ബീഗം അക്തര്‍: വേദനയുടെ കടല്‍ കടന്ന ഗസൽരാജ്ഞി - നദീം നൗഷാദ്

കടുത്ത വേദനയിലൂടെ കടന്നു പോയ ഗായികയാണ് ബീഗം അക്തര്‍. 'ഏ മുഹബ്ബത്ത് തെരെ അന്‍ജാംപെ രോനാ ആയാ' എന്ന ഗസല്‍ കേള്‍ക്കുന്നവര്‍ക്ക് അതിലെ വിഷാദത്തെ അനുഭവിക്കാന്‍ കഴിയും. കുട്ടിക്കാലത്തെ ഒറ്റപ്പെടലും കൗമാരത്തിലെ ഏകാന്തതയും ദാമ്പത്യത്തിലെ താളപ്പിഴകളുമെല്ലാം ഗായികയുടെ ജീവിതത്തിന്‍റെ സ്വാസ്ഥ്യം കെടുത്തിയപ്പോള്‍ അവ പാട്ടില്‍ സന്നിഹിതമായ അസാനിധ്യമായി മാറി. 

ഫൈസാബാദില്‍ അസ്ഗര്‍ ഹുസൈന്‍ എന്ന അഭിഭാഷകന് രണ്ടാം ഭാര്യയായ മുഷ്തരിയില്‍ പിറന്ന ഇരട്ട കുട്ടികളില്‍ ഒരുവളായിരുന്നു ബീഗം അക്തര്‍. ബിബ്ബി എന്നായിരുന്നു വിളിപ്പേര്. ഇരട്ടകളില്‍ രണ്ടാമത്തെയാള്‍ സൊഹറ. തന്‍റെ ആദ്യഭാര്യയും കുടുംബവും മുഷ്തരിയെ സ്വീകരിക്കുമെന്ന ഉറപ്പിലായിരുന്നു വിവാഹം. ആദ്യനാളുകളില്‍ അസ്ഗര്‍ ഇടയ്ക്കിടെ  മുഷ്തരിയുടെ അടുത്ത് വരാറുണ്ടായിരുന്നു. ആദ്യഭാര്യയുടെയും കുടുംബത്തിനെയും സമ്മര്‍ദം കാരണം  പിന്നീട് സന്ദര്‍ശനങ്ങള്‍ കുറഞ്ഞു. മുഷ്തരി ക്രമേണ ഒറ്റപെട്ട ജീവിതത്തോട് പൊരുത്തപ്പെട്ടു.  

ഒരു ദിവസം മുഷ്തരി വീട്ടുജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്‍റെ രണ്ടുമക്കളും വരാന്തയില്‍ ബോധംകെട്ടു കിടക്കുന്നത് കണ്ടു. അവരുടെ വായില്‍നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. സമീപം മധുര പലഹാരങ്ങള്‍ ചിതറിക്കിടന്നു. ആരോ കുട്ടികള്‍ക്ക് വിഷം പുരട്ടിയ മധുര പലഹാരം നല്കിയതാവാമെന്ന് മുഷ്തരി ഊഹിച്ചു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൊഹറയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

സഹോദരിയെ നഷ്ടപ്പെട്ട ബിബ്ബിയുടെ ഏകാന്ത ജീവിതം തികച്ചും ദുഷ്കരമായിരുന്നു. പല രാത്രികളിലും അച്ഛന്‍ അവളെ കാണാന്‍ വരുമെന്ന് പ്രതീക്ഷിച്ച്‌ ഉറങ്ങാതെ കാത്തിരുന്നു. പക്ഷെ ഒരിക്കല്‍ പോലും വന്നില്ല. ഇതിനിടെ കോളറ പടര്‍ന്നു പിടിച്ചു മുഷ്തരിയുടെ മാതാപിതാക്കളും സഹോദരങ്ങളും മരിച്ചു. അവരെ സഹായിക്കാന്‍ ആ നഗരത്തില്‍ ആരുമില്ലാതെയായി.

