കളരിപ്പയറ്റിലെ ചലനചിന്ത - പി. കെ. സുനില്‍ കുമാര്‍

ചലനത്തെ സ്ഥാനമാറ്റം (Displacement) മാത്രമായി കാണുമ്പോൾ ഒരു അടഞ്ഞ വ്യവസ്ഥയാണ് (closed system) നമ്മൾ ഭാവന ചെയ്യുന്നത്. എന്നാല്‍ എത്രതന്നെ അടച്ചാലും അതിലെ ഒരു തന്തു പ്രപഞ്ചത്തിലേക്ക്  തുറന്നുതന്നെയിരിക്കും. ഈ തുറവിയും ചലനത്തിന്റെ സ്ഥലപരമായ വിവർത്തനവും (Spatial Translations) സമഷ്ടി (സമഗ്രത) യിൽ ഉണ്ടാക്കുന്ന ഗുണപരമായ പരിവർത്തനങ്ങളാണ് ചലനത്തിന്റെ യഥാർത്ഥ കാലയളവ് (Duration). 'തുറവ്' (Open) എന്ന ബർഗ്സോണിയൻ സങ്കൽല്പനത്തിന്റെ വെളിച്ചത്തിൽ കളരിപ്പയറ്റിനെ അറിയാനുള്ള ശ്രമമാണ് ഈ എഴുത്തിൽ. സമഷ്ടി (Totality), തുറവ് (Opening), കാലയളവ് (Duration) എന്നീ സങ്കല്പനങ്ങളും അവയുടെ പരസ്പരബന്ധവും കളരിപ്പയറ്റിൽ എങ്ങനെ യാഥാർഥ്യമാകുന്നു എന്നതാണ് അന്വേഷണവിഷയം.

കളരിപ്പയറ്റ് ഒരു തുറന്നവ്യവസ്ഥ

കളരിപ്പയറ്റിനെ ഒരു  തുറന്നവ്യവസ്ഥയായി  കാണുന്നതിലൂടെ അർത്ഥമാക്കുന്നത് അതിലെ ഓരോ നീക്കങ്ങളും ചുവടുകളും മറ്റൊന്നിലേക്കുള്ള വഴിതുറക്കൽ ആണെന്നും സമഷ്‌ടിയെ നിരന്തരം പുതുക്കുന്ന അതിസ്‌ഥിരവ്യവസ്ഥ (Metastable system) യാണെന്നുമുള്ള നിലയ്ക്കാണ്. കളരിയിലെ ചുവടുകൾ മിക്കതും ചാപാകൃതിയിൽ ആണെന്ന് കാണാം. കാലുകൾ കൊണ്ട് അർദ്ധവൃത്തം വരച്ചാണ് അഭ്യാസി മുന്നോട്ടും പിറകോട്ടും നീങ്ങുന്നത്. ലീബ്നിസിന് (Leibniz) പ്രപഞ്ചത്തിന്റെ വക്രതയുടെ അടിസ്ഥാനം വസ്തുക്കളുടെ ദ്രവത്വം, ശരീരത്തിന്റെ ഇലാസ്തികത, ഇലാസ്തികത ഒരു മെക്കാനിസം എന്ന നിലയ്ക്കും ആണെന്ന് പറയുന്നു.

കളരി ആഭ്യസിക്കുന്നവർ മുന്നോട്ടും പിറകോട്ടും കാലുകൾ കൊണ്ട് അർദ്ധവൃത്തം വരച്ചു നീങ്ങുമ്പോൾ ഉള്ള 'വക്രത' യ്ക്കപ്പുറം ഒരുമിച്ചുള്ള ചലനങ്ങളിലും ചുവടുകളിലും ഈ 'വക്രത' അനുഭവവേദ്യമാകും.  ചലനം ഇവിടെ ചുവടുകളുടെ ഒരു ശൃംഖല തീർക്കലാണ്. ചുവടുകൾ ചിലപ്പോൾ ഇത്തിരി നേരത്തെ, അല്ലെങ്കിൽ ഒരല്പം വൈകിയോ ആകയാൽ ചലനം തന്നെ അസന്തുലിതാവസ്ഥയുടെ തുലനമായി മാറുന്നു. ഇവിടെ ചലിക്കുന്നത് തികച്ചും ഇലാസ്തികമായ പരസ്പരബന്ധം തന്നെയാണ് എന്നു കാണാം.

