കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും . രവി പൂജാരിയെ വിട്ട് കിട്ടാൻ ഇന്റർപോൾ ലെയ്‌സൺ ഓഫിസർക്ക് അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയൻ പറഞ്ഞു. ആഫ്രിക്കയിൽ പിടിയിലായ രവി പൂജാരി നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്.
രാജ്യത്തിനകത്തും പുറത്തുമായി 200 ലധികം കേസുകളിലെ പ്രതിയാണ് രവി പൂജാരി. കർണാടകയിൽ രവി പൂജാരിയുടെ പേരിലുള്ളത് 100ൽ അധികം കേസുകളാണ്. സെനഗലിൽ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയെ സെനഗൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ജനുവരി 18ന് നടന്ന ബ്യൂട്ടിപാർലർ വെടിവയ്പിൽ ക്രൈംബ്രാഞ്ച് തെരയുന്ന പ്രതിയായ രവി പൂജാരിക്കെതിരെ എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ മുഖ്യപ്രതികളായ സിനിമ നിർമാതാവ് അജാസും, മോനായിയും ഇപ്പോഴും ഒളിവിലാണ്.