ചെറുപ്പത്തില്‍ തന്നെ ബിബ്ബിക്ക് പാട്ടിനോട് വല്ലാത്ത കമ്പം ഉണ്ടായിരുന്നു. ഒരിക്കല്‍ സ്കൂളില്‍ വന്ന പ്രശസ്ത ഗായിക ഗൗഹര്‍ജാന് ബിബ്ബി ഒരു പാട്ടുപാടിക്കൊടുത്തപ്പോള്‍ ഗൌഹര്‍ അവള്‍ക്കൊരു സമ്മാനം കൊടുത്തു. അതുമായി വീട്ടിലെത്തിയ മകളെ അമ്മ ശകാരിച്ചു.“ഞാന്‍ നിന്നെ സ്കൂളില്‍ അയക്കുന്നത് പഠിക്കാനാണ് അല്ലാതെ പാട്ടുപാടാനല്ല. നമ്മുടെ കുടുംബത്തില്‍ പെണ്‍കുട്ടികള്‍ പാടാറില്ല എന്ന് നിനക്കറിയാമല്ലൊ.'' എന്നാല്‍ തനിക്കു പാടണമെന്ന തീരുമാനത്തില്‍ തന്നെ ബിബ്ബി ഉറച്ചുനിന്നു. ക്രമേണ അമ്മയുടെ നിലപാട് മയപ്പെട്ടു. 

മുഷ്തരിയുടെ ജീവിതത്തില്‍ നിന്ന് ദുരന്തങ്ങള്‍ വിട്ടുപോയില്ല. ഒരു ദിവസം രാത്രി മുഹറത്തിന്‍റെ ആഘോഷം നടക്കുമ്പോള്‍ ആരോ വീടിന് തീ കൊളുത്തി. അമ്മയും മകളും രക്ഷപ്പെടരുത്‌ എന്ന് ഉറപ്പിച്ച് മുന്‍വാതില്‍ പുറത്തു നിന്ന് പൂട്ടിയിരുന്നു. ഈ സമയം ഇരുവരും അയല്‍വീട്ടില്‍ ആയിരുന്നതിനാല്‍  മരണത്തില്‍നിന്നും രക്ഷപെട്ടു. തന്‍റെ വീട് കത്തിയമരുന്നത് മുഷ്തരിയും മകളും വേദനയോടെ നോക്കിനിന്നു. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ആയിരുന്നു അതിനുപിന്നില്‍. അടുത്ത ദിവസം  മുഷ്തരി ഗയയിലെ തന്‍റെ  ബന്ധുവായ യൂസഫ്‌ ഹുസൈന്‍റെ അടുത്തേക്ക് പോയി.

ഗയയില്‍ യൂസഫ്‌ ഹുസൈന്‍ അവരെ സ്വീകരിച്ചു. അദ്ദേഹം ബിബ്ബിയുടെ പാടാനുള്ള കഴിവിനെ പ്രോത്സാഹിച്ചു. സുഹൃത്തായ ഉസ്താദ് ഇംദാദ് ഖാന്‍റെ അടുത്തേക്ക് അവളെ സംഗീതം പഠിപ്പിക്കാന്‍ അയച്ചു. പിന്നീട് ഉസ്താദ് അത്ത മുഹമ്മദ്‌ ഖാന്‍റെ അടുത്തു പഠിനം തുടര്‍ന്നു. ഇതിനിടെ ഒരു സ്റ്റേജില്‍ പാടാന്‍ അവസരം കിട്ടി. ജീവകാരുണ്യ പരിപാടിയായിരുന്നു. വലിയ ഗായകരെ പ്രതീക്ഷിച്ച സദസ്സ് ഒരു ചെറിയ പെണ്‍കുട്ടിയെ കണ്ട് ആദ്യമൊന്നു സംശയിച്ചു. പിന്നീട് അവര്‍ പാട്ടില്‍ ലയിച്ചിരുന്നു. അങ്ങനെ അക്തരിഭായ് ഫൈസാബാദി എന്ന പേരില്‍ അരങ്ങേറ്റമായി. പാട്ടു കേള്‍ക്കാന്‍ ഒരു ഗ്രാമഫോണ്‍ കമ്പനിയുടെ ഉടമ ജിതേന്ദ്രനാഥ ഘോഷും വന്നിരുന്നു. പാട്ട് ഇഷ്ട്മായ അദ്ദേഹം അവളുമായി ഒരു കരാറില്‍ ഒപ്പുവെച്ചു. ആദ്യറെക്കോര്‍ഡ്‌ വന്‍വിജയമായിരുന്നു. 'ദീവാന ബനാനാ ഹോ തോ' എന്ന ഗസല്‍ റെക്കോര്‍ഡ്‌ അതിവേഗം വിറ്റുപോയി. 

