വിദ്യഭ്യാസ വൈജ്ഞാനിക ലോകത്ത് കോമൻസെൻസ് 'ഇ- സെൻസ്' ആകുമ്പോൾ - ആഷിഫ്‌ കെ. പി.

"Current systems of education were not designed to meet the challenges we now face. They were developed to meet the needs of a former age. Reform is not enough: they need to be transformed" Ken Robinson

വൈജ്ഞാനികത അടുത്ത തലമുറക്ക് പകർന്ന് നൽകുന്ന വിദ്യഭ്യാസ പ്രക്രിയകളെ സസൂക്ഷ്മം വിലയിരുത്തേണ്ട അനിവാര്യതയിൽ എത്തി നിൽക്കുകയാണ് ആധുനിക സമൂഹം. കോവിഡ് കാലവും കോവിഡാനന്തര കാലവും വിദ്യഭ്യാസ മേഖലയിൽ ചെലുത്തുന്ന സ്വാധീനത്തെ മുൻവിധികളില്ലാതെ വിശകലനം ചെയേണ്ടത് കാലഘട്ടത്തിന്റെ അവശ്യകതയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളിൽ സംഭവിക്കുന്ന മാറ്റങ്ങളെ മുൻനിർത്തി ആധുനിക വിദ്യഭ്യാസ പ്രക്രിയകളെ മൂന്നായി ഉൾകൊള്ളാം. വിദ്യാലയകലാലയ സംവിധാനത്തിൽ നിലനിൽക്കുന്ന സാമ്പ്രദായിക വിദ്യഭ്യാസം,  മെഡിക്കൽ എൻജിനിയറിങ്ങ് പരിശീലനത്തിൽ തുടങ്ങി യു.പി.എസ്.സി സിവിൽ സർവീസ് പരിശീലനത്തിൽ എത്തിനിൽക്കുന്ന മത്സരപരീക്ഷ പരിശീലനം, കോഡിങ്ങും ഡാറ്റ അനലറ്റിക്‌സും തുടങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മെഷീൻ ലേർണിങ്ങിലും എത്തി നിൽക്കുന്ന വ്യക്തികേന്ദ്രികൃത കാലിക പഠനം എന്നിവയാണ് ആധുനിക വിദ്യാഭ്യാസത്തിലെ മൂന്ന് സുപ്രധാന വേർതിരിവുകൾ. 

മത്സരപരീക്ഷ പരിശീലനവും, വ്യക്തികേന്ദ്രികൃത കാലിക പഠനവും ഓൺലൈൻ വിദ്യഭ്യാസത്തിന്റെ സമ്പൂർണാധിപത്യത്തിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്ന ഒരു സംക്രമണ കാലഘട്ടത്തിലാണ് നാമിപ്പോൾ. വരും തലമുറയെ രൂപപ്പെടുത്തുന്ന സുപ്രധാനമായ രണ്ട് വിദ്യഭ്യാസ മേഖലകൾ (മത്സരപരീക്ഷ പരിശീലനവും, വ്യക്തികേന്ദ്രികൃത കാലിക പഠനവും) ഓൺലൈനായി പരിണമിക്കുമ്പോൾ സാമ്പ്രദായിക വിദ്യഭ്യാസത്തിന് എന്ത് സംഭവിക്കും എന്ന ചിന്തക്ക് സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ വ്യത്യസ്ത മാനങ്ങളുണ്ട്. എന്തുകൊണ്ട് മത്സരപരീക്ഷ പരിശീലനവും, വ്യക്തികേന്ദ്രികൃത കാലിക പഠനവും അതിവേഗത്തിൽ ഓൺലൈനായി പരിണമിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം രസകരവും ചില സമയങ്ങളിൽ സമ്പ്രദായിക വിദ്യാഭ്യാസത്തിനു നേരെ വിരൽ ചൂണ്ടുന്നവയുമാണ്. 

