ശൈഖ് സൈനുദ്ദീൻ മഖ്ദൂം: ദാർശനികൻ, ചരിത്രകാരൻ- എം.ജി.എസ് എഴുതുന്നു

ഉത്തരേന്ത്യയിൽ അൽ ബറൂണി ചെയ്ത തരത്തിലുള്ള വൈജ്ഞാനിക സേവനമാണ് ദക്ഷിണേന്ത്യയെ സംബന്ധിച്ചിടത്തോളം 'തുഹ്ഫത്തുൽ മുജാഹിദീൻ' എന്ന ഗ്രന്ഥത്തിലൂടെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം നിർവ്വഹിച്ചത്. അൽ ബറൂണി സംസ്കൃതം, ഇന്ത്യൻ സംസാരഭാഷകൾ, വേദങ്ങൾ, ഉപനിഷത്തുകൾ, വ്യാകരണം എന്നിവയെല്ലാം പഠിച്ച്, അവ പുറം ലോകത്തിന് പരിചയപ്പെടുത്താൻ അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പരസ്യപ്പെടുത്തി. അത് വലിയൊരു സേവനമായിരുന്നു. കാരണം 'കിതാബുൽ ഹിന്ദ്' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെയാണ് അറബ് ലോകവും അതുവഴി യൂറോപ്യൻ ക്രൈസ്തവലോകവുമൊക്കെ ഇന്ത്യയെ കുറിച്ചുള്ള യഥാർത്ഥ വസ്തുതകൾ കുറേയേറെ മനസ്സിലാക്കുന്നത്. അതു കൊണ്ടുതന്നെ അൽ ബറൂണിയാണ് പാശ്ചാത്യ ലോകത്തെ ഇന്ത്യയുടെ ആദ്യത്തെ കൾച്ചറൽ അംബാസിഡർ എന്നു പറയാം.

ദേശതാൽപ്പര്യം മുൻനിർത്തിയുള്ള ഒരു ജിഹാദായിട്ടാണ് തുഹ്ഫത്തുൽ മുജാഹിദീൻ രചിക്കപ്പെട്ടത്. കോഴിക്കോടിന്‍റെ  ഭരണ കർത്താവായ സാമൂതിരിയുടെ നേതൃത്വത്തിൽ ഹിന്ദു സമുദായങ്ങളും മാപ്പിളമാരും ഒറ്റക്കെട്ടായി നിന്ന് വിദേശികളായ പറങ്കി (പോർച്ചുഗീസ്) കളെ തുരത്തിയോടിക്കാനുള്ള ആഹ്വാന (ജിഹാദ്) മായിരുന്നു അത്.

 മേൽപ്പറഞ്ഞ തരത്തില്‍ അൽ ബറൂണി ഇന്ത്യക്കുവേണ്ടി  ചെയ്തതിനു സമാനമായ വൈജ്ഞാനിക സേവനമാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം  കേരളത്തിനുവേണ്ടി നിർവ്വഹിച്ചത് എന്നുപറയാം. എന്നാല്‍  ഇതര മത വിശ്വാസികളുടെ ഗ്രന്ഥങ്ങൾ കേവലം തർജ്ജമ ചെയ്യുക മാത്രമല്ല  ശൈഖ് സൈനുദ്ദീൻ മഖ്ദൂം ചെയ്തത്. മറിച്ച് അവരുടെ  ജീവിതത്തെപ്പറ്റി പഠിക്കുകയും കേരളത്തിലെ ബ്രാഹ്മണർ, നായൻമാർ, തട്ടാൻമാർ, കൊല്ലൻമാർ, ആശാരിമാർ, ഈഴവർ, പുലയർ തുടങ്ങി വിവിധ സമുദായക്കാര്‍  എങ്ങനെ ജീവിച്ചു , ജാതി വ്യവസ്ഥയിൽ ഓരോരുത്തർക്കുമുള്ള സ്ഥാനമെന്തായിരുന്നു എന്നൊക്കെ മനസ്സിലാക്കുകയും ചെയ്തു.