ഇണങ്ങിപ്പയറ്റൽ - എതിരികൾക്കിടയിലെ ഗാഢാലിംഗനം

കളരിയിൽ 'കൂച്ച്' തിരിഞ്ഞു പയറ്റാറുണ്ട്. കളരിപ്പയറ്റിലെ നമ്മുടെ 'പ്രിയപ്പെട്ട പ്രതിയോഗി' (Intimate enemy) ആണ് ഇയാൾ. ഇവിടെയുള്ളത് പരസ്പരം ഇണങ്ങിപ്പയറ്റൽ ആണ്. കളരിയിലെ കോൽത്താരിയിൽ (വടിപ്പയറ്റ്) മുൻകോൽക്കാരനും പിൻകോൽക്കാരനും കളരിയുടെ പടിഞ്ഞാറും കിഴക്കുമായാണ് നിൽക്കുക. മുൻകോൽക്കാരൻ നയിക്കുന്നു. അതിനർത്ഥം അയാൾ തീരുമാനിക്കുന്നു എന്നല്ല. അയാൾ പിൻകോൽക്കാരനെ ക്ഷണിക്കുകയാണ്. തുടർന്ന് രണ്ടുപേരും വായ്ത്താരിയുടെ ഘടനാപരമായ പരിമിതിയിൽ ചേർന്ന് പയറ്റുകയാണ്. അതൊരുപക്ഷെ എതിരികൾക്കിടയിലെ ഗാഢാലിംഗനം പോലെയാണ്.

ഇവിടെ മുൻകോൽക്കാരൻ നയിക്കുന്നു എന്നതുകൊണ്ട് അതൊരു 'തുറക്കൽ' ആണ്. അതൊരു വിടവിലേക്ക് പ്രവേശിക്കും പോലെയാണ്. മുൻകോൽക്കാരൻ പിൻകോൽക്കാരന്റെ പ്രതികരണത്തിന് കാത്തുനിൽക്കുന്നുണ്ട്. എങ്ങനെ പിന്തുടരുന്നു, ഇരുവർക്കിടയിൽ ചുവടുകളിലൂടെയും നീക്കങ്ങളിലൂടെയും എത്ര തീവ്രമായ ഇടവേളകൾ സൃഷ്ടിക്കപ്പെടുന്നു എന്നിടത്താണ് കോൽത്താരിയുടെ ജീവൻ. മുൻകോൽക്കാരൻ പിൻകോൽക്കാരനെ ചലിപ്പിക്കുകയല്ല. പിൻകോൽക്കാരൻ കേവലം പ്രതികരിക്കുകയല്ല ചെയ്യുന്നത്. ഇവിടെ ചലനം ആപേക്ഷികവും പാരസ്പര്യത്തിലുള്ളതുമാണ്. ഇരുവർക്കിടയിൽ  ഇടവേളകൾ ഉണ്ടാക്കുകയും അത് ഇരുവരെയും ഒരുമിച്ചു ചലിപ്പിക്കുകയും ചെയ്യുന്നു. ഈ ചലിച്ചുകൊണ്ടിരിക്കുന്ന ചലനത്തോട് ഒരഭ്യാസി എങ്ങനെ ചേർന്നുനില്‍ക്കുന്നുവോ അത്രയും ഇടവേളകൾ അനുഭവവേദ്യമാകുന്നു. പയറ്റിലെ പാരസ്പര്യത്തെ അറിഞ്ഞുതുടങ്ങുന്നു. വ്യത്യാസം (Potential Difference) ചലനം സാധ്യമാക്കുന്നു എന്നു ദല്യൂസിയൻ ഭാഷയിൽ പറയാം.

കുറേ കാലം ഒന്നിച്ചു പയറ്റിത്തെളിഞ്ഞവർക്കിടയിൽ പയറ്റുമ്പോൾ ' പണ്ട് പയറ്റിയതും' ഇടയിൽ കയറിവരും. ഇതൊരു പയറ്റു മനഃപാഠമാക്കൽ അല്ല. ഒരു കൊറിയോഗ്രാഫിക്കൊത്ത് യാന്ത്രികമായ ചുവട് വയ്ക്കലുമല്ല. ഓരോ ആവർത്തനത്തിലും മുൻപുള്ളത് വ്യത്യസ്തതയോടെ  ആവർത്തിക്കപ്പെടുന്നു.