ഇന്ത്യയിലെ ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗം മുപ്പത്തിയഞ്ച് വയസിനു താഴെയാണ്.‌ ഇത് ഏകദേശം എൻപത്തഞ്ചു കോടിയോളം വരും, ഇരുപത്തിയഞ്ച് വയസിന് താഴെ അൻപത്തിയാറ് കോടിയിലധികം യുവതി യുവാക്കളുണ്ട്. പത്തിനും പത്തൊൻപതിനും ഇടയിൽ ഇരുപത്തിമൂന്ന് കോടിയിലധികം കുട്ടികളുണ്ട്. ഈയൊരു ജനസംഖ്യ കണക്കുകൾ ഇന്ത്യയിലെ വ്യത്യസ്തങ്ങളായ മത്സരപരീക്ഷകളെയെല്ലാം കടുത്ത അഗ്നി പരീക്ഷകളാക്കി മാറ്റുന്നു. വിട്ടു കൊടുക്കാൻ  തയ്യാറാകാതെ പഠിക്കുന്ന മിടുക്കരായ യുവ സമൂഹവും അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്ന മാതാപിതാക്കളും ഈ മത്സരപരീക്ഷകളുടെ നിലവാരത്തെയും ചോദ്യത്തിന്റെ കാഠിന്യത്തെയും ഓരോ വർഷവും നിശബ്ദമായി ഉയർത്തുന്ന ഘടകങ്ങളാണ്. നീറ്റ് പരീക്ഷയിൽ എഴുന്നൂറ്റി ഇരുപതിൽ എഴുനൂറ്റി ഇരുപതും വാങ്ങി നിൽക്കുന്ന വിദ്യാർഥികൾ ഇതിന്റെ വ്യക്തമായ നിദർശനങ്ങളാണ്. 

മത്സര പരീക്ഷകളിൽ നിലനിൽക്കുന്ന അതിതീവ്രമായ വിജയാവേശ, സമയബന്ധിതമായ അധ്യാപനവും കടുത്ത പരീക്ഷപരിശീലനവിശകലനങ്ങളും ആവശ്യപെടുന്നു. ഓൺലൈൻ  സഹായത്തോടെ  മാത്രമേ ഈ അവശ്യകതകളെല്ലാം സമയബന്ധിതമായി പൂർത്തികരിക്കപ്പെടൂ എന്നത് സത്യസന്ധമായ വസ്തുതയാണ്. ഈ അവശ്യകതയ്ക്കു മുന്നിൽ ഗൃഹാതുരത്വം പറഞ്ഞു മാറി നിന്നാൽ നാം കാലത്തോട് തന്നെയാണ് പിന്തിരിഞ്ഞു നിൽക്കുന്നത്.

വിദ്യാർത്ഥിയുടെ അവശ്യങ്ങൾക്കനുസരിച്ച് സമയം ക്രമപ്പെടുത്താം എന്നതും അധ്യാപനവും പരീക്ഷപരിശീലനവും,  അവശ്യത്തിനനുസരിച്ച് ആവർത്തിച്ച് പഠിക്കാം എന്നതും, വ്യക്തികേന്ദ്രികൃത സംശയ നിവാരണ ചർച്ചകളുടെ അനന്ത സാധ്യതകളും മത്സര പരീക്ഷപരിശീലന രംഗത്ത് ഓൺലൈൻ സാധ്യതകളെ അരക്കിട്ടുറപ്പിക്കുന്നു. 

'ടൈം മാനേജ്‌മെന്റ്' എന്ന ആംഗലേയ പദമാണ് ഇന്ന് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾ ഏറ്റവും കൂടുതൽ കേൾക്കുന്നതും പഠനത്തിന്റെ ആദ്യ ദിനം മുതൽ പരീക്ഷ അവസാനികുന്നതുവരെ ശ്രദ്ധചെലുത്തുന്നതും. വരും കാലങ്ങളിൽ സമയത്തിന്റെ സൂക്ഷ്മത വർദ്ധിപ്പിച്ച് ഒരോ മിനുട്ടും എണ്ണി തിട്ടപ്പെടുത്തി പഠിക്കുമ്പോൾ മത്സരപരീക്ഷ പരിശീലന രംഗത്ത് വിദ്യാർത്ഥികളും അധ്യാപകരും ഓൺലൈൻ  സാധ്യതകളെ പൂർണമായി ഉൾകൊള്ളുന്നവരായി മാറും. 

