്ങുന്നു.

മീൻ കൊത്തിയ വിഷമേറ്റവർ,

മരണജലത്തിൽ  പൊങ്ങി കിടക്കുന്നു.


അത്താണി കല്ലിൽ

കൊത്തി വെയ്ക്കുന്നു

'സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട'

- ഒപ്പ്

സാമൂതിരി


2, പതിനെട്ടാം നൂറ്റാണ്ടിലെ

അതിനിഗൂഢമായ രാത്രി!

"കുതിരപ്രസവം

രണ്ടണ ടിക്കറ്റിൽ, കണ്ടു മടങ്ങിയ

ഒരാൾ

കാളവണ്ടിയടക്കം അപ്രത്യക്ഷമായി

കാണാതായവന്റെ കാളകൾ

മൂന്ന് മൈൽ അകലെ 

മുതിരപ്പാടത്ത് ചത്ത് കിടന്നു

അവ്യക്തമായൊരു ഭാഷയിൽ

ആരോ പറഞ്ഞു

"വണ്ടി വലിക്കുന്ന കാളയ്ക്ക്

അണ്ടി ഒരു ഭാരം തന്നെയാണ് "


പറങ്കിമാവിന്റെ തോട്ടത്തിൽ

ഒരു രാത്രി

കുനിഞ്ഞ് നടന്നു


3, നൂറ്റാണ്ട് പതിനെട്ടിലെ

കപ്പൽ വിളക്ക്.

തലയിൽ തീപ്പിടിച്ച ഒരു കുഴല്,

കപ്പലിന്റെ അടിയിൽ തല വെച്ച് മരിച്ച

പ്രണയ പരാജിതനും

യുവാവുമായ x എന്ന സ്രാവ്


"യോനിയിൽ പണിത വീടാണ് കപ്പൽ "

എന്നെഴുതി തുടങ്ങിയതേ

ഓർമ്മയുള്ളൂ ,

അശ്ലീലത്തിന്റെ ഉപ്പ് വെള്ളം തൊണ്ടയിൽ

കുടുങ്ങിയ കവി


4, നൂറ്റാണ്ട് പതിനെട്ട്

ഒരു വേശ്യാലയം,

ശരീരങ്ങളുടെ "ബാർട്ടർ " സമ്പ്രദായം

ചിലപ്പോൾ

ഒരു ചക്ക - ഒരു നാഴിക

ഒരുണ്ട ശർക്കര - ഒന്നര നാഴിക

നീലം മുക്കിയ

തുണി താറുകളുടെ കൊട്ടാരം

ലൈംഗീകപഞ്ചവൽസര പദ്ധതികളുടെ

ആവിയും ,

ആകുലതയും ഇല്ലാത്ത ആവിഷ്കാരങ്ങൾ


y - 32 വയസ്സ് ,

മൂന്ന് പെൺകുട്ടികളെ പ്രസവിച്ചു

Q - 51 വയസ്സ് ചുങ്കക്കാരൻ

y യെ വീട്ടിലേക്ക് വിളിച്ചു.

കത്തു പിടിച്ച വേശ്യാലയം

" കാമം കത്തിച്ചു തീർത്ത പട്ടണം "


5, ചൂതപ്പന്തൽ

ഓട്ടുകിണ്ടി

പിടക്കോഴി

ആട്

സകലതും നഷ്ടപ്പെട്ട

മൂന്ന് മുൻഷിമാരും 

അവരുടെ ഭാര്യമാരും

യഥാക്രമം

മത്സ്യം,

മോര് എന്നിവ വിൽക്കാൻ തുടങ്ങിയ

കച്ചവടത്തിന്റെ

ഒന്നാം അധ്യായം


തലയോട്ടി പോലത്തെ പകൽ

പതിനെട്ടാം നൂറ്റാണ്ടിൽ

നിന്ന്

മറ്റൊരു നൂറ്റാണ്ടിറങ്ങി വരുന്നു

പതിനെട്ടാം നൂറ്റാണ്ടിനെ

പോലെ തന്നെ,

തന്നെ.

Contact the author

Sajeevan Pradeep

Recent Posts

Binu M Pallippad 3 months ago
Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 5 months ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 6 months ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 6 months ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 9 months ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 9 months ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More