കൃസ്തു വർഷം പതിനാറാം നൂറ്റാണ്ടിന്‍റെ  അവസാനത്തിലാണ് സൈനുദ്ദീൻ മഖ്ദൂം ജീവിച്ചത്. ഏകദേശം തുഞ്ചത്തെഴുത്തഛന്‍റെ  സമകാലികനായിരുന്നു അദ്ദേഹം എന്ന് കണക്കാക്കപ്പെടുന്നു. പൊന്നാനിക്കാരനായിരുന്നെങ്കിലും കോഴിക്കോട്ടെ ഖാസിമാരിൽ ഒരാളായിരുന്നുവെന്നും ചോമ്പാല എന്ന സ്ഥലത്തുള്ള ജാറത്തിലാണ് അടക്കം ചെയ്തത് എന്നുമാണ് നിഗമനം.

പുതിയ ഭാഷയിൽ നാം പറയുന്ന സെക്യുലറിസത്തിന്‍റെ  മഹനീയ മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞു എന്നുള്ള വസ്തുതയാണ് തുഹ്ഫത്തുൽ മുജാഹിദീന്‍റെ  പുനർവായനയിലൂടെ നമുക്ക് തെളിഞ്ഞു കിട്ടുക.

ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്‍റെ  പൗത്രനായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമനാണ് 'തുഹ്ഫത്തുൽ മുജാഹിദീൻ' രചിച്ചത് എന്നാണ് കരുതപ്പെടുന്നത്. ജനനം ചോമ്പാലിലാണെന്നും പൊന്നാനിയിലാണെന്നും വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ഖുർആനിലും ഹദീസുകളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മഖ്ദൂമിന് അറബിയിലും പേർഷ്യനിലും ഇന്ത്യൻ ഭാഷകളിലും പാണ്ഡിത്യമുണ്ടായിരുന്നു. മറ്റ് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ  ശ്രദ്ധേയമായ കൃതിയാണ് 'തുഹ്ഫത്തുൽ മുജാഹിദീൻ'. അറബി ഭാഷയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തെ ആദ്യത്തെ കേരള ചരിത്ര ഗ്രന്ഥം എന്ന നിലയിൽ പ്രൊഫ: ഇളംകുളം കുഞ്ഞൻപിള്ള പ്രശംസിച്ചിട്ടുണ്ട്. വാസ്തവത്തിൽ അതിന്‍റെ  രൂപം ചരിത്രകൃതിയുടെതല്ലായെങ്കിലും പതിനാറാം നൂറ്റാണ്ടിലെ കേരളീയ സമൂഹത്തിന്‍റെ  പലവശങ്ങളും ഇതിൽ പ്രകാശിതമായിട്ടുണ്ട്. ദേശതാൽപ്പര്യം മുൻനിർത്തിയുള്ള ഒരു ജിഹാദായിട്ടാണ് തുഹ്ഫത്തുൽ മുജാഹിദീൻ രചിക്കപ്പെട്ടത്. കോഴിക്കോടിന്‍റെ ഭരണ കർത്താവായ സാമൂതിരിയുടെ നേതൃത്വത്തിൽ ഹിന്ദു സമുദായങ്ങളും മാപ്പിളമാരും ഒറ്റക്കെട്ടായി നിന്ന് വിദേശികളായ പറങ്കി (പോർച്ചുഗീസ്) കളെ തുരത്തിയോടിക്കാനുള്ള ആഹ്വാന (ജിഹാദ്) മായിരുന്നു അത്. ഒരേ സമയം  ദേശീയ സമരാഹ്വാനവും ആദ്യത്തെ സെക്യുലർ ചരിത്രഗ്രന്ഥവുമാണ് തുഹ്ഫത്തുൽ മുജാഹിദീൻ എന്നു പറയാം.