കാലഘട്ടത്തിന്റെ വൈജ്ഞാനിക ആവശ്യകത ഉൾകൊണ്ടുകൊണ്ടുള്ള പഠനമാണ് വ്യക്തികേന്ദ്രികൃത കാലിക പഠനം. ഓരോ കാലവും കാലികമായ ചില വൈദഗ്ധ്യവും നൈപുണ്യവും അവശ്യപ്പെടാറുണ്ട്. തുന്നൽ പഠനവും ടൈപ്പിറൈറ്റിംഗ് പഠനവും തൊണ്ണൂറുകളുടെ അവസാനകാലത്ത് കംപ്യൂട്ടറിന്റെ അടിസ്ഥാന പഠനത്തിന് വഴിമാറിയത്‌ ഇന്ന്  ഗൃഹാതുരത്വം തുളുമ്പുന്ന നല്ല ഓർമകളാണ്. ഇന്ന് മുപ്പതും നാല്പതും വയസ്സുള്ളവർക്കെല്ലാം ഒരുപാട് ചിരികൾ മനസിൽ വിരിയുന്ന ഓർമകളാണ് ആ സംക്രമണ കാലഘട്ടം. ഒരു വലിയ വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ആദ്യ കാല പ്രതിനിധികളാണ് എന്നൊന്നും അറിയാതെയാണ് അന്ന്‌ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം വിദ്യാർത്ഥി സമൂഹം നേടിയെടുത്തത്. എന്നാൽ അന്ന് ആ പരിജ്ഞാനം നേടിയില്ലായിരുന്നെങ്കിൽ എന്ന് ചിന്തിക്കുമ്പോൾ അത്‌ ഗഹനമായ ഒരു ഗൗരവ ചിന്തയായി വഴിമാറും എന്ന് തീർച്ച. അതോടൊപ്പം ആ ആവശ്യകത ഉൾകൊള്ളാൻ കഴിയാതെപോയവർ കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം ക്രമപ്പെടുന്നതിൽ പരാജയപെട്ടു എന്നത് ചിന്തനീയമായ യാഥാർഥ്യമാണ്. 

ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലേക്ക് പ്രവേശിക്കുമ്പോൾ വ്യക്തികേന്ദ്രികൃത കാലിക പഠനം കോഡിങ്ങിലേക്കും മെഷീൻ ലേർണിങ്ങിലേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും  ഡാറ്റ അനലിസ്റ്റിലേക്കും വഴിമാറുന്നു. ഇന്നിന്റെ ഈ കാലിക വൈദഗ്ധ്യവും നൈപുണ്യവും വിദ്യാർത്ഥി സമൂഹം വ്യക്തി താത്പര്യങ്ങൾക്കനുസരിച്ച് നേടിയെടുക്കേണ്ടതിന്റെ ഗൗരവം "ഓപ്പറേഷൻ തീയറ്ററിൽ കറണ്ട് വേണം" എന്ന് പറയുന്നതിന് തുല്യമാണ്. പറയുന്നത് നാല്‌ വാക്കാണെങ്കിലും ആ നാല്‌ വാക്കിന് ജീവന്റെ വിലയുണ്ട്. വരുന്ന ഒരു ദശകത്തിൽ കഴിഞ്ഞ നൂറ്റാണ്ട് കണ്ടതിന്റെ പത്തിരട്ടി മാറ്റങ്ങൾക്ക് മാനവിക സമൂഹം വിധേയമാകും എന്ന വീക്ഷണത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് വ്യക്തികേന്ദ്രികൃത കാലിക പഠനങ്ങളെ  അഭിരുചിക്കനുസരിച്ച് വിദ്യാർഥികൾ സ്വയത്തമാക്കേണ്ടത്. ലോകത്തെവിടെയുമുള്ള ഇത്തരം കാലിക വൈജ്ഞാനിക വിഷയങ്ങളെ ഓൺലൈനായി പഠിക്കാനുള്ള അനന്തസാധ്യത വ്യക്തികേന്ദ്രികൃത കാലിക പഠനങ്ങളെ ഓൺലൈൻ വിദ്യഭ്യാസത്തിന്റെ സർവാധിപത്യത്തിലേക്ക് നയിച്ചിട്ടുണ്ട്. ഈ സർവാധിപത്യത്തെ ശുഭാപ്തി വിശ്വാസത്തോടെ വിദ്യാർത്ഥി സമൂഹം ഉൾകൊണ്ടിരിക്കുന്നു എന്ന വസ്‌തുത ശുഭ പ്രതീക്ഷ നൽകുന്നതാണ്. 