രണ്ടുപേർ ആലിംഗനബദ്ധരാകും പോലെയാണ് പയറ്റലും. ചുവടുകളും നീക്കങ്ങളും കൊണ്ട് സൃഷ്ടിക്കപെടുന്ന ഇടവേളകളുടെ താളം ശരീരവും അറിഞ്ഞുതുടങ്ങുകയാണ്. ഇടവേളകളിൽ ഇനിയും വരാനിരിക്കുന്ന ചുവടുകളുടെയും നീക്കങ്ങളുടെയും തരിമ്പുകൾ ഉണ്ട്. ഓരോന്നും അടുത്തത്തതിന് നിലയൊരുക്കുന്നുണ്ട്, ഓരോ ചുവടിലും വരാനിരിക്കുന്ന ചുവടുകളുടെ അനക്കം വയ്ക്കൽ കൂടിയുണ്ട്. പയറ്റ് സാധ്യമാക്കുന്ന സങ്കീർണതയും പരസ്പര്യവും ഇരുവരിലും ഉള്ള അകലത്തെ തൽക്ഷണമുള്ള ഇടവേളകളിലേക്ക് പരിവർത്തിപ്പിക്കുന്നു.

ഗുണപരമായ സവിശേഷതയാണ് ചലനം; സഞ്ചരിച്ച ദൂരമല്ല

അന്യോന്യചലങ്ങൾ (Relational Movement) എപ്പോഴും തൽക്ഷണരചനകൾ (Improvisations) ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പരിധിവിട്ട് നടക്കുന്ന ഒന്നല്ല. 'എങ്ങനെയും' 'എന്തും' ചെയ്യാൻ കഴിയില്ല. അത് കുഴപ്പത്തിൽ ചാടിക്കും. എങ്ങനെയും നീങ്ങുകയും ചുവടുവയ്ക്കുകയും ചെയ്യാമെന്ന് വരുമ്പോൾ ചലനത്തിന്റെ ഇടവേളതന്നെ ചിലപ്പോൾ നഷ്ടമായേക്കും. അത് രണ്ടുപേർക്കിടയിലെ ബന്ധം വിട്ടുപോകും വരെ എത്തിയേക്കാം. ഇടവേളകളെ ചലിപ്പിക്കുമ്പോഴാണ് പയറ്റ് സാധ്യമാകുന്നത്. അല്ലാത്തപക്ഷം രണ്ടുപേരും പരസ്പരം ഇല്ലാതാക്കുകയാണ്.

ഇരുവരും ചേർന്ന്, തുടങ്ങുന്നു. പക്ഷെ ഞാൻ ചുവടുവയ്ക്കും മുമ്പ്, കോൽ (വടി) ചലിപ്പിക്കും മുമ്പുതന്നെ ആ ചലനത്തിന്റെ ചുവടുവയ്പ്പിന്റെ സൂചനകൾ പങ്കാളിയുമായി പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഈ 'തൊട്ടുമുമ്പുള്ള' (Almost before) ആശയവിനിമയം കോൽത്താരിയിലും കൂച്ച് തിരിഞ്ഞു ചെയ്യുന്ന മറ്റ് ആയോധന വിദ്യകളിലും പ്രധാനമാണ്. ഈ നിശബ്ദവിനിമയം ഒരു 'തുറവ്' ആണ്. യഥാർത്ഥ സ്ഥാനാന്തരത്തിന് (Displacement) മുമ്പേ ശരീരം ചലിച്ചു തുടങ്ങുന്നുണ്ട്. ഇത്തരം സ്ഥാനാന്തര പൂർവചലനങ്ങൾ (Pre accelerations) അതിനെ ഉൾക്കൊള്ളാൻ സന്നദ്ധമായ ദിശയെ (പങ്കാളിയെ) ലക്ഷ്യമാക്കി നീങ്ങുന്നു. സൂഷ്മവിനിമയങ്ങളിലൂടെ കോൽത്താരിയിൽ മുൻകോൽക്കാരനെയും പിൻകോൽക്കാരനെയും സവിശേഷമായി വിന്യസിക്കുകയും ഇരുവരുടെ ഒരുമിച്ചുള്ള അപേക്ഷികചലനം സാധ്യമാക്കുകയും ചെയ്യുന്നു. ഇത് മുൻകൂറായി ചലനസംവിധാനം (Choreography) നടത്തിയതാണ് എന്ന തോന്നൽ ഉണ്ടാക്കുന്നേയുള്ളൂ. ചലിക്കുന്നത് പരസ്പര സംവേദകത്വമാണ്. ഈ സംവേദകത്വത്തെ  ഒരു കൊറിയോഗ്രാഫിയിൽ എന്ന പോലെ ആവർത്തിക്കാനും വരുതിയിലാക്കാനും കഴിഞ്ഞേക്കാമെങ്കിലും പ്രാഥമികമായത് ചലനത്തിലേക്കുള്ള വഴിതുറക്കലും ചലനത്തിന്റെ തന്നെ ചലനവുമാണ്. ചലനം സഞ്ചരിച്ച ദൂരം അല്ല, പകരം അത് ഓരോ സംഭവത്തിന്റെയും ഗുണപരമായ സവിശേഷതയാണ്. നമ്മുടെ ശരീരം ഇടവേളകളെ പൊതിഞ്ഞു നിൽക്കുമ്പോൾ അത് പതിയെ നൃത്തം വച്ചുതുടങ്ങുന്നു.