കൃസ്തു വർഷം പതിനാറാം നൂറ്റാണ്ടിൽ അറബിക്കടലിൽ പോർച്ചുഗീസുകാരും കുഞ്ഞാലി മരയ്ക്കാരും തമ്മിലുണ്ടായ നാവിക യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും സാക്ഷ്യപത്രമാണ് തുഹ്ഫത്തുൽ മുജാഹിദീൻ. വീണ്ടും വീണ്ടും വായിക്കേണ്ട കൃതിയാണിത്. ഗ്രന്ഥത്തിന്‍റെ  ആദ്യഭാഗം ആഹ്വാനവും രണ്ടാം ഭാഗം മലബാറിൽ ഇസ്ലാം മതം പ്രചരിച്ചതിന്‍റെ  ചരിത്രവും മൂന്നാം ഭാഗം വിവിധ കേരളീയ സമുദായങ്ങളുടെ ആചാരങ്ങളുടെയും ജീവിത രീതിയുടെയും വിവരണവുമാണ്. നാലാം ഭാഗത്തിലാണ് സാമൂതിരിയും കുഞ്ഞാലി മരയ്ക്കാരും ചേർന്ന്  പറങ്കികളോടു നടത്തിയ എതിഹാസികമായ ചെറുത്തുനിൽപ്പിനെ കുറിച്ച് വിവരിക്കുന്നത്.

ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്‍റെ മരണം എവിടെ, എങ്ങനെ എന്നതിനെ സംബന്ധിച്ച് കൃത്യമായ രേഖകൾ ലഭ്യമല്ല. നാലഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ തരത്തിലുള്ള ഒരു ദാർശനികൻ നമുക്കുണ്ടായിരുന്നു, അദ്ദേഹം സാമൂതിരിപ്പാടിന്‍റെ  ഉപദേശകനായിരുന്നു. അദ്ദേഹത്തിന്‍റെ  ആത്മീയവും സാംസ്കാരികവുമായ നേതൃത്വത്തിൽ, പുതിയ ഭാഷയിൽ നാം പറയുന്ന സെക്യുലറിസത്തിന്‍റെ  മഹനീയ മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞു എന്നുള്ള വസ്തുതയാണ് തുഹ്ഫത്തുൽ മുജാഹിദീന്‍റെ  പുനർവായനയിലൂടെ നമുക്ക് തെളിഞ്ഞു കിട്ടുക.

Contact the author

M. G. S. Narayanan

Recent Posts

Web Desk 3 months ago
History

ഇന്ത്യയില്‍ കറുത്ത താജ്മഹ്ലോ?!

More
More
History

12,000 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍റെ കാല്‍ പാടുകള്‍ കണ്ടെത്തി

More
More
Web Desk 5 months ago
History

ചൈനയെ മുട്ടുകുത്തിച്ച കറുപ്പ് യുദ്ധം

More
More
Web Desk 8 months ago
History

ഹിന്ദുവും മുസ്ലീമും സിഖും സ്വാതന്ത്ര്യപ്പോരാളിയും ഒന്നാണെന്ന് തെളിയിച്ച റാം മുഹമ്മദ് സിങ് ആസാദ്

More
More
Web Desk 9 months ago
History

മനുഷ്യന് ഭൂമിയില്‍ ശാശ്വത ജീവിതമില്ല; ദിനോസറുകളില്‍ പാഠങ്ങളുണ്ട്- അബ്ദുൾ റഹ്മാൻ താനൂർ

More
More
Web Desk 10 months ago
History

'ഹബീബ്... എന്റെ നാട്ടുകാരോടു പറയൂ, ഇന്ത്യ സ്വതന്ത്രയാകുകതന്നെ ചെയ്യുമെന്ന്'- നേതാജിയുടെ ഓര്‍മ്മകള്‍ക്ക് 125 വയസ്

More
More