ആധുനിക സാമ്പത്തിക രംഗത്തെ 'ജിഗ്‌' എക്കോണമി എന്ന ആശയം ഓൺലൈൻ വിദ്യഭ്യാസ രംഗത്തും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഓരോ വ്യക്തിയുടെയും പ്രവർത്തന മേഖലയെ ഒരു കേന്ദ്രത്തിലേക്ക് മാത്രം പരിമിതപെടുത്താതെ സമയ ബന്ധിതമായി വ്യത്യസ്ത മേഖലയിൽ ലക്ഷ്യ ബോധത്തോടുകൂടി പ്രവർത്തിക്കുക എന്ന ജിഗ്‌ എക്കോണമി എന്ന ആശയം ഓൺലൈൻ വിദ്യഭ്യാസ രംഗത്ത് വിപ്ലവങ്ങൾ സൃഷ്ടിക്കാൻ ഉതകുന്നവയാണ്. 

വൈജ്ഞാനിക രംഗത്ത് വിഷയ വൈദഗ്ധ്യം നേടിയവർക്ക് ഒരേ സമയം വ്യത്യസ്ത മേഖലയിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയുക എന്ന സാധ്യത ഓൺലൈൻ അധ്യാപന രംഗത്ത് പുതിയ സമ്പ്രദായങ്ങളും ചിട്ടപെടുത്തലുകളും സൃഷ്ടിക്കും. ഈ കോവിഡ് കാലത്ത്‌ സാമ്പ്രദായിക വിദ്യഭ്യാസവും, മത്സരപരീക്ഷ പരിശീലനവും, വ്യക്തികേന്ദ്രികൃത കാലിക പഠനവും വ്യത്യസ്ത ഗതികളിൽ ഓൺലൈൻ സാധ്യതകളെ ഉൾക്കൊള്ളുമ്പോൾ ശാസ്ത്രസാങ്കേതിക രംഗത്ത് അനുക്രമമായി വികസിച്ചു വരുന്ന സാധ്യതകളെ ഉൾക്കൊള്ളുക എന്ന 'ഇ- സെൻസ്' നിലനിൽപ്പിന്റെ ആവശ്യമായിരിക്കുന്നു. വൈജ്ഞാനിക വിദ്യഭ്യാസ മേഖലയിലെ മാറ്റങ്ങളെ ഉൾക്കൊള്ളുക എന്ന വിശാലതക്കപ്പുറം മാറ്റങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക എന്ന അനിവാര്യതയിലേക്ക് ഉയരുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇല്ലെങ്കിൽ വൈദേശിക വൈജ്ഞാനിക അടിമത്തം എന്ന അനന്തരഫലവും അതിന്റെ പ്രത്യാഘാതവും നമ്മുടെ വിദ്യഭ്യാസ സംവിധാനത്തിന്റെ അസ്തിത്വത്തെ തകർക്കും. 