കൈയും വടിയും രണ്ടല്ല; വടി കൈയുടെ ഒരു നീട്ടു മാത്രം

പൂർവചലനങ്ങൾ: അത് നമ്മൾ ചലിക്കും മുമ്പ് ചലിച്ചു തുടങ്ങുന്നുണ്ട്. ശീലം (Habit) കൊണ്ട് നമ്മൾ വീഴ്ചകൾ മറികടന്ന് തുലനസ്ഥിതി കൈവരിക്കുന്നു. സ്ഥിരം നടന്നുപോകുന്ന വഴികളിലെ കുണ്ടുകളും കുഴികളും നമുക്ക് ചിരപരിചിതങ്ങൾ ആണല്ലോ!

ഒരു ഡാൻസർ നൃത്തവേദി സൃഷ്ടിക്കും പോലെ കളരി ആഭ്യസി കളരിയെ സൃഷ്ടിക്കുകയാണ്. രണ്ടുപേർ ഒന്നിച്ചു, പാരസ്പര്യത്തോടെ ചലിച്ചു തുടങ്ങുമ്പോൾ നമുക്ക് ഇരട്ടകളിൽ ഒതുങ്ങുന്ന ചിന്തകളെ മറികടക്കാനുള്ള വഴിതുറക്കുക കൂടിയാണ്. കോൽത്താരി ചെയ്യുന്ന അഭ്യാസിയുടെ കൈയും വടിയും രണ്ടാകുന്നില്ല, വടി കൈയുടെ ഒരു നീട്ടു മാത്രമാകുന്നു.

ഒന്നുകിൽ അഭ്യാസിയ്ക്കും മുമ്പ് കളരിയും, കളരിയിൽ പ്രവേശിക്കും മുമ്പ് അഭ്യാസിയും ഉണ്ടെന്ന് ഭാവന ചെയ്യാം. എന്നാൽ കളരിയും അഭ്യാസിയും പരസ്പരാശ്രിതമായി മാത്രം നിലനിൽക്കുന്ന ഒന്നാണ്. അഭ്യാസികളുടെ കൂടെ കളരിയും ചുവടുവെച്ചു തുടങ്ങുന്നുണ്ട്. ശരീരം കളരിയുടെയും കളരി ശരീരത്തിന്റെയും തുടർച്ചയായി മാറുന്നു. പരസ്പരാലിംഗനത്തെയും ആശ്രയത്വത്തെയും വിസ്മരിക്കുകയാണ് സമ്പ്രദായിക ചിന്താരീതി. വൈറ്റ്ഹെഡിയൻ പദാവലിയിൽ ശരീരം കളരിയെ ഉൾച്ചേർക്കുന്നുണ്ട് (Prehension) എന്ന് പറയാം.