അക്കാലത്ത് ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ബിബ്ബിയുടെ ജീവിതത്തിലുണ്ടായി. ബീഹാറിലെ സംഗീത പ്രേമിയായ ഒരു നാട്ടുരാജാവ് അവളെ പാടാന്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. രാത്രി വൈകുന്നത് വരെ അവളെക്കൊണ്ട് 'ദീവാനാ ബനാന ഹോ തോ' എന്ന ഗസല്‍ പാടിപ്പിച്ചു. അത് ആവര്‍ത്തിച്ചു പാടിപ്പിച്ചുകൊണ്ടിരുന്നു. പരിപാടി കഴിഞ്ഞപ്പോള്‍ രാജാവ് ബിബ്ബിയെ തന്‍റെ മുറിയിലേക്ക് വിളിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു. ആ രാത്രി അവസാനിക്കുന്നതുവരെ. പിറ്റേ ദിവസം അര്‍ദ്ധ ബോധാവസ്ഥയിലായ മകളെ കണ്ട് മുഷ്തരി കരഞ്ഞു. ഇതൊക്കെ പതിവു സംഭവമാണെന്നും ഒന്നും മിണ്ടാതെ സ്ഥലം വിടാനായിരുന്നു കൊട്ടാരം ഉദ്യോഗസ്ഥന്മാരുടെ കല്പന.

മുഷ്തരി മകളെ ലക്നൌവിലേക്ക് കൊണ്ടുപോയി. ആറാഴ്ചക്ക് ശേഷമാണ് അവള്‍ക്ക് പൂര്‍ണ്ണബോധം കിട്ടിയത്. അവള്‍ ഗര്‍ഭിണിയായി. അവിടെ ആരും അറിയാതെ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അപ്പോള്‍ പതിമൂന്നു വയസ്സ് മാത്രമായിരുന്നു പ്രായം. സമൂഹത്തെ ഭയന്ന് മുഷ്തരി അത് തന്‍റെ കുഞ്ഞാണെന്ന് പറഞ്ഞു. അങ്ങനെ മകളെ സഹോദരിയായി വളര്‍ത്തേണ്ടിവന്ന ദുര്യോഗവും ബീഗം അക്തറിനുണ്ടായി. ഇതിനുശേഷം വീണ്ടും ഗ്രാമഫോണ്‍ റെക്കോര്‍ഡുകളില്‍ പാടാന്‍ തുടങ്ങി. ഇടക്കാലത്ത് സിനിമാലോകത്ത് പ്രവേശിച്ചെങ്കിലും അവിടുത്തെ രീതികളുമായി പൊരുത്തപ്പെടാന്‍ കഴിയാതെ പിന്‍വാങ്ങി. 

തന്‍റെ 29 വയസ്സില്‍ ബിബ്ബി ബാരിസ്റ്റര്‍ ഇഷ്താക്ക് അഹമ്മദ്‌ അബ്ബാസിയെ വിവാഹം കഴിച്ചു. ഭര്‍ത്താവിന്‍റെ നിര്‍ദേശം മാനിച്ച് നിരാശയോടെ പൊതുവേദികളില്‍ പാടുന്നതില്‍നിന്ന് വിട്ടുനിന്നു. അത് അവളെ വിഷാദത്തിലേക്ക് തള്ളിവിട്ടു. പലതവണ  ഗര്‍ഭം അലസിപ്പോയത് ആരോഗ്യം ക്ഷയിപ്പിച്ചു. ഗുരുതരമായ രോഗത്തിലേക്ക് അത് എത്തിച്ചത്. അവസാനം ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം  പാട്ടുതുടരാന്‍ ഭര്‍ത്താവ് അനുവാദം നല്‍കി. എട്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം  ലക്നോ ആകാശവാണിയില്‍ അക്തരിഭായ് ഫൈസാബാദി വീണ്ടും പാടിത്തുടങ്ങി. ബീഗം അക്തര്‍ എന്ന പുതിയ പേരില്‍. 