'ഇ-സെൻസും' തുടർന്നുള്ള കാലിക യാഥാർഥ്യങ്ങളും ഉൾകൊള്ളുന്നതിനോടൊപ്പം സാമ്പ്രദായിക വിദ്യഭ്യാസം കോവിഡാനന്തരം ഓൺലൈനിലേക്ക് വഴിമാറാതെ ക്രിയാത്മകമായി നിലനിർത്തേണ്ടത്  സാമൂഹികമായ ആനിവാര്യതയായി തിരിച്ചറിയേണ്ടതുണ്ട്. വിദ്യാലയകലാലയ ജീവിതം വൈജ്ഞാനികതക്കപ്പുറം വിദ്യാർത്ഥികൾക്ക് നൽകുന്ന ജീവിതപാഠങ്ങളാണ് ഒരു വിദ്യാർത്ഥിയെ ജീവിതം എന്ന യഥാർഥ പരീക്ഷക്ക് പ്രാപ്ത മാക്കുന്നത്. വൈജ്ഞാനികതക്കപ്പുറം വ്യക്തിബന്ധങ്ങളിലൂടെയും സർഗാത്മക പ്രകാശനത്തിലൂടെയും വിദ്യാർത്ഥി നേടിയെടുക്കുന്ന ഊർജവും ആത്മവിശ്വാസവുമാണ്‌ ഓരോ കാലത്തിന്റെയും ജീവൻ. കലാലയ ജീവിതത്തിൽ വൈജ്ഞാനികസർഗാത്മകവ്യക്തി ബന്ധങ്ങളിലൂടെ ബോധോദയം സിദ്ധിച്ച ഒരു ക്രിയാത്മക സമൂഹമാണ്‌ കാലത്തിന്റെ ഈ ജീവസ്പന്ദനം നിലനിർത്തുന്നത്. മനുഷ്യൻ മാനവികതയും വിശ്വസഹോദര്യവും ഉൾകൊണ്ട് സാമൂഹിക ജീവിതത്തെ ക്രമപ്പെടുത്തുന്ന നന്മയുടെ സൗന്ദര്യം വരും തലമുറയിലും നിലനിൽക്കണമെങ്കിൽ സാമ്പ്രദായിക വിദ്യഭ്യാസം കോവിഡാനന്തരം നവകാലികവീക്ഷണങ്ങളോടെ ഊർജ്ജസ്വലമാകണം. 

സുവ്യക്തമായ ലക്ഷ്യബോധം, ജീവിത വീക്ഷണങ്ങളെയും ചിന്തകളെയും നവീകരിക്കുന്ന വ്യക്തിബന്ധങ്ങൾ , തിരിച്ചറിവിലേക്കും നിറവിലേക്കും നയിക്കുന്ന വായന എന്നീ വ്യക്തിത്വപ്രകാശനത്തിന് അനിവാര്യമായ ഘടകങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് വിദ്യഭാസം. ഓൺലൈൻ എന്ന അനന്ത സാധ്യതയും ഓഫ്‌ലൈൻ എന്ന അനിവാര്യതയും തിരിച്ചറിഞ്ഞ് വിദ്യഭ്യാസ ലോകത്തെ ക്രമപ്പെടുത്തേണ്ട ഒരു ദശാസന്ധിയിലാണ് ഈ കോവിഡ്കാലം ആധുനിക സമൂഹത്തെ എത്തിച്ചിരിക്കുന്നത്.  അനിവാര്യമായ മാറ്റങ്ങൾക്ക് വേണ്ടി ഓൺലൈൻ ഓഫ്‌ലൈൻ സാധ്യതകളെ ഉൾകൊണ്ട് കാലവും ലോകവും വിദ്യഭ്യാസ രംഗത്തെ ദീർഘവീക്ഷണത്തോടെ നവീകരിക്കുക തന്നെചെയ്യും.

(ഫാറൂഖ് കോളേജ്, പിഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ സിവിൽ സർവീസ് എക്‌സാമിനേഷൻസ് അക്കാഡമിക് ഹെഡും, Learning Radius ചെയര്‍മാനുമാണ് ലേഖകന്‍)

Contact the author

Recent Posts

Dr. Azad 2 days ago
Views

പിണറായി വിജയന്റെ രാഹുൽ വിരുദ്ധ നിലപാട് വലിയ പ്രത്യാഘാതമുണ്ടാക്കും- ആസാദ് മലയാറ്റിൽ

More
More
K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 3 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More