ചലനവും ചലിച്ചുകൊണ്ടിരിക്കുന്ന ശരീരവും

കളരി-ശരീരം ഇവയ്ക്കിടയിൽ സാധ്യമായ നിരവധി 'വിന്യാസങ്ങളിൽ' (Configurations) ൽ ഒന്നുമാത്രം സാക്ഷാൽകൃതമാകുമ്പോൾ മറ്റുള്ളവ 'പിൻവലിഞ്ഞു' നിൽക്കുന്നു. ഇവിടെ കളരി-ശരീരം എന്നതിനെ ഒരു അടുക്കായി (stratum) സമീപിച്ചാൽ അത് കേവലം വസ്തുവോ, രൂപമോ അല്ല മറിച്ചൊരു വിന്യാസം (Configuration) ആണെന്ന് കാണാം. 'സ്ഥാനാന്തരം' ഇത്തരം സാധ്യതാ വിന്യാസങ്ങളിൽ ഒന്ന് മാത്രമാണ്. കളരിയിൽ തിങ്ങിനിറഞ്ഞു നിൽക്കുന്നത് ഏത് വഴിക്കും ഒഴുകാവുന്ന ചലനത്തിന്റെ താളമാണ് (Pure plastic rhythm-Boccioni). അവിടെ സൃഷിടിക്കപെടുന്നത് ശരീരം എന്നതിലുപരി ശരീരത്തിന്റെ ചലനമാണ്. 'ചലിക്കുന്ന ശരീരങ്ങൾ' ചിന്തയ്ക്ക് അപ്രാപ്യവും അനഭിലഷണീയവും ആയിത്തീരുന്നത് എന്ത് കൊണ്ടാണ്? ഇവിടെ പ്രതിപാദ്യം മുമ്പ് ചലിച്ചുകൊണ്ടിരിന്ന ശരീരത്തെപ്പറ്റിയല്ല, ചലനത്തെയും ചലിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെയും പറ്റിയാണ്.

ചലനത്തിലൂടെ സാധ്യമാകുന്ന ഇടവേളകളിൽ ആണ് കളരിപ്പയറ്റിന്റെ ജീവൻ. അത് ഒരാൾ മാത്രം സൃഷ്ടിക്കുകയോ പുനഃ സൃഷ്ടിക്കുകയോ ചെയ്യുന്ന ഒന്നല്ല. അത് ചലനത്തിന്റെ ഇടയ്ക്കുള്ളതാണ്. ഇനിയും വരാനിരിക്കുന്ന ചലനങ്ങൾക്ക് ഇവിടെ  അനക്കം വച്ചുതുടങ്ങുന്നുണ്ട്. ഇടവേള ശരീരങ്ങൾക്കിടയിയിലെ ചലനത്തിനുള്ള അനന്തമായ സാധ്യതകളെ സൃഷ്ടിക്കൽ ആണ്.

കളരിപ്പയറ്റില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ശരീരം ചിന്താവിഷയമാവുകയാണ്. ചലനം ശരീരത്തെ ചലിപ്പിക്കുമ്പോഴും അതെവിടെയും തളം കെട്ടിനിൽക്കാത്ത തുടർചലനങ്ങളെ സാധ്യമാക്കുന്നു. ഭവശാസ്ത്രം (Ontology) ഉൺമയിലും സ്വത്വത്തിലും തളച്ചിടുകയാണെങ്കിൽ ഭവോൽപത്തിശാസ്ത്ര (Ontogenesis) ത്തിൽ ഉണ്മ ( Being) ആയിക്കൊണ്ടിക്കലുകൾ (Becoming) ക്കിടയിലെ ഒരു വാതായനം മാത്രമാണ്. കളരിയിലെ ചുവടുകളിലും മുറകളിലും 'ഉടലെടുത്തുകൊണ്ടിരിക്കുന്ന ശരീരം' (Becoming body) ആണ് നമുക്ക് കാണാൻ കഴിയുക. ഇവിടെ ഉടലെടുക്കൽ (Information) ശക്തിയുടെതന്നെ രൂപമാർജിക്കൽ ആണ്; രൂപം തന്നെ ചലനാത്മകമാകുമ്പോൾ (Dynamic form, Mattering form) ചിന്ത 'ഹൈലോമോർഫിസം' (hylomorphism) എന്ന ബാധയിൽ നിന്നും പതിയെ വിടുതി നേടിത്തുടങ്ങുന്നു.

Contact the author

T K Sunil Kumar

Recent Posts

K T Kunjikkannan 2 weeks ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 3 weeks ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 2 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More