ഗസലിനെ ശാസ്ത്രീയ സംഗീതത്തിന്‍റെ തലത്തിലേക്കുയത്തി ബീഗം അക്തര്‍. ഋജുവായ ആലാപനം. സ്വകാര്യ മെഹ്ഫിലുകളില്‍ ഒതുങ്ങിനിന്ന ഗസലിനെ പൊതു പരിപാടിയാക്കി അതിനെ ജനകീയമാക്കിയത്‌ ബീഗം അക്തറാണ്. അതുകൊണ്ട് ബീഗത്തെ  മലിക്-എ– ഗസല്‍ (ഗസല്‍ രാജ്ഞി) എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ജദ്ദന്‍ഭായ്, ബര്‍ക്കത്ത് അലിഖാന്‍, ഗൌഹര്‍ജാന്‍, മലികജാന്‍ എന്നിവരുടെ പാട്ടുകള്‍ ബീഗത്തെ പ്രചോദിപ്പിച്ചിരുന്നു. 

നല്ല മദ്യപാനിയും നിര്‍ത്താതെ പുകവലിക്കുന്നവരുമായിരുന്നു ബീഗം അക്തര്‍ എന്ന് സംഗീത നിരൂപകനായ മോഹന്‍ നാദകര്‍ണി തന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. പക്ഷെ ഇവ രണ്ടും ഒരിക്കലും ബീഗത്തിന്‍റെ ശബ്ദത്തെ ബാധിച്ചിരുന്നില്ല എന്നതാണ് അത്ഭുതകരം. ശിഷ്യയായ റീത്ത ഗാംഗുലി എഴുതിയ ജീവചരിത്രം ബീഗം അക്തര്‍ താണ്ടിയ വേദനയുടെ  ദുരിതപര്‍വ്വം വിവരിക്കുന്നു.

1974 ഒക്ടോബര്‍ 26ന് ബീഗം അക്തര്‍ അഹമ്മദ്ബാദില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. ഡോക്ടര്‍മാരുടെ ഉപദേശം മാനിക്കാതെയായിരുന്നു യാത്ര. പാടിക്കൊണ്ടിരിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് സ്റ്റേജില്‍ കുഴഞ്ഞുവീണു. മൂന്ന് ദിവസത്തെ ആശുപത്രി ചികിത്സക്കുശേഷം ഒക്ടോബര്‍ 30 - ന് അന്ത്യയാത്രയായി.

Contact the author

Nadeem Noushad

Recent Posts

Views

ശാസ്ത്രജ്ഞന്മാർ യുക്തിവാദികളുടെ പുരോഹിതന്മാരല്ല-ഡോ. രാജഗോപാല്‍ കമ്മത്ത്

More
More
K T Kunjikkannan 2 weeks ago
Views

പൂരത്തിന്‍റെ മറവില്‍ രാജ്യദ്രോഹിയായ സവര്‍ക്കറെ വെളുപ്പിച്ചെടുക്കാനുള്ള നീക്കം കേരളം വകവെക്കില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Dr. Azad 2 weeks ago
Views

സിപിഎം നേതാക്കളെക്കുറിച്ചുള്ള വീക്കിലീക്സ് വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിഞ്ഞു- ഡോ. ആസാദ്

More
More
Views

''കാട്ടുപന്നികളെ കൊന്നുതിന്നാമെന്ന ഗാഡ്ഗിലിന്‍റെ വെളിപാട്- ഡോ. എ രാജഗോപാല്‍ കമ്മത്ത്

More
More
J Devika 3 weeks ago
Views

ഹിന്ദുത്വത്തോളം സെമിറ്റിക്ക് സ്വഭാവമുള്ള ഒരു മതവും ഇന്ത്യയിലിന്നില്ല- ജെ ദേവിക

More
More
Chithranjali T C 3 weeks ago
Views

കല്‍ത്തപ്പത്തിന്റെ മണമുള്ള എന്റെ ചെറിയ പെരുന്നാള്‍- ടി സി ചിത്രാഞ്ജലി

More
More